(ഞങ്ങളുടെ സൈക്ക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന് 2018 സെപ്റ്റംബര്‍ ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ എഴുതിയത്)
പലര്‍ക്കും ഡിപ്രഷന്, സ്കിസോഫ്രീനിയ തുടങ്ങിയ രോഗങ്ങളെപ്പറ്റി ഏകദേശ ധാരണയുണ്ട്. അവയുടെയത്ര അറിയപ്പെടുന്നവയോ സാധാരണമോ അല്ലാത്ത, എങ്കിലും സമയത്തു തിരിച്ചറിയുകയും ചികിത്സയെടുക്കുകയും വേണ്ടതുള്ള ചില അസുഖങ്ങളെ പരിചയപ്പെടാം.
“പകരുന്ന” മിഥ്യാധാരണകള്‍
“വീട്ടില്‍ അമ്മയും പെങ്ങളും മാത്രമാണു താമസം. അമ്മയ്ക്ക് പണ്ടുമുതല്ക്കേ അസുഖമാണ്. അയല്പക്കത്തുള്ളവര് കൊല്ലാന്‍ നോക്കുന്നു, കൂടോത്രം ചെയ്യുന്നു എന്നൊക്കെ വര്ഷങ്ങളായിട്ടു പറയാറുണ്ട്. അനിയത്തി പത്തില്ത്തോറ്റു പഠിത്തം നിര്‍ത്തിയതാണ്. ഇത്തവണ ഞാന്‍ ഗള്‍ഫില്‍നിന്നു വന്നപ്പോള്‍ കാണുന്നത്, അവളും അമ്മയെപ്പോലെ അയല്‍ക്കാരെ സംശയിക്കാന്‍ തുടങ്ങിയിരിക്കുന്നു.”
ചില തരം മാനസിക രോഗങ്ങളുള്ളവര്‍ ഒരു വാസ്തവവുമില്ലാത്ത ചില ധാരണകളില്‍ അടിയുറച്ചു വിശ്വസിക്കാറുണ്ട്. തനിക്കേറെ ശത്രുക്കളുണ്ട്, അമാനുഷിക ശക്തികളുണ്ട്, ജീവിതപങ്കാളിക്ക് അവിഹിത ബന്ധമുണ്ട് എന്നതൊക്കെ ഉദാഹരണങ്ങളാണ്. “ഡെല്യൂഷനുകള്‍” (delusions) എന്നാണ് ഇത്തരം വിശ്വാസങ്ങള്‍ അറിയപ്പെടുന്നത്. ഇവ പുലര്‍ത്തുന്നവര്‍ ആരെത്രതന്നെ എതിര്‍ത്തെളിവുകള്‍ നിരത്തിയാലും മാറിച്ചിന്തിക്കാന്‍ കൂട്ടാക്കുകയില്ല.