മലയാളം

Affordable, comprehensive, humane care by well experienced professionals in a relaxing atmosphere.

Frequently Asked Questions - മലയാളം

മലയാളം
രോഗിയുടെ കൂടെ ബന്ധുക്കളോ മറ്റോ താമസിക്കേണ്ടതുണ്ടോ?

ഇല്ല.

ബന്ധുക്കള്‍ക്കോ മറ്റോ രോഗിയുടെ കൂടെ താമസിക്കണമെന്നുണ്ടെങ്കില്‍ അതിനുള്ള സൌകര്യമുണ്ടോ?

"സ്നേഹ"ത്തിന്റെ കൊമ്പൌണ്ടില്‍ ഇല്ല. അതേസമയം, അധികം അക്രമാസക്തരല്ലാത്ത രോഗികളെ ബന്ധുക്കളുടെ കൂടെ സെന്റ്‌ തോമസ്‌ ഹോസ്പിറ്റലിലെ മെഡിസിന്‍ വിഭാഗത്തിലെയും മറ്റും റൂമുകളില്‍ കിടത്താവുന്നതാണ്.

ചികിത്സക്ക് എന്തുമാത്രം ചിലവു വരും?

താമസം, ഭക്ഷണം, ഡോക്ടറുടെയും നഴ്സുമാരുടെയും കൌണ്‍സലിങ്ങിന്റെയും ചാര്‍ജുകള്‍, യോഗ, വിനോദോപാധികള്‍ എന്നിവയടക്കം ഒരു ദിവസത്തെ ചാര്‍ജ് വാര്‍ഡില്‍ താമസിക്കുന്നവര്‍ക്ക് 750 രൂപയും മുറികളില്‍ താമസിക്കുന്നവര്‍ക്ക് 1000 രൂപയുമാവും. മരുന്ന്, രക്തപരിശോധന, സ്കാനിംഗ്, മറ്റു ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷന്‍, വസ്ത്രം അലക്കല്‍ എന്നിവയുടെ ചെലവ്, ആവശ്യാനുസരണം, ഇതിനു പുറമെ നല്‍കേണ്ടിവരും. (ഭൂരിഭാഗം രോഗികളെയും ഞങ്ങള്‍ക്ക് ഒന്നു മുതല്‍ മൂന്നു വരെ ആഴ്ചകള്‍ക്കുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്യാനാവാറുണ്ട്.)

അഡ്മിഷനു വരുമ്പോള്‍ എന്തെല്ലാം കൂടെക്കൊണ്ടുവരണം?
  1. രോഗിയുടെയും കൂടെ വരുന്നവരില്‍ ഏതെങ്കിലും ഒരാളുടെയും ഏതെങ്കിലുമൊരു ഗവണ്മെന്‍റ് ഐ.ഡി. കാര്‍ഡ് (ഒറിജിനല്‍).
  2. രോഗിയുടെ മൂന്നോ നാലോ കൂട്ടം വസ്ത്രങ്ങള്‍
  3. മുമ്പു ചികിത്സകളോ പരിശോധനകളോ നടത്തിയിട്ടുണ്ടെങ്കില്‍ അതുസംബന്ധിച്ച കയ്യിലുള്ള രേഖകളെല്ലാം.
അഡ്മിറ്റാവാന്‍ വരുമ്പോള്‍ ഏതു സമയത്താണ് അവിടെ എത്തേണ്ടത്?

തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പതു മണിക്കും ഉച്ചക്ക് ഒരു മണിക്കും ഇടക്ക് ഇവിടെയെത്തുന്നതാകും നല്ലത്. എന്നാല്‍ അടിയന്തിര ഘട്ടങ്ങളില്‍ ഏതു ദിവസവും ഏതു നേരത്തും സെന്റ്‌ തോമസ്‌ ഹോസ്പിറ്റലിന്റെ കാഷ്വാലിറ്റി വഴി അഡ്മിറ്റാകാവുന്നതാണ്.

അഡ്മിറ്റാവുന്ന സമയത്ത് എത്ര രൂപ കെട്ടിവെക്കണം?

പതിനായിരം രൂപ. അതേസമയം, ഒരാഴ്ചത്തെയോ മറ്റോ ഹ്രസ്വകാല അഡ്മിഷനേ ആവശ്യമുണ്ടാവൂ എന്ന് അഡ്മിഷന്‍ സമയത്ത് സൈക്ക്യാട്രിസ്റ്റിനു തോന്നുകയാണെങ്കില്‍ അഡ്വാന്‍സ് അയ്യായിരം രൂപ മതിയാകും.

രോഗികള്‍ക്ക് മൊബൈല്‍ഫോണ്‍, ലാപ്ടോപ് തുടങ്ങിയവ കൈവശം വെക്കാമോ?

ഇല്ല.

മദ്യപാനത്തിനുള്ള ചികിത്സക്ക് ഏകദേശം എത്ര ദിവസം കിടക്കേണ്ടിവരും?

മദ്യപാനത്തിന്റെ തീവ്രതക്കും രോഗിയുടെ മാനസിക, ശാരീരിക അവസ്ഥകള്‍ക്കും അനുസരിച്ച് ഒരാഴ്ച മുതല്‍ ഒരു മാസം വരെ കിടക്കേണ്ടി വരാം.

അഡ്മിറ്റാവുന്നവര്‍ക്ക് എന്തെങ്കിലും വിനോദോപാധികള്‍ ലഭ്യമാണോ?

തീര്‍ച്ചയായും. ടെലിവിഷന്‍, റേഡിയോ, പത്രമാസികകള്‍, പുസ്തകങ്ങള്‍ തുടങ്ങിയവയും, ബാഡ്മിന്റണ്‍, ചെസ്, കാര്‍ഡ്സ്, കാരംസ് തുടങ്ങിയ കളികള്‍ക്കുള്ള സംവിധാനവും വ്യായാമം, യോഗ എന്നിവക്കുള്ള സൌകര്യങ്ങളും ഇവിടെയുണ്ട്.

ദൂരസ്ഥലങ്ങളില്‍ നിന്നു വന്ന് അഡ്മിറ്റാവുന്നവര്‍ ഫോളോഅപ്പിന് അവിടെത്തന്നെ വരണമെന്നു നിര്‍ബന്ധമുണ്ടോ?

ഇല്ല. അതേസമയം, ആദ്യത്തെ രണ്ടോ മൂന്നോ ഫോളോ അപ്പ് സന്ദര്‍ശനങ്ങള്‍ക്ക് ഇവിടെത്തന്നെ വരുന്നതാവും ഉത്തമം. ഫോളോ അപ്പിന് ഇവിടെവരെ വരാന്‍ അസൌകര്യള്ളവര്‍ക്ക്, ആവശ്യമെങ്കില്‍, അവരുടെ അടുത്തുള്ള പ്രദേശങ്ങളില്‍ അനുയോജ്യമായ കേന്ദ്രങ്ങളുണ്ടെങ്കില്‍ അങ്ങോട്ട്‌ വിശദമായ ചികിത്സാസമ്മറിയും റഫറല്‍ ലെറ്ററും നല്‍കുന്നതാണ്.

സിറോസിസ്, അപസ്മാരം, അനിയന്ത്രിതമായ പ്രമേഹം തുടങ്ങിയ ശാരീരികപ്രശ്നങ്ങള്‍ ഉള്ളവരെ അഡ്മിറ്റ്‌ ചെയ്യുമോ?

തീര്‍ച്ചയായും. "സ്നേഹം" ഒരു മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ഭാഗമാണ്. ഫിസിഷ്യന്മാര്‍, ഗാസ്ട്രോഎന്ററോളജിസ്റ്റുമാര്‍, ന്യൂറോളജിസ്റ്റ്‌ എന്നിങ്ങനെ നാനാതരം വിദഗ്ദ്ധര്‍ ഇവിടെയുണ്ട്. അതേസമയം, ഗുരുതരമായ ശാരീരികപ്രശ്നങ്ങളുള്ളവരുടെ കൂടെ ബന്ധുക്കളോ മറ്റോ താമസിക്കേണ്ടി വരും.

മാനസികപ്രശ്നങ്ങളുള്ളവരെയും ഡീഅഡിക്ഷനു വരുന്നവരെയും കിടത്തുന്നത് ഒന്നിച്ചാണോ?

അല്ല. മുറികളും വാര്‍ഡുകളും വ്യത്യസ്തമാണ്.

മദ്യപാനത്തിനു ചികിത്സയെടുത്തിട്ട് പിന്നീടെന്നെങ്കിലും മദ്യം കഴിച്ചാല്‍ ഭ്രാന്തു വരും എന്നു കേള്‍ക്കുന്നതില്‍ വാസ്തവമുണ്ടോ?

ഇല്ല. വിശദാംശങ്ങള്‍ ഈ ലേഖനത്തില്‍ ഉണ്ട്.

മാനസികപ്രശ്നങ്ങള്‍ക്കു മരുന്നു കഴിച്ചാല്‍ കിഡ്നി കേടുവരും എന്നു കേള്‍ക്കുന്നതില്‍ വാസ്തവമുണ്ടോ?

സൈക്ക്യാട്രിയില്‍ ഉപയോഗിക്കപ്പെടുന്ന മുപ്പതിലധികം മരുന്നുകളില്‍ ലിഥിയം എന്ന മരുന്നു മാത്രമാണ്, അതും ഏറെക്കാലം അതുപയോഗിച്ചവരില്‍ നന്നേ ചെറിയൊരു ശതമാനത്തില്‍ മാത്രം, കിഡ്നിക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ വരുത്താറുള്ളത്.

ചികിത്സക്കു വരാന്‍ തയ്യാറില്ലാത്ത രോഗികളെ നിങ്ങള്‍ വീട്ടില്‍വന്നു കൊണ്ടുപോവുമോ?

ഇല്ല.

Our website is protected by DMC Firewall!