(ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ 2015 മെയ് ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ എഴുതിയത്)
ആനകളോടോ ഉത്സവങ്ങളോടോ കാളപൂട്ടിനോടോ ഒക്കെയുള്ള കമ്പംമൂത്ത് ജീവിതം കുട്ടിച്ചോറായിപ്പോയവരെ നമ്മുടെ നോവലുകളും സിനിമകളുമൊക്കെ ഏറെ വിഷയമാക്കിയിട്ടുണ്ട്. മുച്ചീട്ടുകളിയിലും കോഴിപ്പോരിലും പകിടകളിയിലുമൊക്കെ ഭാഗ്യമന്വേഷിച്ച് പാപ്പരായവരുടെ കഥകള്‍ നമ്മുടെ പഴമക്കാര്‍ ഇപ്പോഴും അയവിറക്കാറുണ്ട്. നല്ലൊരു വിഭാഗത്തിനും ഇന്നും ലഹരിയുപയോഗമെന്നാല്‍ മുറുക്കും പുകവലിയും മദ്യപാനവുമാണ്. കാലം പക്ഷേ മാറുകയാണ്. പുതുതലമുറക്ക് മറ്റു പലതിനേയുംപോലെ ലഹരികളും “അതുക്കും മേലെ”യാണ്. അത്തരം ചില ന്യൂജനറേഷന്‍ ലഹരികളെ ഒന്നു പരിചയപ്പെടാം.
ഒരാള്‍ക്ക് ഒരു വസ്തുവോ പെരുമാറ്റമോ അഡിക്ഷനായി എന്നു പറയുന്നത് താഴെക്കൊടുത്ത ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോഴാണ്:
• അതിനോടുള്ള ത്വര സദാ നിലനില്‍ക്കുന്നു. ചിന്ത മുഴുവന്‍ അതിനെക്കുറിച്ചായിത്തീരുന്നു. ജോലി, പഠനം, കുടുംബം തുടങ്ങിയവയില്‍ ശ്രദ്ധ പൊയ്പ്പോവുന്നു.
• ആ ഒരു കാര്യത്തില്‍ നിന്നുമാത്രം ആനന്ദംകിട്ടുന്ന സാഹചര്യമുണ്ടാകുന്നു. മറ്റ് ഹോബികളെയും സന്തോഷങ്ങളെയും അവഗണിക്കാന്‍ തുടങ്ങുന്നു.
• ഉപയോഗം നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ നിരന്തരം പരാജയപ്പെടുന്നു. ഉദ്ദേശിച്ചതിലുംകൂടുതല്‍ അളവിലോ നേരത്തേക്കോ അതുപയോഗിച്ചു പോവുന്നു.
• അതില്‍നിന്നു മാറിനില്‍ക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ മാനസികമോ ശാരീരികമോ ആയ അസ്വാസ്ഥ്യങ്ങളനുഭവപ്പെടുന്നു.
• മുമ്പുപയോഗിക്കാറുണ്ടായിരുന്ന അളവ് ഇപ്പോള്‍ സംതൃപ്തിയേകാത്ത അവസ്ഥയുണ്ടാകുന്നു. കൂടുതല്‍ക്കൂടുതലായി അതുപയോഗിക്കേണ്ടി വരുന്നു. അളവിനെപ്പറ്റി മറ്റുള്ളവരോട് കള്ളംപറയാന്‍ തുടങ്ങുന്നു.
• ദോഷഫലങ്ങള്‍ വന്നുകൂടുന്നു എന്ന തിരിച്ചറിവുണ്ടായിട്ടും ഉപയോഗം പക്ഷേ തുടരുന്നു.പുതുതലമുറ സിഗരറ്റിനോടു വലിയ താല്‍പര്യം കാണിക്കുന്നില്ല, പുകയിലയുല്‍പന്നങ്ങള്‍ നിരോധിക്കപ്പെട്ടതില്‍പ്പിന്നെ അവയുടെ ഉപയോഗവും കുറഞ്ഞു എന്നൊക്കെ പലരും നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ മറുവശത്ത് മുമ്പു കേട്ടുകേള്‍വി പോലുമില്ലാതിരുന്ന പല ലഹരിവസ്തുക്കളുടെയും ഉപയോഗത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കേരളത്തിന്‍റെ പല ഭാഗങ്ങളില്‍നിന്നും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. (എറണാകുളത്ത് ഈയിടെ നടന്ന കൊക്കെയ്ന്‍വേട്ട ഒരുദാഹരണമാണ്.) ന്യൂജനറേഷനില്‍ പലരുടെയും കണ്ണിലുണ്ണികളായിത്തീര്‍ന്ന ചില ലഹരിപദാര്‍ത്ഥങ്ങളെപ്പറ്റിയാവാം ആദ്യം.
കഞ്ചാവ്
കൊച്ചി ഗവണ്മെന്‍റ് മെഡിക്കല്‍കോളേജും ദേശീയ ഗ്രാമീണാരോഗ്യമിഷനും 2013-ല്‍ എറണാകുളം ജില്ലയില്‍ നടത്തിയ സര്‍വേ വെളിപ്പെടുത്തിയത് കോളേജ്, സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ യഥാക്രമം 1.7, 0.6 ശതമാനങ്ങള്‍ കഞ്ചാവു വലിച്ചിട്ടുണ്ടെന്നാണ്.
ഇടക്കൊന്നു പിന്‍മടങ്ങിയിരുന്ന കഞ്ചാവ് പൂര്‍വാധികം ശക്തിയോടെയും ഗ്ലാമറോടെയും നമ്മുടെ കാമ്പസുകളില്‍ തിരിച്ചെത്തിക്കഴിഞ്ഞു. കൂടിയ ലഭ്യതയും വെബ്സൈറ്റുകളുടെയും ന്യൂജനറേഷന്‍ സിനിമകളുടെയും പ്രോത്സാഹനങ്ങളും ബുദ്ധി വര്‍ദ്ധിപ്പിക്കും, സര്‍ഗാത്മകത കൂട്ടും, മദ്യത്തെപ്പോലെ പ്രശ്നകാരിയല്ല എന്നൊക്കെയുള്ള ദുഷ്പ്രചരണങ്ങളുമൊക്കെ ഇതിനു കാരണമായിട്ടുണ്ട്. ഈ ബഹളത്തില്‍ കഞ്ചാവിന്‍റെ വിനാശശക്തിയെപ്പറ്റി പലരും മറന്നുപോവുന്നുണ്ട്. ചെറിയ തോതിലുള്ള കഞ്ചാവുപയോഗംപോലും ചിന്താശേഷിയെയും ഓര്‍മശക്തിയെയും ആത്മനിയന്ത്രണത്തെയും അവതാളത്തിലാക്കുകയും പഞ്ചേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം താറുമാറാക്കുകയും ചെയ്യുന്നുണ്ട്. അളവ് പിന്നെയും കൂടിയാല്‍ അത് സ്ഥലകാലവിഭ്രമവും അശരീരിശബ്ദങ്ങളും അനാവശ്യ പേടികളുമൊക്കെ ഉളവാക്കാം. ചിലര്‍ക്ക് കഞ്ചാവുപയോഗിച്ചാലനുഭവപ്പെടുന്നത് ഛര്‍ദ്ദിലും തലകറക്കവും വല്ലാത്ത വിയര്‍പ്പും പോലുള്ള അസ്വസ്ഥതകള്‍ മാത്രമാവാം. നിരന്തരമായ കഞ്ചാവുപയോഗം ഹോര്‍മോണ്‍വ്യതിയാനങ്ങള്‍ക്കും ശ്വാസകോശപ്രശ്നങ്ങള്‍ക്കും മനോരോഗങ്ങള്‍ക്കുമൊക്കെ വഴിവെക്കാം. പുത്തനറിവുകള്‍ ഗ്രഹിച്ചെടുക്കാന്‍ ക്ലേശം നേരിടുക, ഒരേ സമയം പല കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താനുള്ള കഴിവ് ദുര്‍ബലമാവുക, ദൈനംദിനകാര്യങ്ങളില്‍ താല്‍പര്യവും ഉത്സാഹവും കെടുക തുടങ്ങിയ പരിണിതഫലങ്ങളും തുടര്‍ച്ചയായ കഞ്ചാവുപയോഗത്തിനുണ്ട്.
കൊക്കെയ്ന്‍
വെളുത്ത, മണമൊന്നുമില്ലാത്ത, കയ്പ്പുള്ള ഒരു പൊടിയുടെ രൂപത്തിലാണ് കൊക്കെയ്ന്‍ കിട്ടുന്നത്. മദ്യവും കഞ്ചാവുമൊക്കെ മസ്തിഷ്കകോശങ്ങളുടെ പരസ്പരസംവേദനത്തെ മന്ദീഭവിപ്പിക്കുമ്പോള്‍ കൊക്കെയ്ന്‍ ചെയ്യുന്നത് അതിന്‍റെ വേഗത വല്ലാതെ കൂട്ടുകയാണ്. അമിതമോ നിരന്തരമോ ആയ കൊക്കെയ്നുപയോഗം ഏകാഗ്രത, ചിന്താശേഷി, മെയ്’വഴക്കം, ചുറുചുറുക്ക്, ലൈംഗികചോദന എന്നിവയെ നശിപ്പിക്കുകയും പല മനോരോഗങ്ങളെയും വിളിച്ചുവരുത്തുകയും ചെയ്യാം. മൂക്കിലൂടെ കൊക്കെയ്ന്‍ തുടര്‍ച്ചയായി വലിക്കുന്നത് മൂക്കിന്‍റെയുള്‍ഭാഗങ്ങളെ കേടുവരുത്തുകയും മൂക്കിന്‍പാലത്തിലെ എല്ലുപോലുള്ള ഭാഗത്തെ ദ്രവിപ്പിച്ചുതീര്‍ക്കുകയും ചെയ്യാറുണ്ട്. കൊക്കെയ്ന്‍ ഇഞ്ചക്ഷനായെടുത്താല്‍ അത് ശ്വാസകോശങ്ങള്‍, ഹൃദയം, കരള്‍ തുടങ്ങിയവയെ കേടുവരുത്താം. ലഹരി അല്‍പനേരത്തേക്കേ നീണ്ടുനില്‍ക്കൂവെന്നതും ഓരോ തവണയും കെട്ടിറങ്ങുമ്പോഴേക്കും വീണ്ടും അതുപയോഗിക്കാനുള്ള കഠിനമായ ത്വര ഉടന്‍ തലപൊക്കുമെന്നതും കൊക്കെയ്ന്‍ ചുമ്മാ പരീക്ഷിക്കുന്നവര്‍ക്കു പോലും അഡിക്ഷന്‍ രൂപപ്പെടാനുള്ള സാദ്ധ്യത കൂട്ടുന്നുണ്ട്.
എല്‍.എസ്.ഡി.
“പാര്‍ട്ടിഡ്രഗ്” എന്നറിയപ്പെടുന്ന എല്‍.എസ്.ഡി. നമ്മുടെ വിപണിയിലെത്തുന്നത് നാക്കിന്‍തുമ്പിലൊട്ടിക്കാവുന്ന ചെറിയ സ്റ്റിക്കറുകളായാണ്. ഇന്ദ്രിയങ്ങളെയും അതുവഴി ചുറ്റുപാടുകളെക്കുറിച്ചുള്ള അവബോധത്തെയും തകിടംമറിക്കുകയാണ് എല്‍.എസ്.ഡി.യുടെ വഴി. കാഴ്ച മങ്ങുക, ശ്വാസോച്ഛ്വാസത്തിന്‍റെ ക്രമം പാളുക, ഒരേസമയത്ത് ഒന്നിലധികം വികാരങ്ങള്‍ തോന്നുക, ഒരു വികാരത്തില്‍നിന്ന് മറ്റൊന്നിലേക്ക് അതിവേഗം മാറുക തുടങ്ങിയവ എല്‍.എസ്.ഡി.യെടുത്തവരില്‍ സാധാരണമാണ്. ചില ഉപയോക്താക്കള്‍ക്കു കിട്ടുന്നത് “ബാഡ് ട്രിപ്പ്” എന്നറിയപ്പെടുന്ന വല്ലാതെ അരോചകമായ അനുഭവങ്ങളാവാം — ദേഹത്ത് എട്ടുകാലികള്‍ നടക്കുന്നതായിത്തോന്നുക, തെരുവുകളിലൂടെ ഓടാനോ ഉയരങ്ങളില്‍നിന്നു ചാടാനോ ഒക്കെ പ്രേരിപ്പിക്കുന്നത്ര കൊടുംഭീതി തുടങ്ങിയവ ഇതില്‍പ്പെടാം. ഇതൊക്കെ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുകയുമാവാം. ഇനിയും ചിലര്‍ക്ക് എല്‍.എസ്.ഡി.യുപയോഗിച്ച് മാസങ്ങള്‍ക്കോ വര്‍ഷങ്ങള്‍ക്കോ പോലും ശേഷം ഇത്തരം ലക്ഷണങ്ങള്‍ “ഫ്ലാഷ്ബാക്കുക”ളായി വീണ്ടുമനുഭവപ്പെടാം. നിരന്തരമായ ഉപയോഗം ഓര്‍മയെയും ഏകാഗ്രതയെയും ദുര്‍ബലപ്പെടുത്തുകയും മനോരോഗങ്ങളുണ്ടാക്കുകയും ചെയ്യാം.
എക്സ്റ്റസി
പല നിറങ്ങളുള്ള ഗുളികകളായി ലഭിക്കുന്ന എക്സ്റ്റസിയുടെ ശരിക്കുള്ള പേര് എം.ഡി.എം.എ. എന്നാണ്. സിറോട്ടോണിന്‍, ഡോപ്പമിന്‍ എന്നീ നാഡീരസങ്ങളുടെ പ്രവര്‍ത്തനം കൂട്ടുകയാണ് ഇതിന്‍റെ രീതി. ഇതുപയോഗിച്ചയുടന്‍ പല്ലുകടി, പേടി, ഉത്ക്കണ്ഠ തുടങ്ങിയ പ്രശ്നങ്ങള്‍ വരാം. (ഉത്പാദകര്‍ എക്സ്റ്റസിഗുളികകളില്‍ പലപ്പോഴും വിലകുറഞ്ഞ, എന്നാല്‍ കൂടുതല്‍ അപകടകാരികളായ ലഹരിവസ്തുക്കള്‍ കലര്‍ത്താറുള്ളതിനാല്‍ ചിലപ്പോള്‍ ഇതിലും മാരകങ്ങളായ കാര്യങ്ങളും സംഭവിക്കാം.) എക്സ്റ്റസി ഒരിക്കലുപയോഗിച്ചാല്‍ പിന്നെ കുറേ നാളത്തേക്ക് ഉത്സാഹക്കുറവ്, നിരാശ, മുന്‍കോപം, ഉറക്കക്കുറവ്, വിശപ്പില്ലായ്മ തുടങ്ങിയവ തോന്നാം. അമിതമായ അളവില്‍ ഇതെടുക്കുന്നത് അപസ്മാരം, വിചിത്രമായ പെരുമാറ്റങ്ങള്‍ തുടങ്ങിയവക്ക് ഇടയാക്കുകയുമാവാം.
പാമ്പിന്‍വിഷം
ലഹരിക്കായി വിഷപ്പാമ്പുകളെ നാക്കിനടിയില്‍ കൊത്തിക്കുന്നവരും രംഗത്തുണ്ട്. ശാരീരികവും മാനസികവുമായ സൌഖ്യവും സന്തോഷവും കിട്ടുക, നന്നായി ഉറങ്ങാനാവുക തുടങ്ങിയവയാണ് പാമ്പിന്‍വിഷത്തിന്‍റെ ഇത്തരക്കാര്‍ എടുത്തുപറയാറുള്ള അപദാനങ്ങള്‍. ഇനിയും ചിലരെ ഇതിലേക്കാകര്‍ഷിക്കുന്നത് സാഹസികതയോടും പുതുപുത്തന്‍ അനുഭവങ്ങളോടുമുള്ള അഭിനിവേശമാണ്. പക്ഷേ പലര്‍ക്കും ഇത്തരം പാമ്പുകടികള്‍ക്കു ശേഷം തളര്‍ച്ചയും തലകറക്കവുമൊക്കെ അനുഭവപ്പെടാറുണ്ട്. ശരീരത്തില്‍ക്കടക്കുന്ന വിഷത്തിന്‍റെയളവ് ഉദ്ദേശിച്ചതിലും കൂടിയാല്‍ സാധാരണ പാമ്പുകടികള്‍ക്കുശേഷം പറ്റാറുള്ളതുപോലെ ശ്വാസകോശങ്ങളും വൃക്കകളും പ്രവര്‍ത്തനരഹിതമാവാനും മരണംപോലും സംഭവിക്കാനുമുള്ള സാദ്ധ്യതയുമുണ്ട്.
ലഹരിവസ്തുക്കളുടെയുപയോഗം മാത്രമല്ല, ചില പെരുമാറ്റങ്ങളും, അതും ആരോഗ്യകരം എന്ന് പൊതുവെ ഗണിക്കപ്പെടാറുള്ളവ പോലും, ചിലരില്‍ ഒരഡിക്ഷന്‍റെ തോതിലേക്കു വളരാം. ഒരു പ്രവൃത്തി ഒരാള്‍ക്ക് പതിവില്‍ക്കവിഞ്ഞ ആനന്ദമുളവാക്കുകയും, അഡിക്ഷന്‍റെ നേരത്തേ നിരത്തിയ ലക്ഷണങ്ങള്‍ ആ പെരുമാറ്റത്തിന്‍റെ കാര്യത്തില്‍ അയാള്‍ക്കു ബാധകമാവുകയും ചെയ്യുമ്പോഴാണ് അയാള്‍ക്ക് അതിന് അഡിക്ഷനായി എന്നുപറയുന്നത്. ഒരു ലഹരിയായി വളരാമെന്ന് സമീപകാലപഠനങ്ങള്‍ വ്യക്തമാക്കുന്ന ചില പെരുമാറ്റങ്ങളെയാണ് നാം ഇനി പരിചയപ്പെടുന്നത്.
ഭക്ഷണം
അതെ, ഭക്ഷണം ഒരു ലഹരിയായിപ്പോവുന്നവരും ഉണ്ട്. സങ്കടങ്ങളെയോ ടെന്‍ഷനുകളെയോ തീര്‍ക്കാന്‍ ഭക്ഷണം കഴിക്കുക, അടുത്ത തവണ കഴിക്കാന്‍ വേണ്ടത്ര ആഹാരമുണ്ടാവുമോ എന്ന ചിന്ത ഒരടിസ്ഥാനവുമില്ലാഞ്ഞിട്ടും ചുമ്മാ അലട്ടിക്കൊണ്ടിരിക്കുക, തനിയെ വല്ലതും കഴിക്കുമ്പോഴൊക്കെ അളവു വല്ലാതെ കൂടിപ്പോവുക, അതുകഴിഞ്ഞിട്ട് വല്ലാത്ത കുറ്റബോധം തോന്നുക, അത്ര ആരോഗ്യകരമല്ലാത്ത ഭക്ഷ്യവസ്തുക്കളും ഒരു കണ്ട്രോളുമില്ലാതെ അകത്താക്കുക, പാകത്തിനുള്ള ആഹാരമേ കിട്ടിയുള്ളൂവെങ്കില്‍ വല്ലാത്ത അസ്വസ്ഥത തോന്നുക എന്നിവ ഇത്തരക്കാരില്‍ക്കാണാം. ഈ പ്രവണത പൊണ്ണത്തടിക്കും പോഷകാഹാരക്കുറവിനുമൊക്കെ വഴിയൊരുക്കാറുമുണ്ട്.
വ്യായാമം
ശാരീരികവും മാനസികവുമായ നല്ല സൌഖ്യത്തിന് മികച്ച ഒരുപാധിയും ശാരീരികമോ മാനസികമോ ആയ പല രോഗങ്ങളുടെയും ചികിത്സയുടെ ഭാഗമായി നിര്‍ദ്ദേശിക്കപ്പെടാറുള്ള ഒരൌഷധവുമാണ് വ്യായാമം. എന്നാല്‍ ചിലര്‍ക്ക് ഇതും ഒരു ലഹരിയായിത്തീരാറുണ്ട്. ശരീരത്തിനു വേണ്ടത്ര വിശ്രമം കൊടുക്കാതെ മണിക്കൂറുകളോളം വ്യായാമം ചെയ്യുക, ജീവിതപ്രശ്നങ്ങളില്‍നിന്ന് ഒളിച്ചോടാനുള്ള ഒരുപാധിയായി വ്യായാമത്തെക്കാണുക, വളരെയേറെ നേരം വ്യായാമംചെയ്‌താലേ സംതൃപ്തിയാവൂ എന്നുവരിക, ആശ തീരുംവരെ വ്യായാമം ചെയ്യുന്നതിന് വല്ല തടസ്സവുമുണ്ടായാല്‍ വല്ലാത്ത അസ്വസ്ഥതയനുഭവപ്പെടുക തുടങ്ങിയവ ഇക്കൂട്ടരുടെ മുഖമുദ്രകളാണ്. പരിധിവിട്ട ഇത്തരം വ്യായാമങ്ങള്‍ പരിക്കുകള്‍ക്കും പോഷകാഹാരക്കുറവിനുമൊക്കെ ഇടയാക്കുകയും ചെയ്യാം.
ജോലി
ജോലിയുടെ തിരക്കുകളില്‍ സ്വയംനഷ്ടപ്പെടുമ്പോള്‍ ഏറെ ആനന്ദം തോന്നുകയും അതുമൂലം ജോലിയില്‍ കൂടുതല്‍ക്കൂടുതലായി വ്യാപൃതരാവുകയും ചെയ്യുന്നവരുമുണ്ട്. വൈകാരികമോ വ്യക്തിപരമോ ആയ പ്രശ്നങ്ങള്‍ മറക്കാനായി ജോലിയില്‍ മുഴുകുക, ഒരത്യാവശ്യമില്ലാത്തപ്പോഴും ജോലിസ്ഥലത്ത് വേണ്ടതിലുമധികം സമയം ചെലവിടുക, ഉറക്കമിളച്ചും ജോലിസംബന്ധമായ കാര്യങ്ങള്‍ ചെയ്യുക, ജോലിയില്‍ പിന്നാക്കംപോയാലുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെപ്പറ്റി അതിരുകവിഞ്ഞ ഭീതികള്‍ വെച്ചുപുലര്‍ത്തുക തുടങ്ങിയവ ഒരഡിക്ഷന്‍റെ സൂചനകളാവാം. എന്നാല്‍ മറുവശത്ത്, “ജോലിത്തിരക്കി”നിടയില്‍ ഇവര്‍ പ്രധാനപ്പെട്ട പല ഉത്തരവാദിത്തങ്ങളും ചെയ്യാന്‍ വിട്ടുപോവാമെന്നതും, ഒരു ടീമായിച്ചെയ്യേണ്ട ജോലികളില്‍ ഇവര്‍ പലപ്പോഴും ഒരു പരാജയമായിരിക്കുമെന്നതും, തളര്‍ച്ചയും ഉറക്കച്ചടവും പോലുള്ള ശാരീരികപ്രശ്നങ്ങളും എല്ലാംമൂലം ആത്യന്തികമായി ഇവര്‍ ജോലിയില്‍ കാര്യശേഷിയില്ലാത്തവരായിപ്പോവുക എന്ന വിരോധാഭാസവും സംഭവിക്കാം. കാലക്രമത്തില്‍ ഇതൊക്കെ ഇവര്‍ക്ക് ജോലി വല്ലാതെ വെറുത്തുപോവാനും, മാനസികസമ്മര്‍ദ്ദവും ലഹരിയുപയോഗവും വിവിധ ശാരീരിക രോഗങ്ങളുമൊക്കെ പ്രത്യക്ഷപ്പെടാനും, എന്തിനധികം, അകാലമരണം പോലും സംഭവിക്കാനും ഇടയാക്കുകയുമാവാം.
ലൈംഗികത
ഏറെ പ്രത്യാഘാതങ്ങള്‍ സഹിക്കേണ്ടിവന്നുകഴിഞ്ഞും ഇത്തിരിപോലും സ്വയം നിയന്ത്രിക്കാനാവാത്ത, സെക്സ് ഒരു ലഹരിയും അഡിക്ഷനും ആയി മാറിപ്പോയവരുമുണ്ട്. ലൈംഗികതാല്‍പര്യം ഇത്തിരിയതിരുവിട്ടവര്‍ സമൂഹത്തില്‍ ഏറെയുണ്ടെങ്കിലും സെക്സ് ഒരു അഡിക്ഷനായവരുടെ പെരുമാറ്റങ്ങള്‍ക്ക് ചില സവിശേഷതകളുണ്ട്. ലൈംഗികചിന്തകളും വേഴ്ചകള്‍ക്കായുള്ള ത്വരയും സദാ അലട്ടുക, ഓരോ ലൈംഗികബന്ധത്തെയും തനതു ചിട്ടവട്ടങ്ങളോടെ പ്ലാന്‍ചെയ്യുകയും മുഴുമിപ്പിക്കുകയും ചെയ്യുക, അതോരോന്നിനും ശേഷം സാധാരണയൊരാള്‍ക്ക് അനുഭവപ്പെടാവുന്നതിലും എത്രയോ കൂടുതല്‍ ആനന്ദവുമാശ്വാസവും തോന്നുക, ഉടന്‍തന്നെ വീണ്ടും അടുത്ത റൌണ്ട് ത്വരയും ചിന്തകളും കടന്നുവരിക എന്നിങ്ങനെയാവാം ഇവരുടെ ജീവിതക്രമം. രഹസ്യമായി സ്വയംഭോഗം ചെയ്യുന്നതു പോലുള്ള അത്ര പ്രശ്നകാരികളല്ലാത്ത ലൈംഗികവൃത്തികള്‍ തൊട്ട് ബലാത്സംഗങ്ങളും ബാലപീഡനങ്ങളും വരെ ഇവര്‍ തങ്ങളുടെ ആസക്തി തീര്‍ക്കാന്‍ തെരഞ്ഞെടുത്തേക്കാം. എന്നാല്‍ ലൈംഗികാതിക്രമങ്ങള്‍ ചെയ്യുന്നവരെല്ലാംതന്നെ സെക്സഡിക്ഷന്‍രോഗികളാണ് എന്നുപറയാനാവില്ല. ഈ പ്രശ്നമുള്ളവരാണ് എന്നതുംവെച്ച് ഒരാള്‍ക്കും സ്വന്തം ചെയ്തികളുടെ നിയമപരവും മറ്റുമായ പ്രത്യാഘാതങ്ങളില്‍നിന്നു രക്ഷപ്പെടാനുമാവില്ല. നിയമക്കുരുക്കുകള്‍ക്കു പുറമെ സാമ്പത്തികപ്രശ്നങ്ങള്‍, ലൈംഗികരോഗങ്ങള്‍, പരിക്കുകള്‍, സ്വചെയ്തികളെക്കുറിച്ചുള്ള കുറ്റബോധം, വ്യക്തിബന്ധങ്ങള്‍ ശിഥിലമാവല്‍ തുടങ്ങിയ പരിണിതഫലങ്ങളും ഇവര്‍ക്കു നേരിടേണ്ടതായി വരാം.
ഷോപ്പിംഗ്
സങ്കടങ്ങള്‍ വരുമ്പോഴൊക്കെ അതുതീര്‍ക്കാനായി ഷോപ്പിങ്ങിനിറങ്ങുക, സാമ്പത്തികസ്ഥിതിയും വ്യക്തിബന്ധങ്ങളും താറുമാറായിത്തീര്‍ന്നിട്ടും അമിതമായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന ശീലം കയ്യൊഴിയാനാവാതിരിക്കുക എന്നിവ ഷോപ്പിംഗ്‌അഡിക്ഷന്‍റെ ലക്ഷണങ്ങളാവാം. (കാശിനു ചെലവില്ലാതെ ചുമ്മാ സാധനങ്ങളുടെ വില ചോദിച്ചിട്ട് മടങ്ങിവരികയോ കടയുടെ പുറത്തുനിന്ന് “വിന്‍ഡോ ഷോപ്പിംഗ്" നടത്തുകയോ ചെയ്യുന്നത് ഈ ഗണത്തില്‍പ്പെടില്ല.) ലൈംഗികതയുടെ കാര്യത്തില്‍പ്പറഞ്ഞപോലെ ഇക്കൂട്ടരും ഏറെ ചിട്ടവട്ടങ്ങളോടെയാവാം ഷോപ്പിംഗിന്‍റെ ഓരോ ഘട്ടവും ചെയ്തുതീര്‍ക്കുന്നത്. ഷോപ്പിങ്ങിനിറങ്ങുമ്പോള്‍ അവര്‍ ഇതേ പ്രശ്നമുള്ള മറ്റു പരിചയക്കാരെയും കൂടെക്കൂട്ടുകയുമാവാം. സ്ത്രീകളെയാണ് ഈ പ്രശ്നം കൂടുതലായി ബാധിക്കുന്നത് എന്നും വിഷാദം, ഉത്ക്കണ്ഠാരോഗങ്ങള്‍, വ്യക്തിത്വവൈകല്യങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങളുള്ളവരില്‍ ഇത് കൂടുതല്‍ സാധാരണമാണ് എന്നും പഠനങ്ങള്‍ പറയുന്നുണ്ട്.
ബാംഗ്ലൂരിലെ 2755 ചെറുപ്പക്കാരില്‍ നടത്തിയ ഒരു പഠനം കണ്ടെത്തിയത് അക്കൂട്ടത്തില്‍ പത്തു ശതമാനത്തോളമാളുകള്‍ക്ക് വര്‍ക്ക് അഡിക്ഷനും നാലുശതമാനത്തോളം പേര്‍ക്ക് ഷോപ്പിംഗ്, സെല്‍ഫോണ്‍, വ്യായാമം എന്നിവയിലേതിന്‍റെയെങ്കിലും അഡിക്ഷനും ഉണ്ട് എന്നായിരുന്നു.
ദുര്‍ഘടങ്ങള്‍
ഇനിയും ചിലരുടെ ലഹരി മലകയറ്റവും സ്കൈഡൈവിംഗും പോലുള്ള അപകടസാദ്ധ്യതയേറിയ പ്രവൃത്തികളോടാവാം. Sensation seeking (തിമര്‍പ്പുത്വര) എന്ന വ്യക്തിത്വശൈലിയുള്ളവരിലാണ് ഇതു കൂടുതലും കാണാറുള്ളത്. പുതുമയും വൈവിദ്ധ്യവുമുള്ള ഭീതിജനകമായ അനുഭവങ്ങളോടുള്ള അഭിനിവേശവും, അതിനു വേണ്ടി ഏതറ്റംവരെയും പോവാനുള്ള സന്നദ്ധതയും ഇവര്‍ക്കുണ്ടാവാം. അമിതവേഗത്തില്‍ വണ്ടിയോടിക്കുക, ഓടുന്ന വാഹനങ്ങളില്‍ ചാടിക്കയറുക തുടങ്ങിയവ ഇവര്‍ക്ക് ഹരമായിരിക്കും. മറ്റ് അഡിക്ഷനുകളും ലൈംഗികരോഗങ്ങളും പിടിപെടുക, അപകടങ്ങളും സാമ്പത്തികക്ലേശങ്ങളും നേരിടേണ്ടിവരിക തുടങ്ങിയ പ്രത്യാഘാതങ്ങള്‍ ഈ പ്രശ്നത്തിനുണ്ടാവാം.
ചൂതാട്ടം
കായികമത്സരങ്ങളെക്കുറിച്ചുള്ള വാതുവെപ്പുകളും ഓണ്‍ലൈന്‍ കാസിനോകളും ഓണ്‍ലൈന്‍ പോക്കറും ഓണ്‍ലൈന്‍ ലോട്ടറികളും പോലുള്ള മോഡേണ്‍ ചൂതാട്ടങ്ങളും ഇത്തിരി പഴഞ്ചനായ ലോട്ടറിയും ചീട്ടുകളിയും പോലുള്ള ഭാഗ്യപരീക്ഷണങ്ങളുമൊക്കെ അഡിക്ഷനാവുന്ന, ഇതിന്‍റെയൊക്കെപ്പിറകെ കൂടുതല്‍ക്കൂടുതല്‍ പണം ചെലവാക്കുകയും കടുത്ത സാമ്പത്തികപ്രതിസന്ധികളില്‍ ചെന്നുപെടുകയും ചെയ്യുന്നവരുമുണ്ട്. ചൂതാട്ടങ്ങളില്‍ പണം ഇങ്ങോട്ടു കിട്ടാനല്ല, നഷ്ടമാവാനാണ് കൂടുതല്‍ സാദ്ധ്യത എന്ന സാമാന്യതത്വം ഇവര്‍ തിരിച്ചറിയാതെ പോവാം. ഇതിനുപുറമെ വേറെയും പല അബദ്ധമനോഭാവങ്ങളും ഇവരെ ഈവഴി നയിക്കാറുണ്ട് — ആഞ്ഞുശ്രമിച്ചാല്‍ ചൂതാട്ടഫലങ്ങളെ നമുക്കനുകൂലമാക്കാനാകും, ചൂതാട്ടങ്ങളുടെ ഫലം മുന്‍കൂര്‍ പ്രവചിക്കാനുള്ള പ്രത്യേക കഴിവുകള്‍ തനിക്കുണ്ട്, ഭാഗ്യനമ്പറുകള്‍ക്കും “ഭാഗ്യവസ്ത്രങ്ങള്‍”ക്കുമൊക്കെ ചൂതാട്ടഫലങ്ങളെ സ്വാധീനിക്കാനാവും തുടങ്ങിയവ ഉദാഹരണങ്ങളാണ്. എന്നാല്‍ ദുര്യോധനവധം ആട്ടക്കഥയില്‍ ചൂതുകളിയെപ്പറ്റിപ്പറഞ്ഞപോലെ “കലുഷകരം സുഖനാശനമെന്നും കലഹത്തിന്നൊരു കാരണമെന്നും കലയേ മാര്‍ഗ്ഗനിദര്‍ശകമെന്നും” എന്നൊക്കെയുള്ള ദുഷ്പരിണതികള്‍ ഇവരുടെയൊക്കെ ജീവിതങ്ങളിലും വന്നുഭവിക്കുന്നതായി ശാസ്ത്രീയപഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
എറണാകുളം ജില്ലയിലെ 5358 കോളേജ് വിദ്യാര്‍ത്ഥികളില്‍ നടത്തിയ ഒരു പഠനം വ്യക്തമാക്കിയത് 46.3% ആണ്‍കുട്ടികളും 9.4% പെണ്‍കുട്ടികളും ഏതെങ്കിലും തരത്തിലുള്ള ചൂതാട്ടങ്ങളില്‍ ഒരിക്കലെങ്കിലും പങ്കെടുത്തിട്ടുണ്ട് എന്നും, അവര്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള ചൂതാട്ടരീതികള്‍ ലോട്ടറിയെടുപ്പും ക്രിക്കറ്റ്, ഫുട്ബോള്‍ തുടങ്ങിയ മത്സരങ്ങളെക്കുറിച്ചുള്ള വാതുവെപ്പുമാണ് എന്നുമായിരുന്നു. രണ്ടു പെണ്‍കുട്ടികള്‍ക്കും നാല് ആണ്‍കുട്ടികള്‍ക്കും ചൂതാട്ടത്തിനുള്ള ത്വര ഒരഡിക്ഷനായി വളര്‍ന്നിരുന്നു എന്നും ഈ പഠനം കണ്ടെത്തി.
ഇനിയും ചില അഡിക്ഷനുകള്‍ ഇന്‍റര്‍നെറ്റുപോലുള്ള നൂതനസാങ്കേതികവിദ്യകളുടെ ഉപയോഗവുമായി ബന്ധപ്പെട്ടവയാണ്. ഇവ പൊതുവെ ഒരു ലഹരിയാവാറുള്ളത് പ്രശ്നങ്ങളെ നേരിടാനുള്ള കഴിവ് വേണ്ടത്രയില്ലാത്തവര്‍ക്കും ആത്മാഭിമാനവും ആത്മവിശ്വാസവും കുറഞ്ഞവര്‍ക്കും ഏകാന്തതയെയോ മാനസികസമ്മര്‍ദ്ദത്തെയോ മറികടക്കാന്‍ ശ്രമിക്കുന്നവര്‍ക്കുമൊക്കെയാണ്. എന്നാല്‍ ഫോണിന്‍റെയോ കമ്പ്യൂട്ടറിന്‍റെയോ സ്ക്രീനുകളിലേക്കുള്ള ഇത്തരം തീര്‍ത്ഥാടനങ്ങളും ഒളിച്ചോട്ടങ്ങളും ആത്യന്തികമായി അവരുടെ ഒറിജിനല്‍ പ്രശ്നങ്ങളെ വഷളാക്കുകയാണു ചെയ്യാറുള്ളത്.
കമ്പ്യൂട്ടര്‍
കമ്പ്യൂട്ടറില്‍ എന്തെങ്കിലും ചെയ്തുകൊണ്ടേയിരിക്കുക എന്നത് ചിലര്‍ക്ക് ഒഴിച്ചുകൂടാന്‍ പറ്റാതെയാവാം. ഉറങ്ങാന്‍കിടക്കുന്നതിനു തൊട്ടുമുമ്പ് അവസാനമായൊന്നുകൂടി കമ്പ്യൂട്ടര്‍ നോക്കുക, ഉണര്‍ന്നാലുടനെ കമ്പ്യൂട്ടര്‍ ഓണ്‍ചെയ്യുക, വീട്ടില്‍ പ്രധാനപ്പെട്ട ചടങ്ങുകള്‍ നടക്കുമ്പോള്‍പ്പോലും കമ്പ്യൂട്ടറിനു മുന്നില്‍ത്തന്നെയിരിക്കുക, ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും കമ്പ്യൂട്ടര്‍മാസികകളുമൊക്കെ വാങ്ങാന്‍ ഏറെ പണം ചെലവാക്കുക തുടങ്ങിയ ശീലങ്ങള്‍ ഇവര്‍ക്കുണ്ടാവാം. ഇതൊക്കെ പുറംവേദന, ഉറക്കത്തിന്‍റെ പ്രശ്നങ്ങള്‍, വ്യക്തിബന്ധങ്ങളിലെ അസ്വാരസ്യങ്ങള്‍ തുടങ്ങിയവയില്‍ ചെന്നെത്തുകയും ചെയ്യാം.
ഇന്‍റര്‍നെറ്റ്
ഇനിയും ചിലരുടെ അടിമത്തം ഇന്‍റര്‍നെറ്റിനോടാവാം. കുട്ടികളെ അടിച്ചമര്‍ത്തിവളര്‍ത്തുന്ന തരം കുടുംബങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് നെറ്റു നല്‍കുന്ന സ്വാതന്ത്ര്യം ഒരു വിമോചനം പോലെ അനുഭവപ്പെടുകയും അവര്‍ ഓണ്‍ലൈനില്‍ അമിതമായി സമയം ചെലവാക്കാന്‍ തുടങ്ങുകയും ചെയ്യാം. അതുപോലെ ഏതൊരു കാര്യവും പെട്ടെന്നു മടുത്തുപോവുന്നവര്‍ക്കും കൈവശമുള്ള സമയത്തെ മുന്‍കൂര്‍ പ്ലാന്‍ചെയ്തു വിനിയോഗിക്കുന്ന ശീലമില്ലാത്തവര്‍ക്കും ഈ പ്രശ്നം പിടിപെടാനുള്ള സാദ്ധ്യത കൂടുതലാണ്. ഇന്‍റര്‍നെറ്റ് അഡിക്ഷന് പല വകഭേദങ്ങളുമുണ്ട്. സോഷ്യല്‍മീഡിയകളോടും ഓണ്‍ലൈന്‍ കൂട്ടുകെട്ടുകളോടും ഓണ്‍ലൈന്‍ ചൂതാട്ടങ്ങളോടും ഓണ്‍ലൈന്‍ ഷോപ്പിംഗിനോടും ഓണ്‍ലൈന്‍ വിവരശേഖരണത്തോടും ഓണ്‍ലൈന്‍ സ്റ്റോക്ക് വ്യാപാരങ്ങളോടുമൊക്കെയുള്ള അഡിക്ഷനുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് ഗവണ്‍മെന്‍റ് മെന്‍റല്‍ ഹെല്‍ത്ത് സെന്‍ററിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഡോ. സന്ദീഷ് പി.ടി. 2011-ല്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരായ തിരുവന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 2216 ആളുകളില്‍ നടത്തിയ പഠനം വ്യക്തമാക്കിയത് അവരില്‍ 145 പേര്‍ക്ക് നെറ്റ് ഒരഡിക്ഷനായിത്തീര്‍ന്നിട്ടുണ്ട് എന്നായിരുന്നു. ഇതില്‍ 118 പേര്‍ 18-നും 33-നും ഇടക്ക് പ്രായമുള്ളവരായിരുന്നു.
സെല്‍ഫോണുകള്‍
ഫോണുകള്‍ ഒരഡിക്ഷനായിപ്പോവുന്നവരുമുണ്ട്. ഫോണില്‍ ചാര്‍ജ് തീരാനാവുകയോ അല്‍പനേരം പോലും ഫോണില്‍നിന്ന് അകന്നുമാറിനില്‍ക്കേണ്ടിവരികയോ ചെയ്‌താല്‍ അമിതമായ വെപ്രാളമനുഭവപ്പെടുക, ആരും വിളിക്കാത്തപ്പോഴും ഫോണ്‍ ബെല്ലടിക്കുന്നതോ വൈബ്രേറ്റ്‌ചെയ്യുന്നതോ ആയിത്തോന്നുക, ഫോണ്‍ ഓഫ്ചെയ്തു വെക്കണമെന്ന് കര്‍ശനമായി നിഷ്കര്‍ഷിക്കുന്ന സ്ഥലങ്ങളില്‍പ്പോലും അങ്ങിനെചെയ്യാന്‍ വൈമനസ്യമുണ്ടാവുക, മറ്റാരുടെയെങ്കിലും ഫോണ്‍ താഴെവീഴുന്നതു കണ്ടാല്‍പ്പോലും ഉള്ള് ആകെ ആന്തിപ്പോവുക തുടങ്ങിയവ ഇവരില്‍ക്കാണാം. അമിതമായ ഫോണുപയോഗവും അതുണ്ടാക്കുന്ന ഉറക്കക്കുറവും പഠനനിലവാരത്തെയും ആത്മവിശ്വാസത്തെയും സാമൂഹ്യജീവിതത്തെയുമൊക്കെ തകിടംമറിക്കാം. പ്രിയപ്പെട്ടവരുമൊത്തിരിക്കുമ്പോള്‍ ശ്രദ്ധ ഇടക്കിടെ ഫോണിലേക്കു പാളുന്നതും ഫോണില്‍ പുതിയ മെസേജുകളും മറ്റും വായിക്കുന്നതുമെല്ലാം ബന്ധങ്ങളില്‍ വിള്ളലുകളുണ്ടാക്കുകയുമാവാം.
നെറ്റിനോ മറ്റു നൂതനസാങ്കേതികവിദ്യകള്‍ക്കോ അഡിക്ഷന്‍ പിടിപെട്ടവര്‍ക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ ക്ലിനിക്ക് ബാംഗ്ലൂരിലെ നിംഹാന്‍സില്‍ കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനമാരംഭിച്ചു. SHUT (Service for Healthy Use of Technology) clinic എന്നാണ് ആ ക്ലിനിക്കിന്‍റെ പേര്.
സൈബര്‍സെക്സ്
ലൈംഗികചിത്രങ്ങളും വീഡിയോകളും തേടുന്നവര്‍ക്ക് ഇന്‍റര്‍നെറ്റ് ഒരു കാമധേനുവാണ്. സമാനതകളില്ലാത്തത്ര വിപുലതയും വൈവിധ്യവും. തിരഞ്ഞുപിടിച്ചെടുക്കാനും ആരുമറിയാതെ കാണാനും ഏറെയെളുപ്പം. പണച്ചെലവ് തീരെക്കുറവ്. ഇതുകൊണ്ടൊക്കെത്തന്നെ എത്രയോപേര്‍ ചാറ്റ്റൂമുകളിലും ഓണ്‍ലൈന്‍ഫോറങ്ങളിലും ലൈംഗികവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഫോണിലും കമ്പ്യൂട്ടറിലും നീലച്ചിത്രങ്ങള്‍ കാണുകയുമെല്ലാം ചെയ്യുന്നുണ്ട്. എന്നാല്‍ ഇതൊക്കെ ഒരഡിക്ഷനായി വളര്‍ന്നുപോവുന്നവരും ഉണ്ട്. കലുഷമായ ബന്ധങ്ങളിലൂടെ കടന്നുപോവുന്നവര്‍ക്കും ചെറുപ്പത്തില്‍ ലൈംഗികപീഡനങ്ങള്‍ക്കിരയായവര്‍ക്കുമൊക്കെയാണ് ഈ റിസ്ക് കൂടുതലുള്ളത്. എന്നാല്‍ ഇത്തരം ശീലങ്ങള്‍ യഥാര്‍ത്ഥജീവിതത്തില്‍ ലൈംഗികതാല്‍പര്യം നഷ്ടമാവാനും ലൈംഗികപ്രശ്നങ്ങള്‍ തലപൊക്കാനുമൊക്കെ വഴിവെക്കാറുണ്ട്.
അഡിക്ഷന്‍നിവാരണത്തിനുപയോഗിക്കാറുള്ള ചില ചികിത്സാരീതികള്‍:
• അഡിക്ഷന്‍ പെട്ടെന്നു മുടങ്ങുമ്പോള്‍ തലപൊക്കാറുള്ള വൈഷമ്യങ്ങള്‍ പരിഹരിക്കാനുള്ള മരുന്നുകള്‍
• അഡിക്ഷനില്‍ നിന്നു പിന്തിരിയാന്‍ പൂര്‍ണമനസ്സില്ലാത്തവര്‍ക്ക് അതുണ്ടാക്കാന്‍ സഹായിക്കുന്ന കൌണ്‍സലിങ്ങുകള്‍
• ആസക്തി വീണ്ടും തലപൊക്കിയാല്‍ എങ്ങിനെ നേരിടാം, അഡിക്ഷനില്ലാത്ത ഒരു ജീവിതചര്യ എങ്ങിനെ കെട്ടിപ്പടുക്കാം, അഡിക്ഷനില്ലാത്തവരുമായുള്ള പുതിയ കൂട്ടുകെട്ടുകള്‍ എങ്ങിനെ വളര്‍ത്തിയെടുക്കാം എന്നൊക്കെയുള്ള കൌണ്‍സലിങ്ങുകള്‍
• വിഷാദമോ ഉത്ക്കണ്ഠാരോഗങ്ങളോ മറ്റു മാനസികപ്രശ്നങ്ങളോ ആണ് അഡിക്ഷന്‍റെ മൂലകാരണം എങ്കില്‍ അവക്കുള്ള മരുന്നുകളും കൌണ്‍സലിങ്ങുകളും
• അഡിക്ഷനിലേക്കു തിരിച്ചുവീഴാന്‍ സാദ്ധ്യതയുള്ള സാഹചര്യങ്ങള്‍ ഏതൊക്കെയാണ്, അവയോരോന്നിലും എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കാം എന്നൊക്കെയുള്ള ചര്‍ച്ചകള്‍
• എന്തെങ്കിലും വികലചിന്താഗതികള്‍ അഡിക്ഷനു വളമാകുന്നുണ്ടെങ്കില്‍ അവയെ തിരുത്താനുള്ള സൈക്കോതെറാപ്പികള്‍
ഗെയിമുകള്‍
മിതമായ ഗെയിംകളികള്‍ കൊണ്ട് ആരോഗ്യത്തിനു ദോഷമൊന്നുമില്ലെന്നും ചില പ്രയോജനങ്ങള്‍ പോലുമുണ്ടെന്നുമാണ് പഠനങ്ങള്‍ പറയുന്നത്. എന്നാല്‍ കമ്പ്യൂട്ടറിലോ ഫോണിലോ ഗെയിംകണ്‍സോളുകളിലോ ഒക്കെയുള്ള കളികള്‍ ഒരഡിക്ഷനായിത്തീരുന്നവരും ഉണ്ട്. ഈ പ്രശ്നം കൂടുതലും കണ്ടുവരുന്നത് ആണ്‍കുട്ടികളിലും പുരുഷന്മാരിലുമാണ് എന്നും ഗെയിമുകള്‍ കളിക്കുന്നവരില്‍ പത്തിലൊരാള്‍ക്കു വരെ അഡിക്ഷന്‍ രൂപപ്പെടാം എന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അനേകംപേര്‍ ഒന്നിച്ചു പങ്കെടുക്കുന്ന Massive Multiplayer Online Role Playing ഗെയിമുകള്‍ക്കാണ് അഡിക്ഷന്‍സാദ്ധ്യത ഏറ്റവുമുള്ളത്. ഗെയിമുകളുടെ അമിതോപയോഗം ആക്രമണോത്സുകത വര്‍ദ്ധിപ്പിക്കുകയും ആളുകളുമായി ഇടപഴകാനുള്ള കഴിവു ദുര്‍ബലമാക്കുകയും എല്ലുകളുടെയും പേശികളുടെയും ആരോഗ്യം ക്ഷയിപ്പിക്കുകയും ചെയ്യാം. ദിവസങ്ങളോളം ഇടതടവില്ലാതെ ഗെയിംകളിച്ച് ഗെയിംപാര്‍ലറുകളില്‍ മരിച്ചുവീഴുന്ന കളിക്കാരെയും അച്ഛനമ്മമാര്‍ ഗെയിമില്‍ മുഴുകിയിരിക്കുമ്പോള്‍ വേണ്ട പരിപാലനംകിട്ടാതെ ജീവന്‍നഷ്ടപ്പെടുന്ന പിഞ്ചുകുട്ടികളെയുമൊക്കെക്കുറിച്ചുള്ള വാര്‍ത്തകള്‍ കൊറിയ പോലുള്ള രാജ്യങ്ങളില്‍നിന്ന് പുറത്തുവരുന്നുണ്ട്.