mental centre kerala(ഞങ്ങളുടെ സൈക്ക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ 2018 സെപ്റ്റംബര്‍ ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ എഴുതിയത്)

പലര്‍ക്കും ഡിപ്രഷന്‍, സ്കിസോഫ്രീനിയ തുടങ്ങിയ രോഗങ്ങളെപ്പറ്റി ഏകദേശ ധാരണയുണ്ട്. അവയുടെയത്ര അറിയപ്പെടുന്നവയോ സാധാരണമോ അല്ലാത്ത, എങ്കിലും സമയത്തു തിരിച്ചറിയുകയും ചികിത്സയെടുക്കുകയും വേണ്ടതുള്ള ചില അസുഖങ്ങളെ പരിചയപ്പെടാം.

“പകരുന്ന” മിഥ്യാധാരണകള്‍

“വീട്ടില്‍ അമ്മയും പെങ്ങളും മാത്രമാണു താമസം. അമ്മയ്ക്ക് പണ്ടുമുതല്‍ക്കേ അസുഖമാണ്. അയല്‍പക്കത്തുള്ളവര്‍ കൊല്ലാന്‍ നോക്കുന്നു, കൂടോത്രം ചെയ്യുന്നു എന്നൊക്കെ വര്‍ഷങ്ങളായിട്ടു പറയാറുണ്ട്. അനിയത്തി പത്തില്‍ത്തോറ്റു പഠിത്തം നിര്‍ത്തിയതാണ്. ഇത്തവണ ഞാന്‍ ഗള്‍ഫില്‍നിന്നു വന്നപ്പോള്‍ കാണുന്നത്, അവളും അമ്മയെപ്പോലെ അയല്‍ക്കാരെ സംശയിക്കാന്‍ തുടങ്ങിയിരിക്കുന്നു.”

ചില തരം മാനസിക രോഗങ്ങളുള്ളവര്‍ ഒരു വാസ്തവവുമില്ലാത്ത ചില ധാരണകളില്‍ അടിയുറച്ചു വിശ്വസിക്കാറുണ്ട്. തനിക്കേറെ ശത്രുക്കളുണ്ട്, അമാനുഷിക ശക്തികളുണ്ട്, ജീവിതപങ്കാളിക്ക് അവിഹിത ബന്ധമുണ്ട് എന്നതൊക്കെ ഉദാഹരണങ്ങളാണ്. “ഡെല്യൂഷനുകള്‍” (delusions) എന്നാണ് ഇത്തരം വിശ്വാസങ്ങള്‍ അറിയപ്പെടുന്നത്. ഇവ പുലര്‍ത്തുന്നവര്‍ ആരെത്രതന്നെ എതിര്‍ത്തെളിവുകള്‍ നിരത്തിയാലും മാറിച്ചിന്തിക്കാന്‍ കൂട്ടാക്കുകയില്ല.

അപൂര്‍വമായി, ഡെല്യൂഷനുള്ള ഒരാളുടെ കൂടെപ്പാര്‍ക്കുന്ന ആരെങ്കിലും അതേ മിഥ്യാവിശ്വാസം സ്വീകരിച്ചേറ്റെടുത്ത് സമാനരീതിയില്‍ ചിന്തിക്കാന്‍ തുടങ്ങാം. അത്തരമൊരു സ്ഥിതിവിശേഷം ‘ഫോളീ അ ഡൂ’ (folie a deux) എന്നാണു വിളിക്കപ്പെടുന്നത്. ഇങ്ങിനെ സംഭവിക്കാറ് കൂടുതലും സ്ത്രീകളിലാണ്. രോഗിയും മറ്റൊരാളും മാത്രമേ ഒരു വീട്ടില്‍ താമസിക്കുന്നുള്ളൂവെങ്കില്‍, ഇരുവര്‍ക്കും പുറംലോകവുമായി വലിയ ബന്ധമൊന്നുമില്ലെങ്കില്‍ വിശേഷിച്ചും, ഇതിനു സാദ്ധ്യത കൂടുന്നുണ്ട്. രോഗമുള്ള വ്യക്തിക്കാണ് അധികം വിദ്യാഭ്യാസം കിട്ടിയിട്ടുള്ളത്, കൂടുതല്‍ ബുദ്ധിയുള്ളത്, ബന്ധത്തില്‍ മേല്‍ക്കൈ ഉള്ളത് എന്നൊക്കെയാണെങ്കിലും സാദ്ധ്യത വര്‍ദ്ധിക്കുന്നുണ്ട്. രണ്ടു പേരെയും അകറ്റി താമസിപ്പിച്ചാല്‍ ഡെല്യൂഷന്‍ “പകര്‍ന്നു കിട്ടിയ” ആള്‍ക്ക് അതില്‍നിന്നു മോചനം കിട്ടാറുണ്ട്.

അത്യപൂര്‍വമായി, കുടുംബത്തിലെ സര്‍വ അംഗങ്ങളും രോഗിയുടെ ഡെല്യൂഷന്‍ ഏറ്റെടുക്കാം. ഇതിനു പേര് ‘ഫോളീ അ ഫമില്‍’ (folie a famille) എന്നാണ്. ഡല്‍ഹിയില്‍ ഈയിടെ ഒരു വീട്ടിലെ പതിനൊന്നാളുകള്‍ തൂങ്ങിമരിച്ചത് ലോകാവസാനം വരികയാണ്, മോക്ഷത്തിനായി കുടുംബമടങ്കം ചില കര്‍മങ്ങള്‍ ചെയ്യേണ്ടതുണ്ട് എന്നൊക്കെയുള്ള കൂട്ടത്തിലൊരാളുടെ ഡെല്യൂഷനെ എല്ലാ കുടുംബാംഗങ്ങളും ആശ്ലേഷിച്ചതിന്‍റെ പരിണിതഫലമാണെന്നു റിപ്പോര്‍ട്ടുകളുണ്ട്.

കപടരൂപക്കാര്‍

“ഇവിടെയിപ്പോള്‍ വന്നിട്ടുപോയ ആ സ്ത്രീ എന്‍റെ ഭാര്യയൊന്നുമല്ല. കാണാന്‍ അവളെപ്പോലെ ഉണ്ടായിരുന്നെന്നതു ശരിയാണ്. ഇതു പക്ഷേ മറ്റാരോ അവളുടെയതേ രൂപത്തില്‍ വന്നതാണ്.”

ഏറെ വേണ്ടപ്പെട്ട ഒരാളുടെ സ്ഥാനത്ത് കാഴ്ചയ്ക്ക് അതേപോലെയുള്ള വേറെയാരോ ഇടംപിടിച്ചിരിക്കുന്നെന്ന ഡെല്യൂഷന്‍, ‘കാപ്ഗ്രാ സിണ്ട്രോം’ (Capgras syndrome) എന്നറിയപ്പെടുന്നു. വിവാഹിതരില്‍ ഈ തെറ്റിദ്ധാരണ മിക്കപ്പോഴും ജീവിതപങ്കാളിയെക്കുറിച്ചായിരിക്കും. മറ്റുള്ളവരില്‍, മാതാപിതാക്കളെയോ സഹോദരങ്ങളെയോ കുറിച്ചും.

ചിലരിലിതു വസ്തുക്കളെസ്സംബന്ധിച്ചാകാം. “ഈ കത്തുകള്‍ എന്‍റെ മകളെഴുതിയതല്ല. കാഴ്ചയ്ക്ക് അങ്ങിനെ തോന്നുമെങ്കിലും, ശരിക്കുമിതു മറ്റാരോ എഴുതിയതാണ്”, “ഈ വാച്ച് കാണാന്‍ എന്‍റെ വാച്ചുപോലെത്തന്നെയുണ്ട്. പക്ഷേയിത് എന്‍റെ വാച്ചു കൈക്കലാക്കിയിട്ട് പോലീസുകാര്‍ അതേ പോലിരിക്കുന്ന വേറൊരെണ്ണം പകരം വെച്ചതാണ്” എന്നതൊക്കെപ്പോലെ.

നാം ആരുടെയെങ്കിലും മുഖം വീക്ഷിക്കുകയും ആളെ തിരിച്ചറിയുകയും ചെയ്യുന്നത് തലച്ചോറിന്‍റെ വിവിധ ഘട്ടങ്ങളുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ്. ആദ്യം ആ മുഖത്തെ വായിച്ചെടുക്കുന്നു, എന്നിട്ട് ഓര്‍മയില്‍ സൂക്ഷിച്ചിട്ടുള്ള വിവിധ മുഖങ്ങളുമായി അതിനെ താരതമ്യപ്പെടുത്തി ഇന്നയാളുടേതാണ് അതെന്നു മനസ്സിലാക്കുന്നു. അടുത്തതായി, പ്രത്യേകിച്ചും നമുക്കു പ്രിയപ്പെട്ട ഒരാളുടെ മുഖമാണതെന്ന തിരിച്ചറിവുളവാകുമ്പോള്‍, തദനുസൃതമായ സ്നേഹവും ആഹ്ളാദവും പോലുള്ള വികാരങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. വികാരോത്പാദനമെന്ന ഈ മൂന്നാം ഘട്ടം രോഗത്താല്‍ തടസ്സപ്പെടുമ്പോഴാണ്, പ്രിയമുള്ള ഒരാളെക്കാണുമ്പോഴും അതുമൂലം സന്തോഷമൊന്നും തോന്നാതെ പോകുമ്പോഴാണ്, “ഇതു ശരിക്കും വേറെയാരോ ആണ്” എന്ന ചിന്താഗതി ഒരു വിശദീകരണമായി രംഗത്തെത്തുന്നത്.

ഇതു പ്രകടിപ്പിക്കാറുള്ളതു കൂടുതലും സ്കിസോഫ്രീനിയ എന്ന രോഗം ബാധിച്ചവരാണ്. ലഹരിയുപയോഗം, അപസ്മാരം, ഡെമന്‍ഷ്യ, മൈഗ്രെയ്ന്‍, തലച്ചോറിലെ അണുബാധകള്‍ എന്നിവയുടെ ഭാഗമായും ഇതു കാണപ്പെടാറുണ്ട്. തലച്ചോറിലെ ട്യൂമറുകളുടെ ബാഹ്യലക്ഷണവുമാകാം ഇത്തരം വിശ്വാസങ്ങള്‍ എന്നതിനാല്‍ ഇവ പ്രകടിപ്പിക്കുന്നവര്‍ക്കു തലയുടെ സ്കാനുകള്‍ വേണ്ടിവരാം.

ശത്രുവിന്‍റെ ആള്‍മാറാട്ടം

“ഇവിടുത്തെ നഴ്സുമാരും തൂപ്പുകാരുമൊക്കെ എന്‍റെ ആങ്ങള തന്നെ പല വേഷത്തില്‍ വരുന്നതാണ്. എന്താണു ഞാന്‍ ചെയ്യുന്നതെന്നു നോക്കാനും എന്നെ ശല്യപ്പെടുത്താനും.”

ചുറ്റുമുള്ള പലരും തന്‍റെ ശത്രു വേഷംമാറി വരുന്നവരാണ് എന്ന ഡെല്യൂഷന്‍ ‘ഫ്രെഗോളി സിണ്ട്രോം’ (Fregoli syndrome) എന്നറിയപ്പെടുന്നു. നാടകമദ്ധ്യേ ഞൊടിയിടയ്ക്കു വേഷം മാറാറുണ്ടായിരുന്ന ലിയോപ്പോള്‍ഡോ ഫ്രെഗോളി എന്ന ഇറ്റാലിയന്‍ നടന്‍റെ പേരാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഒരു മുഖം ഇന്നയാളുടേതാണെന്നു തിരിച്ചറിയാന്‍ നമ്മെ സഹായിക്കുന്ന നാഡീപഥങ്ങളില്‍ വരുന്ന അപാകതകളാണ് ഇതിനു നിമിത്തമാകുന്നത്. സ്കിസോഫ്രീനിയയോ അപസ്മാരമോ ഉള്ളവരിലും തലയ്ക്കു പരിക്കേറ്റവരിലും ഇതു കാണാറുണ്ട്.

പ്രണയമാണ്, ഉന്നതര്‍ക്ക്

“ആ നടന് എന്നോടു കടുത്ത പ്രേമമാണ്. ഓരോ ഷൂട്ടിംഗ് ലൊക്കേഷനിലും തടിച്ചുകൂടുന്ന ജനാരവത്തില്‍ അയാളുടെ കണ്ണുകള്‍ എന്നെത്തിരയുന്നുണ്ട്.”

‘ഇറോട്ടോമാനിയ’ (Erotomania) എന്ന രോഗത്തിന്‍റെ മുഖമുദ്രയാണ്, താനുമായൊരു ബന്ധവുമില്ലാത്ത, സമൂഹത്തിന്‍റെ ഉന്നതശ്രേണിയിലുള്ള ഒരാള്‍ക്ക് തന്നോടു പ്രേമമാണെന്ന ഡെല്യൂഷന്‍. ഇതു ബാധിച്ചവര്‍ സാങ്കല്‍പികക്കമിതാവിനെ ഫോണ്‍ വിളിക്കുകയും സദാ പിന്തുടരുകയും നേരില്‍ക്കാണാന്‍ ശ്രമിക്കുകയുമൊക്കെച്ചെയ്യാം. ആ വ്യക്തി തന്നെ നിരീക്ഷിക്കുന്നുണ്ട്, പിന്തുടരുന്നുണ്ട്, സംരക്ഷിക്കുന്നുണ്ട് എന്നൊക്കെയവര്‍ വിശ്വസിക്കാം. ആളുടെ പ്രണയത്തിന്‍റെ തെളിവുകളായി മറ്റാര്‍ക്കും ബോദ്ധ്യമാകാത്ത കുറേക്കാര്യങ്ങള്‍ നിരത്താം. അങ്ങിനെയൊന്നുമില്ലെന്ന ആ വ്യക്തിയുടെതന്നെ തുറന്നുപറച്ചിലുകളെപ്പോലും പ്രണയത്തിന്‍റെ സൂചനകളെന്നു ദുര്‍വ്യാഖ്യാനിക്കാം. ചിലര്‍ ചൂണ്ടിക്കാട്ടുന്നതാകട്ടെ, മരിച്ചുപോയവരെയോ ഒരിക്കലും ജീവിച്ചിരുന്നിട്ടില്ലാത്ത, തികച്ചും സാങ്കല്‍പികമായ കഥാപാത്രങ്ങളെയോ പോലുമാകാം.

ഇതു കൂടുതലും ബാധിക്കാറ് സ്ത്രീകളെയാണ്. പലപ്പോഴും പൊടുന്നനെയാണ് ഈ രോഗം തലപൊക്കാറ്. ചിലരിലിതു ദശാബ്ദങ്ങളോളം നിലനില്‍ക്കാം. ഇതു പിടിപെടുന്ന പുരുഷന്മാര്‍ “കാമുകി”മാരോട് അക്രമാസക്തത കാണിക്കാം.

സ്കിസോഫ്രീനിയയോ ഡെമന്‍ഷ്യയോ അമിതമദ്യപാനമോ ഉള്ളവരില്‍ ഇതു കാണപ്പെടാറുണ്ട്. ഏകാന്തത, സ്വയംമതിപ്പില്ലായ്ക, ജീവിത നൈരാശ്യം, ലൈംഗികചിന്ത, അക്രമാസക്തത എന്നിവയോടുള്ളൊരു പ്രതിരോധമെന്ന നിലക്ക് ചിലര്‍ ഈ ഡെല്യൂഷനിലേക്കു നീങ്ങാമെന്നാണ് ചില മനശ്ശാസ്ത്രജ്ഞരുടെ മതം. തന്നെ മുന്തിയ ഒരാള്‍ പ്രണയിക്കുന്നുണ്ടെന്ന തോന്നല്‍ നല്‍കുന്ന ആശ്വാസം പലരിലുമിത് വിട്ടുമാറാതെ നിലനില്‍ക്കാന്‍ ഇടയാക്കാം.

ക്ഷുദ്രജീവികളുടെ നിതാന്തശല്യം

“ദേഹമെങ്ങും വല്ലാത്ത ചൊറിച്ചിലാണ്. എന്തോ ജീവികള്‍ തൊലിക്കുള്ളില്‍ കടന്നുകയറിയിട്ടുണ്ട്. അവ ശരീരത്തില്‍ പലയിടത്തും ഇഴഞ്ഞുനടക്കുന്നത് എനിക്കറിയാന്‍ പറ്റും. കവിളിന്‍റെ ഉള്‍ഭാഗത്താണ് അവ വന്നു മുട്ടയിടുന്നത്. എന്‍റെ ദേഹമങ്ങ് വെട്ടിക്കീറിക്കളഞ്ഞാലോ എന്നു തോന്നും പലപ്പോഴും.”

തൊലിപ്പുറത്തോ ദേഹത്തിനകത്തോ പ്രാണികളോ കൃമികീടങ്ങളോ മറ്റോ കയറിയിട്ടുണ്ട്, സദാ ഇഴഞ്ഞുനടക്കുന്നുണ്ട് എന്നൊക്കെയുള്ള ഡെല്യൂഷന്‍ ‘എക്ബോം സിണ്ട്രോം’ (Ekbom syndrome) എന്നയസുഖത്തിന്‍റെ മുഖ്യലക്ഷണമാണ്. സ്ത്രീകളെയാണ് ഇതു കൂടുതലും ബാധിക്കാറ്. സ്കിസോഫ്രീനിയ പോലുള്ള രോഗങ്ങളുടെ ഭാഗമായും വൃക്കരോഗങ്ങള്‍, ഡെമന്‍ഷ്യ, പക്ഷാഘാതം തുടങ്ങിയവയാലും ഇതു വരാം.

ഇതു പിടിപെട്ടവര്‍ ചികിത്സ തേടാറു പ്രധാനമായും ത്വക്’രോഗവിദഗ്ദ്ധരുടെ പക്കലാണ്. അടര്‍ന്നുപോന്ന തൊലിയും ദേഹത്തെ ചെളിയുമൊക്കെ, കീടങ്ങളുടെ ശരീരഭാഗങ്ങളാണെന്ന ധാരണയില്‍, ഒരു തീപ്പെട്ടിക്കൂടിലോ ഗുളികപ്പാത്രത്തിലോ മറ്റോ ശേഖരിച്ചുവെച്ച് ഇവര്‍ ചികിത്സകരെയും മറ്റും കാണിക്കാറുണ്ട്. (ഈ രോഗം പിടിപെട്ട ഒരു ശാസ്ത്രജ്ഞന്‍ താന്‍ പുതിയൊരു ജീവിയെ കണ്ടുപിടിച്ചെന്ന് അവകാശവാദമുന്നയിക്കുകയും അതിന്‍റെ രേഖാചിത്രങ്ങള്‍ വരച്ചുകാണിക്കുകയുമുണ്ടായിട്ടുണ്ട്.) രോഗത്തിന്‍റെ കഷ്ടതകള്‍, ആളുകളില്‍നിന്ന് ഒഴിഞ്ഞുമാറാനുള്ള പ്രവണതയ്ക്കും വിഷാദത്തിനും ആത്മഹത്യാചിന്തയ്ക്കുമൊക്കെ ഇടയൊരുക്കാം. തൊലിയില്‍ നിരന്തരം മാന്തുകയോ, തിരുമ്മുകയോ, കത്രികയോ മറ്റോ വെച്ചു കുത്തുകയോ ഒക്കെച്ചെയ്യുന്നവര്‍ക്ക് പല ചര്‍മപ്രശ്നങ്ങളും വരാം. ആവര്‍ത്തിച്ചുള്ള ടെസ്റ്റുകള്‍ക്കും നിരവധി ഡോക്ടര്‍മാരെ മാറിമാറിക്കാണിക്കുന്നതിനും അവര്‍ ധാരാളം പണം പാഴാക്കാം.

ചികിത്സ

ഡെല്യൂഷന്‍റെ നിരര്‍ത്ഥകതയെപ്പറ്റി പറഞ്ഞുമനസ്സിലാക്കുകയോ വാദിച്ചുജയിക്കുകയോ മുകളില്‍ വിശദീകരിച്ച ഒരു രോഗത്തിലും സാദ്ധ്യമാകില്ല. ആന്‍റിസൈക്കോട്ടിക്കുകള്‍ എന്ന തരം മരുന്നുകളാണ്‌ ഇവയ്ക്കെല്ലാമുള്ള പ്രധാന പോംവഴി. വിഷാദമോ ഡെമന്‍ഷ്യയോ പോലുള്ള മനോരോഗങ്ങളോ വല്ല ശാരീരികരോഗങ്ങളുമോ ഡെല്യൂഷനു കാരണമായി വര്‍ത്തിക്കുന്നുണ്ടോയെന്നു തിരിച്ചറിയേണ്ടതും അവയ്ക്കും ചികിത്സയെടുക്കേണ്ടതും പ്രധാനമാണ്. ഡെല്യൂഷനെ രൂപപ്പെടുത്തിയതിലും നിലനിര്‍ത്തുന്നതിലും മനശ്ശാസ്ത്രപരമായ വല്ല ഘടകങ്ങള്‍ക്കും പങ്കുണ്ടെങ്കില്‍ അവയുടെ പരിഹരണത്തിന് ‘കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി’ പോലുള്ള മനശ്ശാസ്ത്ര ചികിത്സകളും മരുന്നിനോടൊപ്പം സ്വീകരിക്കുന്നതു ഗുണകരമാകും.

മറ്റാരും കാണാത്ത ന്യൂനതകള്‍

വേറൊരാള്‍ക്കും കുഴപ്പമൊന്നും തോന്നിക്കാത്തപ്പോഴും തന്‍റെ ശരീരത്തിനു വലിയൊരു വികലതയുണ്ടെന്ന് ഉറച്ചു വിശ്വസിക്കുകയും അതേപ്രതി മനോവൈഷമ്യം സഹിക്കുകയും ചെയ്യുന്നവരുണ്ട്. അവര്‍ക്ക് ‘ബോഡി ഡിസ്മോര്‍ഫിക് ഡിസോര്‍ഡര്‍’ (body dysmorphic disorder) എന്ന അസുഖമാകാം. സംശയങ്ങള്‍ മുഖ്യമായും ഉയരാറ് മൂക്കിനെയോ പുരുഷലിംഗത്തെയോ സ്തനങ്ങളെയോ കുറിച്ചാണ്. മുടികൊഴിച്ചില്‍, മുഖക്കുരു, മുഖത്തെ ചുളിവുകള്‍ എന്നിവയും വിഷമഹേതുവാകാറുണ്ട്. ഇത്തരക്കാര്‍ പ്ലാസ്റ്റിക് സര്‍ജന്മാരെ പലയാവര്‍ത്തി കണ്ട് തങ്ങളുടെ “വൈകല്യ”ങ്ങള്‍ക്കു ശസ്ത്രക്രിയ ചെയ്യാന്‍ നിര്‍ബന്ധിക്കാം. ഈ സംശയങ്ങള്‍ ചിലരില്‍ ഡെല്യൂഷന്‍റെ രൂപമെടുക്കാമെങ്കിലും മിക്കവരിലും അത്രയ്ക്കു ദൃഢമാകാറില്ല.

പുരുഷന്മാരിലാണ്, പ്രത്യേകിച്ചും ചെറുപ്രായക്കാരില്‍, ഇതു കൂടുതലും കാണാറ്. ചില വ്യക്തിത്വസവിശേഷതകള്‍ ഉള്ളവര്‍ക്ക് ഇതിന് അമിതസാദ്ധ്യതയുണ്ട്. എന്തിലുമേതിലും വല്ലാത്ത വിഷമം വരുന്നവരും അധികമാരോടും ഇടപഴകാത്ത പ്രകൃതക്കാരും ദേഹത്തു ദൃശ്യമാകുന്ന നേരിയ മാറ്റങ്ങളെപ്പോലും ഏതോ മാരകരോഗത്തിന്‍റെ ലക്ഷണങ്ങളെന്നു പെരുപ്പിച്ചുകാണുന്നവരും ഉദാഹരണങ്ങളാണ്.

മരുന്നുകളും മനശ്ശാസ്ത്ര ചികിത്സകളും ഈ രോഗത്തിനു നല്ല പ്രതിവിധികളാണ്.

പ്രസവിക്കുന്ന അച്ഛന്‍

ഭാര്യയുടെ ഗര്‍ഭകാലത്തോ പ്രസവവേളയിലോ ഒരു പുരുഷന്‍ ഗര്‍ഭിണികളില്‍ പതിവുള്ള തരം ലക്ഷണങ്ങള്‍ കാണിക്കുന്നത് ‘കൌവേഡ് സിണ്ട്രോം’ (Couvade syndrome) എന്നറിയപ്പെടുന്നു. ഇതിന് ഈ പേരു കിട്ടിയത്, ഭാര്യ പ്രസവിക്കാന്‍ തുടങ്ങുമ്പോള്‍ ഭര്‍ത്താവ് കിടക്കയില്‍ വിശ്രമമാക്കുകയോ ഭാര്യയുടെ വസ്ത്രങ്ങളണിഞ്ഞ് പ്രസവവേദന അനുകരിക്കുകയോ ചെയ്യുകയും അയാള്‍ക്ക് ഒരു ഗര്‍ഭിണിക്കെന്ന പോലുള്ള ശ്രദ്ധയും പരിചരണവും നല്‍കപ്പെടുകയും ചെയ്യുന്ന, ചില സമൂഹങ്ങളില്‍ നിലവിലുള്ള ഒരാചാരത്തില്‍ നിന്നാണ്.

ഇതിന്‍റെ ലക്ഷണങ്ങള്‍ പല്ലുവേദന, തലവേദന, വിശപ്പിലെ വ്യതിയാനങ്ങള്‍, ചില ഭക്ഷണങ്ങളോടു കൂടുതല്‍ പ്രതിപത്തി, ഓക്കാനം, ഛര്‍ദ്ദില്‍, ദഹനക്കേട്, വയറുവേദന, മലബന്ധം, വയറിളക്കം, മൂക്കില്‍നിന്നു രക്തസ്രാവം, അകാരണമായ നൈരാശ്യം, ഉത്ക്കണ്ഠ, മുന്‍കോപം, തളര്‍ച്ച, ഉറക്കക്കുറവ് തുടങ്ങിയവയാണ്. അപൂര്‍വ്വം ചിലരില്‍ വയര്‍ വീര്‍ത്തുവരാം. ഈ ലക്ഷണങ്ങള്‍ ഗര്‍ഭത്തിന്‍റെ മൂന്നാം മാസത്തോടെ കണ്ടുതുടങ്ങാം. എന്നിട്ട് ക്രമേണ കുറയുകയും പ്രസവത്തിന്‍റെ തൊട്ടുമുന്‍ദിവസങ്ങളില്‍ പിന്നെയും ശക്തിയാര്‍ജിക്കുകയും ചെയ്യാം. പ്രസവം കുഴപ്പങ്ങളില്ലാതെ പര്യവസാനിക്കുന്നതോടെ ഈ ലക്ഷണങ്ങളും പിന്‍വാങ്ങുകയാണു പതിവ്. തങ്ങള്‍ക്കെന്തോ മാനസികപ്രശ്നമുണ്ടെന്നു മറ്റുള്ളവര്‍ കരുതുമെന്ന ഭയത്താലോ ഭാര്യയെ ആശങ്കപ്പെടുത്തേണ്ടെന്ന നിശ്ചയത്താലോ പലരും രോഗലക്ഷണങ്ങള്‍ രഹസ്യമാക്കി വെക്കാറുമുണ്ട്.

ഇതു പിടിപെടാന്‍ സാദ്ധ്യത കൂടുതലുള്ളത് അച്ഛന്‍റെ സാമീപ്യമില്ലാതെ വളര്‍ന്നവര്‍, അധികം വിദ്യാഭ്യാസമില്ലാത്തവര്‍, മാനസികസമ്മര്‍ദ്ദമോ ദാമ്പത്യ കലഹങ്ങളോ സാമ്പത്തിക വൈഷമ്യങ്ങളോ നേരിടുന്നവര്‍, വേറെയും കുട്ടികളായിക്കഴിഞ്ഞവര്‍ എന്നിവര്‍ക്കാണ്. ഭാര്യയ്ക്കു പ്രസവിക്കാന്‍ കഴിവുണ്ടല്ലോ എന്ന അസൂയയോ, ഗര്‍ഭത്തെക്കുറിച്ചുള്ള ആകുലതകളോ, അച്ഛനാകണോ എന്നതിനെപ്രതിയുള്ള ചിന്താക്കുഴപ്പമോ ആവാം ചിലരില്‍ പ്രശ്നനിമിത്തമാകുന്നത്.

ഭൂരിഭാഗം പേര്‍ക്കും ചികിത്സയൊന്നും ആവശ്യമാകാറില്ല. ചിലര്‍ക്ക് അമിതോത്ക്കണ്ഠയ്ക്കുള്ള മനശ്ശാസ്ത്ര ചികിത്സകള്‍ വേണ്ടിവരാം. അടുത്ത പ്രസവത്തോടനുബന്ധിച്ച് രോഗം ആവര്‍ത്തിക്കണമെന്നില്ല.

കൊതി, രോഗിയാവാന്‍

തന്‍റെ യുദ്ധസാഹസങ്ങളെപ്പറ്റി പൊടിപ്പും തൊങ്ങലും ചേര്‍ത്തു വീമ്പിളക്കാറുള്ളൊരു പട്ടാളക്കാരനുണ്ടായിരുന്നു പണ്ട് ജര്‍മനിയില്‍. പേര് മുന്‍ചൌസണ്‍. അയാളുടെ പേരു നല്‍കപ്പെട്ട രോഗമാണ് ‘മുന്‍ചൌസണ്‍ സിണ്ട്രോം’ (Munchausen syndrome). രോഗിയായിട്ടിരിക്കുകയെന്ന ഏക ലക്ഷ്യത്തോടെ നാനാതരം വൈഷമ്യങ്ങള്‍ സ്വയം സൃഷ്ടിച്ചെടുക്കുകയോ ഇല്ലാത്ത പ്രശ്നങ്ങളെപ്പറ്റി ഡോക്ടര്‍മാരോടു കളവു പറയുകയോ ആണ് ഇതിന്‍റെ ലക്ഷണങ്ങള്‍.

ഇതു ബാധിച്ചവര്‍ ആശുപത്രിയിലെത്തുക മിക്കപ്പോഴും അത്യാഹിത വിഭാഗം വഴിയായിരിക്കും. അതും രാത്രികളില്‍. ഏറെ ദൂരം സഞ്ചരിച്ചും വ്യാജ പേരുകള്‍ പറഞ്ഞും ഇവര്‍ ഒട്ടനവധി ആശുപത്രികളില്‍ ചെല്ലാം. വയറുവേദനയാണ് ഇവര്‍ ഏറ്റവുമധികം അവതരിപ്പിക്കാറുള്ള വൈഷമ്യം. അപസ്മാരം, ബോധക്ഷയം, നടക്കുമ്പോള്‍ വെച്ചുപോകല്‍ എന്നിവയും പതിവാണ്. തൊലിയില്‍ കൃത്രിമങ്ങള്‍ കാണിച്ച് ഇവര്‍ ചര്‍മരോഗങ്ങളുടെ പ്രതീതിയുളവാക്കാം. മൃഗങ്ങളുടെയോ മറ്റോ രക്തമുപയോഗിച്ച് “കഠിനമായ” രക്തസ്രാവം സൃഷ്ടിക്കാം. ലഹരിമരുന്നുകളെടുത്ത് മനോരോഗലക്ഷണങ്ങള്‍ ഉത്പാദിപ്പിക്കാം. ഏറെയെണ്ണം ഓപ്പറേഷനുകള്‍ക്ക് ഇവര്‍ അനാവശ്യമായി വിധേയരായിട്ടുണ്ടാകാം. ഇവര്‍ തങ്ങളുടെ “രോഗവിവരങ്ങള്‍” സര്‍വരോടും അതീവ നാടകീയതയോടെ പങ്കിടാം. മെഡിക്കല്‍ പദങ്ങളെയും ആശുപത്രികളുടെ ചിട്ടവട്ടങ്ങളെയും പറ്റി എമ്പാടും ഗ്രാഹ്യം ഇവര്‍ നേടിയിട്ടുണ്ടാകാം. തട്ടിപ്പിനെക്കുറിച്ചുള്ള സംശയങ്ങള്‍ ചികിത്സകര്‍ക്കു തോന്നിത്തുടങ്ങിയെന്ന സൂചന കിട്ടിയാലുടന്‍ ഇവര്‍ ആശുപത്രിയില്‍നിന്ന് അനുമതിയില്ലാതെ സ്ഥലംവിടാം.

വ്യക്തിത്വവൈകല്യങ്ങളുള്ളവര്‍, ചെറുപ്രായത്തില്‍ ഏറെനാള്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്നവര്‍, മെഡിക്കല്‍രംഗത്തുള്ളവരോട് അമര്‍ഷമുള്ളവര്‍, ആരോഗ്യമേഖലയില്‍ ജോലിചെയ്തു പരിചയമുള്ളവര്‍ തുടങ്ങിയവര്‍ ഈ പ്രശ്നം കാണിക്കാന്‍ സാദ്ധ്യത കൂടുതലുണ്ട്. പലര്‍ക്കും ക്രിമിനല്‍ പശ്ചാത്തലവുമുണ്ടാകാറുണ്ട്.

ഇവര്‍ ഇത്തരത്തില്‍ പെരുമാറുന്നത്, ജോലിയില്‍നിന്നോ മറ്റെന്തെങ്കിലും ഉത്തരവാദിത്തങ്ങളില്‍ നിന്നോ ഒളിച്ചോടാന്‍ വേണ്ടിയാകില്ല. (അത്തരം ലക്ഷ്യങ്ങളോടെ രോഗമഭിനയിക്കുന്നവര്‍ക്ക് ‘മാലിംഗറിംഗ്’ ആണെന്നാണു പറയുക.) മറിച്ച്, ഇക്കൂട്ടര്‍ക്കു പ്രചോദനമാകാറുള്ളത് മനശ്ശാസ്ത്രപരമായ ചില ഘടകങ്ങളാണ്. ഉദാഹരണത്തിന്, ഒന്നു ഡിസ്ചാര്‍ജ് ആയതിനു ശേഷം വീട്ടില്‍ ചുമ്മാതിരിക്കുമ്പോള്‍ വല്ലാത്തൊരു ടെന്‍ഷന്‍ രൂപപ്പെടുകയും അതകറ്റാനാവര്‍ മറ്റൊരാശുപതിയില്‍ പുതിയൊരു കൂട്ടം ഡോക്ടര്‍മാരെ സമീപിക്കുകയുമാകാം. ചെറിയ പ്രായത്തില്‍ പ്രതികൂല സാഹചര്യങ്ങള്‍ നേരിടേണ്ടി വന്നവര്‍ പരശ്രദ്ധ പിടിച്ചുപറ്റാന്‍ രോഗലക്ഷണങ്ങളെ ഉപയോഗപ്പെടുത്തി ശീലിക്കാം.

ഫലപ്രദമായ മരുന്നുകളൊന്നും നിലവിലില്ല, സമയമെടുക്കുന്ന മനശ്ശാസ്ത്ര ചികിത്സകളുമായി ഇവര്‍ സഹകരിക്കാറില്ല എന്നതൊക്കെ ഇതിന്‍റെ ചികിത്സ ദുഷ്കരമാക്കുന്നുണ്ട്. വിഷാദത്തിന്‍റെയോ ഉത്ക്കണ്ഠാരോഗങ്ങളുടെയോ ഭാഗമായി ഇത്തരം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്ക് പ്രസ്തുത രോഗങ്ങള്‍ക്കുള്ള ചികിത്സകള്‍ ഉപകാരപ്പെടാം.

കുട്ടികള്‍ കരുവാക്കപ്പെടുമ്പോള്‍

മുന്‍ചൌസണ്‍ സിണ്ട്രോമിന്‍റെ വകഭേദമാണ് ‘മുന്‍ചൌസണ്‍ സിണ്ട്രോം ബൈ പ്രോക്സി’ (Munchausen syndrome by proxy). ഒരു കുട്ടിക്ക് രോഗലക്ഷണങ്ങള്‍ മനപൂര്‍വം ഉളവാക്കിയെടുത്ത് അതിനെയുമായി പീഡിയാട്രീഷ്യനെ സമീപിക്കുകയാണ്‌ ഇതു ബാധിച്ചവര്‍ ചെയ്യുക. പട്ടിണിക്കിടുകയും ശ്വാസം മുട്ടിക്കുകയും അണുബാധകള്‍ വരുത്തുകയും ചികിത്സാരേഖകള്‍ തിരുത്തുകയുമൊക്കെ ഇവര്‍ ചെയ്യാം. കുട്ടിയുടെ മൂത്രത്തില്‍ സ്വന്തം രക്തം കലര്‍ത്തിയും മറ്റും ലാബ് പരിശോധനകളില്‍ പിഴവുളവാക്കാം. അമ്മയെയോ മുത്തശ്ശിയെയോ ആയയെയോ പോലുള്ള സ്ത്രീകളാണ് കൂടുതലും ഇതൊക്കെച്ചെയ്യാറ്. ഇത്തരക്കാര്‍ക്കു പലപ്പോഴും വ്യക്തിത്വവൈകല്യങ്ങളും ഒപ്പം വിഷാദരോഗവും പിടിപെട്ടിട്ടുണ്ടാകാം. അതിനാല്‍ത്തന്നെ ഇതിന്‍റെ വേരറുക്കാന്‍ പീഡിയാട്രീഷ്യന്‍, സൈക്യാട്രിസ്റ്റ്, കുട്ടിയുടെ കുടുംബം എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്‌.

ഇതു നേരിടേണ്ടിവരുന്ന കുട്ടികള്‍ക്ക് മുതിര്‍ന്നു കഴിയുമ്പോള്‍ മുന്‍ചൌസണ്‍ സിണ്ട്രോം പിടിപെടാന്‍ സാദ്ധ്യതയമിതമാണ്.

കള്ളം പറയിക്കുന്ന രോഗം

മെച്ചം വല്ലതും കിട്ടിയേക്കാവുന്ന കാര്യങ്ങള്‍ക്കായി കൊച്ചുകൊച്ചു നുണകള്‍ പറയാന്‍ പലരും അമാന്തിക്കാറില്ല. എന്നാല്‍ കല്ലുവെച്ച, സങ്കീര്‍ണ്ണമായ നുണകള്‍ പ്രത്യേകിച്ചൊരു ഗുണവും കിട്ടാനില്ലാത്തപ്പോള്‍പ്പോലും ചുമ്മാ അടിച്ചുവിടുന്നവരുണ്ട്. അവര്‍ക്ക് ‘പാതോളജിക്കല്‍ ലയിംഗ്’ (pathological lying) എന്ന അസുഖമാകാം. യോഗ്യതകളൊന്നുമില്ലാതെ ആശുപത്രികളില്‍ കടന്നുകൂടി ഡോക്ടര്‍മാരായി നടിക്കുന്നവരും ഇല്ലാത്ത സമ്പത്തിനെയും ബിസിനസ് വൈദഗ്ദ്ധ്യത്തെയും പറ്റി മേനി പറയുന്നവരും വലിയ കുറ്റകൃത്യങ്ങള്‍ നടത്തിയെന്നു വെറുതെ വീമ്പിളക്കുന്നവരും വ്യാജ ലൈംഗിക ആരോപണങ്ങള്‍ എയ്തുവിടുന്നവരുമൊക്കെ ഈ ഗണത്തില്‍പ്പെടാം. എന്നാല്‍ ചില വിദഗ്ദ്ധരുടെ അഭിപ്രായം കള്ളം പറച്ചില്‍ അമിതമാണെന്നു ബോദ്ധ്യമുള്ള, ആ ദുസ്സ്വഭാവം നിയന്ത്രിക്കാന്‍ ശ്രമിച്ചിട്ടും പരാജയപ്പെട്ടു പോകുന്ന തരം ആളുകളിലേ ഇതൊരു രോഗമായി ഗണിക്കേണ്ടതുള്ളൂവെന്നാണ്.

ഇതില്‍പ്പലരും വ്യക്തിത്വവൈകല്യങ്ങളുള്ളവരാകാം. സ്വതേ സ്വയംമതിപ്പു കുറഞ്ഞവര്‍ വേദനിപ്പിക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നൊരു മോചനത്തിനായി ഇതിനു തുനിയാം. കള്ളങ്ങള്‍ മുഖേന മറ്റുള്ളവരുടെ ശ്രദ്ധയും വേറെയും ലാഭങ്ങളും കിട്ടുന്നതാകാം ചിലര്‍ക്കു പ്രോത്സാഹനമാവുന്നത്. ചെയ്തികളെപ്പറ്റി കുറ്റബോധമൊന്നും അവര്‍ക്കു തോന്നില്ലെന്നതും പ്രശ്നം മൂര്‍ച്ഛിക്കാനൊരു കാരണമാകാം. തുടക്കത്തിലൊക്കെ പറയുന്നതു കള്ളമാണെന്ന ബോദ്ധ്യം അവര്‍ക്കുണ്ടാവാമെങ്കിലും കാലക്രമത്തില്‍ അതു ക്ഷയിക്കുകയും പറയുന്നതെല്ലാം തികച്ചും സത്യമാണെന്നവര്‍ സ്വയം വിശ്വസിച്ചു തുടങ്ങുകയും ചെയ്യാം.

എടുത്തുചാട്ടം നിയന്ത്രിക്കാനുതകുന്ന മരുന്നുകളും അപസ്മാരത്തിനുള്ളവയും ഈ പ്രശ്നത്തിനു ഫലപ്രദമാണ്.

എന്തുമേതും അകത്താക്കുന്നവര്‍

പോഷകമൂല്യമില്ലാത്തതും ഭക്ഷണയോഗ്യമല്ലാത്തതുമായ സാധനങ്ങള്‍ ആഹരിക്കുക മുഖ്യലക്ഷണമായ രോഗമാണ് ‘പൈക്ക’ (pica). കാണുന്നതെന്തും ഭക്ഷിക്കാറുള്ള മാഗ്പൈ എന്ന പക്ഷിയുടെ പേരില്‍നിന്നാണ്‌ ഈ രോഗത്തിന് ഈ പേരു കിട്ടിയത്. മണ്ണ്, പുല്ല്, മരക്കഷ്ണങ്ങള്‍, മുടി, പെയിന്‍റ്, സിമന്‍റ്, ചില്ല്, തുകല്‍ എന്നിവയൊക്കെ ഇത്തരക്കാര്‍ അകത്താക്കാറുണ്ട്. ഇതൊക്കെ ഇടക്കെപ്പോഴെങ്കിലും സാമ്പിള്‍ നോക്കുന്നവര്‍ക്കല്ല, ഒരു മാസമെങ്കിലും ആവര്‍ത്തിച്ചു കഴിക്കുന്നവര്‍ക്കാണ് രോഗം നിര്‍ണയിക്കുക.

ഇത്തരം വസ്തുക്കളെയൊന്നും ദഹിപ്പിക്കാനുള്ള ശേഷി നമ്മുടെ ശരീരത്തിനില്ല എന്നതിനാല്‍ത്തന്നെ ഈ ശീലം ഏറെ അപകടകരവുമാണ് — ആമാശയഭിത്തി കീറിപ്പോവാനും കുടലില്‍ തടസ്സമുണ്ടാകാനും ഈയം ശരീരത്തില്‍ കുമിഞ്ഞുകൂടി പാര്‍ശ്വഫലങ്ങള്‍ ഉളവാകാനുമൊക്കെ ഇതിടയൊരുക്കാറുണ്ട്.

ഇതു കൂടുതലായും കണ്ടുവരുന്നത് ഗര്‍ഭിണികളിലും കൊച്ചുകുട്ടികളിലും ഓട്ടിസമോ ബുദ്ധിമാന്ദ്യമോ കടുത്ത മനോരോഗങ്ങളോ ഉള്ളവരിലുമാണ്. മാനസികസമ്മര്‍ദ്ദവും ദഹനപ്രശ്നങ്ങളും ആഹാരകാര്യത്തിലെ ആത്മനിയന്ത്രണമില്ലായ്കയും ശരീരത്തില്‍ ഇരുമ്പിന്‍റെയോ ധാതുപദാര്‍ത്ഥങ്ങളുടെയോ അപര്യാപ്തതയുമൊക്കെ ഇതിനു വഴിവെക്കാറുണ്ട്.

ഇതിന്, ബിഹേവിയര്‍ തെറാപ്പി പോലുള്ള മനശ്ശാസ്ത്ര ചികിത്സകളും എസ്.എസ്.ആര്‍.ഐ. വിഭാഗത്തില്‍പ്പെട്ട മരുന്നുകളുമൊക്കെ ഫലപ്രദമാണ്.