CALL US: 96 331 000 11

smoking treatment kerala(ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ 2015 സെപ്റ്റംബര്‍ ലക്കം ഡെന്‍റ്കെയര്‍ മാസികയില്‍ എഴുതിയത്)

“ഞാന്‍ മുപ്പതിലധികം വര്‍ഷമായി നിര്‍ത്താതെ പുകവലിക്കുന്ന ഒരാളാണ്. തന്‍മൂലം എനിക്ക് ഇടവിടാത്ത ചുമയും ശരീരം ഒന്നനങ്ങുമ്പോഴേക്കുമിളകുന്ന കിതപ്പും ഒക്കെ വന്നുകൂടിയിട്ടുണ്ടു താനും. എന്നിട്ടും വലിക്കുന്ന സിഗരറ്റിന്‍റെ എണ്ണം പക്ഷേ നാള്‍ക്കുനാള്‍ ഏറുകയാണു ചെയ്യുന്നത്. ഇതൊന്നു നിര്‍ത്തിക്കിട്ടണമെന്ന്‍ വലിയ ആഗ്രഹമുണ്ട്. രണ്ടുമൂന്നു ദിവസം വരെയൊക്കെ കടിച്ചുപിടിച്ച് വലിക്കാതിരിക്കാനായിട്ടുമുണ്ട്. പക്ഷേ വലി നിര്‍ത്തുന്ന ആ ഒരു മണിക്കൂറു തൊട്ട് വല്ലാത്ത ഒരസ്വസ്ഥതയാണ്. “വലിക്ക്, വലിക്ക്” എന്നൊരു കൊടുംപൂതി മനസ്സിലേക്കു തള്ളിക്കയറി വന്നുകൊണ്ടേയിരിക്കും. ചുറ്റുവട്ടത്താരെങ്കിലും നിന്നു വലിക്കുന്നതു കണ്ടാലോ, എവിടെയെങ്കിലും വല്ല സിഗരറ്റുകുറ്റിയും ശ്രദ്ധയില്‍പ്പെട്ടാലോ ഒക്കെപ്പിന്നെ പറയുകയേ വേണ്ട. കാലങ്ങളായി നിത്യേന വലിച്ചുശീലമായ നേരങ്ങള്‍ — ടോയ്‌ലറ്റില്‍ പോവുന്നതിനു മുമ്പ്, ഊണു കഴിഞ്ഞയുടന്‍ എന്നിങ്ങനെ — ഒന്നു കടന്നുകിട്ടാനാണ് ഏറ്റവും പാട്. അങ്ങിനെയങ്ങിനെ ഏറിയാല്‍ രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ ശപഥവും തെറ്റിച്ച് പിന്നേം ഒരെണ്ണം കത്തിക്കും. എന്താണിവിടെയൊരു പോവഴി? എന്നെപ്പോലുള്ളവര്‍ക്ക് വലി എന്നെന്നേക്കുമായൊന്ന് നിര്‍ത്തിക്കിട്ടുക സംഭവ്യമാണോ?”

ഇത്തരം പരിവേദനങ്ങള്‍ വിവിധ വൈദ്യശാസ്ത്രമേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അനുദിനം കേള്‍ക്കുന്നതാണ്.

പുകവലിശീലത്തില്‍നിന്നു പിന്തിരിയുകയെന്നത് എത്രയോ വലിക്കാര്‍ നിത്യേന തിരിച്ചറിയുന്നതു പോലെ വല്ലാതെ ക്ലേശകരം തന്നെയാണ്. അമേരിക്കന്‍ എഴുത്തുകാരനായിരുന്ന മാര്‍ക്ക് ട്വെയ്ന്‍ തമാശയായിപ്പറഞ്ഞത് “വലി നിര്‍ത്തുകയെന്നത് ലോകത്തിലെ ഏറ്റവും അനായാസമായ കാര്യമാണ്. എന്താണെനിക്കിത് അത്രക്കങ്ങുറപ്പെന്നോ? ഞാന്‍തന്നെയിതുവരെ ആയിരക്കണക്കിനു തവണ നിര്‍ത്തിയിട്ടുണ്ട്.” എന്നാണ്! പക്ഷേ സാഹചര്യം അത്രക്കങ്ങ് പ്രതീക്ഷക്കു വകയില്ലാത്തതുമല്ല. മതിയാംവണ്ണം നിശ്ചയദാര്‍ഢ്യം സ്വരുക്കൂട്ടുകയും തക്ക മുന്‍കരുതലുകളെടുക്കുകയും ആവശ്യമെങ്കില്‍ മരുന്നുകള്‍ ഉപയോഗപ്പെടുത്തുകയുമൊക്കെച്ചെയ്ത് പുകവലിശീലത്തെ അതിജയിക്കുന്നവരും എത്രയോ ഉണ്ട്. പുകവലി നിര്‍ത്താന്‍ നിശ്ചയിച്ചവര്‍ക്കു കൈത്താങ്ങായി ചില വിദ്യകളിതാ:

ഏറ്റവുമാദ്യം വേണ്ടത് നല്ല മനസ്സുറപ്പു തന്നെയാണ്.

ഏറ്റവുമാദ്യം വേണ്ടത് നല്ല മനസ്സുറപ്പു തന്നെയാണ്. പുകവലി മൂലം ശാരീരികവും സാമ്പത്തികവുമൊക്കെയായ എന്തൊക്കെ ദോഷനഷ്ടങ്ങളുണ്ടായിക്കഴിഞ്ഞു, ശീലം ഇനിയും തുടര്‍ന്നാല്‍ എന്തൊക്കെ “വലിയ വില”കള്‍ കൊടുക്കേണ്ടി വന്നേക്കാം, വലി എന്നെന്നേക്കുമായി നിര്‍ത്തിയാല്‍ എന്തൊക്കെ മെച്ചങ്ങള്‍ കിട്ടിയേക്കും എന്നതിന്‍റെയൊക്കെ ഒരു പട്ടിക മനസ്സിലെങ്കിലും തയ്യാറാക്കുന്നത് വലി നിര്‍ത്തിയേക്കാമെന്ന എപ്പോഴെങ്കിലുമുണ്ടാവുന്ന തോന്നലുകളെ നല്ലൊരു ദൃഢനിശ്ചയമായി പരിവര്‍ത്തിപ്പിക്കാന്‍ സഹായിക്കും.

 

ഒരാഴ്ചക്കിപ്പുറമുള്ള ഒരു തീയതി നിശ്ചയിച്ച് ആ ദിവസത്തോടെ താന്‍ വലി നിര്‍ത്താന്‍പോവുകയാണെന്ന് വീട്ടുകാരോടും ചങ്ങാതിമാ¬രോടുമൊക്കെ പ്രഖ്യാപിക്കുക. ആ തീയതിക്കു ശേഷം വീട്ടിലോ പണിയിടത്തിലോ¬ ഒന്നും ഒറ്റ സിഗരറ്റു പോലും ലഭ്യമായുണ്ടാവില്ല എന്നുറപ്പുവരുത്തുക. വീട്ടില്‍ വേറെയും പുകവലിക്കാരുണ്ടെങ്കില്‍ അവരോട് തന്‍റെ കണ്മുമ്പില്‍വെച്ച് വലിക്കരുതെന്നു നിഷ്ക്കര്‍ഷിക്കുക. മനസ്വൈര്യം കെടുത്താവുന്ന സാഹചര്യങ്ങളെ പറ്റുന്നത്രയൊഴിവാക്കിയും സന്തോഷം തരുന്ന കാര്യങ്ങളെ കൂടുതലായുള്‍ക്കൊള്ളിച്ചും ദിനചര്യകളെ പുന:ക്രമീകരിക്കുക. മദ്യംകഴിക്കുന്ന നേരങ്ങളില്‍ പുകവലിച്ചു പോവാനുള്ള സാദ്ധ്യത ഏറെയാണ്‌ എന്നതിനാല്‍ വലി നിര്‍ത്തുന്നതിന്‍റെ ആദ്യവാരങ്ങളില്‍ മദ്യപാനവും തീര്‍ത്തും വര്‍ജിക്കുക.

വലി നിര്‍ത്തി ആദ്യത്തെ ഒരു മൂന്നാഴ്ചയോളംകാലം പിന്നെയും തുടങ്ങാനുള്ള ത്വര വല്ലാതെ സജീവമായിരിക്കും.

വലി നിര്‍ത്തി ആദ്യത്തെ ഒരു മൂന്നാഴ്ചയോളംകാലം പിന്നെയും തുടങ്ങാനുള്ള ത്വര വല്ലാതെ സജീവമായിരിക്കുമെന്ന് പ്രത്യേകം ഓര്‍ക്കുക. ഇങ്ങിനെയൊരാസക്തി തലപൊക്കുമ്പോഴൊക്കെ വായിക്കുക, പാട്ടുകേള്‍ക്കുക, പ്രാര്‍ത്ഥിക്കുക, വ്യായാമം ചെയ്യുക, ആഹാരം കഴിക്കുക എന്നിങ്ങനെ ശ്രദ്ധ തിരിച്ചുവിടാനുതകുന്ന എന്തെങ്കിലും പ്രവൃത്തികളില്‍ മുഴുകുക. ഒരേ മുറിയിലിരുന്നാണ് ഇത്രയുംനാള്‍ വലിച്ചുകൊണ്ടിരുന്നത് എങ്കില്‍ അതിനുള്ളിലെ മേശയും കലണ്ടറും പോലുള്ള സാധനസാമഗ്രികളെ ഒന്നു സ്ഥാനംമാറ്റിയിടുന്നത് വലിക്കാനുള്ള ത്വര സ്വല്‍പം ദുര്‍ബലമാവാന്‍ സഹായിക്കും. പുകവലിയുടെ ദോഷഫലങ്ങളെപ്പറ്റിയുള്ള കുറിപ്പുകളോ പ്രിയപ്പെട്ടവരുടെ ഫോട്ടോയോ ഒക്കെ പഴ്സില്‍ സൂക്ഷിക്കുന്നതും വലിക്കാനുള്ള പൂതി തികട്ടിയുയരുമ്പോഴൊക്കെ അവയെടുത്തൊന്ന്‍ ഓടിച്ചുനോക്കുന്നതും ഫലപ്രദമാവും.

 

മുമ്പു വലിനിര്‍ത്താന്‍ നോക്കിയപ്പോഴൊക്കെ അടിയറവുപറയേണ്ടിവന്നത് ഏതുതരം സാഹചര്യങ്ങളിലാണ് എന്ന കണക്കെടുത്ത്, അവയോരോന്നിനെയും മറികടക്കാനുള്ള തന്ത്രങ്ങള്‍ രൂപപ്പെടുത്തുക. ഇതിന് അഡിക്ഷന്‍കൌണ്‍സലിങ്ങില്‍ വൈദഗ്ദ്ധ്യമുള്ളവരുടെ സഹായം തേടാവുന്നതുമാണ്. ചെറിയ കാര്യങ്ങളില്‍പ്പോലും ദേഷ്യമോ സങ്കടമോ വരിക, ചെറുപ്രശ്നങ്ങളുടെ മുന്നില്‍പ്പോലും ഒരു തീരുമാനമെടുക്കാനോ പരിഹാരമുണ്ടാക്കാനോ ആവാതെ കുഴഞ്ഞുപോവുക തുടങ്ങിയ പ്രകൃതങ്ങളുള്ളവര്‍, പ്രത്യേകിച്ച് ഇവയൊക്കെ നിരന്തരം വലി പുനരാരംഭിക്കാനുള്ള നിമിത്തമാവാറുണ്ടെങ്കില്‍, കൌണ്‍സലിംഗ് വഴിയോ അനുയോജ്യമായ പുസ്തകങ്ങള്‍ വായിച്ചോ ഇത്തരം ന്യൂനതകളെ നികത്തിയെടുക്കുകയും വേണം.

ഒറ്റയടിക്കു വലി മുഴുവനായി നിര്‍ത്തുക ദുഷ്‌കരമായി അനുഭവപ്പെടുന്നെങ്കില്‍ ശ്രമിക്കാവുന്ന മറ്റൊരു രീതിയുണ്ട്: ദിവസേന വലിക്കുന്ന സിഗരറ്റുകളെ നിര്‍ത്താന്‍ ഏറ്റവുമെളുപ്പമുള്ളതില്‍ തുടങ്ങി ഏറ്റവും പ്രയാസമുള്ളതു വരെയുള്ള ക്രമത്തില്‍ എഴുതുക. (ഉദാഹരണത്തിന്, “ഏറ്റവും നിര്‍ബന്ധം ടോയ്‌ലറ്റില്‍ പോവുന്നതിനു മുമ്പ് വലിക്കുന്ന സിഗരറ്റ്, അതു കഴിഞ്ഞ് ഊണിനു ശേഷം വലിക്കുന്നത്, ...., നിര്‍ത്താന്‍ ഏറ്റവും എളുപ്പമുള്ളത് വണ്ടിയോടിക്കുമ്പോള്‍ ചുമ്മാ വലിക്കുന്നത്” എന്നിങ്ങനെ.) എന്നിട്ട് കൂട്ടത്തില്‍ എളുപ്പമുള്ളതെന്നു നിശ്ചയിച്ച സിഗരറ്റുകളെ ആദ്യമാദ്യം ഒഴിവാക്കുക. പിന്നെപ്പിന്നെ കൂടുതല്‍ ബുദ്ധിമുട്ടുള്ളവയെയും നിര്‍ത്തുക.

QuitNow, Cessation Nation തുടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷനുകളും പലര്‍ക്കും വലിനിര്‍ത്തുന്ന കാര്യത്തില്‍ കൂട്ടുകൊടുക്കുന്നുണ്ട്. വലി നിര്‍ത്തിയിട്ട് കൃത്യം എത്ര നാളായി, ഇതുവരെ എത്രത്തോളം പണം അതുവഴി ലാഭിക്കാനായി എന്നൊക്കെയുള്ള കൃത്യം കണക്കുകള്‍ തന്നുകൊണ്ടിരിക്കാനും മറ്റും ഇവക്കാകും. വലി നിര്‍ത്താനുള്ള ഒരുപാധിയായി പലരും ഇ-സിഗരറ്റുകളെയും സമീപിക്കുന്നുണ്ട്. എന്നാല്‍ ഇവ എത്രത്തോളം ഫലപ്രദമാണ്, എത്രത്തോളം സുരക്ഷിതമാണ് എന്നൊക്കെയുള്ള കാര്യങ്ങളില്‍ ഗവേഷകര്‍ ഇപ്പോഴും അന്തിമാനുമാനത്തില്‍ എത്തിയിട്ടില്ല.

ഇപ്പറഞ്ഞ വിദ്യകളൊക്കെയും പയറ്റിയിട്ടും പിന്നെയും വലിക്കാനുള്ള ത്വര വീണ്ടുംവീണ്ടും തികട്ടിപ്പൊന്തിവരുന്നെങ്കില്‍ ഒരു ഡോക്ടറെക്കണ്ട് അതിനെ ശമിപ്പിക്കാനുള്ള മരുന്നുകളോ നിക്കോട്ടിന്‍ച്യൂയിംഗ്ഗം പോലുള്ള ഉപാധികളോ ഉപയോഗപ്പെടുത്തുന്ന കാര്യം ചര്‍ച്ചചെയ്യുക.