(ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ 2012 ഫെബ്രുവരി ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ എഴുതിയത്.)
മദ്യപാനത്തിനും ആല്‍ക്കഹോളിസത്തിനും മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ടെങ്കിലും മദ്യം ഉപയോഗിക്കുന്നവരില്‍ ഒരു ന്യൂനപക്ഷം മാത്രം എന്തുകൊണ്ട് ആല്‍ക്കഹോളിസത്തിലേക്കു വഴുതുന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കുക ഇന്നും പ്രയാസമാണ്. ലഭ്യമായ വിവരങ്ങള്‍ വെച്ച് പ്രമേഹത്തെയും രക്തസമ്മര്‍ദ്ദത്തെയും പോലുള്ള ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന മറ്റു രോഗങ്ങളുടേതു (chronic diseases) പോലെത്തന്നെ ആല്‍ക്കഹോളിസത്തിന്റെയും പിന്നില്‍ ജനിതകഘടകങ്ങള്‍ക്കും ജീവിതസാഹചര്യങ്ങള്‍ക്കും പങ്കുണ്ട് എന്നു പറയാം.
ജനിതകഘടകങ്ങളുടെ സ്വാധീനത്തിന്റെ തെളിവുകള്‍
ആല്‍ക്കഹോളിസത്തിന്റെ ആവിര്‍ഭാവത്തില്‍ ജനിതകഘടകങ്ങള്‍ക്കു പങ്കുണ്ടെന്ന അനുമാനത്തില്‍ ശാസ്ത്രജ്ഞര്‍ എത്തിച്ചേര്‍ന്നത് നാലുതരം പഠനങ്ങളുടെ അടിസ്ഥാനത്തിലാണ്.
1. ആല്‍ക്കഹോളിസം ബാധിച്ചവരുടെ കുടുംബാംഗങ്ങളില്‍ നടത്തിയ പഠനങ്ങള്‍ (Family studies)
ആല്‍ക്കഹോളിസമുള്ളവരുടെ കുടുംബാംഗങ്ങളിലും ആണ്‍മക്കളിലും ആ രോഗം കാണപ്പെടാനുള്ള സാദ്ധ്യത ആല്‍ക്കഹോളിസമില്ലാത്തവരുടെ കുടുംബാംഗങ്ങളേയും ആണ്‍മക്കളെയും അപേക്ഷിച്ച് യഥാക്രമം നാലിരട്ടിയും ഒമ്പതിരട്ടിയുമാണ്. ആല്‍ക്കഹോളിസത്തിന്റെ കുടുംബപാരമ്പര്യമുള്ളവര്‍ക്ക് മദ്യം കഴിക്കുമ്പോള്‍ കുറച്ചു ലഹരിയേ അനുഭവപ്പെടുന്നുള്ളൂ എന്നും, മദ്യാസക്തിയുടെ വൈകാരികതീവ്രത നിര്‍ണയിക്കുന്ന തലച്ചോറിലെ അമിഗ്ഡാല (amygdala) എന്ന ഭാഗം അവരില്‍ താരതമ്യേന ചെറുതാണെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ആല്‍ക്കഹോളിസം ബാധിച്ചവരുടെ മക്കളില്‍ പകുതിയിലധികം പേര്‍ക്കും ഈ അസുഖം പിടിപെടുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഒരാളുടെ എത്ര ബന്ധുക്കള്‍ക്ക് ആല്‍ക്കഹോളിസമുണ്ട്, അവരുടെ അസുഖത്തിന്റെ കാഠിന്യം എത്രത്തോളമാണ്, ഇത്തരം കുടുംബാംഗങ്ങളുമായി അയാള്‍ക്ക് എത്ര അടുത്ത രക്തബന്ധമാണുള്ളത് എന്നതൊക്കെ അയാള്‍ ആല്‍ക്കഹോളിസത്തിലേക്കു നീങ്ങുമോ എന്നു നിശ്ചയിക്കുന്നതില്‍ പ്രസക്തമായ ഘടകങ്ങളാണ്.
ആല്‍ക്കഹോളിസം ഇങ്ങിനെ കുടുംബാംഗങ്ങളിലേക്കു വ്യാപിക്കുന്നതിനു പിന്നില്‍ ജനിതകകാരണങ്ങളാണോ അതോ ഗൃഹാന്തരീക്ഷത്തിന്റെ സ്വാധീനവും കുടുംബാംഗങ്ങളെ അനുകരിക്കാനുള്ള പ്രവണതയുമാണോ എന്ന്‍ വേര്‍തിരിച്ചറിയാന്‍ പക്ഷേ ഇത്തരം പഠനങ്ങള്‍ പര്യാപ്തമല്ല. അതിന് ഇരട്ടകളിലോ ദത്തെടുക്കപ്പെട്ടവരിലോ ഉള്ള പഠനങ്ങള്‍ വേണം.
2. ഇരട്ടകളില്‍ നടത്തിയ പഠനങ്ങള്‍ (Twin studies)
രൂപത്തിലും ഭാവത്തിലും ഒരേ പോലുള്ള ഐഡന്റിക്കല്‍ ട്വിന്‍സ്, ഒരേ പ്രസവത്തില്‍ ജനിച്ചവരെങ്കിലും തമ്മില്‍ രൂപസാദൃശ്യമൊന്നുമില്ലാത്ത ഫ്രറ്റേര്‍ണല്‍ ട്വിന്‍സ് എന്നിങ്ങനെ ഇരട്ടകള്‍ രണ്ട് തരമുണ്ട്. ഐഡന്റിക്കല്‍ ട്വിന്‍സില്‍ നൂറു ശതമാനം ജീനുകളും സദൃശമായിരിക്കും. എന്നാല്‍ വ്യത്യസ്ത പ്രസവങ്ങളില്‍ ജനിച്ച സഹോദരങ്ങള്‍ തമ്മിലുള്ള ജനിതകസാദൃശ്യമേ ഫ്രറ്റേര്‍ണല്‍ ട്വിന്‍സ് തമ്മില്‍ ഉണ്ടാവൂ. അതുകൊണ്ടു തന്നെ ഇരട്ടകളിലൊരാള്‍ക്ക് ഒരു പാരമ്പര്യരോഗമുണ്ടെങ്കില്‍ മറ്റേയാളെയും അതു ബാധിക്കാനുള്ള സാദ്ധ്യത ഫ്രറ്റേര്‍ണല്‍ ട്വിന്‍സിനെ അപേക്ഷിച്ച് ഐഡന്റിക്കല്‍ ട്വിന്‍സില്‍ കൂടുതലായിരിക്കും.
ഇരട്ടകളില്‍ ഒരാള്‍ക്ക് ആല്‍ക്കഹോളിസമുണ്ടെങ്കില്‍ മറ്റേയാള്‍ക്കും അതു പിടിപെടാനുള്ള സാദ്ധ്യത ഫ്രറ്റേര്‍ണല്‍ ട്വിന്‍സിനെ അപേക്ഷിച്ച് ഐഡന്റിക്കല്‍ ട്വിന്‍സില്‍ വളരെ കൂടുതലാണെന്ന് പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഈ കണ്ടെത്തലുകള്‍ ആല്‍ക്കഹോളിസത്തിനു പിന്നില്‍ ജനിതകഘടകങ്ങള്‍ക്കു പങ്കുണ്ടെന്നതിന് ശക്തമായ തെളിവാണ്.
3. ദത്തെടുക്കപ്പെട്ടവരില്‍ നടത്തിയ പഠനങ്ങള്‍ (Adoption studies)
ആല്‍ക്കഹോളിസം ബാധിച്ചവരുടെ കുട്ടികളെ മദ്യപാനികളല്ലാത്തവര്‍ ദത്തെടുത്തു വളര്‍ത്തുമ്പോഴും അമിതമായി മദ്യം കഴിക്കാത്തവരുടെ മക്കളെ ആല്‍ക്കഹോളിസമുള്ളവര്‍ ദത്തെടുത്തു വളര്‍ത്തുമ്പോഴും ആ കുട്ടികള്‍ വലുതാകുമ്പോള്‍ അവര്‍ക്ക് ആല്‍ക്കഹോളിസം പിടിപെടാനുള്ള സാദ്ധ്യതകള്‍ താരതമ്യം ചെയ്യുകയാണ് ഇത്തരം പഠനങ്ങളുടെ രീതി. ആല്‍ക്കഹോളിസത്തിന്റെ ആവിര്‍ഭാവത്തില്‍ ഒരാള്‍ വളര്‍ന്നുവരുന്ന കുടുംബാന്തരീക്ഷത്തിനാണു കൂടുതല്‍ പ്രസക്തിയെങ്കില്‍ ആല്‍ക്കഹോളിസമുള്ളവര്‍ വളര്‍ത്തിയ കുട്ടികളിലും, അതല്ല ജനിതകഘടകങ്ങള്‍ക്കാണു കൂടുതല്‍ പ്രാധാന്യമെങ്കില്‍ ആല്‍ക്കഹോളിസമുള്ളവര്‍ക്കു ജനിച്ച കുട്ടികളിലുമാണ് രോഗം കൂടുതലായി കാണപ്പെടേണ്ടത്.
ആല്‍ക്കഹോളിസം രോഗികള്‍ക്കു ജനിച്ച കുട്ടികളിലേക്ക് അസുഖം വ്യാപിക്കാനുള്ള സാദ്ധ്യത താരതമ്യേന രണ്ടു മുതല്‍ നാലു വരെ ഇരട്ടിയാണെന്നാണ് ഇത്തരം പഠനങ്ങളുടെ കണ്ടെത്തല്‍. ഇതും ആല്‍ക്കഹോളിസത്തില്‍ പാരമ്പര്യത്തിനുള്ള പങ്കിനെ അടിവരയിടുന്നു.
4. മൃഗങ്ങളില്‍ നടത്തിയ പഠനങ്ങള്‍ (Animal studies)
പരീക്ഷണമൃഗങ്ങളില്‍, പ്രത്യേകിച്ച് എലികളില്‍, നടത്തിയ പല പഠനങ്ങളും സൂചിപ്പിക്കുന്നത് മദ്യമുപയോഗിക്കുമ്പോള്‍ അവയ്ക്ക് എത്രത്തോളം ലഹരി പിടിക്കുന്നുണ്ട്, മദ്യപാനം നിര്‍ത്തുമ്പോള്‍ അവയ്ക്ക് എന്തൊക്കെ ബുദ്ധിമുട്ടുകള്‍ വരുന്നുണ്ട് തുടങ്ങിയ കാര്യങ്ങളൊക്കെ ചില ജീനുകളുടെ നിയന്ത്രണത്തിലാണ് എന്നാണ്.
ആല്‍ക്കഹോളിസത്തിലേക്കു നയിക്കുന്ന ജീനുകള്‍
ആല്‍ക്കഹോളിസം എന്ന് വിളിക്കപ്പെടുന്ന അസുഖം സത്യത്തില്‍ സമാനലക്ഷണങ്ങളുള്ള പല രോഗങ്ങളുടെ ഒരു കൂട്ടമാണ്.
ആല്‍ക്കഹോളിസം എന്ന് വിളിക്കപ്പെടുന്ന അസുഖം സത്യത്തില്‍ സമാനലക്ഷണങ്ങളുള്ള പല രോഗങ്ങളുടെ ഒരു കൂട്ടമാണ്. ഈ ലേബലിനുള്ളില്‍ ഉള്‍ക്കൊള്ളിക്കപ്പെട്ട ഓരോ അസുഖത്തിനും അതിന്റേതായ ജനിതകകാരണങ്ങളുണ്ടാവാമെന്ന സാദ്ധ്യത ആല്‍ക്കഹോളിസത്തിന്റെ ജീനുകളെ നിര്‍ണയിക്കുന്ന ജോലി ദുഷ്ക്കരമാക്കുന്നു. എങ്കിലും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആല്‍ക്കഹോളിസത്തിന്റെ ആവിര്‍ഭാവത്തെ സ്വാധീനിക്കുന്നവയെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്ന ജീനുകള്‍ ഏതൊക്കെയെന്ന് താഴെപ്പറയുന്നു. ചില ജീനുകള്‍ ആല്‍ക്കഹോളിസത്തിനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുമ്പോള്‍ മറ്റു ചില ജീനുകള്‍ ഒരാള്‍ അമിതമദ്യപാനത്തിലേക്കു വഴുതാനുള്ള സാദ്ധ്യത കുറക്കുകയാണു ചെയ്യുന്നത്.
1. ശരീരം മദ്യത്തെ എന്തു വേഗത്തില്‍ ദഹിപ്പിച്ചു തീര്‍ക്കുന്നു എന്നു നിര്‍ണയിക്കുന്ന ജീനുകള്‍
ശരീരത്തിലെത്തുന്ന മദ്യത്തിന്റെ നല്ലൊരു പങ്കിനെയും ആല്‍ക്കഹോള്‍ ഡീഹൈഡ്രോജിനേസ് (Alcohol dehydrogenase) എന്ന എന്‍സൈം അസറ്റാല്‍ഡിഹൈഡ് (Acetaldehyde) ആക്കി മാറ്റുകയാണു ചെയ്യുന്നത്. ഈ അസറ്റാല്‍ഡിഹൈഡ് കുറഞ്ഞ അളവില്‍പ്പോലും ശരീരത്തില്‍ കെട്ടിക്കിടക്കുന്നത് ദേഹം ചുവക്കുക, ഹൃദയമിടിപ്പ് കൂടുക, മനംപുരട്ടല്‍ തോന്നുക തുടങ്ങിയ പ്രശ്നങ്ങള്‍ക്കു കാരണമായേക്കാം. എന്നാല്‍ അസറ്റാല്‍ഡിഹൈഡിനെ ആല്‍ഡിഹൈഡ് ഡീഹൈഡ്രോജിനേസ് (Aldehyde dehydrogenase) എന്ന വേറൊരു എന്‍സൈം പെട്ടെന്നു തന്നെ വിഘടിപ്പിച്ചുകളയുന്നതിനാല്‍ മദ്യപിക്കുന്നവര്‍ക്ക് സാധാരണയായി ഈ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാറില്ല.
പക്ഷേ ജനിതകകാരണങ്ങളാല്‍ ശരീരത്തില്‍ ആല്‍ഡിഹൈഡ് ഡീഹൈഡ്രോജിനേസിന്റെ അളവ് കുറവുള്ള വ്യക്തികള്‍ മദ്യമുപയോഗിക്കുമ്പോള്‍ അവരുടെ രക്തത്തില്‍ അസറ്റാല്‍ഡിഹൈഡ് കുമിഞ്ഞുകൂടുകയും അങ്ങനെ മേല്‍പ്പറഞ്ഞ ബുദ്ധിമുട്ടുകള്‍ തലപൊക്കുകയും ചെയ്തേക്കാം. ഇത് ഇത്തരമാളുകള്‍ അമിതമദ്യപാനത്തിലേക്ക് വഴുതാനുള്ള സാദ്ധ്യത നന്നേ കുറക്കുന്നു. ജപ്പാന്‍ , ചൈന, കൊറിയ എന്നീ രാജ്യങ്ങളിലെ പകുതിയോളം ആളുകള്‍ ഇങ്ങനെ ജന്മനാ ആല്‍ഡിഹൈഡ് ഡീഹൈഡ്രോജിനേസിന്റെ കുറവുള്ളവരാണ്.
ചില ഏഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങളില്‍ ആല്‍ക്കഹോള്‍ ഡീഹൈഡ്രോജിനേസിന്റെ വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വകഭേദമാണ് ഉള്ളത്. ഇത്തരമാളുകള്‍ മദ്യമുപയോഗിക്കുമ്പോള്‍ ഈ ആല്‍ക്കഹോള്‍ ഡീഹൈഡ്രോജിനേസ് മദ്യത്തെ വളരെപ്പെട്ടെന്ന് അസറ്റാല്‍ഡിഹൈഡാക്കി മാറ്റുകയും അത് അവര്‍ക്ക് മേല്‍പ്പറഞ്ഞ അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ചെയ്യുമെന്നതിനാല്‍ ഈ വിഭാഗം ആളുകളും ആല്‍ക്കഹോളിസത്തിലേക്ക് പോകാനുള്ള സാധ്യത കുറവാണ്.
2. വ്യക്തിത്വസവിശേഷതകളെ നിര്‍ണയിക്കുന്ന ജീനുകള്‍
എടുത്തുചാട്ടം, ആത്മനിയന്ത്രണമില്ലായ്മ തുടങ്ങിയ സ്വഭാവരീതികളുള്ളവര്‍ക്ക് ആല്‍ക്കഹോളിസം പിടിപെടാനുള്ള സാദ്ധ്യത കൂടുതലാണെന്നും, ഇത്തരം സ്വഭാവങ്ങള്‍ രൂപപ്പെടുന്നതിനു പിന്നില്‍ ചില ജീനുകള്‍ക്ക് പങ്കുണ്ടെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ മാനസികസമ്മര്‍ദ്ദം, ആഹ്ലാദം, നേട്ടങ്ങള്‍ തുടങ്ങിയവയോട് ഒരാളുടെ തലച്ചോറ് എങ്ങിനെയാണു പ്രതികരിക്കുന്നത് എന്നു നിശ്ചയിക്കുന്ന ജീനുകള്‍ക്കും ആല്‍ക്കഹോളിസത്തിന്റെ ആവിര്‍ഭാവത്തില്‍ പങ്കുണ്ടാവാമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.
3. മദ്യം തലച്ചോറിനെ എത്രത്തോളം ബാധിക്കുമെന്ന് നിര്‍ണയിക്കുന്ന ജീനുകള്‍
ആല്‍ക്കഹോളിസത്തിന്റെ ചികിത്സയിലുപയോഗിക്കുന്ന ചില മരുന്നുകള്‍ ആര്‍ക്കൊക്കെ പ്രയോജനം ചെയ്യുമെന്നു നിശ്ചയിക്കുന്നതിലും ജനിതകഘടകങ്ങള്‍ക്ക് പങ്കുണ്ട്.
ചിലര്‍ക്ക് ചെറുപ്പം തൊട്ടേ വളരെ കൂടിയ അളവില്‍ മദ്യം കഴിച്ചാല്‍ മാത്രമേ ലഹരി അനുഭവപ്പെടൂ എന്ന പ്രശ്നം കാണാറുണ്ട് . ഇതും ജനിതകകാരണങ്ങളാല്‍ സംഭവിക്കുന്നതാണ്. ആല്‍ക്കഹോളിസമുള്ളവരുടെ മക്കള്‍ക്ക് മദ്യമുപയോഗിക്കുമ്പോള്‍ മറ്റുള്ളവരുടെയത്ര ലഹരിയനുഭവപ്പെടാറില്ല എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ലഹരി തോന്നാന്‍ വളരെയേറെ മദ്യം കഴിച്ചേ പറ്റൂ എന്ന പ്രശ്നമുള്ള ഇത്തരമാളുകള്‍ അമിതമായി മദ്യം കഴിക്കുന്നവരുമായി കൂട്ടുകൂടാനും, തുടര്‍ച്ചയായി കൂടിയ അളവില്‍ മദ്യമുപയോഗിക്കാനും, മദ്യപാനം മൂലമുള്ള ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ കൂടുതലായി നേരിടേണ്ടിവരാനുമൊക്കെയുള്ള സാദ്ധ്യത ഏറെയാണ്.
വേറെ ചിലര്‍ക്ക് മദ്യപാനം പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ ആനന്ദം കൊടുക്കുന്നതായി കാണാറുണ്ട്. ഇത് അവരുടെ തലച്ചോറിലെ ചില നാഡീപഥങ്ങളില്‍ ഡോപ്പമിന്‍ (Dopamine) എന്ന നാഡീരസത്തിന്റെ (neurotransmitter) അളവിലുള്ള വ്യതിയാനങ്ങള്‍ കൊണ്ടാണെന്നു കരുതപ്പെടുന്നു. ആല്‍ക്കഹോളിസമുള്ളവരുടെയും അമിതമായി പുകവലിക്കുന്നവരുടെയും നാഡികളില്‍ ഡോപ്പമിന്‍ പ്രവര്‍ത്തിക്കുന്ന സ്വീകരണികളുടെ (Dopamine receptors) ഒരു പ്രത്യേക വകഭേദമാണുള്ളതെന്നും ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇത്തരം സവിശേഷതകളെല്ലാം ജനിതകകാരണങ്ങളാല്‍ സംജാതമാകുന്നവയാണ്.
ഇതിനെല്ലാം പുറമെ മദ്യം ഒരാളുടെ കരള്‍, തലച്ചോറ് തുടങ്ങിയ അവയവങ്ങള്‍ക്ക് എത്രത്തോളം നാശനഷ്ടങ്ങള്‍ വരുത്തും എന്നു നിര്‍ണയിക്കുന്നതിലും, ആല്‍ക്കഹോളിസത്തിന്റെ ചികിത്സയിലുപയോഗിക്കുന്ന ചില മരുന്നുകള്‍ ആര്‍ക്കൊക്കെ പ്രയോജനം ചെയ്യുമെന്നു നിശ്ചയിക്കുന്നതിലും ജനിതകഘടകങ്ങള്‍ക്ക് പങ്കുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
ജനിതകകാരണങ്ങളാല്‍ വരുന്ന ആല്‍ക്കഹോളിസത്തിന്റെ സവിശേഷതകള്‍
ഭൂരിഭാഗം രോഗികളിലും ആല്‍ക്കഹോളിസത്തിന്റെ ആവിര്‍ഭാവത്തിനു പിറകില്‍ ജനിതകഘടകങ്ങള്‍ക്കും വളര്‍ന്നു വരുന്ന ചുറ്റുപാടുകള്‍ക്കും പങ്കുണ്ടാവാറുണ്ട്.
ഭൂരിഭാഗം രോഗികളിലും ആല്‍ക്കഹോളിസത്തിന്റെ ആവിര്‍ഭാവത്തിനു പിറകില്‍ ജനിതകഘടകങ്ങള്‍ക്കും വളര്‍ന്നു വരുന്ന ചുറ്റുപാടുകള്‍ക്കും പങ്കുണ്ടാവാറുണ്ട്. ജനിതകകാരണങ്ങള്‍ക്കു മുന്‍തൂക്കമുള്ള ആല്‍ക്കഹോളിസത്തെ ടൈപ്പ് റ്റു ആല്‍ക്കഹോളിസം (Type II alcoholism) എന്നു വിളിക്കാറുണ്ട്. പ്രധാനമായും പുരുഷന്മാരില്‍ കണ്ടുവരാറുള്ള ഈ അസുഖത്തിന്റെ ലക്ഷണങ്ങള്‍ താഴെപ്പറയുന്നു:
- കുട്ടിക്കാലം തൊട്ടേ അക്രമവാസന, ശ്രദ്ധയിലായ്മ തുടങ്ങിയ സ്വഭാവവൈകല്യങ്ങള്‍ പ്രകടമാവുക
- പതിനഞ്ചു വയസ്സിനുള്ളില്‍ തന്നെ മദ്യപാനം തുടങ്ങുക
- അക്രമണവാസന, ദയാദാക്ഷിണ്യങ്ങളുടെ അഭാവം തുടങ്ങിയ വ്യക്തിത്വവൈകല്യങ്ങള്‍
- ക്രിമിനല്‍ മനസ്ഥിതി
- കൂടുതല്‍ തീവ്രമായ ആല്‍ക്കഹോളിസം
- പ്രധാനമായും ലഹരി ആസ്വദിക്കാന്‍ വേണ്ടിയുള്ള മദ്യപാനം (മറിച്ച് ടൈപ്പ് വണ്‍ ആല്‍ക്കഹോളിസമുള്ളവര്‍ ടെന്‍ഷന്‍ കുറക്കാനും മറ്റുമാവും മദ്യം ഉപയോഗിക്കുന്നത്.)
- മദ്യപാനം നിര്‍ത്തിക്കിട്ടാന്‍ കൂടുതല്‍ പ്രയാസം നേരിടുക
ആല്‍ക്കഹോളിസത്തിന്റെ കുടുംബപാരമ്പര്യമുള്ളവര്‍ ശ്രദ്ധിക്കേണ്ടത്
ആല്‍ക്കഹോളിസത്തിലേക്കു വഴുതാനുള്ള സാദ്ധ്യത അറിയാന്‍ ആഗ്രഹമുള്ളവര്‍ ജനിതകഘടന മനസ്സിലാക്കാനുള്ള ടെസ്റ്റുകള്‍ നടത്തുന്നതിനോട് വിദഗ്ദ്ധര്‍ ഇപ്പോള്‍ യോജിക്കുന്നില്ല.
ആല്‍ക്കഹോളിസം ബാധിച്ചവരുടെ കുടുംബാംഗങ്ങളെല്ലാവരും തന്നെ അമിതമദ്യപാനത്തിലേക്കു വഴുതാന്‍ വിധിക്കപ്പെട്ടവരാണെന്ന് ഈ ലേഖനം അര്‍ത്ഥമാക്കുന്നില്ല. ലഭ്യമായ വിവരങ്ങളനുസരിച്ച് ഒരാള്‍ക്ക് ആല്‍ക്കഹോളിസം പിടിപെടാനുള്ള സാദ്ധ്യതയുടെ 60% അയാളുടെ ജീനുകളും ബാക്കി 40% അയാളുടെ ജീവിതസാഹചര്യങ്ങളുമാണ് തീരുമാനിക്കുന്നതെന്ന് സാമാന്യമായി പറയാം. അതുകൊണ്ടുതന്നെ ജീവിതശൈലിയില്‍ തക്കതായ മാറ്റങ്ങള്‍ വരുത്തുകയും ആവശ്യമായ മുന്‍കരുതലുകളെടുക്കുകയും ചെയ്ത് ആല്‍ക്കഹോളിസത്തിന്റെ ആവിര്‍ഭാവത്തെ പ്രതിരോധിക്കാവുന്നതേയുള്ളൂ. ആല്‍ക്കഹോളിസം രോഗികളുടെ കുടുംബാംഗങ്ങള്‍ക്കുള്ള ചില നിര്‍ദ്ദേശങ്ങള്‍ താഴെപ്പറയുന്നു:
- മാനസിക സമ്മര്‍ദ്ദം, മുന്‍കോപം, ഉറക്കക്കുറവ് തുടങ്ങിയവയെ നിയന്ത്രിക്കാനുള്ള വിദ്യകള്‍ പരിശീലിച്ച് ഇവയുടെ സ്വയംചികിത്സക്കായി മദ്യം കഴിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുക.
- പ്രായപൂര്‍ത്തിയെത്തുന്നതിനു മുമ്പുള്ള മദ്യപാനം തീര്‍ച്ചയായും ഒഴിവാക്കുക. തലച്ചോറിനു പൂര്‍ണവളര്‍ച്ചയെത്തുന്നത് 20-25 വയസ്സോടെ മാത്രമാണ്. ഇതിനു മുമ്പ് മദ്യം കഴിക്കുന്നത് വലുതാകുമ്പോള്‍ ആല്‍ക്കഹോളിസം പിടിപെടാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കും.
- മദ്യപിക്കുന്നവരുടെ കൂട്ടുകെട്ടുകളില്‍ പെടാതെ സൂക്ഷിക്കുക.
- ഇടക്കെപ്പോഴെങ്കിലുമൊക്കെ മിതമായ അളവില്‍ മദ്യം കഴിച്ചു മുന്നോട്ടുപോവാമെന്നു വ്യാമോഹിക്കാതിരിക്കുക. ആല്‍ക്കഹോളിസത്തിന്റെ പാരമ്പര്യമുള്ളവര്‍ക്ക് മദ്യപാനത്തെ നിയന്ത്രിതമായ അളവില്‍ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ (controlled drinking) വളരെ പ്രയാസമായിരിക്കും.
- മദ്യപാനം നിയന്ത്രണം വിടുന്നു എന്ന തോന്നലുണ്ടാവുമ്പോഴേ വിദഗ്ദ്ധസഹായം തേടുക.
ഈ വിഷയവുമായി ബന്ധപ്പെട്ട പലകാര്യങ്ങളിലും ഇപ്പോഴും അവ്യക്തത തുടരുന്നുണ്ട്. അതുകൊണ്ടുതന്നെ ആല്‍ക്കഹോളിസത്തിലേക്കു വഴുതാനുള്ള സാദ്ധ്യത അറിയാന്‍ ആഗ്രഹമുള്ളവര്‍ ജനിതകഘടന മനസ്സിലാക്കാനുള്ള ടെസ്റ്റുകള്‍ നടത്തുന്നതിനോട് വിദഗ്ദ്ധര്‍ ഇപ്പോള്‍ യോജിക്കുന്നില്ല. സ്വന്തം കുടുംബചരിത്രം സ്വയം വിശകലനം ചെയ്ത് ആല്‍ക്കഹോളിസമുള്ളവര്‍ ഉണ്ടോ എന്ന് മനസ്സിലാക്കുന്നതു തന്നെയാണ് ഇപ്പോഴത്തെ നിലയില്‍ ഓരോരുത്തരുടെയും റിസ്ക് അറിയാനുള്ള ഏറ്റവും ഉള്‍ക്കാഴ്ച തരുന്നതും ചെലവുകുറഞ്ഞതും ലളിതവും പ്രായോഗികവുമായ മാര്‍ഗം.