(ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ എഴുതിയത്)
എന്നെങ്കിലുമൊരിക്കലുള്ള നിയന്ത്രിതമായ മദ്യപാനത്തെ ആധുനിക വൈദ്യശാസ്ത്രം ഒരു അസുഖമായി പരിഗണിക്കുന്നില്ല. എന്നാല്‍ മദ്യം ഒരു വ്യക്തിയുടെ ശരീരത്തെയും മനസ്സിനെയും ദൈനംദിനജീവിതത്തെയും നിയന്ത്രിക്കുന്ന ഒരവസ്ഥയിലേക്ക് മദ്യപാനം വളരുമ്പോള്‍ അത് ചികിത്സ ആവശ്യമായ ഒരു രോഗാവസ്ഥയായി മാറുന്നു. ആല്‍ക്കഹോള്‍ ഡിപ്പെന്‍ഡന്‍സ് (alcohol dependence) എന്ന ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ താഴെപ്പറയുന്നവയാണ്:
- മുമ്പ് ഉപയോഗിച്ചുപോന്ന അതേ അളവില്‍ മദ്യം കഴിക്കുമ്പോള്‍ ലഹരി തോന്നാതെ വരികയും, ലഹരി കിട്ടാന്‍ വേണ്ടി പഴയതിലും കൂടുതല്‍ അളവില്‍ മദ്യം ഉപയോഗിക്കേണ്ടി വരികയും ചെയ്യുക.
- മദ്യപാനത്തില്‍ നിന്നു വിട്ടുനില്‍ക്കുമ്പോള്‍ വിറയല്‍, ഉറക്കമില്ലായ്മ, ഉത്ക്കണ്ഠ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. ഇതൊഴിവാക്കാന്‍ വേണ്ടി തുടര്‍ച്ചയായി മദ്യം ഉപയോഗിക്കേണ്ട അവസ്ഥയുണ്ടാവുക.
- കുറഞ്ഞ അളവില്‍, അല്ലെങ്കില്‍ കുറച്ചു സമയം, മാത്രമേ മദ്യം ഉപയോഗിക്കൂ എന്നു തീരുമാനിച്ചാലും അതിനു പറ്റാതെ വരിക.
- മദ്യപാനം നിയന്ത്രിക്കാനോ നിര്‍ത്താനോ അതിയായ ആഗ്രഹമുണ്ടാവുകയോ, അതിനുള്ള പരിശ്രമങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുകയോ ചെയ്യുക.
- മദ്യം സംഘടിപ്പിക്കാനും കഴിക്കാനും പിന്നെ അതിന്റെ ലഹരിയിറങ്ങാനുമായി വളരെയധികം സമയം പാഴാവുന്ന സ്ഥിതിയുണ്ടാവുക.
- മദ്യപാനം കാരണം ജോലിയോ മറ്റ് ഉത്തരവാദിത്തങ്ങളോ ശരിയായി നിര്‍വഹിക്കാന്‍ പറ്റാതെ വരിക. മദ്യപാനമല്ലാതെ മറ്റൊരു നേരമ്പോക്കുമില്ലാത്ത അവസ്ഥയുണ്ടാവുക.
- മദ്യപാനം കാരണം ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് ഉത്തമബോധ്യമുണ്ടായിട്ടും മദ്യം ഉപയോഗിച്ചുകൊണ്ടേയിരിക്കുക.
ഒരു വര്‍ഷത്തിനിടയില്‍ ഇതില്‍ ഏതെങ്കിലും മൂന്നു ലക്ഷണങ്ങള്‍ ഒരു വ്യക്തിയില്‍ പ്രകടമാണെങ്കില്‍ അയാള്‍ക്ക് ആല്‍ക്കഹോള്‍ ഡിപ്പെന്‍ഡന്‍സ് ഉണ്ട് എന്നുപറയാം.
ചികിത്സയുടെ ഘട്ടങ്ങള്‍
ആല്‍ക്കഹോള്‍ ഡിപ്പെന്‍ഡന്‍സിന്റെ ചികിത്സ രണ്ടു ഘട്ടങ്ങളായാണ് ചെയ്യുന്നത്. മദ്യപാനം പെട്ടെന്ന് നിര്‍ത്തുമ്പോള്‍ ശരീരത്തില്‍ നേരത്തേ സൂചിപ്പിച്ച പല പ്രതിപ്രവര്‍ത്തനങ്ങളും ഉണ്ടാവാറുണ്ട്. അവയെ നിയന്ത്രിക്കാനുള്ള ഡീറ്റോക്സിഫിക്കേഷന്‍ (detoxification) ആണ് ചികിത്സയുടെ ആദ്യഘട്ടം. അതിനു ശേഷം മദ്യപാനം പുനരാരംഭിക്കാതിരിക്കാന്‍ രോഗിയെ പ്രാപ്തനാക്കുന്ന റിലാപ്സ് പ്രിവെന്‍ഷന്‍ (relapse prevention) എന്ന ഘട്ടവും. ഈ രണ്ടു ഘട്ടങ്ങളിലും വ്യത്യസ്തമരുന്നുകളാണ് ഉപയോഗിക്കപ്പെടുന്നത്.
ഡീറ്റോക്സിഫിക്കേഷന്‍
സ്ഥിരമായി മദ്യം ഉപയോഗിക്കുന്ന ഒരാള്‍ മദ്യപാനം നിര്‍ത്തുമ്പോള്‍ ഏകദേശം എട്ടുമണിക്കൂര്‍ കഴിഞ്ഞാണ് അയാളുടെ ശരീരത്തില്‍ മദ്യം കിട്ടാത്തതിന്റെ പ്രതികരണങ്ങള്‍ (withdrawal symptoms) ആരംഭിക്കുന്നത്. വിറയല്‍, ഉറക്കമില്ലായ്മ, മനംപിരട്ടല്‍ തുടങ്ങിയവയാണ് ആദ്യം പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍. അടുത്ത ഒന്നുരണ്ടു ദിവസങ്ങളില്‍ അകാരണമായ ഉത്ക്കണ്ഠ, വെപ്രാളം, തലവേദന, അമിതമായ വിയര്‍പ്പ് എന്നിവയും പ്രകടമായേക്കാം. രണ്ടാംദിവസത്തിനു ശേഷം 5 ശതമാനത്തോളം ആളുകള്‍ക്ക് അപസ്മാരം കാണപ്പെടാറുണ്ട്. മൂന്നാമത്തെയും നാലാമത്തെയും ദിവസങ്ങളില്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കൂടുതല്‍ വഷളായേക്കാം. ഈ ദിവസങ്ങളില്‍ ഏകദേശം 5 ശതമാനം ആളുകള്‍ക്ക് ഡെലീരിയം ട്രെമന്‍സ് (delirium tremens) എന്ന കൂടുതല്‍ മാരകമായ അസുഖം പ്രത്യക്ഷപ്പെടാറുണ്ട്. പനി, സ്ഥലകാലങ്ങളെക്കുറിച്ചുള്ള വിഭ്രമം, അകാരണമായ പേടികള്‍, അസ്ഥാനത്തുള്ള സംശയങ്ങള്‍, ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുകയും മായക്കാഴ്ചകള്‍ കാണുകയും ചെയ്യുക (hallucinations) തുടങ്ങിയവ ഡെലീരിയം ട്രെമന്‍സിന്റെ ലക്ഷണങ്ങളാണ്. തക്കചികിത്സ ലഭിച്ചില്ലെങ്കില്‍ ഡെലീരിയം ട്രെമന്‍സ് ബാധിക്കുന്നവരില്‍ 15 ശതമാനത്തോളം ആളുകള്‍ക്ക് മരണം സംഭവിക്കാറുണ്ട്
ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എല്ലാ രോഗികളിലും കാണപ്പെടണമെന്നില്ല. മദ്യം പെട്ടെന്ന് നിര്‍ത്തുന്നവരില്‍ ഏകദേശം 8 ശതമാനം ആളുകള്‍ക്കേ ചികിത്സ ആവശ്യമുള്ളത്ര ശക്തിയുള്ള ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാറുള്ളൂ. മുമ്പ് അപസ്മാരം വന്നിട്ടുള്ളവര്‍, അമിതമായ അളവില്‍ മദ്യം കഴിക്കുന്നവര്‍, മുമ്പ് മദ്യം നിര്‍ത്തിയപ്പോള്‍ ഡെലീരിയം ട്രെമന്‍സിന്റെ ലക്ഷണങ്ങള്‍ കാണിച്ചിട്ടുള്ളവര്‍, കൂടുതല്‍ പ്രായമുള്ളവര്‍, മദ്യപാനം മൂലമുണ്ടാകുന്ന കരള്‍രോഗങ്ങള്‍ ബാധിച്ചവര്‍, ഹൃദ്രോഗികള്‍ തുടങ്ങിയവര്‍ക്ക് ഡെലീരിയം ട്രെമന്‍സ് വരാനുള്ള സാദ്ധ്യത കൂടുതലാണ്. അതുകൊണ്ട് ഈ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് മദ്യപാനം നിര്‍ത്തുമ്പോള്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ടോ എന്നറിയാനുള്ള നിരീക്ഷണങ്ങളും ഡീറ്റോക്സിഫിക്കേഷനുള്ള മരുന്നുകളും അത്യാവശ്യമാണ്.
ബെന്‍സോഡയാസെപിന്‍സ് (Benzodiazepines) എന്ന വിഭാഗത്തില്‍പ്പെടുന്ന ചില മരുന്നുകളാണ് ഡീറ്റോക്സിഫിക്കേഷന് ഉപയോഗിക്കാറുള്ളത്. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതു തടയാനും അവയുടെ ശക്തി ലഘൂകരിക്കാനും ഈ മരുന്നുകള്‍ ഏറെ പ്രയോജനകരമാണ്. സാധാരണയായി ഏകദേശം 5 ദിവസത്തേക്കാണ് ഇവ ഉപയോഗിക്കാറുള്ളത്. ലക്ഷണങ്ങളുടെ കാഠിന്യമനുസരിച്ച് ചിലപ്പോള്‍ ഇവ ഒന്നോരണ്ടോ ആഴ്ചകള്‍ വരെ കഴിക്കേണ്ടി വരാറുണ്ട്. കൂടുതല്‍ അളവില്‍ മദ്യം ഉപയോഗിക്കാറുണ്ടായിരുന്നവര്‍ക്ക് അതിനനുസൃതമായി ഈ മരുന്നുകളുടെ കൂടിയ ഡോസ് ആവശ്യമാവാറുണ്ട്. ആദ്യത്തെ ഒന്നുരണ്ടുദിവസങ്ങളില്‍ കൂടിയ ഡോസ് മരുന്നുകള്‍ കൊടുത്ത ശേഷം അടുത്തദിവസങ്ങളില്‍ അളവ് പതിയെ കുറച്ചുകൊണ്ടുവരികയാണ് ചെയ്യാറുള്ളത്.
സാധാരണനിലയില്‍ ഗുളികകള്‍ പര്യാപ്തമാണെങ്കിലും ശക്തിയായ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ഇഞ്ചക്ഷനുകള്‍ ആവശ്യമായേക്കാം. അതുപോലെത്തന്നെ, ശക്തികുറഞ്ഞ ലക്ഷണങ്ങള്‍ മാത്രം ഉള്ളവര്‍ക്ക് അഡ്മിറ്റ് ആവേണ്ട ആവശ്യമുണ്ടാവാറില്ല. പക്ഷേ ഡെലീരിയം ട്രെമന്‍സിന്റെ ലക്ഷണങ്ങളുള്ളവര്‍ക്കും, വീട്ടില്‍ താമസിച്ച് മദ്യത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും, ശക്തിയായ വിറയല്‍, അപസ്മാരം തുടങ്ങിയവ കാണപ്പെടുന്നവര്‍ക്കും ആശുപത്രികളിലോ ലഹരിവിമുക്തികേന്ദ്രങ്ങളിലോ കിടന്നുള്ള ചികിത്സയാവും കൂടുതല്‍ നല്ലത്.
ഡീറ്റോക്സിഫിക്കേഷനു മരുന്നു കഴിക്കുമ്പോള്‍ വണ്ടിയോടിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഈ മരുന്നുകള്‍ കഴിച്ചുകൊണ്ടിരിക്കെ ഏതെങ്കിലും കാരണവശാല്‍ മദ്യപാനം പുനരാരംഭിക്കുകയാണെങ്കില്‍ ഉടനടി മരുന്നുകള്‍ നിര്‍ത്തിവെക്കേണ്ടതുമാണ്.
വീട്ടില്‍ വെച്ച് മരുന്നുകഴിക്കുന്ന പലരും പിന്നീട് ഡോക്ടറെക്കാണാതെ ഈ മരുന്നുകള്‍ തുടര്‍ച്ചയായി കഴിക്കാറുണ്ട്. മരുന്ന്‍ സ്വയം നിര്‍ത്തിനോക്കുമ്പോള്‍ ഉറക്കക്കുറവ് അനുഭവപ്പെടുകയും, അതുകാരണം തനിക്കിനി മരുന്നില്ലാതെ ഉറങ്ങാന്‍ സാധിക്കില്ലെന്ന് സ്വയം വിധിയെഴുതി ഈ മരുന്നുകള്‍ ദീര്‍ഘകാലം ഉപയോഗിക്കുകയും ചെയ്യുന്നവരുമുണ്ട്. മരുന്നുകളുടെ ഈ രീതിയിലുള്ള അനാവശ്യ ഉപയോഗം പാര്‍ശ്വഫലങ്ങളിലും പാഴ്ച്ചെലവുകളിലുമാണ് ചെന്നെത്തിക്കുക. അതുകൊണ്ട് ഒരു ഡോക്ടറുടെ മേല്‍നോട്ടത്തില്‍ പറ്റുന്നത്ര നേരത്തെ ഈ മരുന്നുകളുടെ ഉപയോഗം അവസാനിപ്പിക്കുന്നതാണ് അഭികാമ്യം.
തുടര്‍ച്ചയായി മദ്യം ഉപയോഗിക്കുന്നവരുടെ ശരീരത്തില്‍ പല വൈറ്റമിനുകളുടെയും ദൌര്‍ലഭ്യം സാധാരണമായതിനാല്‍ ഡീറ്റോക്സിഫിക്കേഷന്റെ സമയത്ത് ചില വൈറ്റമിന്‍ ഗുളികകള്‍ നിര്‍ദ്ദേശിക്കപ്പെടാറുണ്ട്. അതുപോലെ മദ്യപാനം മൂലം വരുന്ന വയറെരിച്ചില്‍, കരള്‍വീക്കം തുടങ്ങിയ പ്രശ്നങ്ങള്‍ക്കുള്ള മരുന്നുകളും ഈ സമയത്ത് ആരംഭിക്കാറുണ്ട്. ഡെലീരിയം ട്രെമന്‍സ് ഉള്ളവര്‍ക്ക് മാനസികരോഗചികിത്സയില്‍ സാധാരണ ഉപയോഗിക്കുന്ന ചില മരുന്നുകള്‍ താല്‍ക്കാലികമായി കൊടുക്കാറുണ്ട്.
റിലാപ്സ് പ്രിവെന്‍ഷന്‍
കുറച്ചു ദിവസം മദ്യത്തില്‍ നിന്നു മാറിനിന്ന ശേഷം ഉറക്കക്കുറവ്, വിറയല്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ പരിഹരിക്കപ്പെട്ട് രോഗി വിശദമായ ചര്‍ച്ചകള്‍ക്കും കൌണ്‍സലിങ്ങിനും ശാരീരികമായും മാനസികമായും തയ്യാറാവുന്ന അവസരത്തിലാണ് ചികിത്സയുടെ ഈ രണ്ടാംഘട്ടം ആരംഭിക്കുന്നത്. മദ്യപാനം വീണ്ടും തുടങ്ങാതിരിക്കാന്‍ രോഗിയെ പ്രാപ്തനാക്കുക എന്നതാണ് ഈ ഘട്ടത്തിന്റെ ലക്ഷ്യം.
റിലാപ്സ് പ്രിവെന്‍ഷനില്‍ മരുന്നുകളെക്കാള്‍ പ്രാധാന്യം വിവിധ കൌണ്‍സലിങ്ങുകള്‍ക്കാണ്. മദ്യപാനം മൂലമുണ്ടായ നഷ്ടങ്ങളുടെ വ്യാപ്തി രോഗിയെ ബോദ്ധ്യപ്പെടുത്തുക, മദ്യത്തിലേക്കു തിരിച്ചുപോകാതിരിക്കാന്‍ അവലംബിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുക, മദ്യത്തില്‍ നിന്ന് മാറിനില്‍ക്കുമ്പോള്‍ കയ്യില്‍വരുന്ന അധികസമയം ഫലപ്രദമായി ചെലവഴിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുക, മദ്യമുക്തമായ ഒരു പുതിയ ജീവിതരീതി ആവിഷ്ക്കരിച്ചെടുക്കുക തുടങ്ങിയവയാണ് ഈ കൌണ്‍സലിങ്ങുകളുടെ ലക്ഷ്യങ്ങള്‍..
ചില മരുന്നുകളും ഈ ഘട്ടത്തില്‍ പ്രയോജനപ്പെടാറുണ്ട്. മൂന്നു ഗണങ്ങളില്‍പ്പെട്ട മരുന്നുകളാണ്റി ലാപ്സ് പ്രിവെന്‍ഷന് ഉപയോഗിക്കാറുള്ളത്:
- വിഷാദരോഗം (Depression), ഉത്ക്കണ്ഠാരോഗങ്ങള്‍ (Anxiety disorders) തുടങ്ങിയ മാനസികരോഗങ്ങള്‍ കാരണം മദ്യപാനത്തിലേക്കു തിരിഞ്ഞവര്‍ക്ക് ഈ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ അത്യാവശ്യമാണ്. അല്ലാത്തപക്ഷം ഇവയുടെ ലക്ഷണങ്ങള്‍ ബാക്കിനില്‍ക്കാനും അതുവഴി മദ്യപാനം വീണ്ടും തുടങ്ങിപ്പോവാനുമുള്ള സാദ്ധ്യത കൂടുതലാണ്.
- മദ്യപാനം നിയന്ത്രിക്കാന്‍ കൂടുതല്‍ പ്രയാസമുള്ളവര്‍ക്ക് ഡൈസള്‍ഫിറാം (Disulfiram) എന്ന ഗുളിക ഉപകാരപ്പെടാറുണ്ട്. ഡൈസള്‍ഫിറാം ഉപയോഗിക്കുന്ന ഒരാള്‍ മദ്യം കഴിക്കാന്‍ തുടങ്ങുമ്പോള്‍ മനംപിരട്ടല്‍, തലവേദന, തളര്‍ച്ച തുടങ്ങിയ ബുദ്ധിമുട്ടുകള്‍ പ്രത്യക്ഷപ്പെടുന്നു. അതുകാരണം അയാള്‍ക്ക് മദ്യം ഉപയോഗിക്കാന്‍ ഭയം തോന്നുകയും പതിയെ മദ്യത്തോട് വിരക്തി തോന്നിത്തുടങ്ങുകയും ചെയ്യുന്നു.
മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാലുടന്‍ മദ്യപാനം നിര്‍ത്തുകയാണെങ്കില്‍ ഒരു മണിക്കൂറിനുള്ളില്‍ ഈ ബുദ്ധിമുട്ടുകള്‍ സ്വയം കുറയുന്നതാണ്. പക്ഷേ ഇവയെ അവഗണിച്ച് തുടര്‍ന്നും മദ്യം ഉപയോഗിക്കുകയാണെങ്കില്‍ ഹൃദയസ്തംഭനം, അപസ്മാരം തുടങ്ങിയ പ്രശ്നങ്ങളോ മരണം തന്നെയോ സംഭവിച്ചേക്കാം.
മദ്യം ഉപയോഗിച്ചുകഴിഞ്ഞ് ചുരുങ്ങിയത് 3 ദിവസങ്ങള്‍ക്കു ശേഷമേ ഡൈസള്‍ഫിറാം തുടങ്ങാന്‍ പാടുള്ളൂ. ഡൈസള്‍ഫിറാം കഴിക്കുമ്പോള്‍ ആല്‍ക്കഹോള്‍ അടങ്ങിയ മരുന്നുകള്‍, പെര്‍ഫ്യൂം, ആഫ്റ്റര്‍ഷേവ് ലോഷന്‍ തുടങ്ങിയവ ഉപയോഗിച്ചാലും ചെറിയ തോതില്‍ മനംപിരട്ടല്‍, തലവേദന തുടങ്ങിയവ പ്രകടമാവാന്‍ സാദ്ധ്യതയുള്ളതിനാല്‍ ഇവയുടെ ഉപയോഗം ഒഴിവാക്കേണ്ടതാണ്.
- മദ്യത്തോടുള്ള ആസക്തി കുറക്കാന്‍ നാല്‍ട്രെക്സോണ്‍ (Naltrexone), അക്കാമ്പ്രോസേറ്റ് (Acamprosate), എസ്സിറ്റാലോപ്രാം (Escitalopram) തുടങ്ങിയ മരുന്നുകള്‍ സഹായിക്കാറുണ്ട്. പക്ഷേ വിശദമായ കൌണ്‍സലിങ്ങുകളുടെ കൂടെയല്ലാതെ ഈ മരുന്നുകള്‍ ഉപയോഗിക്കുന്നത് വേണ്ടത്ര ഫലം ചെയ്തേക്കില്ല.
തുടര്‍ചികിത്സ
മരുന്നുകളും കൌണ്‍സലിങ്ങുകളും വേണ്ടതുപോലെ ഉപയോഗിച്ചാലും ചില രോഗികള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ വീണ്ടും മദ്യം കഴിച്ചുപോവാറുണ്ട്. അങ്ങിനെ സംഭവിക്കുകയാണെങ്കില്‍ തനിക്കൊരിക്കലും മദ്യത്തില്‍ നിന്ന് മോചനം നേടാന്‍ കഴിയില്ല എന്ന് സ്വയം വിധിയെഴുതി വീണ്ടും തുടര്‍ച്ചയായ മദ്യപാനത്തിലേക്കു വഴുതാതെ ഉടനടി വിദഗ്ദ്ധസഹായം തേടുകയാണു വേണ്ടത്. ആല്‍ക്കഹോള്‍ ഡിപ്പെന്‍ഡന്‍സ് അപസ്മാരമോ ആസ്ത്മയോ പ്രമേഹമോ പോലെ ദീര്‍ഘകാലം നീണ്ടുനിന്നേക്കാവുന്ന, തുടര്‍ചികിത്സ ആവശ്യമായ ഒരു രോഗമാണെന്ന തിരിച്ചറിവ് പ്രധാനമാണ്. എത്ര വിദഗ്ദ്ധമായി ചികിത്സിച്ചാലും ചിലപ്പോള്‍ പ്രമേഹരോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ വരുന്നതുപോലെ, അല്ലെങ്കില്‍ മരുന്നു കഴിച്ചുകൊണ്ടിരുന്നാലും ചിലപ്പോള്‍ ആസ്ത്മാരോഗികളിലും അപസ്മാരരോഗികളിലും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതു പോലെ, ആല്‍ക്കഹോള്‍ ഡിപ്പെന്‍ഡന്‍സ് ബാധിച്ചവരിലും മദ്യപാനമെന്ന ലക്ഷണം ഇടക്ക് തലപൊക്കിയേക്കാം. ഏതു സാഹചര്യത്തിലാണ് വീണ്ടും മദ്യം ഉപയോഗിച്ചുതുടങ്ങിയതെന്നു മനസ്സിലാക്കി, ആ അനുഭവത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട്, ആ പിഴവ് ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകളെടുത്ത്, ചികിത്സയില്‍ തക്കതായ മാറ്റങ്ങള്‍ വരുത്തി മുന്നോട്ടു പോവുകയാണു വേണ്ടത്.