CALL US: 96 331 000 11

cannabis hospital kottayam(ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ 2014 ഒക്ടോബര്‍ ലക്കം മനോരമ ആരോഗ്യത്തില്‍ എഴുതിയത്)

വിദ്യാര്‍ഥികളില്‍ കഞ്ചാവുപയോഗം പടരുന്നതിനെക്കുറിച്ചുള്ള കഥകള്‍കേട്ട് ആശങ്കാചിത്തരായിരിക്കുന്ന മാതാപിതാക്കള്‍ അവശ്യം അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങളിതാ —

കഞ്ചാവടി തിരിച്ചറിയാം

കഞ്ചാവുപയോഗിക്കുന്ന കുട്ടികളില്‍ പ്രകടമാവാറുള്ള മാറ്റങ്ങള്‍ താഴെ നിരത്തിയിരിക്കുന്നു. ഇവ ഒറ്റക്കൊറ്റക്കു പ്രത്യക്ഷമായാല്‍ അത് കഞ്ചാവുപയോഗത്തിന്‍റെ തന്നെ സൂചനയാവണമെന്നില്ല — പല ലക്ഷണങ്ങള്‍ ഒന്നിച്ചു കാണപ്പെട്ടാലേ ആശങ്കപ്പെടേണ്ടതുള്ളൂ. ഇവയെവെച്ച് അനുമാനങ്ങളിലെത്തുംമുമ്പ് സാമാന്യബുദ്ധികൂടി ഉപയോഗപ്പെടുത്താന്‍ ശ്രദ്ധിക്കണം.

ശാരീരിക സൂചനകള്‍

ലഹരിയിലിരിക്കുന്ന നേരത്ത് കൃഷ്ണമണികള്‍ വലുതാവാം. കണ്‍വെള്ളകള്‍ ചുവക്കാം. കൈകാലുകളോ കണ്‍പോളകളോ വിറക്കാം. ഹൃദയമിടിപ്പ് കൂടാം. ഉറക്കച്ചടവുണ്ടാവാം. നടക്കുമ്പോള്‍ വേച്ചുപോവാം. തൊണ്ട വല്ലാതെ വരളുകയും ഇടക്കിടെ വെള്ളംകുടിക്കുകയും ചെയ്യാം. കുട്ടിയുടെ കണ്ണുകള്‍ക്ക് ഏകദേശം രണ്ടടി മുന്നിലായി നിങ്ങളുടെ ചൂണ്ടുവിരല്‍ നീട്ടിപ്പിടിച്ച്, ഇടത്തേക്കും വലത്തേക്കും ചലിപ്പിച്ച്, അവനോട് ആ വിരലിലേക്കുതന്നെ നോക്കാന്‍ പറഞ്ഞാല്‍ അവന്‍റെ രണ്ടുകണ്ണുകള്‍ക്കും അതിനെ ഒത്തിണക്കത്തോടെ പിന്തുടരാന്‍ പ്രയാസം കാണാം. (ചിത്രം 1). ഈ ലക്ഷണങ്ങളൊക്കെ കഞ്ചാവെടുത്ത് രണ്ടുമൂന്നു മണിക്കൂര്‍ വരെ നിലനില്‍ക്കാം.

cannabis treatment kottayamകഞ്ചാവുപുകക്ക് തക്കാളിയുടേതും തേയിലയുടേതും പോലുള്ള ഒരുതരം പച്ചമരുന്നുഗന്ധമാണ്. അത് വസ്ത്രങ്ങളിലും മുടിയിലുമൊക്കെ ഏറെ നേരം തങ്ങിനില്‍ക്കാം. തള്ളവിരലിലെയും ചൂണ്ടുവിരലിലെയും പൊള്ളല്‍പ്പാടുകളും കഞ്ചാവുവലിയുടെ സൂചനയാവാം.

പെരുമാറ്റത്തിലെ വ്യതിയാനങ്ങള്‍

  • പതിവില്ലാത്ത നേരങ്ങളില്‍ വരാനും പോവാനും തുടങ്ങുക.
  • പണച്ചെലവ് കൂടുക (നൂറു മുതല്‍ എഴുന്നൂറു വരെ രൂപയാണ് ഒരു പൊതി കഞ്ചാവിന്‍റെ വില).
  • പുതിയ ഹോബികളിലും പാര്‍ട്ട്ടൈം ജോലികളിലും താല്‍പര്യം കാണിക്കുക (ഇത് കഞ്ചാവിനുവേണ്ട പണം കണ്ടെത്താനാവാം.)
  • ചിരകാലസുഹൃത്തുകളുടെ സ്ഥാനത്ത് പല പുതിയ മുഖങ്ങളും കടന്നുവരിക.
  • ഹൃദയത്തോടു ചേര്‍ത്തുപിടിച്ചിരുന്ന കായികയിനങ്ങളോടും ഹോബികളോടുമൊക്കെ ആഭിമുഖ്യം കുറയുക.
  • പൊതുവെയൊരു നിഷേധാത്മകതയും തുറന്നിടപെടാനാകായ്കയും പ്രത്യക്ഷപ്പെടുക.
  • മനോതീക്ഷ്ണത കുറയുക. മുന്‍കോപം, ദുശ്ശങ്കകള്‍, ഉത്ക്കണ്ഠ, വിഷണ്ണത, അന്തര്‍മുഖത്വം, ചെയ്തികളില്‍ ഒരു ‘സാമട്ട്’ തുടങ്ങിയവ ദൃശ്യമാവുക. സംഭാഷണമദ്ധ്യേയും മറ്റും ഒരുതരം അശ്രദ്ധയും ഓര്‍മപ്പിശകുകളും പ്രകടമാവുക.
  • പഠനനിലവാരത്തില്‍ പൊടുന്നനെയുള്ള അധ:പതനം.
  • തളര്‍ച്ച. മിക്കപ്പോഴും അലസമായി എവിടെയെങ്കിലും ഇരിക്കാനോ കിടക്കാനോ തുടങ്ങുക.
  • വിശപ്പു കൂടുക. പ്രത്യേകിച്ച് ഫാസ്റ്റ്ഫുഡ്, സോഫ്റ്റ്ഡ്രിങ്കുകള്‍, ബേക്കറിസാധനങ്ങള്‍ തുടങ്ങിയവയോട് ഒരു പുതിയ പ്രതിപത്തി ഉടലെടുക്കുക.
  • പതിവില്ലാതെ ചോക്ക്ളേറ്റുകള്‍ സംഭരിച്ചുവെക്കുക — ഇത് കഞ്ചാവ് അതില്‍ക്കുഴച്ചു തിന്നാനാവാം.
  • രാത്രി ഏറെ വൈകിയും ഉണര്‍ന്നിരിക്കുക.
  • അകാരണമായും അസ്ഥാനത്തുമൊക്കെ ചിരിക്കുക.
  • കഞ്ചാവഡിക്റ്റുകളായിരുന്ന ബോബ്മാര്‍ലിയെപ്പോലുള്ള (ചിത്രം 2) ഗായകരുടെയോ കഞ്ചാവിലയുടെയോ ചിത്രങ്ങളോ, കഞ്ചാവിന്‍റെ അപദാനങ്ങളോ, 420 എന്ന സംഖ്യയോ പേറുന്ന ടീഷര്‍ട്ടുകളും മറ്റും അണിയുക. മുറിയില്‍ ഇത്തരം പോസ്റ്ററുകളോ സ്റ്റിക്കറുകളോ പ്രത്യക്ഷപ്പെടുക.

cannabis deaddiction kerala

ശീലം ഒളിക്കാനുള്ള ശ്രമങ്ങള്‍

  • ച്യൂയിംഗം, മിന്‍റ് തുടങ്ങിയവ ചവക്കുക. മൌത്ത്'വാഷ് ഉപയോഗിക്കുക
  • കണ്ണില്‍ മരുന്നുറ്റിക്കുക.
  • മുറിയില്‍ റൂംഫ്രഷ്നര്‍, ചന്ദനത്തിരി തുടങ്ങിയവ പ്രയോഗിക്കുക. വാതിലിനടിയിലെ വിടവ് അടക്കുക.
  • വീട്ടില്‍ക്കയറിവരുമ്പോള്‍ നിങ്ങള്‍ക്കു മുഖംതരാന്‍ മടിക്കുക.
  • നിങ്ങളുടെ മുന്നില്‍വെച്ച് കൂട്ടുകാരോട് കോഡുഭാഷയില്‍ സംസാരിക്കുക. (ബീഡ്, സ്റ്റഫ്, ഡോപ്, ശിവമൂലി എന്നിങ്ങനെ പല വിളിപ്പേരുകളും കഞ്ചാവിനുണ്ട്.)

മറ്റു തെളിവുകള്‍

  • മുറിയില്‍ കഞ്ചാവിന്‍റെ തണ്ടോ കുരുക്കളോ കണ്ടുകിട്ടുക. കഞ്ചാവുകുരു കാഴ്ചക്ക് ഏകദേശം മല്ലിക്കുരുപോലിരിക്കും (ചിത്രം 3, 4).
  • മുറിയില്‍നിന്ന് സാധാരണ കാണാത്തതരം പൈപ്പുകളോ കുത്തിയിടിച്ചുപൊടിക്കാനുള്ള സാമഗ്രികളോ ചുരുട്ടിയ പേപ്പറുകളോ ലഭിക്കുക.
  • വീട്ടിലെ പഞ്ഞി, സ്പിരിറ്റ്, തീപ്പെട്ടി, കത്തികള്‍ തുടങ്ങിയവ ഇടയ്ക്കിടെ അപ്രത്യക്ഷമാവുക.
  • ഇന്‍റര്‍നെറ്റ് ഹിസ്റ്ററിയില്‍ കഞ്ചാവിന്‍റെ വിശദാംശങ്ങളുള്ള ഏറെ സൈറ്റുകള്‍ കാണപ്പെടുക.

cannabis counselling kerala

cannabis counselling kottayam

എത്രതന്നെ തെളിവുകള്‍ ചൂണ്ടിക്കാണിച്ചാലും കഞ്ചാവുപയോഗം സമ്മതിച്ചുതരാത്തവരോട് മൂത്രപരിശോധനക്കു വിധേയരാവാന്‍ ആവശ്യപ്പെടാം. ഇടക്കെപ്പോഴെങ്കിലും മാത്രം കഞ്ചാവെടുക്കുന്നവരില്‍ വലിച്ചു മൂന്നുദിവസം വരെയും സ്ഥിരംവലിക്കാരില്‍ ഒരു മാസം വരെയും ടെസ്റ്റ്‌ പോസിറ്റീവായിരിക്കും. പരിശോധനാദിവസം കക്ഷി പതിവിലധികം വെള്ളംകുടിച്ച് പ്ലാന്‍ അട്ടിമറിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

കഞ്ചാവുപയോഗം തെളിഞ്ഞാല്‍

കഞ്ചാവെടുക്കുന്നുണ്ട് എന്നു വ്യക്തമായാല്‍പ്പിന്നെ ഇടപെടലുകള്‍ വൈകിക്കരുത്. 

കഞ്ചാവെടുക്കുന്നുണ്ട് എന്നു വ്യക്തമായാല്‍പ്പിന്നെ ഇടപെടലുകള്‍ വൈകിക്കരുത്. ഉഗ്രകോപത്തിലേക്കോ അമിതാകുലതയിലേക്കോ വഴുതാതെ സമചിത്തതയോടെയും ഉത്തരവാദിത്തബോധത്തോടെയും വേണം പ്രശ്നം കൈകാര്യംചെയ്യാന്‍. കുട്ടിക്ക് നിങ്ങളോടുള്ള അടുപ്പമോ എന്തും നിങ്ങളോടു തുറന്നുപറയാമെന്ന വിശ്വാസമോ തകര്‍ന്നേക്കാവുന്ന രീതിയില്‍ പ്രതികരിക്കരുത്.

 

കഞ്ചാവുപയോഗം ഒരഡിക്ഷനിലേക്കു വളര്‍ന്നുകഴിഞ്ഞിട്ടുണ്ടെങ്കില്‍ അതു കുട്ടിയെക്കൊണ്ട് കുതന്ത്രങ്ങള്‍ ചിന്തിപ്പിക്കുകയോ പച്ചക്കള്ളങ്ങള്‍ പറയിക്കുകയോ മറ്റുള്ളവരെ അനാവശ്യമായി പഴിചാരിക്കുകയോ ഒക്കെച്ചെയ്യാം. ഇവിടെയൊക്കെക്കളിക്കുന്നത് കുട്ടി എന്ന വ്യക്തിയല്ല, മറിച്ച് അവന്‍ വലിച്ചുകൂട്ടിയ കഞ്ചാവാണ് അവന്‍റെ തലച്ചോറില്‍നിന്ന് ഒളിപ്പോരു നടത്തുന്നത് എന്ന തിരിച്ചറിവ് പ്രധാനമാണ്. കഞ്ചാവ് അവനെ രോഗിയാക്കിയിരിക്കുന്നു; കുട്ടിയല്ല, മറിച്ച് ആ രോഗമാണ് നിങ്ങളുടെ ശത്രു എന്നൊക്കെയുള്ള ബോദ്ധ്യങ്ങള്‍ പ്രശ്നത്തെ വസ്തുനിഷ്ഠതയോടെ നോക്കിക്കാണാന്‍ കൈത്താങ്ങാവും. കുട്ടിയുടെ കൂടി സഹകരണത്തോടെ ആ രോഗത്തോടു പൊരുതാന്‍ നിശ്ചയിക്കുന്നതാണു ഫലപ്രദമാവുക.

മനസ്സുതുറന്ന്, മുന്‍വിധികളൊന്നുമില്ലാതെ, കുട്ടിയോടു കാര്യം ചര്‍ച്ചചെയ്യുകയാണ് ആദ്യം വേണ്ടത്. അതിനു മുന്നോടിയായി ചില തയ്യാറെടുപ്പുകള്‍ നല്ലതാണ്. പഠനം, ആരോഗ്യം, ബന്ധങ്ങള്‍, ഹോബികള്‍ എന്നിങ്ങനെ കുട്ടിയുടെ ജീവിതത്തിന്‍റെ വിവിധതലങ്ങളില്‍ കഞ്ചാവ് എത്രത്തോളം ഹാനി വിതച്ചുകഴിഞ്ഞു എന്ന് അന്വേഷിച്ചറിഞ്ഞുവെക്കുക. കഞ്ചാവു സൃഷ്ടിക്കാവുന്ന കുഴപ്പങ്ങളെക്കുറിച്ച് ആധികാരികസ്രോതസ്സുകളില്‍നിന്ന്‍ വായിച്ചുമനസ്സിലാക്കുക. ചില കുട്ടികള്‍ക്കെങ്കിലും ഇത്തരം വിഷയങ്ങളില്‍ നല്ല അവഗാഹമുണ്ടാവാം എന്നോര്‍ക്കുക — ചുമ്മാ പേടിപ്പിക്കാം എന്ന ഉദ്ദേശത്തോടെ എല്ലാ പ്രശ്നങ്ങളുടെയും ഉത്തരവാദിത്തം കഞ്ചാവിന്‍റെ ചുമലില്‍ കെട്ടിവെക്കാന്‍ നോക്കിയാല്‍ പണി പാളിപ്പോയേക്കാം.

കുറ്റപ്പെടുത്തലുകളും ക്ലാസെടുപ്പുകളുംകൊണ്ട് കുട്ടിയുടെ വായടച്ചുകെട്ടാതെ അവനു പറയാനുള്ളതും കേള്‍ക്കുക. അവന്‍റെ കാഴ്ചപ്പാട് ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുക. കഞ്ചാവിനെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്തൊക്കെയാണെന്നും എന്തുകൊണ്ട് നിങ്ങളവ വെച്ചുപുലര്‍ത്തുന്നു എന്നും നിങ്ങളും വ്യക്തമാക്കുക. കഞ്ചാവു നിര്‍ത്താനുള്ള താല്‍പര്യം നമ്മളായിട്ടു കുത്തിച്ചെലുത്താതെ കുട്ടിയുടെയുള്ളില്‍ത്തന്നെ മറഞ്ഞുകിടക്കുന്ന കഞ്ചാവുവിരുദ്ധചിന്തകളെ ചര്‍ച്ചകളിലൂടെ ഉത്തേജിപ്പിച്ചെടുക്കുകയാണു വേണ്ടത്. ഒറ്റവാക്കില്‍ ഉത്തരംപറഞ്ഞൊഴിയാവുന്ന തരം ചോദ്യങ്ങള്‍ കഴിവതും കുറച്ച്, വിശദമായി മറുപടി പറയാനും മനസ്സിലിരിപ്പുകള്‍ വ്യക്തമാക്കാനും ഇടയൊരുക്കുന്ന തരം ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുക. ഫലപ്രദമായ ചില ചോദ്യങ്ങള്‍ താഴെക്കൊടുക്കുന്നു —

  • കാര്യങ്ങള്‍ ഇതേ പോക്കുപോയാല്‍ എന്തൊക്കെക്കുഴപ്പങ്ങളില്‍ ചെന്നെത്തിയേക്കാം എന്നാണ് നിനക്കു തോന്നുന്നത്?
  • കഞ്ചാവുവലി നിര്‍ത്തിയാല്‍ എന്തൊക്കെ ഗുണങ്ങളുണ്ടായേക്കാമെന്നാണ് നിന്‍റെ അഭിപ്രായം?
  • ഉടന്‍ കഞ്ചാവുവലി നിര്‍ത്തണം എന്നാണെങ്കില്‍ അതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മൂന്നു കാരണങ്ങള്‍ എന്തൊക്കെയാവും?
  • കഞ്ചാവിന്‍റെ ദോഷഫലങ്ങളെക്കുറിച്ച് നിനക്ക് എന്തൊക്കെ അറിയാം?
  • ഇനിയും ഒരു മൂന്നുനാലു വര്‍ഷം കൂടി കഞ്ചാവടിച്ചാല്‍ നിനക്കുണ്ടായേക്കാവുന്ന ഏറ്റവും വലിയ നഷ്ടം എന്താവും?
  • ഇപ്പോഴത്തെ ഒരു ജീവിതാവസ്ഥയില്‍ നിനക്കിഷ്ടമില്ലാത്ത എന്തൊക്കെക്കാര്യങ്ങളാണുള്ളത്? അതില്‍ ഏതിന്‍റെയെങ്കിലും പിന്നില്‍ കഞ്ചാവിന്‍റെ കയ്യുണ്ടോ?
  • കഞ്ചാവുവലി തുടങ്ങുന്നതിനു മുമ്പത്തെയും ഇപ്പോഴത്തെയും സാഹചര്യങ്ങളെ താരതമ്യം ചെയ്‌താല്‍, ഈയൊരു കാലയളവില്‍ എന്തൊക്കെ നഷ്ടങ്ങളും പ്രശ്നങ്ങളും സംഭവിച്ചിട്ടുണ്ട്?
  • കഞ്ചാവുവലി തുടങ്ങുന്നതിനു മുമ്പുള്ള കാലത്ത് നിനക്കുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും എന്തൊക്കെയായിരുന്നു? അവയിലേതെങ്കിലും ഈ കാലയളവില്‍ കഞ്ചാവുമൂലം നിറവേറപ്പെടാതെ പോവുകയുണ്ടായോ?
  • കാര്യങ്ങള്‍ ഇതേ രീതിയില്‍ത്തുടര്‍ന്നാല്‍ ഒരഞ്ചുവര്‍ഷം കൂടിക്കഴിഞ്ഞാല്‍ എന്താവും നിന്‍റെ അവസ്ഥ എന്നാണ് ഊഹം?

ആലോചിച്ച് ഉത്തരം പറയാന്‍ സമയംകൊടുക്കുക. ഉത്തരങ്ങള്‍ കിട്ടുമ്പോള്‍ കൂടുതല്‍ വിശദീകരണങ്ങളും വിശദാംശങ്ങളും കൂടി ആവശ്യപ്പെടുക. സന്ദര്‍ഭോചിതമായി അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളുമൊക്കെ നല്‍കിക്കൊണ്ടിരിക്കുക.

അടിവേരുകള്‍ അറുക്കാം

എന്തുകൊണ്ടു കുട്ടിക്ക് കഞ്ചാവിനെയാശ്രയിക്കേണ്ടിവന്നു എന്നു തിരിച്ചറിഞ്ഞ്, അത്തരം അടിസ്ഥാനപ്രശ്നങ്ങള്‍ക്ക് അനാരോഗ്യകരങ്ങളല്ലാത്ത മറ്റു പരിഹാരങ്ങള്‍ കണ്ടെത്താന്‍ അവനു കൂട്ടുകൊടുക്കേണ്ടതുമുണ്ട്. ഉദാഹരണത്തിന്, നല്ല സൌഹൃദങ്ങളുടെ അഭാവമാണ് കുട്ടിയെ അഡിക്റ്റുകൂട്ടങ്ങളിലെത്തിച്ചത് എങ്കില്‍ അര്‍ത്ഥവത്തായ വ്യക്തിബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍വേണ്ട സഹായനിര്‍ദേശങ്ങള്‍ അവനാവശ്യമാവാം. ശാരീരികമോ മാനസികമോ ആയ വൈഷമ്യങ്ങളുടെ സ്വയംചികിത്സ എന്ന നിലക്കാണ് കുട്ടി കഞ്ചാവിലേക്കു തിരിഞ്ഞത് എങ്കില്‍ പ്രസ്തുത പ്രശ്നങ്ങള്‍ക്കുള്ള വിദഗ്ദ്ധസഹായം ലഭ്യമാക്കേണ്ടതായിവരാം. ദൈനംദിനജീവിതത്തിനു ‘ലഹരി’ പോരാഞ്ഞിട്ട് കഞ്ചാവിനെയാശ്രയിക്കാന്‍ തീരുമാനിച്ചവര്‍ക്ക് മലകയറ്റവും നീന്തലുമൊക്കെപ്പോലുള്ള ഹോബികള്‍ നിര്‍ദ്ദേശിക്കാം. കൌമാരസഹജമായ ആകാംക്ഷയുടെയോ എടുത്തുചാട്ടത്തിന്‍റെയോ പുറത്തുമാത്രമാണ് കഞ്ചാവുപയോഗിച്ചത് എങ്കില്‍ അതിന്‍റെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണം മാത്രം മതിയാവാം.

 

കഞ്ചാവുനിര്‍ത്താന്‍ തീരുമാനിച്ചവര്‍ക്കു നല്‍കാവുന്ന ചില നിര്‍ദ്ദേശങ്ങള്‍

  • ഇടക്കു കഞ്ചാവാസക്തി തലപൊക്കുമ്പോള്‍ സംസാരം, വായന, വ്യായാമം തുടങ്ങിയ മാര്‍ഗങ്ങളുപയോഗിച്ച് ശ്രദ്ധ മാറ്റിവിടുക. അതൊന്നും പ്രായോഗികമല്ലാത്ത വേളകളില്‍ ഒന്നു ദീര്‍ഘശ്വാസമെടുത്തുവിട്ട് കഞ്ചാവുനിര്‍ത്താനുണ്ടായ സാഹചര്യത്തെയും കഞ്ചാവുമൂലം സഹിക്കേണ്ടിവന്ന കഷ്ടനഷ്ടങ്ങളെയുംകുറിച്ച് സ്വയമോര്‍മിപ്പിക്കുക.
  • സ്വന്തം മുറിയില്‍വെച്ചാണ് കഞ്ചാവുവലിക്കാറുണ്ടായിരുന്നത് എങ്കില്‍ മുറിയിലെ മേശ, കട്ടില്‍ തുടങ്ങിയവ ഒന്നു സ്ഥാനംമാറ്റിയിടുന്നത് ആസക്തിയുടെയാക്രമണങ്ങളെ ദുര്‍ബലമാക്കാന്‍ സഹായിക്കും.
  • കഞ്ചാവുപയോഗിക്കാറുണ്ടായിരുന്ന മറ്റിടങ്ങളില്‍ കഴിവതും ചെന്നുപെടാതെ നോക്കുക.
  • കൂടെ കഞ്ചാവടിച്ചിരുന്നവരോട് വലിനിര്‍ത്തിയ കാര്യം അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കുക.
  • കഞ്ചാവുനിര്‍ത്തുമ്പോള്‍ കൈവരുന്ന അധികസമയം ദിവസവും മുന്‍കൂര്‍ പ്ലാന്‍ചെയ്ത് ഉല്ലാസദായകമോ ക്രിയാത്മകമോ ആയ മറ്റു പ്രവൃത്തികള്‍ക്കു വിനിയോഗിക്കാന്‍ ശ്രദ്ധിക്കുക.

 

 

വിദഗ്ദ്ധസഹായത്തെപ്പറ്റിച്ചിലത്

കഞ്ചാവു മുടങ്ങുമ്പോള്‍ വിശപ്പില്ലായ്മ, ഉറക്കക്കുറവ് തുടങ്ങിയ പിന്മാറ്റ അസ്വാസ്ഥ്യങ്ങള്‍ പ്രകടമാകുന്നവര്‍ക്കും നിങ്ങളുടെ ഇടപെടലുകള്‍ക്കു ശേഷവും കഞ്ചാവുപയോഗം തുടരുന്നവര്‍ക്കും കഞ്ചാവുനിര്‍ത്തി ആഴ്ചകള്‍ കഴിഞ്ഞും മാനസികബുദ്ധിമുട്ടുകള്‍ വിട്ടുമാറാതെനില്‍ക്കുന്നവര്‍ക്കും വിദഗ്ദ്ധസഹായം ലഭ്യമാക്കേണ്ടതാണ്. കഞ്ചാവാസക്തി കുറക്കുന്നതിനായി വേണ്ടത്ര ഫലപ്രദമായ മരുന്നുകളൊന്നും ഇപ്പോള്‍ ലഭ്യമല്ല. കഞ്ചാവുപയോഗത്തിന്‍റെ മൂലകാരണങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കാനും കഞ്ചാവിലേക്കു തിരിച്ചുപോവുന്നതു തടയാനുമുള്ള കൌണ്‍സലിംഗ് ആണ് ഇവിടെ പ്രധാനായുധം. അമിതമായ എടുത്തുചാട്ടം പോലുള്ള വ്യക്തിത്വദൂഷ്യങ്ങള്‍ അടിക്കടി കഞ്ചാവിലേക്കു തള്ളിവിടുന്നവര്‍ക്ക് മരുന്നുകള്‍ ഗുണംചെയ്തേക്കാം. കഞ്ചാവ് തീവ്രമായ മനോരോഗങ്ങള്‍ വരുത്തിയവര്‍ക്കും ഓ.പി. ചികിത്സ ഫലം ചെയ്യാത്തവര്‍ക്കും കിടത്തിച്ചികിത്സ ആവശ്യമായേക്കാം. ഇത്തരമവസരങ്ങളില്‍, പ്രത്യേകിച്ച് വീട്ടുകാര്‍ കൂടെനില്‍ക്കാതെ രോഗിയെ ഒറ്റക്ക് അഡ്മിറ്റ്‌ ചെയ്യുന്ന സ്ഥാപനങ്ങളില്‍, കൌമാരക്കാര്‍ക്കു മാത്രമായി പ്രത്യേകം വാര്‍ഡ്‌ ഉണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ് — അല്ലാത്തപക്ഷം കൂടെത്താമസിക്കുന്ന മുതിര്‍ന്ന അഡിക്റ്റുകളില്‍ നിന്ന് പുതിയ വിദ്യകള്‍ കൂടി സ്വായത്തമാക്കിയാവാം കുട്ടി പുറത്തിറങ്ങുന്നത്.

പുനരാക്രമണം തടയാന്‍

കഞ്ചാവുപയോഗം നിര്‍ത്തുന്നവരില്‍ നല്ലൊരു ശതമാനം അതു വീണ്ടും തുടങ്ങിപ്പോവാറുണ്ട്. 

കഞ്ചാവുപയോഗം നിര്‍ത്തുന്നവരില്‍ നല്ലൊരു ശതമാനം അതു വീണ്ടും തുടങ്ങിപ്പോവാറുണ്ട് എന്നു മറക്കരുത്. എല്ലാം ശരിയായി എന്ന മൂഢവിശ്വാസത്തില്‍ തുടര്‍ചികിത്സകള്‍ മുടക്കാതിരിക്കുക. അദ്ധ്യാപകരുടെയും കൂട്ടുകാരുടെയുമൊക്കെ നല്ല പിന്തുണ ഉറപ്പുവരുത്തുക. കുട്ടിക്ക് അത്യാവശ്യത്തിനു പണം മാത്രം നല്‍കുക. ആവശ്യമെങ്കില്‍ ഇടക്കിടെ മൂത്രപരിശോധന നടത്തുക. എല്ലാം അവന്‍റെ നന്മയെക്കരുതി മാത്രം ചെയ്യുന്നതാണെന്നും അല്ലാതെ ശിക്ഷാനടപടികളല്ലെന്നും പ്രത്യേകമോര്‍മിപ്പിക്കുക. തുടര്‍ച്ചയായി കഞ്ചാവില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെങ്കില്‍ കുറച്ചുനാളത്തേക്ക് വല്ലപ്പോഴും വല്ല സമ്മാനങ്ങളും കൊടുക്കുക.

 

“പ്രിവെന്‍ഷന്‍ ഈസ്... ”

കൂട്ടുകാരുടെയും മാധ്യമങ്ങളുടെയുമൊക്കെ സ്വാധീനത്തില്‍ കഞ്ചാവിലേക്കാകര്‍ഷിക്കപ്പെടുന്നതിനു മുമ്പുതന്നെ കുട്ടികളെ അതിന്‍റെ ദോഷവശങ്ങളെക്കുറിച്ചു ബോധവാന്മാരാക്കുന്നതാണു നല്ലത്. പ്രായത്തിനും പക്വതക്കുമനുസൃതമായ രീതിയില്‍, അസ്ഥാനത്തുള്ള ഉപദേശങ്ങള്‍ എന്ന തോന്നലുളവാക്കാതെ, ഇതു നടപ്പാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. പത്രവാര്‍ത്തകളിലോ സിനിമാദൃശ്യങ്ങളിലോ തീന്മേശഗോസിപ്പുകളിലോ കഞ്ചാവോ മറ്റു ലഹരികളുടെ ഉപയോഗമോ കടന്നുവരുമ്പോള്‍ അത്തരമവസരങ്ങള്‍ ഇതിനുപയോഗപ്പെടുത്താവുന്നതാണ്. “കുട്ടികള്‍ കഞ്ചാവുപയോഗിക്കുന്നതായി ഏറെ വാര്‍ത്തകള്‍ കാണുന്നു; നിന്‍റെ സ്കൂളിലെ സാഹചര്യമെന്താണ്?” എന്ന രീതിയിലും വിഷയം എടുത്തിടാവുന്നതാണ്. സര്‍വോപരി, എല്ലാതരം ലഹരിപദാര്‍ത്ഥങ്ങളില്‍നിന്നും സ്വയം വിട്ടുനിന്ന് മാതൃക കാണിക്കേണ്ടതുമാണ്.