CALL US: 96 331 000 11

psychotherapy kerala(ഞങ്ങളുടെ സൈക്ക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ 2016 ഒക്ടോബര്‍ ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ എഴുതിയത്)

മാനസികപ്രശ്നങ്ങള്‍ക്കും മനോരോഗങ്ങള്‍ക്കുമുള്ള പരിഹാരമാര്‍ഗങ്ങളില്‍ കൌണ്‍സലിംഗും സൈക്കോതെറാപ്പികളും പോലുള്ള മനശ്ശാസ്ത്രരീതികള്‍ക്കു ഗണ്യമായ സ്ഥാനമുണ്ട്. ഈ ചികിത്സകളെയും അവയെടുക്കാനൊരുങ്ങുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില സുപ്രധാന കാര്യങ്ങളെയും പരിചയപ്പെടാം.

കൌണ്‍സലിംഗിന്‍റെ പ്രസക്തികള്‍

“ഞാനന്നവനു കുറേ കൌണ്‍സലിംഗ് കൊടുത്തതാണ്” എന്ന മട്ടില്‍ സ്നേഹോപദേശങ്ങളെ പലരും “കൌണ്‍സലിംഗ്” എന്നു വിളിക്കാറുണ്ട്. പ്രൊഫഷണല്‍ കൌണ്‍സലിംഗിനു പക്ഷേ നിയതമായ രീതികളും നിയമാവലികളും പരിശീലനത്തിന്‍റെ ആവശ്യകതയുമുണ്ട്. വ്യക്തിപരമോ സാമൂഹികമോ മനശ്ശാസ്ത്രപരമോ ആയ പ്രശ്നവൈഷമ്യങ്ങള്‍ നേരിടുന്നവരെ മുന്‍വിധികളേതുമില്ലാതെ സഹായിക്കുകയും വഴികാണിക്കുകയുമാണ് പ്രൊഫഷണല്‍ കൌണ്‍സലിംഗിന്‍റെ രീതി. ഏതു ജോലി തെരഞ്ഞെടുക്കണം, പരീക്ഷക്ക് എങ്ങിനെ തയ്യാറെടുക്കണം എന്നതിനെയൊക്കെച്ചൊല്ലി വ്യാകുലപ്പെടുന്നവര്‍ക്ക് കൌണ്‍സലിംഗ് ഏറെ പ്രയോജനകരവുമാണ്.

വളര്‍ന്ന മാനസികപ്രശ്നങ്ങള്‍ക്കോ തീവ്രത പ്രാപിച്ചുകഴിഞ്ഞ മനോരോഗങ്ങള്‍ക്കോ പക്ഷേ കൌണ്‍സലിംഗ് കൊണ്ടുമാത്രം ശമനം കിട്ടാറില്ല. അതേസമയം അത്തരം സാഹചര്യങ്ങളിലും രോഗത്തെയും മരുന്നുകളെയും വിവിധ കാര്യങ്ങളിലെടുക്കേണ്ട മുന്‍കരുതലുകളെയും പറ്റി രോഗിക്കും കുടുംബാംഗങ്ങള്‍ക്കും അറിവു കൊടുക്കാനും, വ്യക്തിപരമോ തൊഴില്‍പരമോ ഒക്കെയായ അനുബന്ധ പ്രശ്നങ്ങളുടെ പരിഹാരത്തിനുമെല്ലാം കൌണ്‍സലിംഗ് അനുപേക്ഷണീയമാണ്.

സൈക്കോതെറാപ്പി എന്നാല്‍

കൌണ്‍സലിംഗിനെക്കാള്‍ സങ്കീര്‍ണമായ, കൂടുതല്‍ സമയവും സെഷനുകളും ആവശ്യമുള്ള, കുറച്ചുകൂടി കുഴപ്പംപിടിച്ചതോ പഴക്കംചെന്നതോ ആയ അവസ്ഥകള്‍ കൈകാര്യംചെയ്യുന്ന, പ്രശ്നത്തിന്‍റെ മൂലകാരണങ്ങളില്‍ കൂടുതല്‍ ശ്രദ്ധയര്‍പ്പിക്കുന്ന ചികിത്സാരീതികളാണ് സൈക്കോതെറാപ്പികള്‍ എന്നു സാമാന്യമായിപ്പറയാം.

നമ്മുടെ നാട്ടില്‍ പ്രാചുര്യമുള്ള തെറാപ്പികള്‍ വൈവാഹിക പൊരുത്തക്കേടുകള്‍ക്കുള്ള ‘മരൈറ്റല്‍ തെറാപ്പി’, കുടുംബപ്രശ്നങ്ങള്‍ക്കുള്ള ‘ഫാമിലി തെറാപ്പി’, ലൈംഗികവൈഷമ്യങ്ങള്‍ക്കുള്ള ‘സെക്സ് തെറാപ്പി’, കുട്ടികളിലെ പെരുമാറ്റവൈകല്യങ്ങള്‍ക്കുള്ള ‘ബിഹേവിയര്‍ തെറാപ്പി’, മദ്യാസക്തി പോലെ നിശ്ചിത പ്രശ്നങ്ങളുള്ള അനേകരെ ഒന്നിച്ചിരുത്തി സ്വാനുഭവങ്ങള്‍ ചര്‍ച്ച ചെയ്യാനും മറ്റും അവസരമൊരുക്കുന്ന ‘ഗ്രൂപ്പ് തെറാപ്പി’യുമൊക്കെയാണ്. ഓ.സി.ഡി. ബാധിതരുടെ അത്യധികമായ വൃത്തിയും മറ്റും പരിഹരിക്കാന്‍ ‘എക്സ്പോഷര്‍ ആന്‍ഡ് റെസ്പോണ്‍സ് പ്രിവെന്‍ഷനും’, ഉയരത്തോടോ അടഞ്ഞ മുറികളോടോ ഒക്കെയുള്ള ഫോബിയകള്‍ മാറ്റിയെടുക്കാന്‍ ‘സിസ്റ്റമാറ്റിക്ക് ഡീസെന്‍സിറ്റൈസേഷനും’ ഉപയോഗിക്കപ്പെടുന്നുണ്ട്.

‘സി.ബി.റ്റി’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ‘കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി’ക്കും പ്രചാരം കിട്ടിവരുന്നുണ്ട്. ചിന്തകളുടെയും പെരുമാറ്റങ്ങളുടെയും വികാരങ്ങളുടെയും പരസ്പരബന്ധത്തെപ്പറ്റി ബോദ്ധ്യമുളവാക്കി, ചിന്തകളെയും പെരുമാറ്റങ്ങളെയും ആരോഗ്യകരമാക്കാനും അതുവഴി കോപവും നിരാശയും ഉത്ക്കണ്ഠയും പോലുള്ള ദുര്‍വികാരങ്ങള്‍ക്കു കടിഞ്ഞാണിടാനും പ്രാപ്തികൊടുക്കുകയാണ് സി.ബി.റ്റിയുടെ രീതി. വിഷാദം, സോഷ്യല്‍ ഫോബിയ, ഓ.സി.ഡി എന്നിങ്ങനെ നിരവധി രോഗങ്ങള്‍ക്കതു ഫലപ്രദവുമാണ്.

കടന്നുപോയ്‌ക്കൊണ്ടിരിക്കുന്ന നിമിഷങ്ങളെപ്പറ്റി നല്ല അവബോധം കൈക്കൊണ്ട് അതതുനേരങ്ങളിലെ ചിന്തകളെയും വികാരങ്ങളെയും മുന്‍വിധികളില്ലാതെ സ്വീകരിച്ചാസ്വദിക്കാന്‍ പരിശീലിപ്പിക്കുന്ന ‘മൈന്‍ഡ് ഫുള്‍നസ് മെഡിറ്റേഷ’നും സ്വീകാര്യത കിട്ടിത്തുടങ്ങിയിട്ടുണ്ട്. വിഷാദമടക്കമുള്ള പല പ്രശ്നങ്ങള്‍ക്കും ഇതൊരു നല്ല പ്രതിവിധിയുമാണ്‌.

ഏതെങ്കിലും ഒരു രീതിയെ മാത്രമായിട്ട് ആശ്രയമാക്കാതെ, ഓരോ വ്യക്തിയുടെയും സവിശേഷ ആവശ്യങ്ങള്‍ക്കനുസൃതമായി പല തെറാപ്പികളുടെയും അംശങ്ങളെ കൂട്ടിക്കലര്‍ത്തി ഉപയുക്തമാക്കുന്ന ‘എക്ലെക്റ്റിക് തെറാപ്പി’ എന്ന സങ്കരശൈലിയാണ് നമ്മുടെ നാട്ടില്‍ കൂടുതലും അവലംബിക്കപ്പെടുന്നത്.

അനവധിയുണ്ട് തെരഞ്ഞെടുക്കാന്‍

ഫലപ്രദമായ വേറെയുമനേകം തെറാപ്പികള്‍ അടുത്ത കാലങ്ങളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ച്ചിലതിനെപ്പറ്റി സ്വല്‍പമറിയാം.

വൈകാരികപ്രശ്നങ്ങള്‍

വിഷാദമോ ഉത്ക്കണ്ഠാരോഗങ്ങളോ വലിയ തീവ്രമല്ലാത്തപ്പോള്‍ സൈക്കോതെറാപ്പി മരുന്നുകളുടെയത്രതന്നെ ഫലപ്രദവും അവയേക്കാള്‍ സുരക്ഷിതവുമാണ്. പ്രിയമുള്ളവരുടെ അകല്‍ച്ചയോ വിയോഗമോ വിഷാദജനകമാകുമ്പോള്‍ ‘ഇന്‍റര്‍പേഴ്സണല്‍ തെറാപ്പി’യും, ദുരന്താനുഭവങ്ങള്‍ ഉറങ്ങാനുമുണരാനുമുളള സമയക്രമം തെറ്റിച്ചു വിഷാദമുളവാക്കുമ്പോള്‍ ‘സോഷ്യല്‍ റിതം തെറാപ്പി’യും കൈത്താങ്ങാവും.

അഡിക്ഷന്‍ ചികിത്സ

ലഹരിയുപയോഗം വേണ്ടെന്നുവെക്കാനോ ചികിത്സിപ്പിക്കാനോ തയ്യാറില്ലാത്തവര്‍ക്ക് അത്തരം താല്‍പര്യങ്ങള്‍ ജനിപ്പിക്കുന്ന ‘മോട്ടിവേഷനല്‍ ഇന്‍റര്‍വ്യൂയിംഗ്’, അതിനുപോലും ചെന്നിരിക്കാന്‍ മനസ്സില്ലാത്തവരുടെ ഉള്ളുമാറ്റിയെടുക്കാനുള്ള പ്രാപ്തി കുടുംബാംഗങ്ങള്‍ക്കു കൈവരുത്തുന്ന ‘കമ്മ്യൂണിറ്റി റീഇന്‍ഫോഴ്സ്മെന്‍റ് ആന്‍ഡ് ഫാമിലി ട്രെയിനിംഗ്’, ദാമ്പത്യ അസ്വാരസ്യങ്ങള്‍ മദ്യപാനത്തിനിടയാക്കുമ്പോള്‍ തുണക്കെത്തുന്ന ‘ബീഹേവിയോറല്‍ കപ്ള്‍സ് തെറാപ്പി’ എന്നിവ കേരളീയ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. മദ്യമില്ലാതെ ജീവിക്കാന്‍ ഒരുക്കമുള്ളവര്‍ക്ക് അതിനു പരിശീലനം കൊടുക്കാന്‍ ‘കോപ്പിംഗ് സ്കില്‍സ് ട്രെയിനിംഗും’ ലഭ്യമായുണ്ട്.

സ്കിസോഫ്രീനിയ

മരുന്നുകള്‍ക്കാണു പ്രാഥമ്യമെങ്കിലും സ്കിസോഫ്രീനിയാചികിത്സയില്‍ മനശ്ശാസ്ത്രമാര്‍ഗങ്ങളും പ്രധാനമാണ്. “ഏറെ ശത്രുക്കളുണ്ട്”, “അതിമാനുഷ ശക്തികളുണ്ട്” എന്നൊക്കെയുള്ള മിഥ്യാധാരണകളെ അവയിലെ പൊള്ളത്തരം വ്യക്തമാക്കിച്ചു ശിഥിലമാക്കാന്‍ ‘മെറ്റാകോഗ്നിറ്റീവ് തെറാപ്പി’യും, സമൂഹവുമായി നന്നായിടപഴകാനുള്ള നൈപുണ്യം പകരാന്‍ ‘സോഷ്യല്‍ സ്കില്‍സ് ട്രെയിനിംഗും’, ബുദ്ധിപരമായ കഴിവുകളില്‍പ്പിണയുന്ന പോരായ്മകള്‍ക്ക് ‘കോഗ്നിറ്റീവ് റെമഡിയേഷനും’ ഫലപ്രദമാവും.

ബാല്യകൌമാരപ്രശ്നങ്ങള്‍

പെരുമാറ്റക്കുഴപ്പങ്ങളുള്ള കുട്ടികളില്‍ അവയുടെ മൂലകാരണം കണ്ടെത്താനും ഉള്‍വൈഷമ്യങ്ങള്‍ക്കു ശമനമുണ്ടാക്കാനും കളിപ്പാട്ടങ്ങളും മറ്റുമുപയോഗപ്പെടുത്തിക്കൊണ്ടുള്ള ‘പ്ലേ തെറാപ്പി’ ഉപകരിക്കും. അക്രമപ്രവണതകളും നിയമലംഘനങ്ങളും ശീലമാക്കിയവരെ നേരെയാക്കിയെടുക്കാനുള്ള വൈദഗ്ദ്ധ്യം ‘പേരന്‍റ് മാനേജ്മെന്‍റ് ട്രെയിനിംഗ്’ അച്ഛനമ്മമാര്‍ക്കു കൊടുക്കും.

രോഗപ്രതിരോധം

കുടുംബപാരമ്പര്യത്താലോ ഇതര കാരണങ്ങളാലോ വിഷാദമോ സ്കിസോഫ്രീനിയയോ മറ്റോ വരാന്‍ സാദ്ധ്യതയുള്ളവരെ രോഗത്തിലേക്കു വഴുതാതെ കാക്കാന്‍ സി.ബി.റ്റിക്കും മറ്റും കുറേയൊക്കെയാവും. ഈയാവശ്യത്തിനു തെറാപ്പികള്‍ മരുന്നുകളേക്കാള്‍ സുരക്ഷിതവുമാണ്.

 

ഒരേ ലക്ഷ്യത്തിലേക്കുള്ള പല മാര്‍ഗങ്ങള്‍

മരുന്നുകള്‍ ശരീരത്തിലും മനശ്ശാസ്ത്രചികിത്സകള്‍ മനസ്സിലുമാണു പ്രവര്‍ത്തിക്കുന്നതെന്ന ധാരണ പ്രബലമാണ്. എന്നാല്‍, വ്യത്യസ്ത മനോരോഗങ്ങള്‍ക്കടിസ്ഥാനമാവുന്ന മസ്തിഷ്കവ്യതിയാനങ്ങളെ വിവിധ തെറാപ്പികള്‍ ക്രമപ്പെടുത്തുന്നുണ്ടെന്നാണു നാല്‍പതിലേറെ പഠനങ്ങളുടെ കണ്ടെത്തല്‍. ഓ.സി.ഡി.യില്‍ സൈക്കോതെറാപ്പി തലച്ചോറില്‍ പ്രവര്‍ത്തിക്കുന്നത് ആ അസുഖത്തിനുള്ള മരുന്നുകളുടേതിനു സമാനമായ രീതിയിലാണെന്നും തെളിഞ്ഞിട്ടുണ്ട്. പാനിക് ഡിസോര്‍ഡറിനു വഴിയിടുന്ന, ജീനുകളെ ഗ്രസിക്കുന്ന ചില പ്രവര്‍ത്തനവ്യതിയാനങ്ങളെ സി.ബി.റ്റി കൊണ്ടു തിരിച്ചുമാറ്റാനായതായി ഈ ഏപ്രിലില്‍ പ്രസിദ്ധീകൃതമായൊരു പഠനം വെളിപ്പെടുത്തുകയുമുണ്ടായി.

 

 

മികച്ച ഫലം കിട്ടുന്നതെപ്പോള്‍?

ഏതു തെറാപ്പിയാണ് അവലംബിക്കപ്പെടുന്നത് എന്നതിലും ചികിത്സയുടെ വിജയത്തിനു നിര്‍ണായകം, രോഗിയുടെ വികാരങ്ങള്‍ മനസ്സിലാക്കാനും അതിന്‍റെ വെളിച്ചത്തില്‍ ആ വ്യക്തിയോടു താല്‍പര്യം കാണിക്കാനുമുള്ള കഴിവ് (empathy) തെറാപ്പിസ്റ്റിന് എത്രത്തോളമുണ്ടെന്നതാണ്. തെറാപ്പിസ്റ്റുമായി നല്ലൊരു ബന്ധം രൂപപ്പെടുത്താനുള്ള കഴിവുള്ളവര്‍ക്കു തെറാപ്പി കൂടുതല്‍ ഫലംചെയ്യാറുമുണ്ട്. ഇരുവര്‍ക്കുമിടയില്‍ അന്യോന്യമുള്ള വിശ്വാസത്തിലും സ്വീകാര്യതയിലും അധിഷ്ഠിതമായ പരസ്പരബന്ധവും തെറാപ്പിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെപ്പറ്റി അഭിപ്രായൈക്യവും പ്രധാനമാണ്. രോഗിക്കു തെറാപ്പിയില്‍ നല്ല വിശ്വാസം വേണ്ടതുമുണ്ട്.

സ്വന്തം ചിന്തകളെയും വികാരങ്ങളെയുമെല്ലാം നിരീക്ഷിക്കാനും വിശകലനം ചെയ്യാനും താല്‍പര്യവും പാടവവുമുള്ളവര്‍ക്കേ സി.ബി.റ്റി വെച്ചുള്ള ചികിത്സകള്‍ പ്രായോഗികമാവൂ. മാനസികപ്രശ്നങ്ങളുടെയോ മനോരോഗങ്ങളുടെയോ കൂടെ വ്യക്തിത്വവൈകല്യങ്ങളും പിടിപെട്ടിട്ടുള്ളവര്‍ക്ക് തെറാപ്പി ദുഷ്കരവും നിഷ്ഫലവുമാവാന്‍ സാദ്ധ്യതയേറുന്നുമുണ്ട്.

തെറാപ്പിക്കും സൈഡെഫക്റ്റുണ്ട്

മരുന്നുകളുടെ പാര്‍ശ്വഫലങ്ങളോടുള്ള പേടിയാല്‍, “അസുഖം മാറിയില്ലെങ്കിലും വേണ്ടില്ല, മനശ്ശാസ്ത്രചികിത്സ മാത്രം മതി” എന്നുവെക്കുന്നവരുണ്ട്. എന്നാല്‍ ഇത്തരം ചികിത്സകളെടുക്കുന്നവരിലും അഞ്ചു മുതല്‍ ഇരുപതു വരെ ശതമാനത്തിനു പാര്‍ശ്വഫലങ്ങളുളവാകാമെന്നാണു പഠനങ്ങള്‍ പറയുന്നത്. ആത്മഹത്യാപ്രവണതയും മാനസികസമ്മര്‍ദ്ദവും അമിതമായ ഉത്തേജനവും ഇതിലുള്‍പ്പെടുന്നു. യോജിച്ച ചികിത്സ തെരഞ്ഞെടുക്കുന്നതില്‍ തെറാപ്പിസ്റ്റിനു പിഴവു പറ്റാനും രോഗിക്കു തെറാപ്പിസ്റ്റിന്മേല്‍ ആശ്രിതത്വം രൂപപ്പെടാനുമുള്ള സാദ്ധ്യതകളുമുണ്ട്. തെറാപ്പിയുടെ ദൂഷ്യഫലങ്ങള്‍ പ്രകടമാവുന്നത് പുതിയ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമാവുക, ചികിത്സ പ്ലാന്‍ചെയ്തതിലുമേറെ നീണ്ടുപോവുക, തെറാപ്പിസ്റ്റുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുക എന്നൊക്കെയുള്ള രീതികളിലുമാവാം. പത്തിലൊരാള്‍ക്കു തെറാപ്പിക്കിടെ രോഗം മൂര്‍ച്ഛിക്കുകയും ചെയ്യാം.

പുതുതായി വെളിപ്പെടുന്ന പാര്‍ശ്വഫലങ്ങളുടെ പേരില്‍ മരുന്നുകള്‍ ചിലപ്പോള്‍ നിരോധിക്കപ്പെടാറുള്ള പോലെ, പ്രചാരം നേടിക്കഴിഞ്ഞ തെറാപ്പികള്‍ ഹാനികരമാണെന്നു കാലക്രമേണ തെളിഞ്ഞ ചരിത്രവുമുണ്ട്. കുഞ്ഞുകുഞ്ഞു കുറ്റകൃത്യങ്ങള്‍ ചെയ്തുതുടങ്ങിയ കൌമാരക്കാര്‍ക്ക്, അവരെയതില്‍നിന്നു പിന്തിരിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ, ജീവപര്യന്തമനുഭവിക്കുന്ന തടവുപുള്ളികളുമായി ഇടപഴകാനും അവരുടെ ജയിലനുഭവങ്ങളും ഉപദേശങ്ങളും കേള്‍ക്കാനും ന്യൂജഴ്സിയില്‍ അവസരമൊരുക്കപ്പെട്ടപ്പോള്‍ അതേത്തുടര്‍ന്നു പക്ഷേ ആ കൌമാരക്കാര്‍ പിന്നീട് അറസ്റ്റിലാവാനുള്ള സാദ്ധ്യത കൂടുകയാണുണ്ടായത്. ഭൂകമ്പമോ ബലാത്സംഗമോ പോലുള്ള ദുരന്തങ്ങള്‍ക്കു തൊട്ടുപിറകെ അതിന്‍റെ വിശദാംശങ്ങള്‍ കൌണ്‍സലിംഗിലും മറ്റും അയവിറക്കുന്നത് സംഭവം ഓര്‍മയില്‍ കൂടുതല്‍ തെളിച്ചത്തോടെ പതിയാനും പി.റ്റി.എസ്.ഡി.യെന്ന രോഗത്തിനു സാദ്ധ്യത കൂടാനും ഇടയാക്കുന്നുമുണ്ട്.

 

“സ്ക്രീന്‍തെറാപ്പി” പ്രശ്നരഹിതമല്ല

MoodGym എന്ന വെബ്സൈറ്റ് സൌജന്യമായിട്ടു ചെയ്തുതരുന്ന സി.ബി.റ്റി വിഷാദത്തിനു ഫലപ്രദമാണെന്ന് നിരവധി പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. Depression CBT self-help guide പോലുള്ള ആപ്പുകളും ഈ രംഗത്തുണ്ട്. സാമ്പത്തികഞെരുക്കമുള്ളവര്‍ക്കും തെറാപ്പിസ്റ്റുകള്‍ ലഭ്യരല്ലാത്ത നാടുകളിലുള്ളവര്‍ക്കും ഇവ സഹായകവുമാവാം. നേരിട്ടു തെറാപ്പിയെടുക്കുന്നവര്‍ക്ക് ദിനേന സ്വന്തം ചിന്തകളും വികാരതീവ്രതകളുമെല്ലാം കുറിച്ചുവെക്കുകയും പിന്നീടതു തെറാപ്പിസ്റ്റിനെക്കാണിക്കുകയും സുഗമമാക്കുന്ന ആപ്പുകളുമുണ്ട്.

അതേസമയം, വിഷാദശമനത്തിനുള്ള ആയിരത്തിലേറെ ആപ്പുകളില്‍ സിംഹഭാഗവും വിദഗ്ദ്ധ മേല്‍നോട്ടത്തില്‍ വികസിപ്പിക്കപ്പെട്ടവയോ ഫലപ്രാപ്തി തെളിഞ്ഞവയോ അല്ലെന്ന് ഒരു പഠനം പറയുന്നു. മലയാളം പോലുള്ള ഭാഷകളില്‍ ഇവയൊന്നും ലഭ്യമായിത്തുടങ്ങിയിട്ടുമില്ല. ആപ്പുകളിലും വെബ്സൈറ്റുകളിലും ചേര്‍ക്കപ്പെടുന്ന പേരും രോഗവിവരങ്ങളുമൊക്കെ പരസ്യപ്പെട്ടുപൊയ്ക്കൂടേ എന്നയാശങ്കയും ഉയര്‍ത്തപ്പെടുന്നുണ്ട്.

 

 

ഇനി, മനശ്ശാസ്ത്രചികിത്സയുമായി ബന്ധപ്പെട്ടു നമ്മുടെ നാട്ടില്‍ നിരീക്ഷിക്കപ്പെട്ടിട്ടുള്ള ചില പരിമിതികള്‍ പരിശോധിക്കാം.

മാറേണ്ട കാഴ്ചപ്പാടുകള്‍

മാനസികപ്രശ്നങ്ങള്‍ക്കു വിദഗ്ദ്ധസഹായം തേടാനുള്ള ലജ്ജക്കും വൈമനസ്യത്തിനും അറുതി വരേണ്ടതുണ്ട്. കുട്ടിയെ പുറത്താക്കുമെന്നു സ്കൂള്‍ അധികൃതരോ ഡൈവോഴ്സിനു ചെല്ലുമ്പോള്‍ കുടുംബക്കോടതിയോ മദ്യപിച്ചു വണ്ടിയോടിച്ചതിനു പിടിക്കുമ്പോള്‍ പോലീസുകാരോ പറഞ്ഞാല്‍ മാത്രം മനസ്സില്ലാമനസ്സോടെ സ്വീകരിക്കേണ്ട നടപടികളാണു മനശ്ശാസ്ത്രചികിത്സകളെന്ന മനോഭാവം നന്നല്ല. “ആരുടെയെങ്കിലും ഉപദേശം തേടുക സ്ത്രീകളും കുട്ടികളുമാണ്; അല്ലാതെ ആണുങ്ങള്‍ക്കതൊന്നും ചേരില്ല”, “സ്വന്തം പ്രശ്നങ്ങള്‍ മറ്റുള്ളവരോടു കൊട്ടിഘോഷിക്കുന്നത് പല്ലിട കുത്തി മണപ്പിക്കുന്നതിനു തുല്യമാണ്”, “കൌണ്‍സലിംഗിനു പോയാല്‍ പാശ്ചാത്യ ചിന്താഗതികള്‍ കുത്തിവെക്കപ്പെടും” എന്നൊക്കെയുള്ള ചിന്താഗതികളും മാറേണ്ടതുണ്ട്.

സിനിമകളുടെയും മറ്റും സ്വാധീനത്താലാവണം, മിക്ക മനോരോഗങ്ങളും ഉപബോധമനസ്സില്‍ ഒളിഞ്ഞു കിടക്കുന്ന ഏതോ ഭയത്തിന്‍റെ ബഹിര്‍സ്ഫുരണങ്ങളാണെന്നും ഹിപ്പ്നോട്ടിസത്തിലൂടെ അതിനെ പുറന്തള്ളുക മാത്രമാണ് ഫലപ്രദവും ശാശ്വതവുമായ പരിഹാരമെന്നും പരക്കെ വിശ്വസിക്കപ്പെടുന്നുണ്ട്. എന്നാല്‍, “ഹിസ്റ്റീരിയ” എന്നു പൊതുവെ വിളിക്കപ്പെടാറുള്ള ‘ഡിസോസിയേറ്റീവ് ഡിസോര്‍ഡറു’കളുടെ ആവിര്‍ഭാവത്തിലേ ഇപ്പോള്‍ ഉപബോധമനസ്സിനു കാര്യമായ പങ്കു കരുതപ്പെടുന്നുള്ളൂ. മറ്റു തെറാപ്പികള്‍ ധാരാളമായി രംഗത്തുവന്നതിനാല്‍ത്തന്നെ, ക്ലിനിക്കല്‍ സൈക്കോളജിയിലോ സൈക്ക്യാട്രിയിലോ പരിശീലനം നല്‍കുന്ന പ്രമുഖ കേന്ദ്രങ്ങളിലൊന്നും ഹിപ്പ്നോട്ടിസം സഗൌരവം പഠിപ്പിക്കപ്പെടുന്നുമില്ല.

സിനിമകളിലും പൊതുലേഖനങ്ങളിലും സൈക്കോഅനാലിസിസിനു കിട്ടുന്ന പ്രാമുഖ്യം പലരും ചികിത്സാകേന്ദ്രങ്ങളിലും പ്രതീക്ഷിക്കാറുണ്ട്. സൈക്കോഅനാലിസിസ് പക്ഷേയിന്ന് ക്ലിനിക്കല്‍ സൈക്കോളജിയുടെയോ സൈക്ക്യാട്രിയുടെയോ മുഖ്യധാരയില്‍ വരുന്നൊരു രീതിയല്ല. അതില്‍ പ്രാവീണ്യമുള്ളവര്‍ കേരളത്തില്‍ അപൂര്‍വവും അതില്‍ പരിശീലനത്തിനുള്ള അവസരം ഇന്ത്യയില്‍ത്തന്നെ വിരളവും ആണുതാനും.

വാളെടുത്തവരെല്ലാം...

ആധുനികജീവിതത്തിന്‍റെ തിരക്കുകള്‍ മനശ്ശാസ്ത്രചികിത്സക്കു വിപണിസാദ്ധ്യത കൂട്ടുന്നുണ്ടെന്ന അനുമാനം തൊട്ട്, വേദനിക്കുന്നവരെ സഹായിക്കാനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹം വരെയുള്ള ഘടകങ്ങളാല്‍ പ്രചോദിതരായി തക്ക വിദ്യാഭ്യാസ യോഗ്യതകളില്ലാത്ത ഏറെപ്പേര്‍ ഈ രംഗത്തേക്കു ചികിത്സകവേഷംകെട്ടിയിറങ്ങുന്നുണ്ട്. മരുന്നുകള്‍ അനിവാര്യമായ സ്കിസോഫ്രീനിയയോ ബൈപ്പോളാര്‍ ഡിസോര്‍ഡറോ കടുത്ത വിഷാദമോ ഒക്കെയുള്ളവരെ “കൌണ്‍സലിംഗു” കൊണ്ടു ഭേദമാക്കാന്‍ ശ്രമിച്ചു രോഗം വഷളാക്കുന്നത് നിത്യസംഭവമാണ്. സ്വയംഭോഗത്തിനും സ്വവര്‍ഗാനുരാഗത്തിനും ചികിത്സ വിധിക്കുന്നവരുണ്ട്. ജീവിതപങ്കാളിയെപ്പറ്റിയുള്ള സംശയം മുഖ്യലക്ഷണമായ ‘ഡെല്യൂഷനല്‍ ഡിസോര്‍ഡര്‍’ ബാധിച്ചവരുടെ ഭാര്യമാര്‍ ഭര്‍ത്താവു തന്‍റെ ചാരിത്യ്രശുദ്ധിയെ വൃഥാ ചോദ്യംചെയ്യുന്നെന്നു സങ്കടപ്പെടുമ്പോള്‍ “തീയില്ലാതെ പുകയുണ്ടാവില്ലല്ലോ" എന്നു സന്ദേഹിക്കുന്നവരുണ്ട്. അമിതോത്ക്കണ്ഠയുള്ളവര്‍ക്ക് “അതിരുവിടുന്ന ഉള്‍വിലക്കുകളെ നിഷ്കാസനം ചെയ്യിക്കാന്‍” നഗ്നരാക്കി നിര്‍ത്തി ദേഹമാസകലം കയ്യോടിച്ച് “ടച്ച്‌ തെറാപ്പി” പ്രയോഗിക്കുന്നവരുമുണ്ട്. നാടെങ്ങും കൂണുപോലെ മുളച്ചുപൊങ്ങുന്ന അനധികൃത കൗണ്‍സലിങ് കേന്ദ്രങ്ങളെ നിയന്ത്രിക്കണമെന്ന് സംസ്ഥാന ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് 2013-ല്‍ അംഗീകരിച്ച പരിഷ്കരിച്ച മാനസികാരോഗ്യനയം നിഷ്കര്‍ഷിക്കുകയുമുണ്ടായി.

 

സര്‍വരോഗസംഹാരി?

പേശികളെ ചുരുക്കുകയും വികസിപ്പിക്കുകയും ചെയ്ത് ശരീരത്തിനും മനസ്സിനും അയവുവരുത്തിക്കുന്ന ‘ജേക്കബ്സണ്‍സ് പ്രോഗ്രസീവ് മസ്കുലാര്‍ റിലാക്സേഷന്‍’ നാനാതരം പ്രശ്നങ്ങള്‍ക്ക് ഉപയുക്തമാക്കപ്പെടുന്നുണ്ട്. മാനസികസമ്മര്‍ദ്ദത്തിനും അമിതോത്ക്കണ്ഠക്കും ഈ റിലാക്സേഷന്‍ വിദ്യ നല്ലൊരു പ്രതിവിധിയാണെങ്കിലും പഠനത്തിലെ പിന്നാക്കാവസ്ഥ തൊട്ട് ലൈംഗികവൈഷമ്യങ്ങള്‍ വരെയുള്ള, മറ്റു മനശ്ശാസ്ത്രചികിത്സകള്‍ ലഭ്യമായ, പ്രശ്നങ്ങള്‍ക്ക് ഈയൊരു രീതി മാത്രമായി അവലംബിക്കുന്നത് ആശാസ്യമല്ല.

 

 

ചില മുന്‍കരുതലുകള്‍

  • ശാരീരികരോഗങ്ങളുടെ ഭാഗമായും മാനസികപ്രശ്നങ്ങള്‍ വരാം. മനശ്ശാസ്ത്ര ചികിത്സകരെ സമീപിക്കുന്നതിനൊപ്പം ഒരു ഡോക്ടറെയോ സൈക്ക്യാട്രിസ്റ്റിനെയോ കണ്ട് അങ്ങിനെ വല്ലതുമുണ്ടോയെന്നു പരിശോധിപ്പിക്കുന്നത് ഉചിതമാവും.
  • സൈക്കോതെറാപ്പിക്കു പലപ്പോഴും ഒട്ടേറെ സമയവും രോഗിയുടെയും കുടുംബാംഗങ്ങളുടെയും പരിശ്രമങ്ങളും ആവശ്യമാവാം. ഇത്തരം പ്രായോഗികവശങ്ങള്‍ മുന്‍‌കൂര്‍ കണക്കിലെടുക്കുന്നത് പാതിവഴി കളഞ്ഞിട്ടു പോരാനും നേരവും പണവും നഷ്ടമാവാനും ഇടവരാതെ കാക്കും.
  • കള്ളനാണയങ്ങള്‍ പലതും കളത്തിലുള്ളതിനാല്‍ത്തന്നെ “നൂറു ശതമാനം ഫലസിദ്ധി” ഗാരണ്ടി തരുന്നവരെയും “യാതൊരു കാരണവശാലും ഒരിക്കലും മരുന്നുകളൊന്നും എടുക്കുകയേ ചെയ്യരുത്” എന്നു പ്രഖ്യാപിക്കുന്നവരെയും സംശയദൃഷ്ടിയോടെ കാണുക. തെറാപ്പിസ്റ്റിന് എവിടെ, എത്ര കാലം ക്ലിനിക്കല്‍ പരിശീലനം ലഭിച്ചിട്ടുണ്ട് എന്നന്വേഷിച്ചറിയുന്നതും നന്നാവും.

വേണം, പ്രാദേശിക പഠനങ്ങള്‍

നമ്മുടെ നാട്ടിലെയും മിക്ക സൈക്കോതെറാപ്പികളും ഉടലെടുത്ത പാശ്ചാത്യ രാജ്യങ്ങളിലെയും സാഹചര്യങ്ങളില്‍ ചില അന്തരങ്ങളുണ്ട്. കുടുംബങ്ങളുടെ കെട്ടുറപ്പും കുടുംബാംഗങ്ങള്‍ തമ്മിലെ പരസ്പരാശ്രിതത്വവും ഇവിടെക്കൂടുതലാണ്. അവിടങ്ങളിലേതില്‍നിന്നു ഭിന്നമായി, സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള ത്രാണി കൌണ്‍സലിംഗിലൂടെ നേടിത്തരണമെന്നല്ല, മറിച്ച് തനിക്കുവേണ്ടി തീരുമാനങ്ങള്‍ എടുത്തുതരണമെന്നാവാം ഇവിടെ ചിലരെങ്കിലും ചികിത്സകരോടാവശ്യപ്പെടുന്നത്. അതുകൊണ്ടൊക്കെത്തന്നെ, വിവിധ തെറാപ്പികളുടെ സ്വീകാര്യതയും ഫലപ്രാപ്തിയും നമ്മുടെയാളുകളില്‍ എത്തരത്തിലാണെന്നറിയാനും അവയെ ആവശ്യാനുസരണം പരിഷ്കരിക്കാനുമുളള ഗവേഷണങ്ങള്‍ നടക്കേണ്ടതുണ്ട്.

(കടപ്പാട്: സിനി ജോസഫ്, പി.എച്ച്.ഡി. സ്കോളര്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്ക്യാട്രി, റാഞ്ചി.)