(ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ 2017 നവംബര്‍ ലക്കം ഔവര്‍ കിഡ്സ് മാസികയില്‍ എഴുതിയത്.)
കുട്ടികള്‍ക്കും കൌമാരക്കാര്‍ക്കുമിടയില്‍ ഗ്രാമനഗരഭേദമില്ലാതെ ലഹരിയുപയോഗം വര്‍ദ്ധിതമാകുന്നെന്ന വാര്‍ത്തകള്‍ മാതാപിതാക്കള്‍ ഉള്‍ക്കിടിലത്തോടെയാണു കേട്ടുകൊണ്ടിരിക്കുന്നത്. തന്‍റെ കുട്ടികളും ഇത്തരം കെണികളില്‍ ചെന്നുപെട്ടേക്കുമോ എന്ന ഉത്ക്കണ്ഠ മിക്കവരെയും അലട്ടുന്നുണ്ട്. ചുമ്മാ കൌതുകത്തിന്‍റെ പുറത്തോ കൂട്ടുകാരുടെ നിര്‍ബന്ധങ്ങള്‍ക്കു വഴങ്ങിയോ ലഹരികള്‍ പരീക്ഷിച്ചുനോക്കുന്ന കുട്ടികള്‍ പതിയെ അഡിക്ഷനിലേക്കു വഴുതുകയാണു പലപ്പോഴും സംഭവിക്കുന്നത്. ലഹരിയുപയോഗം തുടക്കത്തിലേ തിരിച്ചറിയാനായാല്‍ വലിയ നാശനഷ്ടങ്ങള്‍ ഭവിക്കുന്നതിനു മുന്നേതന്നെ അവരെ രക്ഷിച്ചെടുക്കാന്‍ കഴിയാറുണ്ട്. മദ്യപാനമോ പുകവലിയോ പുകയിലയുത്പന്നങ്ങളുടെ ഉപയോഗമോ ഒക്കെ തിരിച്ചറിയുക മിക്ക മാതാപിതാക്കള്‍ക്കും ക്ലേശകരമല്ലെങ്കിലും വിപണിയില്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന പല പുതിയ ലഹരികളുടെയും കാര്യം അങ്ങിനെയല്ല. വിവിധ ലഹരികള്‍ ഉപയോഗിക്കുന്നവര്‍ പ്രകടമാക്കാറുള്ള ലക്ഷണങ്ങളെപ്പറ്റി അവബോധം നേടുന്നത് പ്രശ്നം മുളയിലേ തിരിച്ചറിയാനും “എന്നെ ചുമ്മാ സംശയിക്കുന്നു” എന്ന മറുപരാതിയുയര്‍ത്തി കുട്ടിക്കു പ്രതിരോധിക്കാന്‍ ആവാതിരിക്കാനുമൊക്കെ സഹായകമാവും.
ഏതാനും പൊതുലക്ഷണങ്ങള്‍
ലഹരിയുപയോഗം തുടങ്ങുകയോ ശീലമാവുകയോ ചെയ്ത കുട്ടികള്‍ പ്രകടമാക്കാറുള്ള ചില സൂചനകളിതാ:
- വൃത്തിയിലും വെടിപ്പിലും ശ്രദ്ധ കുറയുക. ഹോബികളില്‍ താല്‍പര്യം പോവുക. പഠനത്തില്‍ പിന്നാക്കമാവുക.
- മുന്‍കോപം, അമിതോത്ക്കണ്ഠ, എല്ലാറ്റിനോടുമുള്ള നിസംഗത, പതിവില്ലാത്ത അലസത.
- സ്വയംമതിപ്പു നഷ്ടമായ മട്ടിലുള്ള പെരുമാറ്റം.
- ഏകാഗ്രതയും ഓര്‍മയും ദുര്‍ബലമാവുക.
- ശാരീരികാരോഗ്യം വഷളാവുക. കൈകളോ തലയോ വിറയ്ക്കുക. മെയ്’വഴക്കം കുറയുക.
- ഇടയ്ക്കിടെയുള്ള ഓക്കാനം. അമിതമായ വിയര്‍പ്പ്.
- മുഖം നീരുവെച്ചപോലെ തോന്നിക്കുക. കൃഷ്ണമണികള്‍ വികസിച്ചോ ചെറുതായോ കാണപ്പെടുക.
- ഉറക്കത്തിന്‍റെയും ആഹാരമെടുപ്പിന്‍റെയും താളംതെറ്റുക.
- രഹസ്യാത്മകതയോടെ പെരുമാറാന്‍ തുടങ്ങുക. കൂടുതല്‍ സ്വകാര്യത ആവശ്യപ്പെടുക. മുമ്പൊരിക്കലുമില്ലാത്തവിധം കള്ളങ്ങള്‍ പറയുക.
- പുതിയ പുതിയ കൂട്ടുകാര്‍ പ്രത്യക്ഷപ്പെടുക.
- പതിവില്ലാത്ത നേരങ്ങളില്‍ വരാനും പോവാനും തുടങ്ങുക. വീട്ടില്‍ക്കയറിവരുമ്പോള്‍ മറ്റുള്ളവര്‍ക്കു മുഖംകൊടുക്കാന്‍ മടിക്കുക.
- നിരന്തരം പണം ആവശ്യപ്പെടുക. ഇടയ്ക്കിടെ പണം കടം വാങ്ങുക. കടങ്ങള്‍ വീട്ടാനായി കളിപ്പാട്ടങ്ങളും മറ്റും വിറ്റഴിക്കുകയോ മോഷ്ടിക്കാന്‍ തുനിയുകയോ ചെയ്യുക.
- പുതിയ ഹോബികളിലും പാര്‍ട്ട്ടൈം ജോലികളിലും താല്‍പര്യം കാട്ടുക (ഇതു ലഹരിക്കുള്ള പണം സമാഹരിക്കാനാവാം.)
ഇനി, ചില നിശ്ചിത ലഹരിപദാര്‍ത്ഥങ്ങളെയും അവയെടുക്കുന്നവര്‍ പ്രകടിപ്പിക്കാവുന്ന സവിശേഷ ലക്ഷണങ്ങളെയും പരിചയപ്പെടാം.
കഞ്ചാവ്
കൊച്ചി ഗവണ്മെന്‍റ് മെഡിക്കല്‍ കോളേജും ദേശീയ ഗ്രാമീണാരോഗ്യ മിഷനും ചേര്‍ന്ന് എറണാകുളം ജില്ലയില്‍ നടത്തിയ സര്‍വേ വെളിപ്പെടുത്തിയത് കോളേജ്, സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ യഥാക്രമം 1.7, 0.6 ശതമാനങ്ങള്‍ കഞ്ചാവു വലിച്ചിട്ടുണ്ടെന്നാണ്. കഞ്ചാവ് അതുപയോഗിക്കുന്നവരില്‍ ഏറെ മാനസികപ്രശ്നങ്ങള്‍ക്കു വഴിവെക്കുന്നുണ്ട്.
കഞ്ചാവുലഹരിയിലിരിക്കുന്നവരുടെ കൃഷ്ണമണികള്‍ വലുതാവാം. കണ്‍വെള്ളകള്‍ ചുവക്കാം. കൈകാലുകളോ കണ്‍പോളകളോ വിറയ്ക്കാം. ഹൃദയമിടിപ്പു വര്‍ദ്ധിക്കാം. ഉറക്കച്ചടവു പ്രകടമാവാം. നടക്കുമ്പോള്‍ വേച്ചുപോവാം. തൊണ്ട വല്ലാതെ വരളുകയും ഇടയ്ക്കിടെ വെള്ളംകുടിക്കുകയും ചെയ്യാം. കുട്ടിയുടെ കണ്ണുകള്‍ക്ക് ഏകദേശം രണ്ടടി മുന്നിലായി നിങ്ങളുടെ ചൂണ്ടുവിരല്‍ നീട്ടിപ്പിടിച്ച്, അത് ഇടത്തേക്കും വലത്തേക്കും ചലിപ്പിച്ച്, അവനോട് ആ വിരലിലേക്കുതന്നെ നോക്കാന്‍ ആവശ്യപ്പെട്ടാല്‍ അവന്‍റെ രണ്ടു കണ്ണുകള്‍ക്കും അതിനെ ഒത്തിണക്കത്തോടെ പിന്തുടരാന്‍ പ്രയാസം കണ്ടേക്കാം (ചിത്രം 1). ഇപ്പറഞ്ഞ ലക്ഷണങ്ങളൊക്കെ കഞ്ചാവെടുത്ത് രണ്ടുമൂന്നു മണിക്കൂറുവരെ നിലനില്‍ക്കാം. കഞ്ചാവുപുകയ്ക്ക് തക്കാളിയുടേതിനും തേയിലയുടേതിനും സമാനമായ ഒരുതരം പച്ചമരുന്നുഗന്ധമാണ്. അത് വസ്ത്രങ്ങളിലും മുടിയിലുമൊക്കെ ഏറെ നേരം തങ്ങിനില്‍ക്കാം.
ചിത്രം 1
കഞ്ചാവ് സ്ഥിരമായി ഉപയോഗിക്കുന്നവര്‍ താഴെക്കൊടുത്ത ലക്ഷണങ്ങള്‍ കാണിക്കാം:
- വിശപ്പ് അമിതമാവുക. ഫാസ്റ്റ്ഫുഡ്, സോഫ്റ്റ്ഡ്രിങ്കുകള്‍, ബേക്കറിസാധനങ്ങള്‍ തുടങ്ങിയവയോട് പുതിയൊരു പ്രതിപത്തിയുണ്ടാവുക.
- ചോക്ക്ളേറ്റുകള്‍ സംഭരിക്കാന്‍ തുടങ്ങുക — ഇത് കഞ്ചാവ് അതില്‍ക്കുഴച്ചു തിന്നാനാവാം.
- അകാരണമായും അസ്ഥാനത്തുമൊക്കെ ചിരിക്കുക.
- തള്ളവിരലിലും ചൂണ്ടുവിരലിലും പൊള്ളല്‍പ്പാടുകള്‍.
- ച്യൂയിംഗം, മിന്‍റ് തുടങ്ങിയവ ചവക്കുക. മൌത്ത്'വാഷ് ഉപയോഗിക്കുക. കണ്ണില്‍ മരുന്നുറ്റിക്കുക.
- മുറിയില്‍ റൂംഫ്രഷ്നര്‍, ചന്ദനത്തിരി തുടങ്ങിയവ പ്രയോഗിക്കുക. വാതിലിനടിയിലെ വിടവ് അടക്കുക.
- മുറിയില്‍ കഞ്ചാവിന്‍റെ തണ്ടോ കുരുക്കളോ കണ്ടുകിട്ടുക. കഞ്ചാവുകുരു കാഴ്ചക്ക് ഏകദേശം മല്ലിക്കുരുപോലിരിക്കും (ചിത്രങ്ങള്‍ 2, 3).
- മുറിയില്‍നിന്ന് സാധാരണ കാണാത്തതരം പൈപ്പുകളോ കുത്തിയിടിച്ചുപൊടിക്കാനുള്ള സാമഗ്രികളോ ചുരുട്ടിയ പേപ്പറുകളോ കിട്ടുക.
- വീട്ടിലെ പഞ്ഞി, സ്പിരിറ്റ്, തീപ്പെട്ടി, കത്തികള്‍ മുതലായവ ഇടയ്ക്കിടെ അപ്രത്യക്ഷമാവുക.
- ഇന്‍റര്‍നെറ്റ് ഹിസ്റ്ററിയില്‍ കഞ്ചാവിന്‍റെ വിശദാംശങ്ങളുള്ള ഏറെ സൈറ്റുകള്‍ കാണപ്പെടുക.
ചിത്രം 2
ചിത്രം 3
എത്രതന്നെ തെളിവുകള്‍ ചൂണ്ടിക്കാട്ടിയാലും കഞ്ചാവുപയോഗം സമ്മതിച്ചുതരാത്തവരോട് മൂത്രപരിശോധനയ്ക്കു വിധേയരാവാന്‍ ആവശ്യപ്പെടുക. ഇടയ്ക്കെപ്പോഴെങ്കിലും മാത്രം കഞ്ചാവെടുക്കുന്നവരില്‍ വലിച്ചു മൂന്നുദിവസം വരെയും സ്ഥിരംവലിക്കാരില്‍ ഒരു മാസം വരെയും ടെസ്റ്റ് പോസിറ്റീവായിരിക്കും. പരിശോധനാദിവസം കക്ഷി പതിവിലധികം വെള്ളംകുടിച്ച് പ്ലാന്‍ അട്ടിമറിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
കൊക്കെയ്ന്‍
വെളുത്ത, പ്രത്യേകിച്ചു മണമൊന്നുമില്ലാത്ത, കയ്പ്പുള്ള ഒരു പൊടിയുടെ രൂപത്തിലാണ് കൊക്കെയ്ന്‍ ലഭ്യമാവുന്നത് (ചിത്രം 4). അതിന്‍റെ അമിതമോ നിരന്തരമോ ആയ ഉപയോഗം ഏകാഗ്രത, ചിന്താശേഷി, മെയ്’വഴക്കം, ചുറുചുറുക്ക്, ലൈംഗികചോദന തുടങ്ങിയവയെ ദുര്‍ബലപ്പെടുത്താം. സ്കിസോഫ്രീനിയ പോലുള്ള ഗുരുതരമായ മനോരോഗങ്ങള്‍ക്കും കൊക്കെയ്ന്‍ കാരണമാവാറുണ്ട്. മൂക്കിലൂടെ കൊക്കെയ്ന്‍ ആവര്‍ത്തിച്ചു വലിക്കുന്നത് മൂക്കിനുള്ളില്‍ കേടുപാടുകള്‍ക്കു നിമിത്തമാവുകയും മൂക്കിന്‍പാലത്തിലെ എല്ലുപോലുള്ള ഭാഗം ദ്രവിച്ചുപോവാനിടയാക്കുകയും ചെയ്യാം. കൊക്കെയ്ന്‍ ഇഞ്ചക്ഷന്‍രൂപത്തില്‍ കുത്തിവെക്കുന്നത് ശ്വാസകോശത്തിനും ഹൃദയത്തിനും കരളിനും ഹാനികരമാവാം.
ചിത്രം 4
കൊക്കെയ്ന്‍ ഉപയോഗിക്കുന്നവരുടെ മൂക്കിലോ മുഖത്തോ വസ്ത്രത്തിലോ മാഗസിനുകള്‍ക്കുള്ളിലോ കിടയ്ക്കക്കടിയിലോ ഒക്കെ വെളുത്ത പൊടി കാണപ്പെടാം. അവര്‍ ഇടയ്ക്കിടെ മൂക്കില്‍ത്തൊടുകയോ മൂക്കു ചീറ്റുകയോ ചെയ്യാം. മൂക്കടപ്പോ മൂക്കില്‍നിന്നു രക്തസ്രാവമോ അവര്‍ക്കു നിരന്തരം വരാം. കണ്ണുകള്‍ നല്ല ചുവന്നും കൃഷ്ണമണികള്‍ വികസിച്ചും കാണപ്പെടാം. വിശപ്പുകുറവ്, മെലിച്ചില്‍, ക്ഷീണം, ഉദാസീനത, ഉള്‍വലിച്ചില്‍ എന്നിവയും കണ്ടേക്കാം. കൊക്കെയ്ന്‍റെ ലഹരി അര മണിക്കൂറു നേരത്തേക്കൊക്കെയേ നിലനിന്നേക്കൂവെന്നതിനാല്‍ അതെടുക്കുന്നവര്‍ അതിനായി ഇടയ്ക്കിടെ ബാത്ത്റൂമിലോ മറ്റോ കയറാം. കൊക്കെയ്ന്‍ കുത്തിവെക്കാറുള്ളവരുടെ ദേഹത്ത് അതിന്‍റെ പാടുകളുണ്ടാവും.
എക്സ്റ്റസി
എം.ഡി.എം.എ. എന്നാണ് എക്സ്റ്റസിയുടെ ശരിക്കുള്ള പേര്. നാനാവര്‍ണങ്ങളിലുള്ള ഗുളികകളായാണ് ഇതു ലഭിക്കാറ് (ചിത്രം 5). ഇവ കഴിച്ചാലുടനെ പല്ലുകടി, ഓക്കാനം, കാഴ്ച മങ്ങല്‍, സ്ഥലകാലബോധമില്ലായ്ക, പേശിവേദന, അമിതവിയര്‍പ്പ്, കടുത്ത പേടി, നടക്കുമ്പോള്‍ വേച്ചുപോവല്‍ എന്നിവ വരാം. സമയം നീങ്ങുന്നതിന്‍റെ വേഗത മനസ്സിലാക്കാനാവാതെ പോവാം. അമിതമായ ആത്മവിശ്വാസമോ ഉത്ക്കണ്ഠയോ അക്രമാസക്തതയോ ദൃശ്യമാവാം. അശരീരി ശബ്ദങ്ങള്‍ കേള്‍ക്കുക, ഇല്ലാത്ത കാഴ്ചകള്‍ കാണുക, അനാവശ്യ സംശയങ്ങളും ഭീതികളും, വിചിത്രരീതിയിലുള്ള പെരുമാറ്റം എന്നിവയും പ്രകടമാവാം. എക്സ്റ്റസി ഏറെയളവില്‍ ഉപയോഗിക്കുന്നവര്‍ക്ക് അപസ്മാരം വന്നേക്കാം.
ചിത്രം 5
ഒരിക്കല്‍ എക്സ്റ്റസിയുപയോഗിച്ചാല്‍ ഏറെനാളത്തേക്ക് ഉത്സാഹക്കുറവും നിരാശയും മുന്‍കോപവും ഉറക്കക്കുറവും വിശപ്പില്ലായ്മയുമൊക്കെ അനുഭവപ്പെടാം. എക്സ്റ്റസി ഏറെനാളുപയോഗിക്കുന്നവര്‍ക്ക് തളര്‍ച്ച, നിരന്തരമുള്ള ജലദോഷം, ഓര്‍മപ്രശ്നങ്ങള്‍, വിഷാദം, ഉത്ക്കണ്ഠ മുതലായവ പിടിപെടാം.
എല്‍.എസ്.ഡി.
“പാര്‍ട്ടിഡ്രഗ്” എന്നാണ് എല്‍.എസ്.ഡി. അറിയപ്പെടുന്നത്. നാക്കിന്‍തുമ്പിലൊട്ടിക്കാവുന്ന ചെറിയ സ്റ്റിക്കറുകളായാണ് ഇതു വില്‍ക്കപ്പെടാറ് (ചിത്രങ്ങള്‍ 6,7). ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനം താറുമാറാക്കുകയും അങ്ങിനെ ചുറ്റുപാടുകളെക്കുറിച്ചുള്ള അവബോധം നഷ്ടമാക്കുകയുമാണ് എല്‍.എസ്.ഡി.യുടെ രീതി. കാഴ്ചയ്ക്കു മങ്ങലുണ്ടാക്കുക, ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കാനും ഇല്ലാത്ത കാഴ്ചകള്‍ കാണാനും ഇടയൊരുക്കുക, ശ്വാസോച്ഛ്വാസം ക്രമരഹിതമാക്കുക, ഒരേനേരത്ത് ഒന്നിലധികം വികാരങ്ങള്‍ തോന്നിപ്പിക്കുക, ഒരു വികാരത്തിനു തൊട്ടുപിറകെ മറ്റൊരെണ്ണം അനുഭവിപ്പിക്കുക തുടങ്ങിയവയാണ് എല്‍.എസ്.ഡി.യുടെ പതിവുവിക്രിയകള്‍. എല്‍.എസ്.ഡി.ലഹരിയില്‍ നില്‍ക്കുന്നവര്‍ ഒറ്റയ്ക്കു സംസാരിക്കുകയും ഭിത്തിയിലും മറ്റും തുറിച്ചുനോക്കുകയും വായുവില്‍നിന്ന് എന്തോ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയുമൊക്കെച്ചെയ്യാം.
ചിത്രം 6
ചിത്രം 7
ഇന്ദ്രിയങ്ങളില്‍ എല്‍.എസ്.ഡി. സൃഷ്ടിക്കുന്ന കുഴപ്പങ്ങള്‍ മൂലം, അതെടുത്തവര്‍ നിറങ്ങളെ കേള്‍ക്കാനും ശബ്ദങ്ങളെ കാണാനുമൊക്കെത്തുടങ്ങാം. ‘സിനെസ്തീസ്യ’ (synaesthesia) എന്നാണ് ഈ പ്രതിഭാസത്തിനു പേര്. ഇതനുഭവിക്കുന്നവര്‍ “എനിക്ക് ആ പാട്ടു കാണാന്‍ സാധിക്കുന്നുണ്ട്,” “ആ മരങ്ങളുടെ ശബ്ദം മനോഹരമായിരിക്കുന്നു” എന്നൊക്കെപ്പറയാം.
ഇനിയും ചിലര്‍ക്ക് അകലം, വലിപ്പം, വേഗത, സമയം തുടങ്ങിയവ വിലയിരുത്തുന്നതില്‍ പാകപ്പിഴകള്‍ പിണയാം. അരികിലുള്ള വസ്തുക്കള്‍ ഏറെ ദൂരെയായി ദൃശ്യമാവുക, പതിയെച്ചലിക്കുന്ന വസ്തുക്കള്‍ക്കുപോലും ദ്രുതവേഗമുണ്ടെന്നു തോന്നുക എന്നിവ ഉദാഹരണങ്ങളാണ്. ഇത്തരം എഫക്റ്റുകള്‍ പന്ത്രണ്ടു മണിക്കൂറോളം നീണ്ടുനില്‍ക്കാമെന്നതിനാല്‍ മാതാപിതാക്കള്‍ക്കും മറ്റും അവ നേരില്‍ക്കാണാന്‍കിട്ടാന്‍ സാദ്ധ്യത കൂടുതലുണ്ട്. “ആ ബില്‍ഡിംഗ് എത്ര ദൂരത്താണ്?”, “നാം ഇവിടെയിരിക്കാന്‍ തുടങ്ങിയിട്ട് എത്ര നേരമായി?” എന്നൊക്കെയുള്ള ചോദ്യങ്ങളുയര്‍ത്തുന്നത് ഇത്തരം ലക്ഷണങ്ങള്‍ വെളിച്ചത്തുവരാന്‍ സഹായിക്കും.
എല്‍.എസ്.ഡി.യെടുക്കുന്നവരില്‍ ചിലര്‍ക്കു കിട്ടുന്നത് വല്ലാതെ അരോചകമായ അനുഭവങ്ങളാകാം. “ബാഡ് ട്രിപ്പ്” എന്നാണ് ഇതറിയപ്പെടുന്നത്. ദേഹമാസകലം ചിലന്തികള്‍ പാഞ്ഞുനടക്കുന്നതായിത്തോന്നുക, തെരുവുകളിലൂടെ ഓടാനോ ഉയരങ്ങളില്‍നിന്ന് എടുത്തുചാടാനോ ഒക്കെ പ്രേരിപ്പിക്കുന്നത്ര തീക്ഷ്ണമായൊരു ഉള്‍ക്കിടിലമുളവാകുക എന്നൊക്കെ ബാഡ് ട്രിപ്പില്‍ സംഭവിക്കാം. വേറെച്ചിലര്‍ക്ക് എല്‍.എസ്.ഡി.യെടുത്തു മാസങ്ങള്‍ക്കോ വര്‍ഷങ്ങള്‍ക്കോ ശേഷം ഇത്തരം ലക്ഷണങ്ങള്‍ “ഫ്ലാഷ്ബാക്കു”കളായി പുനരനുഭവപ്പെടാം. എല്‍.എസ്.ഡി.യുടെ നിരന്തരമായ ഉപയോഗം ഓര്‍മയെയും ഏകാഗ്രതയെയും ദുര്‍ബലപ്പെടുത്തുകയും മനോരോഗങ്ങള്‍ സംജാതമാക്കുകയും ചെയ്യാം.
മൂക്കില്‍ വലിക്കുന്ന ദ്രാവകങ്ങള്‍
ഫെവിക്കോള്‍, പെയിന്‍റ്, പെട്രോള്‍ തുടങ്ങിയവ ലഹരിയ്ക്കു വേണ്ടി മൂക്കിലൂടെ വലിച്ചുകയറ്റുന്നവരുണ്ട്. ഇവയുടെ പ്രഭാവത്തില്‍ മയക്കം, തല കറക്കം, നാക്കുകുഴച്ചില്‍, ഓക്കാനം, വിശപ്പുകുറവ്, മുന്‍ശുണ്‍ഠി എന്നിവയുണ്ടാകാം. ദീര്‍ഘകാലോപയോഗം രോഗപ്രതിരോധശേഷി കുറയാനും കാന്‍സറുകള്‍ക്കും കേള്‍വിക്കുറവിനും ശ്വാസകോശരോഗങ്ങള്‍ക്കുമൊക്കെ ഇടയൊരുക്കാം. ചില തരം കെമിക്കലുകള്‍ അമിതയളവില്‍ ശ്വസിക്കുന്നവര്‍ക്ക് ഉടനടി മരണം സംഭവിക്കുകപോലും ചെയ്യാം.
താഴെക്കൊടുത്ത സാഹചര്യങ്ങളില്‍ ഇത്തരം അഡിക്ഷനുകള്‍ സംശയിക്കാം:
- കുട്ടിയുടെ ശ്വാസത്തിലോ മുറിയിലോ കെമിക്കലുകളുടെ മണം അനുഭവപ്പെടുക.
- മുറിയിലോ മറ്റോ പെയിന്റുടിന്നോ പശപ്പാത്രങ്ങളോ ഒക്കെ ഒളിച്ചുവെച്ചിരിക്കുന്നതായി കാണുക.
- കയ്യിലോ മുഖത്തോ വസ്ത്രങ്ങളിലോ കറകള്‍ ദൃശ്യമാവുക.
- ഇവ വലിക്കാനുപയോഗിക്കുന്ന ബലൂണുകളോ പ്ലാസ്റ്റിക് ബാഗുകളോ കണ്ടുകിട്ടുക.
മുകളില്‍ വിവരിച്ചതില്‍ പല ലക്ഷണങ്ങളും തികച്ചും നോര്‍മലായവരും പ്രകടിപ്പിച്ചേക്കാമെന്നതും അവയില്‍പ്പലതും ചില മാനസികപ്രശ്നങ്ങളുടെ സൂചനകളാവാന്‍ സാദ്ധ്യതയുണ്ടെന്നതും വിസ്മരിക്കരുത്.
അടുത്ത നടപടികള്‍
കുട്ടി ലഹരിയെടുക്കുന്നുണ്ടെന്നു ബോദ്ധ്യപ്പെട്ടു കഴിഞ്ഞാല്‍ ആകുലതപ്പെടാനോ പൊട്ടിത്തെറിക്കാനോ തുടങ്ങാതെ, സമചിത്തതയോടും ഉത്തരവാദിത്തബോധത്തോടും വേണം പ്രശ്നം കൈകാര്യംചെയ്യാന്‍. കുട്ടിക്കു നിങ്ങളോടുള്ള അടുപ്പമോ എന്തും തുറന്നുപറയാമെന്ന വിശ്വാസമോ തകര്‍ന്നേക്കാവുന്ന രീതിയില്‍ പ്രതികരണമരുത്.
ഒരു ന്യൂനപക്ഷം, വിശേഷിച്ചും ലഹരിയാലുള്ള കെടുതികളും അതേപ്രതിയുള്ള കുറ്റബോധവുമൊക്കെ അലട്ടിത്തുടങ്ങിയവര്‍, എല്ലാം തുറന്നുപറയാന്‍ ഒരവസരം കാത്തിരുന്നപോലെ, വലിയ എതിര്‍പ്പുകളില്ലാതെ കാര്യങ്ങള്‍ തുറന്നുസമ്മതിക്കാം. മിക്കവരും പക്ഷേ തെളിവുകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടാലും ലഹരിയുപയോഗിക്കുന്നുണ്ടെന്നു സമ്മതിക്കാനോ വിശദാംശങ്ങള്‍ വെളിപ്പെടുത്താനോ വിമുഖത കാട്ടാം. ശിക്ഷയൊന്നും കിട്ടില്ല, ഗുണമേയുണ്ടാവൂ, ലഹരിയുപയോഗത്തില്‍നിന്നു പുറത്തുകടക്കാനുള്ള സഹായങ്ങളും ചികിത്സയെടുക്കാനുള്ള സൌകര്യങ്ങളും ചെയ്തുതരാം എന്നൊക്കെയുള്ള ഉറപ്പുകള്‍ കാര്യങ്ങള്‍ തുറന്നുപറയാനവര്‍ക്കു പ്രോത്സാഹനമാവാം.
കുട്ടി ദേഷ്യത്തോടെയോ അക്രമാസക്തമായോ പ്രതികരിക്കുന്നെങ്കില്‍ അതു വ്യക്തിപരമായി എടുക്കാതിരിക്കുക — അതവര്‍ സ്വയമറിഞ്ഞു ചെയ്യുന്നതാവണമെന്നില്ല, മറിച്ച്, ലഹരി അവരുടെ തലച്ചോറില്‍ പ്രവര്‍ത്തിച്ച കൈക്രിയകളാവാം അതിനു പിന്നില്‍. എടുത്തുകഴിഞ്ഞ ലഹരി, കുട്ടിയെക്കൊണ്ട് കുതന്ത്രങ്ങള്‍ ചിന്തിപ്പിക്കുകയോ പച്ചക്കള്ളങ്ങള്‍ പറയിക്കുകയോ മറ്റുള്ളവരെ അനാവശ്യമായി പഴിചാരിക്കുകയോ ഒക്കെച്ചെയ്യാം. കുട്ടിയല്ല, മറിച്ച് ലഹരിയുപയോഗമെന്ന രോഗമാണ് നിങ്ങളുടെ എതിരാളി എന്നതു മറന്നു പ്രതികരിക്കാതിരിക്കുക. കുട്ടിയുടെ കൂടി സഹകരണത്തോടെ ആ രോഗത്തോടു പൊരുതാന്‍ നിശ്ചയിക്കുന്നതാണു ബുദ്ധിപരമാവുക.
ലഹരിയുപയോഗം നിര്‍ത്താനും ചികിത്സ സ്വീകരിക്കാനും കുട്ടിക്കു താല്‍പര്യം ജനിപ്പിക്കാന്‍ താഴെക്കൊടുത്ത തരം ചോദ്യങ്ങള്‍ ഉപയോഗിക്കാം:
- കാര്യങ്ങള്‍ ഇതേ പോക്കുപോയാല്‍ എന്തൊക്കെക്കുഴപ്പങ്ങളില്‍ ചെന്നെത്തിയേക്കാം എന്നാണ് നിനക്കു തോന്നുന്നത്?
- ലഹരിയുപയോഗം നിര്‍ത്തിയാല്‍ എന്തൊക്കെ ഗുണങ്ങളുണ്ടായേക്കാമെന്നാണ് നിന്‍റെ അഭിപ്രായം?
- ഉപയോഗിക്കുന്ന ലഹരിപദാര്‍ത്ഥത്തിന്‍റെ ദോഷഫലങ്ങളെപ്പറ്റി നിനക്ക് എന്തൊക്കെ അറിയാം?
- ഇനിയും ഒരു മൂന്നുനാലു വര്‍ഷം കൂടി ലഹരിയുപയോഗിച്ചാല്‍ നിനക്കുണ്ടായേക്കാവുന്ന ഏറ്റവും വലിയ നഷ്ടമെന്താവും?
- ഇപ്പോഴത്തെ ഒരു ജീവിതാവസ്ഥയില്‍ നിനക്കിഷ്ടമില്ലാത്ത എന്തൊക്കെക്കാര്യങ്ങളാണുള്ളത്? അതില്‍ ഏതിന്‍റെയെങ്കിലും പിന്നില്‍ നീയുപയോഗിക്കുന്ന ലഹരിക്കു പങ്കുണ്ടോ?
- ലഹരിയുപയോഗം തുടങ്ങുന്നതിനു മുമ്പത്തെയും ഇപ്പോഴത്തെയും സാഹചര്യങ്ങളെ താരതമ്യപ്പെടുത്തിയാല്‍, ഈയൊരു കാലയളവില്‍ എന്തൊക്കെ നഷ്ടങ്ങളും പ്രശ്നങ്ങളും വന്നുഭവിച്ചിട്ടുണ്ട്?
- ലഹരിയുപയോഗം തുടങ്ങുന്നതിനു മുമ്പുള്ള കാലത്ത് നിന്‍റെ സ്വപ്നങ്ങളും പ്രതീക്ഷകളും എന്തൊക്കെയായിരുന്നു? അവയിലേതെങ്കിലും ഇക്കാലയളവില്‍ ലഹരിയുപയോഗം നിമിത്തം നിറവേറപ്പെടാതെ പോവുകയുണ്ടായോ?
കുട്ടിയെ പിന്തിരിപ്പിക്കാന്‍ സ്വന്തം നിലയ്ക്കു പരിശ്രമിക്കുന്നതിനൊപ്പം വിദഗ്ദ്ധസഹായവും ലഭ്യമാക്കുക. ലഹരിയുപയോഗത്തിലേക്കു നയിച്ച സാഹചര്യങ്ങളുടെ ആവര്‍ത്തനം തടയാനുള്ള മനശ്ശാസ്ത്രചികിത്സകളും അവശ്യസന്ദര്‍ഭങ്ങളില്‍ മരുന്നുകളും പ്രയോജനപ്പെടുത്തുന്നത് കുട്ടിക്ക് ലഹരിമുക്തമായൊരു ഭാവി കരഗതമാവാന്‍ ഉപകരിച്ചേക്കും.