(ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ 2021 ഡിസംബര്‍ ലക്കം മനോരമ ആരോഗ്യത്തില്‍ എഴുതിയത്. ചോദ്യങ്ങള്‍ മാഗസിന്‍ ഉയര്‍ത്തിയവയാണ്.)

1. സൈക്യാട്രി മരുന്നുകളെന്നാൽ ഉറക്കഗുളികയാണെന്നു ഇന്നും കരുതുന്നവരുണ്ട്. സൈക്യാട്രി മരുന്നുകൾ ഏതെല്ലാം വിധത്തിൽ ഉണ്ട്? അവ ശരീരത്തിൽ പ്രവർത്തിക്കുന്നത് എങ്ങനെയാണ്?

വിഷാദരോഗത്തിനും ഉത്ക്കണ്ഠാരോഗങ്ങള്‍ക്കുമുള്ള ആന്‍റിഡിപ്രസന്‍റുകള്‍, ബൈപോളാര്‍ രോഗത്തിനുള്ള മൂഡ്‌ സ്റ്റെബിലൈസറുകള്‍, സൈക്കോട്ടിക് രോഗങ്ങള്‍ക്കുള്ള ആന്‍റിസൈക്കോട്ടിക്കുകള്‍ എന്നിവയാണ് പ്രധാനയിനം സൈക്യാട്രി മരുന്നുകള്‍. അഡിക്ഷനുകള്‍, കുട്ടികളില്‍ വല്ലാത്ത പിരുപിരുപ്പുണ്ടാക്കുന്ന എ.ഡി.എച്ച്.ഡി., മുതിര്‍ന്നവരില്‍ ഓര്‍മക്കുറവു വരുത്തുന്ന ഡെമന്‍ഷ്യ തുടങ്ങിയവക്കുള്ള മരുന്നുകള്‍ വേറെയുമുണ്ട്.

ഉറക്കഗുളികകള്‍ എന്നൊരു വിഭാഗവും തീര്‍ച്ചയായും ഉണ്ട്. സാരമായ ഉറക്കക്കുറവുള്ളവര്‍ക്കേ, അതും ചികിത്സാരംഭത്തില്‍ അല്‍പനാളുകള്‍ മാത്രം, ഇവ പൊതുവേ കുറിക്കപ്പെടാറുള്ളൂ. അതായത്, മറ്റു മരുന്നുകള്‍ക്കു പ്രവര്‍ത്തിക്കാനുള്ള സാവകാശം ലഭിച്ച്, അസുഖം കുറഞ്ഞ്, സ്വാഭാവികമായ ഉറക്കം കിട്ടിത്തുടങ്ങുന്നതു വരേക്കു മാത്രം.

തലച്ചോറിലെ കോശങ്ങള്‍ പരസ്പരം ആശയവിനിമയം നടത്തുന്നത് അവയ്ക്കിടയിലെ സിനാപ്സ് എന്ന വിടവിലേക്ക് ഒരു കോശം നിശ്ചിത രാസവസ്തുക്കളെ സ്രവിപ്പിക്കുകയും അടുത്ത കോശം അവയെ വലിച്ചെടുക്കുകയും ചെയ്താണ്. മിക്ക മനോരോഗങ്ങളിലും ഈ പ്രക്രിയ തകരാറിലാകുന്നുണ്ട്. അതു പുനസ്ഥാപിക്കുക വഴിയാണ് മിക്ക മരുന്നുകളും രോഗശമനം തരുന്നത്. പല മരുന്നുകളും ജീനുകളുടെ പ്രവര്‍ത്തന രീതിയിലെ പ്രശ്നങ്ങളും പരിഹരിക്കുന്നുണ്ട്.

2. സൈക്യാട്രി മരുന്നുകൾ ഒരാൾക്ക് എപ്പോഴാണ് വേണ്ടി വരുന്നത്? എല്ലാ മാനസിക പ്രശ്നങ്ങൾക്കും മരുന്ന് ആവശ്യമാണോ? മരുന്ന് വേണമോ എന്നു തീരുമാനിക്കുന്നത് എങ്ങനെയാണ്?

ചില പ്രശ്നങ്ങള്‍ക്ക് മനശ്ശാസ്ത്ര ചികിത്സ തികച്ചും മതിയാകും — പരീക്ഷാപ്പേടി, ദാമ്പത്യാസ്വാരസ്യങ്ങള്‍, ചേരേണ്ട ജോലിയെയോ കോഴ്സിനെയോ കുറിച്ചുള്ള ചിന്താക്കുഴപ്പം എന്നിവ ഉദാഹരണമാണ്. ഫോബിയകള്‍, തീവ്രമല്ലാത്ത വിഷാദം, ഉത്ക്കണ്ഠ തുടങ്ങിയ രോഗങ്ങള്‍ക്കും മനശ്ശാസ്ത്ര ചികിത്സ തനിച്ചു ഫലപ്രദമാകും. ചില ലക്ഷണങ്ങള്‍ക്കു പക്ഷേ മരുന്നുകള്‍ കൂടിയേ തീരൂ:

  • ആരോ കൊല്ലാന്‍ വരുന്നു, ജീവിതപങ്കാളിക്ക് മറ്റു ബന്ധങ്ങളുണ്ട്, മറ്റുള്ളവര്‍ സംസാരിക്കുന്നത് തന്നെക്കുറിച്ചാണ് എന്നൊക്കെയുള്ള അടിസ്ഥാനമില്ലാത്ത സംശയങ്ങള്‍
  • അശരീരി ശബ്ദങ്ങള്‍ കേള്‍ക്കുന്നത്
  • തീവ്രമായ വിഷാദമോ ഉത്ക്കണ്ഠയോ — ആത്മഹത്യാചിന്തയുണ്ടെങ്കില്‍ വിശേഷിച്ചും.
  • ഉന്മാദരോഗം (അമിതമായ സന്തോഷം, കോപം, ഭക്തി, സംസാരം, പണം ചെലവിടല്‍ തുടങ്ങിയവയാണ് മുഖ്യലക്ഷണങ്ങള്‍)
  • മദ്യപാനമോ ലഹരിയുപയോഗമോ നിര്‍ത്തുമ്പോള്‍ വരുന്ന അസ്വസ്ഥതകള്‍

മിക്ക രോഗങ്ങള്‍ക്കും ഏറ്റവും ഫലപ്രദം മരുന്നുകളും മനശ്ശാസ്ത്ര ചികിത്സകളും ഒന്നിച്ചെടുക്കുന്നതാണ്. അഡിക്ഷനുകള്‍, കടുത്ത വിഷാദരോഗം, അനാവശ്യ ചിന്തകള്‍ സദാ തള്ളിക്കയറിവരുന്ന ഓ.സി.ഡി., കുട്ടികളിലെ പ്രശ്നങ്ങള്‍ എന്നിവയില്‍ ഇതു കൂടുതല്‍ പ്രസക്തമാണ്.

3. പലരും സൈക്യാട്രി മരുന്നുകൾ കഴിക്കാതിരിക്കുന്നതിനും കഴിച്ചാൽ തന്നെ അത് മുടക്കുന്നതിനും കാരണമാകുന്നത് പാർശ്വഫലങ്ങളെക്കുറിച്ചുള്ള ഭയമാണ്. അത്രമാത്രം പാർശ്വഫലങ്ങൾ സൈക്യാട്രി മരുന്നുകൾക്കുണ്ടോ? മരുന്നുകളുടെ താൽക്കാലികമോ നീണ്ടുനിൽക്കുന്നതോ ആയ പാർശ്വഫലങ്ങളെപറ്റി ബോധവാനാക്കേണ്ടത് ആരാണ്? അതിന്റെ പ്രാധാന്യമെത്രത്തോളമാണ്?

ഫലക്ഷമതയെയും പാര്‍ശ്വഫലങ്ങളെയും പറ്റി ഏറെ പരീക്ഷണനിരീക്ഷണങ്ങള്‍ മൃഗങ്ങളിലും മനുഷ്യരിലും നടത്തിയിട്ടാണ് ഓരോ സൈക്ക്യാട്രി മരുന്നും വിപണിയിലെത്തുന്നത്. എങ്കിലും, ഏതൊരു മരുന്നുകളെയും പോലെ സൈക്ക്യാട്രി മരുന്നുകള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. ക്ഷീണം, വിശപ്പുകുറവ്, ഓക്കാനം എന്നിങ്ങനെ ചിലവ തുടക്കത്തിലേ തല പൊക്കുകയും ദിവസങ്ങള്‍ക്കുള്ളില്‍ നേര്‍ത്തില്ലാതാവുകയും ചെയ്യാം. മറ്റു ചിലവ പ്രത്യക്ഷപ്പെടുക മാസങ്ങളോ വര്‍ഷങ്ങളോ കഴിഞ്ഞാകാം. തടി വെക്കുക, പ്രമേഹം വരിക എന്നിവ ഇതില്‍പ്പെടുന്നു. കഴിഞ്ഞ ഒന്നുരണ്ടു പതിറ്റാണ്ടുകളില്‍ വന്ന പല പുതിയ മരുന്നുകള്‍ക്കും മുന്‍ഗാമികളെ അപേക്ഷിച്ച് പാര്‍ശ്വഫലം കുറവുമാണ്.

മിക്കവാറും എല്ലാ പാര്‍ശ്വഫലങ്ങളും പരിഹാരമുള്ളവ തന്നെയാണ്. ഡോസ് കുറയ്ക്കുക, മരുന്നെടുക്കുന്ന സമയം മാറ്റുക, മറ്റൊരു മരുന്നിലേക്കു മാറുക, പാര്‍ശ്വഫലം ചികിത്സിക്കാന്‍ വേറൊരു മരുന്നു കുറിക്കുക എന്നിങ്ങനെ പല വിദ്യകളും ഇവിടെ സഹായകമാകും. എന്തൊരു പ്രശ്നം വന്നാലും “ചത്തതു കീചകനെങ്കില്‍” സ്റ്റൈലില്‍ മരുന്നിനെ പഴിചാരി അതു നിര്‍ത്താതിരിക്കുക. ആ പ്രശ്നം ശരിക്കും മരുന്നിന്‍റെ പാര്‍ശ്വഫലമാണോ അതോ ഉള്ള മനോരോഗത്തിന്‍റെയോ ഏതെങ്കിലും ശാരീരിക പ്രശ്നത്തിന്‍റെയോ ലക്ഷണമാണോ എന്നൊക്കെയറിയാന്‍ സൈക്യാട്രിസ്റ്റിനെ സമീപിക്കുക.

ഏതൊരു ചികിത്സയും തുടങ്ങുംമുമ്പ് അതിന്‍റെ ഗുണദോഷങ്ങള്‍ ചികിത്സകര്‍ രോഗിയോടോ ഉത്തരവാദിത്തപ്പെട്ട മറ്റൊരാളോടോ ചര്‍ച്ചചെയ്യണമെന്നും അവരുടെ താല്‍പര്യങ്ങള്‍കൂടി കണക്കിലെടുക്കണമെന്നും 2018-ല്‍ നിലവില്‍വന്ന മാനസികാരോഗ്യപരിപാലന നിയമം നിഷ്കര്‍ഷിക്കുന്നുണ്ട്.

4. എപ്പോഴും ഉറക്കവും മയക്കവും വരിക, അമിതവണ്ണം, ലൈംഗിക താൽപര്യം കുറയുക തുടങ്ങിയ പ്രശ്നങ്ങൾ സൈക്യാട്രി മരുന്നുകൾ എടുക്കുന്ന പലരും പറയുന്നതാണ്. ഇതിന്റെ വാസ്തവം എന്താണ്? ഇത് എങ്ങനെ പരിഹരിക്കാം?

മരുന്നുകള്‍ മൂലം ചിലപ്പോള്‍ ഉറക്കക്കൂടുതല്‍ വരാം. മരുന്നിന്‍റെ ഡോസ് കുറച്ചോ, സമയം മാറ്റിയോ, പകരം മറ്റൊരു മരുന്നെഴുതിയോ, ഉറക്കച്ചടവു മാറാനുള്ള മരുന്നുകൂടിത്തന്നോ ഒക്കെ സൈക്യാട്രിസ്റ്റിന് ഇതു പരിഹരിക്കാവുന്നതേയുള്ളൂ.

ചില മരുന്നുകള്‍ കഴിക്കുന്ന ചിലര്‍ക്ക് കാലക്രമത്തില്‍ അമിതവണ്ണം വരാം. ആഹാര നിയന്ത്രണവും ചിട്ടയായ വ്യായാമവും വഴി മിക്കവര്‍ക്കും ഇതു തടയാനാകാറുണ്ട്. എന്നിട്ടും വണ്ണം കൂടുന്നവര്‍ക്ക് ഡോസ് കുറയ്ക്കുന്നതും, മരുന്നു മാറ്റുന്നതും, കൂടെ മറ്റു മരുന്നുകള്‍ കൊടുക്കുന്നതുമൊക്കെ ഫലപ്രദമാകാറുണ്ട്.

ലൈംഗികതാല്‍പര്യം കുറയുന്നത് മാനസികപ്രശ്നത്തിന്‍റെ തന്നെ ലക്ഷണമോ, മദ്യപാനത്തിന്‍റെയോ ലഹരിയുപയോഗത്തിന്‍റെയോ അനന്തരഫലമോ, ശാരീരിക പ്രശ്നങ്ങളുടെ ഭാഗമോ, അല്ലെങ്കില്‍ മരുന്നിന്‍റെ പാര്‍ശ്വഫലമോ ആകാം. യഥാര്‍ത്ഥ കാരണം തിരിച്ചറിയുന്നതിന് രക്തപരിശോധനയും മറ്റും വേണ്ടി വരാം. മരുന്നുമൂലമാണെങ്കില്‍ ഡോസ് കുറയ്ക്കുക, മരുന്നു മാറ്റുക തുടങ്ങിയ പരിഹാരങ്ങള്‍ ലഭ്യമാണ്.

5. ഒരിക്കൽ മനോരോഗത്തിന് ചികിത്സ തേടി മരുന്നു കഴിച്ചു തുടങ്ങുന്നവർ ജീവിതകാലം മുഴുവൻ മനോരോഗികൾ ആയിരിക്കും എന്നൊരു ധാരണ പൊതു സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. മനോരോഗ ചികിത്സയിൽ മരുന്നുകൾ എപ്പോഴാണ് നിർത്താൻ ആവുക ?ജീവിതകാലം മുഴുവൻ തുടരേണ്ടി വരുന്ന സാഹചര്യങ്ങൾ ഉണ്ടോ?

പലരിലും രോഗം ഒറ്റത്തവണ മാത്രം വന്ന് അപ്രത്യക്ഷമാകാം. അങ്ങിനെയുള്ളവര്‍ക്ക്, വിശേഷിച്ചും താമസംവിനാ ചികിത്സ തുടങ്ങിയവര്‍ക്കും രോഗത്തിനു തീവ്രത കുറവായിരുന്നവര്‍ക്കും, ഏതാനും മാസങ്ങളിലോ ഒന്നോ രണ്ടോ വര്‍ഷങ്ങളിലോ മരുന്നു പൂര്‍ണമായും നിര്‍ത്താനാകാറുണ്ട്.

ചിലരില്‍ പക്ഷേ മരുന്നു നിര്‍ത്തി അല്‍പകാലത്തിനു ശേഷം രോഗം വീണ്ടും വരാം. രോഗബാധിതരുള്ള കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്കും രോഗം ഒന്നിലേറെത്തവണ വന്നവര്‍ക്കും രണ്ടു വര്‍ഷത്തിലേറെ നീണ്ടുനിന്നവര്‍ക്കും ഈ സാദ്ധ്യത കൂടുതലാണ്. ഈ ഗണങ്ങളില്‍പ്പെട്ടവര്‍, പ്രത്യേകിച്ചും സ്കിസോഫ്രീനിയ പോലുള്ള രോഗങ്ങളുള്ളവര്‍, സ്വന്തം നിലയ്ക്ക് മരുന്നു പൂര്‍ണമായും നിര്‍ത്തിയാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ തൊണ്ണൂറു ശതമാനത്തോളം പേര്‍ക്ക് അസുഖം വീണ്ടും വരാമെന്നാണു കണക്കുകള്‍. അതുകൊണ്ടുതന്നെ, അങ്ങിനെയുള്ളവര്‍ക്ക് ഏതാനും വര്‍ഷങ്ങളോ ചിലപ്പോള്‍ ജീവിതകാലം മുഴുവനും തന്നെയോ മരുന്നെടുക്കേണ്ടി വരാം — പ്രമേഹമോ ബിപിയോ കൊളസ്ട്രോളോ ഒക്കെയുള്ളവരെപ്പോലെതന്നെ. ഇത്തരക്കാരിലും പലപ്പോഴും കാലക്രമേണ ഡോസ് കുറച്ചുകൊണ്ടുവരാനാകാറുണ്ടു താനും.

പാര്‍ശ്വഫലങ്ങളോടോ ദീര്‍ഘകാലം മരുന്നെടുക്കേണ്ടി വരുന്നതിനോടോ ഉള്ള ഭയം നിമിത്തം മരുന്നു നിര്‍ത്താന്‍ സ്വയം തീരുമാനിക്കുന്നതിനു മുമ്പ്, തദനന്തരം രോഗം തിരിച്ചുവന്നാല്‍ നേരിടേണ്ടി വരാവുന്ന പ്രശ്നങ്ങളും പരിഗണിക്കേണ്ടതുണ്ട് — ജോലിയിലോ പഠനത്തിലോ കുടുംബജീവിതത്തിലോ ഒക്കെ വന്നേക്കാവുന്ന പ്രത്യാഘാതങ്ങള്‍ അടക്കം.

6. ഒരിക്കൽ ഡോക്ടർ കുറിച്ചുകൊടുത്ത മരുന്ന് തുടർന്ന് ഡോക്ടറുടെ കൺസൾട്ടേഷൻ ഇല്ലാതെ തന്നെ വർഷങ്ങളോളം ഉപയോഗിക്കുന്നവരുണ്ട്. ഇത് എത്രമാത്രം അപകടകരമാണ്?

ഈ പ്രവണത നമ്മുടെ നാട്ടില്‍ അതിസാധാരണമാണ്. പതിറ്റാണ്ടുകള്‍ സ്വന്തം നിലയ്ക്ക് മരുന്നുവാങ്ങിക്കഴിച്ച്, മരുന്ന് മാര്‍ക്കറ്റില്‍ ലഭ്യമല്ലാതാവുകയോ മറ്റോ ചെയ്യുമ്പോള്‍ മാത്രം ഒരു സൈക്ക്യാട്രിസ്റ്റിനെക്കാണുന്ന അനേകരുണ്ട്. ഇത് ഏറെ ഹാനികരമാണ്. വിശേഷിച്ച് ഒരു ബുദ്ധിമുട്ടും ഇല്ലെങ്കിലും ചികിത്സിക്കുന്ന സൈക്ക്യാട്രിസ്റ്റിനെ ഒരാറുമാസത്തില്‍ ഒരിക്കലെങ്കിലും നേരില്‍ക്കാണുന്നത് മരുന്നിന്‍റെ ഡോസ് കുറയ്ക്കാനാകുമോ എന്നറിയാനും പാര്‍ശ്വഫലങ്ങള്‍ വല്ലതും തലപൊക്കുന്നുണ്ടോ എന്നു പരിശോധിക്കാനും, അതിനു വേണ്ട രക്തപരിശോധനകളും മറ്റും നടത്താനുമൊക്കെ സഹായകമാകും.