(ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ 2014 ഒക്ടോബര്‍ ലക്കം മനോരമ ആരോഗ്യത്തില്‍ എഴുതിയത്)
“വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവു വില്‍ക്കുന്നയാള്‍ അറസ്റ്റില്‍” എന്ന തലക്കെട്ട് നമ്മുടെ പത്രങ്ങളില്‍ അതീവസാധാരണമായിരിക്കുന്നു. കഞ്ചാവെടുത്ത കുട്ടികള്‍ പിടിയിലാകുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വേറെയും — ഇടപ്പള്ളിയില്‍ ക്ലാസ്മുറിയില്‍ നിന്ന്. ആലപ്പുഴയില്‍ സ്കൂളിനടുത്ത കുറ്റിക്കാട്ടില്‍ നിന്ന്. തൃശൂരില്‍ ഹോട്ടല്‍മുറിയില്‍ നിന്നും കോര്‍പ്പറേഷന്‍ഗ്രൗണ്ടില്‍ നിന്നും. ആലക്കോട് കഞ്ചാവുവലിച്ചവശരായ കുട്ടികളെ നാട്ടുകാര്‍ ആശുപത്രിയിലാക്കി. കണ്ണൂരില്‍ എക്സൈസുകാര്‍ പിടിച്ച വില്‍പനക്കാരന്‍റെ ഫോണിലേക്ക് കഞ്ചാവന്വേഷിച്ച് ആദ്യദിവസം വിളിച്ചവരില്‍ പത്തോളം വിദ്യാര്‍ഥികളുണ്ടായിരുന്നു.
പിടിയിലായ വില്‍പനക്കാരന്‍റെ ഫോണില്‍നിന്ന് ഇടപാടുകാരെവിളിച്ച് വിവിധ സ്ഥലങ്ങളിലെത്താനാവശ്യപ്പെട്ട തൃപ്പൂണിത്തുറപ്പോലീസിനു കാണാന്‍കിട്ടിയതും കുറേ വിദ്യാര്‍ഥികളെത്തന്നെയാണ്. എല്ലാ സംഭവങ്ങളും ഇങ്ങിനെ രക്തരഹിതങ്ങളുമല്ല — പിറവത്തെ ബാറില്‍ സംഘട്ടനത്തില്‍പ്പരിക്കേറ്റ കുട്ടികള്‍ മിക്കവരും കഞ്ചാവുപയോഗിച്ചവരായിരുന്നു. എറണാകുളം മഹാരാജാസ്കോളേജില്‍ കഞ്ചാവുമാഫിയ വിദ്യാര്‍ഥികളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമുണ്ടായി.
കഞ്ചാവിന്‍റെ ഉപഭോഗം മാത്രമല്ല, വിതരണവും നമ്മുടെ കൌമാരക്കാര്‍ ഏറ്റെടുത്തുകഴിഞ്ഞു. തങ്ങള്‍ക്കു കഞ്ചാവെത്തിക്കുന്നത് ഒരു സ്കൂള്‍ക്കുട്ടിയാണ് എന്നാണ് കക്കോടിയിലെ വിദ്യാര്‍ഥികള്‍ പോലീസിനോടു പറഞ്ഞത്. പുതിയ വിദ്യാര്‍ഥികളെയാകര്‍ഷിക്കാന്‍ വില്‍പനക്കാര്‍ മൂന്നുപാക്കറ്റു വാങ്ങുന്നവര്‍ക്ക് ഒരെണ്ണം സൌജന്യമായി നല്‍കുന്നുവെന്നാണ് വണ്ടൂരിലെ എക്‌സൈസുകാര്‍ കണ്ടെത്തിയത്. കൊച്ചിയിലെ ഒരു വില്‍പനക്കാരന്‍ പൊതികള്‍ സ്കൂളുകളിലെത്തിക്കുന്ന കുട്ടികള്‍ക്ക് കഞ്ചാവ് ഫ്രീയായിക്കൊടുക്കുമായിരുന്നു. ഉല്ലാസയാത്രക്കെന്ന പേരില്‍ വിദ്യാര്‍ഥികളെ തേക്കടിയിലെത്തിച്ച് അവരുടെ ബാഗുകളില്‍ കഞ്ചാവുനിറച്ചാണ് മറ്റൊരാള്‍ സാധനം മഞ്ചേരിയിലെത്തിച്ചുകൊണ്ടിരുന്നത്. (സ്കൂള്‍ബാഗുകളെക്കുറിച്ചുള്ള നമ്മുടെ അധികം പഴക്കമില്ലാത്ത സങ്കല്‍പ്പങ്ങള്‍ ഓര്‍മ്മയുണ്ടോ? വെള്ളത്തണ്ടുകള്‍, മയില്‍പ്പീലികള്‍…) കരുനാഗപ്പള്ളിയില്‍ ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയും ഗുരുവായൂരില്‍ ഒരു മുന്‍കോളേജ്’യൂണിയന്‍സെക്രട്ടറിയും കഞ്ചാവുവില്‍പനക്ക് അകത്തായി. കഞ്ചാവ് സൌന്ദര്യവര്‍ദ്ധിനിയാണെന്നു പെണ്‍കുട്ടികളെത്തെറ്റിദ്ധരിപ്പിച്ച് പതിയെ അവരെ വില്‍പനക്കാരാക്കുന്ന സംഘങ്ങളുമുണ്ട്. ഇടനിലക്കാരുടെ സമ്മര്‍ദങ്ങള്‍ സഹിക്കവയ്യാതെ സ്വെജീവനെടുക്കാന്‍ നോക്കുന്ന കുട്ടികളെക്കുറിച്ചുള്ള വാര്‍ത്തകളും വിരളമല്ല.
എന്തുകൊണ്ട് ഇപ്പോഴിങ്ങനെയൊരു കഞ്ചാവുവിപ്ലവം നമ്മുടെ കാമ്പസുകളിലവതരിച്ചു? അദ്ധ്യാപകരും ചികിത്സകരുമൊക്കെ പല അനുമാനങ്ങളും പങ്കുവെക്കുന്നുണ്ട്:
- കുട്ടികള്‍ക്കായി സമയംമാറ്റിവെക്കാനില്ലാത്തതിന്‍റെ ഖേദം തീരാന്‍ അച്ഛനമ്മമാര്‍ പോക്കറ്റ്മണി വര്‍ദ്ധിപ്പിക്കുന്നു; മക്കള്‍ അതൊന്നു ചെലവായിക്കിട്ടാന്‍ ഇത്തരം വഴികള്‍ തെരഞ്ഞെടുക്കുന്നു.
- കരിയര്‍ ഓറിയന്‍റഡ്നസിനു മാത്രം ഊന്നല്‍നല്‍കുന്ന മാതാപിതാക്കള്‍ ഹോബികള്‍ക്കും മറ്റും പ്രോത്സാഹനം കൊടുക്കാത്തത് കുട്ടികളുടെ ജീവിതത്തില്‍ ഒരു ശൂന്യത സൃഷ്ടിക്കുന്നു; അവര്‍ ആ ശൂന്യത ഇത്തരം മാര്‍ഗങ്ങളിലൂടെ നികത്തുന്നു.
- വീട്ടിലെ മുതിര്‍ന്നവര്‍ മദ്യത്തെ ഉപാസിക്കുന്നു; എങ്കില്‍പ്പിന്നെ ഞങ്ങളെന്തിനടങ്ങിയിരിക്കണം എന്ന ചിന്ത കുട്ടികളില്‍ വളരുന്നു.
- മണം വഴി പിടിക്കപ്പെടാന്‍ സാദ്ധ്യത കുറവാണ് എന്നത് കഞ്ചാവ് മദ്യത്തെക്കാള്‍ “സുരക്ഷിത”മാണ് എന്ന തോന്നലുണ്ടാക്കുന്നു.
- ലഭ്യത. ഹോസ്റ്റലുകളിലും കാമ്പസുകള്‍ക്കടുത്തുമെല്ലാം കഞ്ചാവ് സുലഭമാണിപ്പോള്‍.
- പ്രൊഫഷണല്‍ കോളേജുകളുടെയും അതുവഴി ഹോസ്റ്റലുകളുടെയും എണ്ണത്തിലുണ്ടായ വര്‍ദ്ധനവ്.
- കൌമാരത്തിളപ്പിന് നല്ല ബഹിര്‍ഗമനമാര്‍ഗങ്ങള്‍ ഒരുക്കാറുണ്ടായിരുന്ന ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ്ബുകളും മറ്റും കഥാവശേഷമായിക്കഴിഞ്ഞു.
- “കൌമാരമല്ലേ, ഇത്തിരി കുരുത്തക്കേടൊക്കെ വേണ്ടേ?” എന്നു ചിന്തിക്കുന്നവര്‍ ആദ്യം കൈവെക്കാറുണ്ടായിരുന്ന പാന്‍ ഉല്‍പന്നങ്ങള്‍ നിരോധിക്കപ്പെട്ടത് ഒരു കാരണമായിട്ടുണ്ടാവാം.
- ദുഷ്പ്രവണതകളിലേക്കു വഴുതുന്നവരെ തിരിച്ചറിയാനും തിരിച്ചുവിളിക്കാനും വിദ്യാര്‍ഥിരാഷ്ട്രീയസംഘടനകള്‍ക്കു കഴിയാറുണ്ടായിരുന്നുവെന്നും കലാലയരാഷ്ട്രീയനിരോധനം ഇവിടെ തിരിഞ്ഞുകുത്തി എന്നും വിശ്വസിക്കുന്നവരുണ്ട്.
- ഇന്‍റര്‍നെറ്റ്. സര്‍ച്ച് എന്‍ജിനുകളില്‍ പ്രാമുഖ്യം ലഭിക്കുന്നത് കഞ്ചാവിനെ പ്രകീര്‍ത്തിക്കുന്ന സൈറ്റുകള്‍ക്കും വീഡിയോകള്‍ക്കും ആണ്. കഞ്ചാവ് എങ്ങിനെയൊക്കെ ഉപയോഗിക്കാം, പിടിക്കപ്പെടാതെയെങ്ങിനെ രക്ഷപ്പെടാം എന്നൊക്കെ വിശദീകരിക്കുന്ന സൈറ്റുകള്‍ നിരവധിയാണ്. എന്തിന്, നെറ്റിലൂടെ വിദ്യാര്‍ഥികള്‍ക്കു കഞ്ചാവുവിറ്റതിന് വിയ്യൂര്‍പോലീസ് അറസ്റ്റുചെയ്തത് രണ്ടു പതിനെട്ടുകാരെയാണ്.
- ന്യൂജനറേഷന്‍ സിനിമകള്‍. “കഞ്ചാവ് നമ്മുടെ തുളസിയെയൊക്കെപ്പോലെ ഒരു പാവംചെടിയാണ്”, “മദ്യം മനുഷ്യനിര്‍മിതമാണെങ്കില്‍ കഞ്ചാവു ദൈവം സൃഷ്ടിച്ചതാണ്” എന്നൊക്കെയാണ് ഇവയുടെ സാരോപദേശങ്ങള്‍. “പുകവലി ആരോഗ്യത്തിന് ഹാനികരം” എന്ന മേല്‍ക്കുറിപ്പിന്‍റെ അകമ്പടിയോടെത്തന്നെയാണ് അതിലുമെത്രയോ മാരകമായ കഞ്ചാവിന്‍റെ വലിയും സ്ക്രീനിലെത്തുന്നത്.
കഞ്ചാവഡിക്ഷനു ചികിത്സക്കെത്തുന്നവര്‍ ഭൂരിഭാഗവും സമ്പന്നകുടുംബങ്ങളില്‍ നിന്നുള്ളവരാണ് എന്ന് പല ചികിത്സകരും നിരീക്ഷിക്കുന്നു. പ്രൊഫഷണല്‍ കോഴ്സുകള്‍ക്കു ചേര്‍ന്ന് ഒന്നോരണ്ടോ വര്‍ഷങ്ങള്‍ക്കുള്ളില്‍ കഞ്ചാവും അനുബന്ധപ്രശ്നങ്ങളും മൂലം കോഴ്സുവിടേണ്ടിവരുന്നവരാണ് മിക്കവരും. വര്‍ഷം മുഴുവന്‍ ഉഴപ്പിനടന്ന്‍ പരീക്ഷ കണ്‍മുമ്പിലെത്തുമ്പോള്‍ “കോണ്‍സന്‍ട്രേഷന്‍ കൂട്ടാനായി” കഞ്ചാവു പരീക്ഷിച്ചു തുടങ്ങുന്നവരാണ് നല്ലൊരു പങ്ക്. ലിഫ്റ്റു നല്‍കിയും എതിര്‍ഗ്യാങ്ങുകാരെ വിരട്ടിക്കൊടുത്തുമൊക്കെ സൗഹൃദം സ്ഥാപിക്കുക, തുടക്കക്കാര്‍ക്ക് വിലകുറച്ചുവില്‍ക്കുക തുടങ്ങിയ വില്‍പനക്കാരുടെ കെണികളില്‍ കുടുങ്ങിപ്പോവുന്നവരും ഉണ്ട്. എടുത്തുചാട്ടം പോലുള്ള പ്രശ്നങ്ങളും കണ്ടക്റ്റ് ഡിസോര്‍ഡര്‍ പോലുള്ള വൈകല്യങ്ങളും പലരിലും കാണപ്പെടുന്നുണ്ട്. ചിലരെങ്കിലും ചികിത്സക്കെത്തുന്നത് കഞ്ചാവു വരുത്തിവെക്കുന്ന മാരകമായ മനോരോഗങ്ങള്‍ പിടിപെട്ടുമാണ്.
ഈയൊരു പ്രതിഭാസം ആത്മാര്‍ഥമായ ശാസ്ത്രീയപഠനങ്ങള്‍ക്കു വിധേയമാകേണ്ടതുണ്ട്. സ്റ്റുഡന്‍റ്സ് പോലീസ്, ജനമൈത്രി പോലീസ്, സ്‌കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍, ലഹരിവിരുദ്ധ ക്ലബുകള്‍ മുതലായവയും, “ക്ലീന്‍ കാമ്പസ്, സേഫ് കാമ്പസ്”, “അഡിക്റ്റഡ് റ്റു ലൈഫ്” തുടങ്ങിയ സര്‍ക്കാര്‍പദ്ധതികളും, ഓപ്പറേഷന്‍ ഗുരുകുലവും ഓപ്പറേഷന്‍ മണ്‍സൂണും പോലുള്ള പോലീസ് സംരംഭങ്ങളും, ഇടുക്കിയിലെ “നാളെയുടെ തിരിനാളം” പോലുള്ള ജില്ലാതലപരിപാടികളും, ലഹരിവിരുദ്ധ ജനകീയകമ്മറ്റികള്‍, ലഹരിവിരുദ്ധ കൂട്ടപ്രതിജ്ഞകള്‍ തുടങ്ങിയ ജനകീയസംരംഭങ്ങളുമൊക്കെ സജീവമാണ്. എന്നിട്ടും ഈ കുരുക്ക് സമൂഹത്തിന്‍റെ കഴുത്തില്‍ മുറുകിക്കൊണ്ടേയിരിക്കുന്നതെന്തേ എന്നതും പഠനങ്ങള്‍ക്കും പര്യാലോചനകള്‍ക്കും വിഷയമാകേണ്ടതുണ്ട്.