CALL US: 96 331 000 11

alcoholism treatment kerala(ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ 2015 ഡിസംബര്‍ ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ എഴുതിയത്)

ആദ്യം, ചില വാര്‍ത്താശകലങ്ങള്‍:

“മദ്യലഹരിയില്‍ പൊതുനിരത്തില്‍ പരസ്യമായി ചുംബിക്കുകയും കാമകേളികള്‍ക്കു മുതിരുകയും ചെയ്ത കാമുകീകാമുകന്‍മാരെ നാട്ടുകാര്‍ പൊലീസിലേല്‍പ്പിച്ചു.” — വെഞ്ഞാറമൂട്, 2014 ഏപ്രില്‍ 19. 

“മദ്യപിച്ചെത്തിയ ഭര്‍ത്താവിന്‍റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യത്തിനടിമയായ ഭര്‍ത്താവ് സംശയരോഗം മൂലം മുളവടികൊണ്ട് അടിക്കുകയായിരുന്നെന്ന് യുവതി പറഞ്ഞു.” — കാഞ്ഞങ്ങാട്, 2012 ജൂലൈ 1.

“നാലുവയസുകാരിയായ മകളെ മദ്യലഹരിയില്‍ പീഡിപ്പിച്ചുവന്ന പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അത്യാസന്ന നിലയിലായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.” — കല്ലമ്പലം, 2014 ഓഗസ്റ്റ് 25. 

“ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്‌റ്റില്‍. വിവാഹവാഗ്‌ദാനം നല്‍കി സമീപത്തെ കാട്ടിലേക്കു കൊണ്ടുപോയി മദ്യം കൊടുത്തായിരുന്നു പീഡനം.” — അമ്പലവയല്‍, 2015 ഏപ്രില്‍ 10.

***********************************

മദ്യവും മൈഥുനവും. മലയാളിയുടെ രണ്ടു മുഖ്യാഭിനിവേശങ്ങള്‍.

സംസ്ഥാനത്തെ മദ്യോപഭോഗം വിലയിരുത്തുന്ന ആല്‍ക്കഹോള്‍ അറ്റ്ലസിന്‍റെ ഈ മേയ്മാസത്തിലെ റിപ്പോര്‍ട്ടു പ്രകാരം കേരളത്തിലെ പുരുഷന്മാരില്‍ ആറിലൊരാളും (4,96,850 പേര്‍) സ്ത്രീകളില്‍ മുപ്പതിലൊരാളും (10,427 പേര്‍) നിത്യവും മദ്യപിക്കുന്നവരാണ്. സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച ഡോ. വിജയകുമാര്‍സമിതി കണ്ടെത്തിയത് പുരുഷന്മാരിലും സ്ത്രീകളിലും യഥാക്രമം 38.7, 3.8 ശതമാനം പേര്‍ മദ്യപിക്കുന്നെന്നാണ്. 

മദ്യംകഴിക്കാറുള്ളവരില്‍ നല്ലൊരു ശതമാനം രതിവേളകളിലും അതിനെയാശ്രയിക്കാറുണ്ട്. ഇതു പലരീതിയിലാവാം. ലൈംഗികതൃഷ്ണയും ശേഷിയും കൂടും, സങ്കോചം കുറയും എന്നൊക്കെയുള്ള ധാരണകളില്‍ ചിലര്‍ വേഴ്ചകള്‍ക്ക് മദ്യത്തിന്‍റെ കൈത്താങ്ങു തേടാം. സദാ പുതുമയന്വേഷിക്കുന്നതിലും വല്ലാതെ റിസ്കുകളെടുക്കുന്നതിലും ഏറെ ഹരംകിട്ടുന്ന തരം വ്യക്തിത്വശൈലിയുള്ളവര്‍ അമിതമദ്യപാനത്തിലും അനേകരുമായുള്ള വേഴ്ചകളിലും കൂടുതലായി മുഴുകാം. നിത്യമദ്യപാനികളാവട്ടെ, സ്വാഭാവികമായും വേഴ്ചാസമയങ്ങളിലും ലഹരിപ്പുറത്താവാം. 

മദ്യം ലൈംഗികശേഷിയെ ബാധിക്കുന്നതെങ്ങിനെയാണ്‌, ലൈംഗികപീഡനങ്ങള്‍ക്കു വളമാകുന്നതെന്തുകൊണ്ടാണ്, ഇവിടെയെല്ലാം അവലംബിക്കാവുന്ന പ്രതിരോധ നടപടികളെന്തൊക്കെയാണ് എന്നെല്ലാമുള്ള അവലോകനമാണ് ഇനിച്ചെയ്യാന്‍ പോവുന്നത്. 

മസ്തിഷ്കകേന്ദ്രങ്ങള്‍ മദ്യസ്വാധീനത്തില്‍ 

ആത്മനിയന്ത്രണം, സാഹചര്യങ്ങളെ വിശകലനംചെയ്ത് അനുയോജ്യ തീരുമാനങ്ങളെടുക്കാനുള്ള കഴിവ് എന്നിവ നമുക്കുതരുന്നത് തലച്ചോറിലെ ഫ്രോണ്ടല്‍ലോബ് എന്ന ഭാഗമാണ്. ഇതിനും, മൊത്തം നാഡീവ്യവസ്ഥക്കു തന്നെയും, ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ നാഡീകോശങ്ങള്‍ തമ്മിലുള്ള ആശയവിനിമയം തടസ്സമില്ലാതെ നടക്കേണ്ടതുണ്ട്. എന്നാല്‍ ചെറിയൊരളവു മദ്യം പോലും ഈ ആശയവിനിമയത്തെ മന്ദീഭവിപ്പിക്കും. മദ്യസ്വാധീനത്തില്‍ ഫ്രോണ്ടല്‍ലോബ് ദുര്‍ബലമാവുമ്പോള്‍ ഒരു മൂഢധൈര്യവും വായാടിത്തവും ശൃംഗാരതല്‍പരതയും തനിക്ക് ഏറെ ശക്തിയും സെക്സ് അപ്പീലുമുണ്ടെന്ന മിഥ്യാധാരണകളുമൊക്കെ ബുദ്ധിയെ കയ്യേറുകയും ആള്‍ തദനുസൃതം പെരുമാറുകയും ചെയ്യാം. അപായസാദ്ധ്യതകളെ അവഗണിക്കാനും, മനസ്സിലെ കൊതികളെ ബെല്ലും ബ്രേക്കുമില്ലാതെ നടപ്പാക്കാനും, അപരിചിതരുമായിപ്പോലും ലൈംഗികബന്ധങ്ങള്‍ക്കു മുന്‍കയ്യെടുക്കാനും, ആ നേരത്ത് ഒന്നിനെയുംപറ്റി ഒരു കുറ്റബോധവുമാശങ്കയും തോന്നാതിരിക്കാനുമൊക്കെ കളമൊരുങ്ങാം. സുബോധത്തില്‍ അറപ്പോടെ മാത്രം ചിന്തിക്കാറുള്ള ലൈംഗികകേളികളില്‍പ്പോലും ഏര്‍പ്പെട്ടുപോവുകയും പിന്നീട് അതേപ്പറ്റി അവജ്ഞ തോന്നുകയും ചെയ്യാം. നമുക്ക് മെയ്’വഴക്കം പ്രദാനംചെയ്യുന്നത് സെറിബെല്ലം എന്ന മസ്തിഷ്കഭാഗമാണ്. ഇതിനെ മദ്യം ബാധിക്കുന്നത് ചലനങ്ങളുടെ മേല്‍ നിയന്ത്രണം നഷ്ടമാവാനും വേഴ്ചക്കിടയില്‍ അനുബന്ധ വൈഷമ്യങ്ങളുണ്ടാവാനും ഇടയാക്കാം. വേഴ്ചക്കിടയില്‍ ഉറങ്ങിപ്പോവാനും മദ്യം ഹേതുവാകാം. ആനന്ദകരവും സംതൃപ്തിദായകവുമായ ലൈംഗികതക്ക് തന്‍റെയും പങ്കാളിയുടെയും ഇഷ്ടാനിഷ്ടങ്ങളെപ്പറ്റിയുള്ള ഓര്‍മയും വേഴ്ചാവേളയില്‍ പരസ്പരം പ്രകോപിപ്പിക്കാതെ സ്നേഹസൌഹൃദങ്ങളോടുള്ള ഇടപഴകലുകളും അവശ്യമാണ് — എന്നാല്‍ വിവിധ മസ്തിഷ്കഭാഗങ്ങള്‍ക്കുമേല്‍ നാഡീമന്ദീഭവത്തിന്‍റെ ബ്രേക്കമര്‍ത്തി മദ്യം ഇതിനൊക്കെയും വിഘാതമാവാറുണ്ട്. 

സുരയും സുരതവും

സെക്സോളജിസ്റ്റുകളുടെ വീക്ഷണത്തില്‍ വേഴ്ചക്ക് നാലു ഘട്ടങ്ങളുണ്ട്: ലൈംഗികഭാവനകളും രതിമോഹവും അനുഭവപ്പെടുന്ന “ആസക്തിഘട്ടം” (desire), ലൈംഗികോദ്ദീപനം തുടങ്ങുകയും പുരുഷലിംഗം ഉദ്ധരിക്കുകയും യോനീസ്രവങ്ങള്‍ കൂടുകയും ചെയ്യുന്ന “ഉത്തേജിതഘട്ടം” (excitement), പുരുഷന്മാരില്‍ സ്ഖലനവും സ്ത്രീകളില്‍ ലൈംഗികാവയവങ്ങളുടെ വികാസസങ്കോചങ്ങളുമൊക്കെ നടക്കുന്ന “രതിമൂര്‍ച്ചാഘട്ടം” (orgasm), ശരീരവും മനസ്സും പൂര്‍വസ്ഥിതിയിലേക്കു മടങ്ങുന്ന “പരിസമാപ്തിഘട്ടം” (resolution) എന്നിവയാണവ. ഇവയോരോന്നിനെയും മദ്യം താറുമാറാക്കുന്നുണ്ട്. 

ചെറിയ അളവിലെ മദ്യപാനം “സഭാകമ്പ”ങ്ങളെ പരിഹരിക്കുന്നെന്നും ലൈംഗികചോദനയും ഉണര്‍വും കൂട്ടുന്നെന്നും ചിലര്‍ പറയാറുണ്ട്. ഈ ഗുണങ്ങള്‍ പക്ഷേ മദ്യത്തിന്‍റെ പ്രവര്‍ത്തനഫലമായി ഉളവാകുന്നതല്ല — ലൈംഗികശേഷിയുടെ മേല്‍ മനസ്സിന് ഏറെ സ്വാധീനമുള്ളതിനാല്‍, മേല്‍പ്പറഞ്ഞ പ്രയോജനങ്ങളുണ്ടാവുമെന്ന വിശ്വാസവും വെച്ചു മദ്യമെടുക്കുന്നവര്‍ക്ക് അതങ്ങിനെത്തന്നെ സംഭവിക്കുന്നതായി വെറുതെ തോന്നുക മാത്രമാണു ചെയ്യുന്നത്. ഒരു ഗവേഷണത്തില്‍ കുറച്ചാളുകള്‍ക്കു മദ്യവും മറ്റു ചിലര്‍ക്ക് മദ്യമെന്ന വ്യാജേന ആല്‍ക്കഹോളില്ലാത്ത ഒരു പാനീയവും കൊടുത്തപ്പോള്‍ ഇരുകൂട്ടരും ഒരുപോലെ ലൈംഗിക ഉണര്‍വ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി! ഇപ്പറഞ്ഞതൊക്കെ ചെറിയൊരളവു മദ്യത്തിന്‍റെ കാര്യമാണ് — ശരാശരി മലയാളി സാധാരണ അകത്താക്കാറുള്ള അളവുകളില്‍ മദ്യം ലൈംഗികതൃഷ്ണയുടെ റെഗുലേറ്ററിനെ താഴേക്കുതന്നെയാണ് തിരിക്കുക എന്നതു നിസ്തര്‍ക്കമാണ്. 

സ്ഥിരമദ്യപാനികളായ സ്ത്രീകളില്‍ മുപ്പതു മുതല്‍ നാല്‍പതുവരെ ശതമാനം പേര്‍ ഉത്തേജനപ്രശ്നങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. 

പുരുഷന്മാര്‍ക്ക് ഉദ്ധാരണം കിട്ടുന്നത് ലിംഗത്തിലേക്ക് രക്തം ഇരച്ചുകയറുമ്പോഴാണ്. ഇതിന് ശരീരത്തില്‍ ആവശ്യത്തിനു ജലാംശം വേണ്ടതുണ്ട്. മൂത്രത്തിന്‍റെയും വിയര്‍പ്പിന്‍റെയും അളവു വര്‍ദ്ധിപ്പിച്ച് മദ്യം നിര്‍ജലീകരണമുണ്ടാക്കുന്നത് അതിനാല്‍ത്തന്നെ ഉദ്ധാരണപ്രശ്നങ്ങള്‍ക്കു നിമിത്തമാവാം. ലിംഗത്തില്‍നിന്നു തലച്ചോറിലേക്കും തിരിച്ചും ഉള്ള നാഡീസന്ദേശങ്ങളെ മുമ്പുപറഞ്ഞപോലെ മദ്യം മന്ദീഭവിപ്പിക്കുന്നതും ഉദ്ധാരണത്തെ ദുര്‍ബലമാക്കാം. ഏറെ നാളത്തെ മദ്യോപയോഗം പുരുഷലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ അപര്യാപ്തതയുണ്ടാക്കുന്നതും മദ്യമുളവാക്കുന്ന കരള്‍രോഗങ്ങള്‍ സ്ത്രീഹോര്‍മോണായ ഈസ്ട്രൊജന്‍റെ അളവു കൂടാനിടയാക്കുന്നതും പുരുഷന്മാര്‍ക്ക് മദ്യലഹരിയിലല്ലാത്തപ്പോള്‍പ്പോലും തൃഷ്ണക്കുറവും ഉദ്ധാരണവൈഷമ്യങ്ങളുമുണ്ടാക്കാം. നിരന്തര മദ്യപാനം നാഡികള്‍ക്കും ലിംഗത്തിലെ രക്തക്കുഴലുകള്‍ക്കും വരുത്തുന്ന കേടുപാടുകളും സ്ഥായിയായ ഉദ്ധാരണപ്രശ്നങ്ങള്‍ക്കു വഴിയൊരുക്കാം. സ്ഥിരമദ്യപാനികളായ സ്ത്രീകളിലും മുപ്പതു മുതല്‍ നാല്‍പതുവരെ ശതമാനം പേര്‍ വിവിധ ഗവേഷകരോട് ഉത്തേജനപ്രശ്നങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 

 

നാഡീവ്യവസ്ഥയെ മന്ദീഭവിപ്പിക്കുക വഴി രതിമൂര്‍ച്ചാഘട്ടത്തെയും മദ്യം അലങ്കോലമാക്കുന്നുണ്ട്. പരീക്ഷണത്തിനു സമ്മതിച്ചെത്തിയ പുരുഷവളണ്ടിയര്‍മാര്‍ക്കു മദ്യം കൊടുത്ത് അവരോടു സ്വയംഭോഗം ചെയ്യാനാവശ്യപ്പെട്ട ഗവേഷകര്‍ കണ്ടത് രക്തത്തില്‍ മദ്യാംശമേറുന്തോറും സ്ഖലനം കൂടുതല്‍ക്കൂടുതല്‍ വൈകുന്നുവെന്നാണ്. പരീക്ഷണശാലകള്‍ക്കു പുറത്തും, പതിനൊന്നു ശതമാനത്തോളം മദ്യപാനികളില്‍ വേഴ്ചാവേളകളില്‍ സ്ഖലനം ഏറെ വൈകുകയോ തീരെ നടക്കാതിരിക്കുക പോലുമോ ചെയ്യാം. (മദ്യം ഇവ്വിധം സ്ഖലനത്തെ വൈകിക്കുന്നതിനാല്‍ ചിലരതിനെ ശീഖ്രസ്ഖലനത്തിന് ഒരു സ്വയംചികിത്സയായി ഉപയോഗിക്കാറുണ്ട് — എന്നാല്‍ ഈ പ്രശ്നത്തിന് കൂടുതല്‍ ഫലപ്രദവും സുരക്ഷിതവുമായ മറ്റു പല ചികിത്സകളും ലഭ്യമായുണ്ട്.) 

മദ്യലഹരിയിലുള്ള സ്ത്രീകള്‍ക്ക് രതിമൂര്‍ച്ച കിട്ടാന്‍ പതിവിലുമധികം ഉത്തേജനം വേണ്ടിവന്നേക്കാം. നിര്‍ജലീകരണം യോനീസ്രവങ്ങളുടെ ഉറവകളെ വറ്റിക്കുന്നത് വേഴ്ചയുടെ ആസ്വാദ്യത കുറക്കുകയും അതിനെ വേദനാജനകമാക്കുക പോലും ചെയ്യാം. ഫോട്ടോപ്ലെത്തിസ്മോഗ്രാഫ് എന്ന ഉപകരണം കൊണ്ട് സ്വയംഭോഗനേരത്ത് യോനീഭാഗത്തേക്കുള്ള രക്തയോട്ടമളന്ന ഗവേഷകര്‍ക്ക് മദ്യലഹരിയിലുള്ള സ്ത്രീകളില്‍ക്കിട്ടിയത് താരതമ്യേന ചെറിയ റീഡിങ്ങുകളാണ്. മറുവശത്ത്, മദ്യസഹായമുള്ളപ്പോള്‍ ചില സ്ത്രീകള്‍ക്കു രതിമൂര്‍ച്ച കൂടുതല്‍ ആനന്ദകരമായിത്തോന്നാറുമുണ്ട്. എന്നാല്‍ മദ്യം സ്ത്രീലൈംഗികപ്രക്രിയയെ ഒരു വിധത്തിലും ഉത്തേജിപ്പിക്കുന്നില്ല എന്നു പല പഠനങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. മറിച്ച്, സ്വയം വല്ലാതെ അടക്കിനിര്‍ത്തി ശീലിച്ചവര്‍ക്ക് മദ്യത്തിന്‍റെ കൈകള്‍ മനസ്സിലെ കെട്ടുകള്‍ പൊട്ടിക്കുമ്പോള്‍ സങ്കോചഭയാശങ്കകളില്ലാതെ സെക്സിലേര്‍പ്പെടാനാവുന്നതിനാലാവാം അത് കൂടുതല്‍ ആസ്വാദ്യകരമായിത്തോന്നുന്നത് എന്നാണ് വിദഗ്ദ്ധര്‍ അനുമാനിക്കുന്നത്.

രതിമൂര്‍ച്ചാവേളയില്‍ സംഭവിക്കേണ്ട ഹൃദയമിടിപ്പിന്‍റെയും ശ്വാസോച്ഛ്വാസത്തിന്‍റെയും ത്വരിതപ്പെടല്‍ നാഡീവ്യവസ്ഥയുടെ മന്ദിപ്പു മൂലം നടക്കാതെ പോവുന്നതിനാലും ഇരുലിംഗങ്ങളിലും മദ്യലഹരിയില്‍ രതിമൂര്‍ച്ചയുടെ തീവ്രതയും സന്തോഷസംതൃപ്തികളും ദുര്‍ബലമാവാറുണ്ട്.

മനോവിഭ്രമവും ആകെയൊരു സൌഖ്യക്കുറവും ഹാംഗോവറുമൊക്കെ ജനിപ്പിച്ച് പരിസമാപ്തിഘട്ടത്തിലും മദ്യം പ്രശ്നകാരിയാകാം.

 

മദ്യസൃഷ്ടികളായ ഒഥല്ലോമാര്‍

ജീവിതപങ്കാളിക്ക് അവിഹിതബന്ധങ്ങളുണ്ട് എന്ന തെറ്റിദ്ധാരണ ചില മദ്യപര്‍ പ്രകടിപ്പിക്കാറുണ്ട്. ഇത് ദാമ്പത്യകലഹങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കു വരെയും നിമിത്തമാവാറുമുണ്ട്. മദ്യലഹരിയിലുള്ള വേളകളിലേ മിക്കവരും ഈ സംശയം പുലര്‍ത്താറുള്ളൂവെങ്കില്‍ ചിലര്‍, പ്രത്യേകിച്ച് ദീര്‍ഘനാളായി ഏറെയളവില്‍ മദ്യമെടുക്കുന്നവര്‍, ഏതുനേരത്തും ഇതു പ്രകടിപ്പിക്കാം. മദ്യം മൂലം ലൈംഗികബലഹീനതകള്‍ വന്നുഭവിച്ചവര്‍ പങ്കാളി ലൈംഗികസംതൃപ്തിക്ക് മറ്റാരെയോ ആശ്രയിക്കുന്നുണ്ട് എന്ന നിഗമനത്തിലെത്താം. ഇനിയും ചിലര്‍ മദ്യപാനത്തെ എതിര്‍ക്കുന്ന പങ്കാളിയോട് വാദിച്ചുജയിക്കാന്‍ ഇത്തരം വ്യാജപ്രത്യാരോപണങ്ങളെ കൂട്ടുപിടിക്കാം. ഈ ചിന്താഗതി മദ്യം തലച്ചോറിലെ നാഡീപഥങ്ങളില്‍ വരുത്തുന്ന വൈകല്യങ്ങളുടെ ഫലവുമാകാം.

 

 

 സ്ത്രീകളും കൌമാരക്കാരും

എക്‌സ്‌സൈസ് വകുപ്പും സര്‍ക്കാരിന്‍റെ തന്നെ “അവര്‍ റെസ്‌പോണ്‍സിബിലിറ്റി റ്റു ചില്‍ഡ്രന്‍” (ഒ.ആര്‍.സി.) പ്രൊജക്റ്റും ചേര്‍ന്ന് 2013-ല്‍ നടത്തിയ സര്‍വേ വെളിപ്പെടുത്തിയത് കഴിഞ്ഞ പത്തുവര്‍ഷങ്ങളില്‍ സ്ത്രീകളുടെ മദ്യപാനം കേരളത്തില്‍ നാലിരട്ടിയായെന്നാണ്. മദ്യം സ്ത്രീകളുടെ ലൈംഗികാരോഗ്യത്തിനും ശരീരത്തിനു പൊതുവില്‍ത്തന്നെയും ഹാനിവരുത്താനുള്ള സാദ്ധ്യത താരതമ്യേന അധികമാണ് — സ്ത്രീശരീരങ്ങളില്‍ താരതമ്യേന കൊഴുപ്പിന്‍റെയളവ് കൂടുതലും ജലാംശം കുറവും ആയതിനാല്‍ മദ്യം അവരില്‍ ഏറെ വേഗത്തിലും തീവ്രമായും പ്രവര്‍ത്തിക്കുന്നതുകൊണ്ടാണിത്. നിരന്തര മദ്യപാനം സ്തനാര്‍ബുദത്തിനു നിമിത്തമാവാറുമുണ്ട്. 

പതിമൂന്നര വയസ്സാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ മദ്യപാനം തുടങ്ങുന്ന ശരാശരി പ്രായം എന്ന് ആല്‍ക്കഹോള്‍ അറ്റ്ലസ് റിപ്പോര്‍ട്ടും, പതിമൂന്നു വയസ്സുകാര്‍ പോലും മദ്യപിക്കുന്നതായിക്കാണുന്നു എന്ന് എക്സൈസ്-ഓ.ആര്‍.സി. സര്‍വേയും ചൂണ്ടിക്കാട്ടുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നത് കൌമാരത്തിലേ മദ്യപിക്കുന്നവരില്‍ നല്ലൊരു പങ്ക് ആ പ്രായത്തില്‍ത്തന്നെ വേഴ്ചകളിലേക്കും കടക്കുന്നു, മദ്യപാനത്തോതിന് ആനുപാതികമായി കൌമാരക്കാരില്‍ ലൈംഗികരോഗനിരക്കും കൂടുന്നു, പെണ്‍കുട്ടികള്‍ വര്‍ദ്ധിച്ച തോതില്‍ ഗര്‍ഭിണികളാവുന്നതിനു പിന്നില്‍ അവരുടെ മദ്യപാനത്തിനും പങ്കുണ്ട് എന്നൊക്കെയാണ്. പരിചയം സ്ഥാപിച്ചെടുക്കാനും ചെറുക്കാനുള്ള ശേഷി ദുര്‍ബലപ്പെടുത്താനും മദ്യത്തെയുപയോഗപ്പെടുത്തി ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുന്നതിന്‍റെ വാര്‍ത്തകള്‍ മലപ്പുറം പോലുള്ള ജില്ലകളില്‍ നിന്നു പുറത്തുവരുന്നുണ്ട്.

കിട്ടാം ലൈംഗികരോഗങ്ങളും

മദ്യപാനം ലൈംഗികരോഗബാധക്കുള്ള സാദ്ധ്യത കൂട്ടുമോ എന്നു പരിശോധിച്ച പതിനൊന്നു പഠനങ്ങളില്‍ എട്ടും നല്‍കിയ ഉത്തരം “അതെ” എന്നാണ്. ലൈംഗികരോഗമുള്ളവരില്‍ പകുതി പേര്‍ക്കും അതു കിട്ടുന്നത് മദ്യപാനം കൊണ്ടാണ്. മദ്യവെറിയില്‍ മുന്‍പിന്‍നോക്കാതെ പലരുമായും ബന്ധപ്പെടുന്നതും, കോണ്ടമുപയോഗിക്കാന്‍ മറന്നുപോവുകയോ അല്ലെങ്കിലത് ശരിയാംവിധം ധരിക്കാനാവാതെ പോവുകയോ ചെയ്യുന്നതും, വദനസുരതം പോലുള്ള ലൈംഗികകൃത്യങ്ങളോടു പൊതുവെ വിമുഖതയുള്ളവര്‍ മദ്യസ്വാധീനത്തില്‍ അതിനൊക്കെ റെഡിയാവുന്നതും, നിരന്തര മദ്യപാനത്താല്‍ ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി ദുര്‍ബലമാവുന്നതുമെല്ലാം ഇതിന് ഇടനിലക്കാരാവുന്നുണ്ട്. ഇങ്ങിനെ കിട്ടുന്ന ലൈംഗികരോഗങ്ങള്‍ പലതും വന്ധ്യതക്കോ കാന്‍സറിനോ മരണത്തിനോ ഒക്കെ നിദാനമാവുകയും ചെയ്യാം.

 

ചില മുന്‍കരുതലുകള്‍

ഇന്നത്തേക്കുമെന്നത്തേക്കും നല്ല ലൈംഗികാരോഗ്യം കാംക്ഷിക്കുന്നുവെങ്കില്‍ ഒട്ടുമേ മദ്യപിക്കാതിരിക്കുന്നതു തന്നെയാണ് ഏറ്റവുമുത്തമം. 

ചില വിഭാഗങ്ങള്‍ മദ്യപിക്കുകയേ ചെയ്യരുത് എന്ന് ആധുനിക വൈദ്യശാസ്ത്രം ഊന്നിപ്പറയുന്നുണ്ട്. ആള്‍ക്കഹോളിസംബാധിതരുടെ കുടുംബാംഗങ്ങളും ഇരുപത്തൊന്ന് വയസ്സു തികഞ്ഞിട്ടില്ലാത്തവരും ഗര്‍ഭിണികളും ആള്‍ക്കഹോളിസത്തിന് ചികിത്സയെടുത്തിട്ടുള്ളവരും മദ്യം മൂലം വഷളായേക്കാവുന്ന (കരള്‍രോഗങ്ങള്‍ പോലുള്ള) ആരോഗ്യപ്രശ്നങ്ങളുള്ളവരും മദ്യപിച്ചാല്‍ റിയാക്ഷന്‍ വന്നേക്കാവുന്ന മരുന്നുകളെടുക്കുന്നവരും വണ്ടിയോടിക്കാനുള്ളവരും ജാഗ്രത വേണ്ട തരം യന്ത്രോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവരും ഇതിനുദാഹരണങ്ങളാണ്. ഇതിലൊന്നും പെടാത്തവര്‍ അഥവാ മദ്യപിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ വെറുംവയറ്റില്‍ കഴിക്കാതിരിക്കാനും ഒറ്റയടിക്ക് വലിച്ചുകുടിക്കാതെ ഇടവിട്ട് ഓരോ സിപ്പ് മാത്രം എടുക്കാനും എത്രയളവു കുടിച്ചുവെന്നത് ഓര്‍മയില്‍ നിര്‍ത്താനും ശ്രദ്ധവെച്ചാല്‍ ആത്മനിയന്ത്രണം മദ്യത്തിലലിഞ്ഞുളവാകുന്ന ലൈംഗിക പ്രത്യാഘാതങ്ങള്‍ തടയാനായേക്കും. ഇടക്ക് ഓരോ ഗ്ലാസ് വെള്ളം കുടിച്ചാല്‍ നിര്‍ജലീകരണവും അനുബന്ധപ്രശ്നങ്ങളും വരാതെ കാക്കാനാവും. മദ്യം ചിന്തകളെയും തീരുമാനങ്ങളെയും വികലമാക്കിത്തുടങ്ങിയെന്ന സൂചന കിട്ടിയാലുടന്‍ മദ്യപാനം നിര്‍ത്തി കുറേ വെള്ളംകുടിക്കുകയോ ആഹാരം കഴിക്കുകയോ ചെയ്യുക. ആരെങ്കിലും പിന്നെയും മദ്യമെടുക്കാന്‍ നിര്‍ബന്ധിച്ചാല്‍ “വേണ്ട” എന്ന് മുഖത്തു നോക്കി, വളച്ചു കെട്ടില്ലാതെ, ഒരു സംശയത്തിനും ചര്‍ച്ചക്കും ഇടകൊടുക്കാത്ത വിധം വ്യക്തമാക്കുക. 

മദ്യോന്മത്തതയിലെ പീഡനങ്ങള്‍

ലൈംഗികപീഡനങ്ങള്‍ നടത്താനും അവക്ക് ഇരയാവാനും രണ്ടിനുമുള്ള സാദ്ധ്യതകള്‍ മദ്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്. 

ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് 2013-ല്‍ കേരളാ പോലീസിനു വേണ്ടി ചെയ്ത സര്‍വേ വെളിപ്പെടുത്തിയത് സംസ്ഥാനത്തെ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ നല്ലൊരു പങ്കും മുന്‍പരിചയമുള്ള പുരുഷന്മാര്‍ മദ്യലഹരിയില്‍ച്ചെയ്യുന്നതാണ് എന്നാണ്. ലൈംഗികപീഡനങ്ങളില്‍ മൂന്നിലൊന്നും നടത്തുന്നത് മദ്യലഹരിയിലുള്ളവരാണ് എന്ന് വിവിധ നാടുകളില്‍ നിന്നുള്ള ഗവേഷണങ്ങള്‍ പറയുന്നുണ്ട്. ഇക്കൂട്ടര്‍ പീഡനത്തോടൊപ്പം പരിക്കുകളും ശാരീരികോപദ്രവവും കൂടി ഏല്‍പിക്കാനുള്ള സാദ്ധ്യതയും ഏറെയാണ്. 

ഇതിനു പല വിശദീകരണങ്ങളുമുണ്ട്. മദ്യം ആത്മനിയന്ത്രണത്തെയും തീരുമാനമെടുക്കാനുള്ള കഴിവിനെയും മുമ്പുപറഞ്ഞ പോലെ ക്ഷയിപ്പിക്കുന്നതും, ഉള്ളിലെ കോപവിദ്വേഷാദികളെ പെരുപ്പിക്കുന്നതും, തനിക്കും ഇരക്കും നേരിട്ടേക്കാവുന്ന ദുഷ്പ്രത്യാഘാതങ്ങളെപ്പറ്റിയുള്ള ബോധത്തെ നശിപ്പിക്കുന്നതുമൊക്കെ ചില കേസുകളില്‍ പ്രസക്തമാവാറുണ്ട്. അമിതമായ എടുത്തുചാട്ടം, ആരോടും സഹാനുഭൂതിയില്ലായ്മ, ഒന്നിലും കുറ്റബോധം തോന്നായ്ക തുടങ്ങിയ വ്യക്തിത്വവിശേഷതകളുള്ളവരില്‍ ഇതിന്‍റെ ഭാഗമായി ഏറെ മദ്യപിക്കാനുള്ള ത്വരയും അടങ്ങാത്ത പീഡനോന്മുഖതയും ഒരുപോലെ ദൃശ്യമാവാം. പീഡനത്തിനു “ന്യായീകരണം” കിട്ടാനോ കുറ്റാരോപണത്തില്‍ നിന്നു രക്ഷപ്പെടാനായേക്കുമെന്ന അബദ്ധധാരണയുടെ പുറത്തോ മന:പൂര്‍വ്വം മുന്‍‌കൂര്‍ മദ്യംകഴിക്കുന്നവരും ഉണ്ട്.

മദ്യലഹരിയിലുള്ള സ്ത്രീകള്‍ തങ്ങളുടെ സമ്മതത്തോടല്ലാതുള്ള സ്പര്‍ശവും ചുംബനവും തൊട്ട് ബലാത്സംഗം വരെ നേരിടേണ്ടിവരാന്‍ സാദ്ധ്യത കൂടുതലാണ്. മദ്യം ബുദ്ധിയെ മരവിപ്പിച്ചു കഴിഞ്ഞാല്‍ പാര്‍ട്ടികളില്‍ നിന്ന് താമസസ്ഥലത്തേക്കു നടന്നുപോവാന്‍ തീരുമാനിക്കുക, പരിചയമില്ലാത്തവരുടെ ലിഫ്റ്റ് സ്വീകരിക്കുക തുടങ്ങിയ അബദ്ധങ്ങള്‍ക്കുള്ള സാദ്ധ്യതയേറുന്നതും, മദ്യപിക്കുന്ന സ്ത്രീകള്‍ “പിഴ”കളായിരിക്കുമെന്ന മുന്‍വിധിയും, മദ്യം മെയ്’വഴക്കത്തിലും ചലനങ്ങളിലും സൃഷ്ടിക്കുന്ന ക്ലേശങ്ങള്‍ ചെറുത്തുനില്‍പ്പ് ദുഷ്ക്കരമാക്കുന്നതും ഒക്കെ ഇവിടെ കുഴപ്പത്തിന്‍റെ മദ്ധ്യവര്‍ത്തികളാവാം. പാര്‍ട്ടികളിലോ മറ്റോ മദ്യപിക്കാന്‍ തീരുമാനിക്കുന്നെങ്കില്‍ വിശ്വസ്തസുഹൃത്തുക്കളില്‍ നിന്നു കൂട്ടംതെറ്റാതെ ശ്രദ്ധിക്കുന്നതും, ഗ്ലാസിലേക്കാരും ഉറക്കഗുളികകളോ മറ്റോ ഇടുന്നില്ല എന്നു ജാഗ്രത പുലര്‍ത്തുന്നതും, അപരിചിതരില്‍ നിന്നു മദ്യം സ്വീകരിക്കാതിരിക്കുന്നതും ഒരു പരിധി വരെ രക്ഷയായേക്കും. 

ഇനിയുമൊരു പ്രവണതയുള്ളത് സന്ധ്യക്ക് കാമുകനോടോത്തു മദ്യപിക്കാന്‍ തുടങ്ങുന്ന പെണ്‍കുട്ടി അടുത്ത പ്രഭാതത്തില്‍ താന്‍ പോലുമറിയാതെ പൊട്ടിയ കന്യാചര്‍മവുമായി ഉറക്കമുണരുന്നതാണ്. കാമുകന്‍ ദുരുദ്ദേശത്തോടെ ഏറെ മദ്യം കഴിപ്പിക്കുക, മദ്യം തുളകള്‍ വീഴ്ത്തിയ ചിന്താശേഷിയും വെച്ച് ഇടക്കെപ്പോഴോ സ്വയമറിയാതെ “സമ്മതം” മൂളിപ്പോവുക, മദ്യലഹരിയില്‍ രണ്ടിലൊരാള്‍ മറ്റേയാളുടെ വാക്കുകളെയോ ശരീരഭാഷയെയോ വേഴ്ചക്കുള്ള ക്ഷണമോ സമ്മതമോ ആയി തെറ്റായി വായിച്ചെടുക്കുക, കുഴഞ്ഞ നാക്കും മനസ്സും വെച്ച് താല്‍പര്യമില്ലായ്കയും എതിര്‍പ്പും പറഞ്ഞുഫലിപ്പിക്കാനാവാതെ പോവുക തുടങ്ങിയവ ഇവിടെ പ്രശ്നനിമിത്തമാവാം. ലൈംഗികബന്ധം നടന്നോ ഇല്ലയോ, നടന്നെങ്കില്‍ അതു തന്‍റെ സമ്മതത്തോടെയായിരുന്നോ അല്ലയോ എന്നൊക്കെയുള്ള കാര്യങ്ങളില്‍ സംഭവശേഷം സന്ദേഹങ്ങള്‍ നിലനില്‍ക്കുക പോലുമാവാം. 

എന്തൊക്കെയാണ് അനുവദനീയം, എന്തൊക്കെയാണ് അനുവദനീയമല്ലാത്തത് എന്നൊക്കെയുള്ള അതിര്‍വരമ്പുകള്‍ മുന്‍‌കൂര്‍ വ്യക്തമാക്കുക, തിരക്കഥയും സംവിധാനവും മദ്യത്തിന്‍റെ കയ്യിലെത്തിക്കഴിഞ്ഞാല്‍പ്പിന്നെ വാക്കുകളും ചെയ്തികളും ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടേക്കാം എന്നതോര്‍മയില്‍ വെക്കുക, സംസാരം കുഴയുന്ന, നടക്കുമ്പോള്‍ വേച്ചുപോവുന്ന, പതിവില്ലാതെ വിഡ്ഢിത്തങ്ങള്‍ വിളമ്പുന്ന പങ്കാളി ആ ഒരവസ്ഥയില്‍ സെക്സിനു സമ്മതം മൂളുന്നെങ്കില്‍ അത് സുബോധത്തോടെയാവില്ല എന്നു തിരിച്ചറിയുക തുടങ്ങിയ മുന്‍കരുതലുകള്‍ ഇവിടെ സഹായകമായേക്കും. 

സെക്സും ഡീഅഡിക്ഷനും

ആള്‍ക്കഹോളിസത്തിനു ചികിത്സയെടുത്താല്‍ ചിലര്‍ കുറച്ചു കാലത്തേക്ക് ലൈംഗികവിരക്തിയോ വേഴ്ചക്കുള്ള കഴിവില്ലായ്മയോ പ്രകടിപ്പിച്ചേക്കാം. ഇത് ചികിത്സയുടെ പാര്‍ശ്വഫലമാണെന്ന തെറ്റിദ്ധാരണയില്‍ മരുന്നുകള്‍ നിര്‍ത്തുന്നവരും ഈ കേട്ടറിവുവെച്ച് ഒരിക്കലും ചികിത്സക്കു സമ്മതിക്കുകയേ ചെയ്യാത്തവരും ഉണ്ട്. എന്നാല്‍ ഇത്തരം ലൈംഗികപ്രശ്നങ്ങള്‍ പല ഘടകങ്ങളുടെയും ഒരാകത്തുകയായിരിക്കും എന്നതാണ് യാഥാര്‍ത്ഥ്യം. മദ്യം സൃഷ്ടിച്ചുകഴിഞ്ഞ മുമ്പുസൂചിപ്പിച്ച ഹോര്‍മോണ്‍ വ്യതിയാനങ്ങളും നാഡികളുടെയും രക്തക്കുഴലുകളുടെയും കേടുപാടുകളും, മദ്യവിടുതിയില്‍ രോഗിക്കനുഭവപ്പെട്ടേക്കാവുന്ന ആത്മവിശ്വാസക്കുറവ്, മുമ്പ് മദ്യലഹരിയില്‍ സംഭവിച്ച ലൈംഗികപരാജയങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ തികട്ടിവരുന്നത്, മദ്യപാനവും അനുബന്ധ പ്രശ്നങ്ങളും ദാമ്പത്യത്തില്‍ വീഴ്ത്തിക്കഴിഞ്ഞ വിള്ളലുകള്‍, പങ്കാളിയുടെ മനസ്സില്‍ ബാക്കിനില്‍ക്കുന്ന പകയും അവിശ്വാസവും ആശയക്കുഴപ്പങ്ങളും എന്നിവ ഉദാഹരണങ്ങളാണ്. ഇത്തരം ലൈംഗികവൈഷമ്യങ്ങള്‍ താല്‍ക്കാലികമാണ് എന്നു തിരിച്ചറിയാതെ പോയാലുളവാകുന്ന മന:ക്ലേശം അവ ശരിക്കും ചിരസ്ഥായിയായിത്തീരാനോ ആള്‍ മദ്യത്തിലേക്കു തിരിച്ചുപോവാന്‍ പോലുമോ ഇടയൊരുക്കുകയും ചെയ്യാം.

മദ്യമില്ലാത്തൊരു ജീവിതം തുടങ്ങുമ്പോള്‍ മറ്റു പല കാര്യങ്ങളെയും പോലെ ലൈംഗികാരോഗ്യവും തിരിച്ചു പിടിക്കാന്‍ അല്‍പനാള്‍ വേണ്ടിവന്നേക്കും.

 മദ്യമില്ലാത്തൊരു ജീവിതം തുടങ്ങുമ്പോള്‍ മറ്റു പല കാര്യങ്ങളെയും പോലെ ലൈംഗികാരോഗ്യവും തിരിച്ചു പിടിക്കാന്‍ അല്‍പനാള്‍ വേണ്ടിവന്നേക്കുമെന്ന് പങ്കാളികള്‍ ഇരുവരും തിരിച്ചറിയേണ്ടതുണ്ട്. സെക്സ് ഏറ്റവും ആസ്വാദ്യകരമാവാന്‍ പങ്കാളികള്‍ തമ്മില്‍ നല്ല വ്യക്തിബന്ധം കൂടിയേതീരൂ എന്നതിനാല്‍ മദ്യമെന്ന “സ്വര്‍ഗത്തിലെ കട്ടുറുമ്പ്” ഒഴിഞ്ഞുപോയ തക്കത്തിന് ആശയവിനിമയവും പരസ്പര വിശ്വാസവും മെച്ചപ്പെടുത്തുക. ബെഡ്റൂമുമായി ബന്ധപ്പെട്ട ദുരോര്‍മകള്‍ ഒരു പ്രശ്നമാണെങ്കില്‍ മുറി റീഅറേഞ്ച് ചെയ്യുകയോ സെക്സിന് മറ്റൊരു മുറി ഉപയോഗിക്കുകയോ ചെയ്യുക. രോഗിക്കു വല്ല ലൈംഗികരോഗവും പിടിപെട്ടോ, അത് പങ്കാളിയിലേക്കും പകര്‍ന്നേക്കുമോ എന്നൊക്കെ ആശങ്കയുണ്ടെങ്കില്‍ പരിശോധനകള്‍ക്കു വിധേയരാവുക.

 

തന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാന്‍ ക്ഷമയോടെ കാത്തിരിക്കുമ്പോഴും ആവുന്ന രീതികളില്‍ പങ്കാളിക്കു ലൈംഗികസുഖം നല്‍കാന്‍ ശ്രദ്ധിക്കുക, ചെറുപ്രായം തൊട്ടേ മദ്യമായിരുന്നു സര്‍വതും എങ്കിലോ ഏറെനാളത്തെ മദ്യപാനം കിടപ്പറശീലങ്ങളെ ദുഷിപ്പിച്ചിട്ടുണ്ടെങ്കിലോ ആവശ്യമെങ്കില്‍ തക്ക ലൈംഗികവിദ്യാഭ്യാസം ആര്‍ജിക്കുക, പോഷകാഹാരം കഴിക്കുക, ശാരീരികവ്യായാമങ്ങള്‍ ചെയ്യുക, പുകവലിയുണ്ടെങ്കില്‍ അതവസാനിപ്പിക്കുക എന്നിവ രോഗിക്കു കൈക്കൊള്ളാവുന്ന നടപടികളാണ്. മദ്യമുക്തിയുടെ ആദ്യനാളുകളില്‍ സെക്സിനായി രോഗിയില്‍ സമ്മര്‍ദ്ദം ചെലുത്താതിരിക്കാന്‍ പങ്കാളിയും ശ്രദ്ധിക്കേണ്ടതുണ്ട്. മദ്യം നിര്‍ത്തി ഒരാറുമാസത്തിനു ശേഷവും ലൈംഗികപ്രശ്നങ്ങള്‍ വിട്ടുമാറാതെ നില്‍ക്കുന്നെങ്കില്‍ വിദഗ്ദ്ധസഹായം തേടേണ്ടതുമാണ്.