മനോരോഗങ്ങള്‍

Affordable, comprehensive, humane care by well experienced professionals in a relaxing atmosphere.

alcohol counselling kerala(ഞങ്ങളുടെ സൈക്ക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ 2018 മെയ് ലക്കം മാതൃഭൂമി ആരോഗ്യമാസികയില്‍ എഴുതിയത്)

സാരമായൊരു പ്രശ്നം നേരിടുന്നേരം മറ്റുള്ളവരോടു മനസ്സുതുറക്കുകയെന്നത് എല്ലാവരും ചെയ്യാറുള്ളതാണ്. കുടുംബാംഗങ്ങളോടോ സുഹൃത്തുക്കളോടോ ഉള്ളുതുറന്നു സംസാരിക്കുന്നത് മിക്കവര്‍ക്കും ആശ്വാസദായകമാകാറുമുണ്ട്. അതിന്‍റെ ഒരടുത്ത പടിയാണു പലപ്പോഴും കൌണ്‍സലിംഗിലും സൈക്കോതെറാപ്പിയിലും സംഭവിക്കുന്നത്. മനോവൈഷമ്യങ്ങള്‍ കൈകാര്യംചെയ്യുന്നതില്‍ പരിശീലനവും പരിചയസമ്പത്തും സിദ്ധിച്ചിട്ടുണ്ട്, സേവനം തേടിയെത്തുന്നവരെ നിത്യജീവിതത്തില്‍ നേരിട്ടറിയില്ലെന്നതിനാല്‍ പ്രശ്നങ്ങളില്‍ ഇടപെടുമ്പോള്‍ വൈകാരികമായ ഒരകലം സൂക്ഷിക്കാനാകും എന്നൊക്കെയുള്ള മേന്മകള്‍ കൌണ്‍സലര്‍മാര്‍ക്കും സൈക്കോതെറാപ്പിസ്റ്റുകള്‍ക്കുമുണ്ടു താനും. പ്രിയമുള്ളവരുടെ സാന്ത്വനവാക്കുകളില്‍നിന്നു വിഭിന്നമായി, ഇത്തരം പ്രൊഫഷണലുകളുടെ ഇടപെടലുകള്‍ മനശ്ശാസ്ത്രത്തിലെയും കൌണ്‍സലിംഗിന്‍റെയും സൈക്കോതെറാപ്പിയുടെയും സിദ്ധാന്തങ്ങളെയും തത്വങ്ങളെയും വിദ്യകളെയും അടിസ്ഥാനമാക്കിയുമായിരിക്കും.

 

കൌണ്‍സലിംഗ്

ദൈനംദിനജീവിതത്തിലെ പ്രശ്നങ്ങളെ, പ്രത്യേകിച്ചും പൊടുന്നനെയുണ്ടായവയെ, അതിജയിക്കാന്‍ കൂട്ടുകൊടുക്കുകയാണു പൊതുവെ കൌണ്‍സലിംഗിന്‍റെ ഉദ്ദേശം. മനശ്ശാസ്ത്ര ചികിത്സകള്‍ തേടുന്നവര്‍ രോഗബാധിതരായിരിക്കണമെന്നില്ല എന്നതിനാല്‍ അവരെ രോഗി എന്നല്ല, ക്ലയന്‍റ് എന്നാണു വിളിക്കാറ്. പരിഹാരങ്ങള്‍ സ്വന്തംനിലയ്ക്കുതന്നെ കണ്ടെത്താനുള്ള പ്രാപ്തത ക്ലയന്‍റിനു കൈവരുത്തുകയും അതിനു സഹായകമായ ഒരന്തരീക്ഷം ഒരുക്കിക്കൊടുക്കുകയുമാണു കൌണ്‍സലര്‍മാര്‍ ചെയ്യുക, അല്ലാതെ സര്‍വ പരിഹാരങ്ങളും അവരായിട്ടു പറഞ്ഞുകൊടുക്കുകയല്ല. ഇതു ഫലപ്രദമായിച്ചെയ്യാന്‍, അവര്‍ അനുയോജ്യമായ തരം ചോദ്യങ്ങള്‍ ഉയര്‍ത്തുക, അവയ്ക്കുള്ള ഉത്തരങ്ങളോട് കൌണ്‍സലിംഗിന്‍റെ ചട്ടക്കൂടിനുള്ളില്‍നിന്നുകൊണ്ടു മാത്രം പ്രതികരിക്കുക എന്നിങ്ങനെ പല മാര്‍ഗങ്ങളും അവലംബിക്കാറുണ്ട്. വികാരങ്ങള്‍ തുറന്നുപ്രകടിപ്പിക്കാന്‍ സുരക്ഷിതമായ ഒരന്തരീക്ഷം കൊടുക്കുക, പ്രശ്നത്തെ വിവിധ വീക്ഷണകോണുകളിലൂടെ നോക്കിക്കാണാന്‍ സഹായിക്കുക, ക്ലയന്‍റിന്‍റെ തന്നെ വല്ല ചെയ്തികളോ തെരഞ്ഞെടുപ്പുകളോ മറ്റോ പ്രശ്നനിദാനമായിട്ടുണ്ടെങ്കില്‍ അതേപ്പറ്റി ഉള്‍ക്കാഴ്ച സ്വരൂപിച്ചു കൊടുക്കുക, നല്ല തീരുമാനങ്ങളെടുക്കാനും ഭാവികാര്യങ്ങള്‍ ആസൂത്രണം ചെയ്യാനും സഹായിക്കുക, അതൊക്കെ നടപ്പില്‍വരുത്തുമ്പോള്‍ വേണ്ട കൈത്താങ്ങു നല്‍കുക എന്നതൊക്കെ കൌണ്‍സലിംഗിന്‍റെ രീതികളാണ്.

കൌണ്‍സലിംഗ് പ്രയോജനകരമാകാറുള്ള ചില സന്ദര്‍ഭങ്ങള്‍ താഴെപ്പറയുന്നു:

 • കുട്ടികളിലെ പെരുമാറ്റപ്രശ്നങ്ങള്‍
 • പരീക്ഷ, തൊഴില്‍നഷ്ടം, പ്രണയത്തകര്‍ച്ച, വിവാഹമോചനം, ഉറ്റവരുടെ മരണം എന്നിങ്ങനെ മാനസികസമ്മര്‍ദ്ദമോ ഉത്ക്കണ്ഠയോ ഉളവാക്കുന്ന ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍
 • ആത്മവിശ്വാസക്കുറവ്, സ്വയംമതിപ്പില്ലായ്ക, മുന്‍കോപം, ഉറച്ച തീരുമാനങ്ങള്‍ എടുക്കാനാവായ്ക
 • ആരോടും ഒരു കാര്യത്തിലും മറുത്തു പറയാനോ “പറ്റില്ല” എന്നു പറയാനോ ഉള്ള ധൈര്യക്കുറവ്
 • ആശയവിനിമയശേഷിയും വ്യക്തിബന്ധങ്ങളും മെച്ചപ്പെടുത്താന്‍
 • അനാരോഗ്യകരവും പ്രയോജനശൂന്യവുമായ ചിന്തകളിലും പെരുമാറ്റങ്ങളിലും നിന്നു മുക്തി നേടാന്‍
 • കാര്യങ്ങള്‍ സമയത്തു ചെയ്തുതീര്‍ക്കാതെ പിന്നത്തേയ്ക്കു മാറ്റിവെക്കുന്ന ശീലം
 • ജോലിയില്‍ മടുപ്പും വിരക്തിയും തോന്നുക
 • തൊഴിലിലോ വ്യക്തിജീവിതത്തിലോ എന്തു തെരഞ്ഞെടുപ്പു നടത്തണമെന്ന ചിന്താക്കുഴപ്പം തോന്നുക
 • ലൈംഗികപീഡനം നേരിട്ടവര്‍ക്ക്
 • അമിതമദ്യപാനം, ലഹരിയുപയോഗം

സൈക്കോതെറാപ്പി

ഇനിയും ചിലരുടെ പ്രശ്നങ്ങള്‍ കൂടുതല്‍ പഴക്കമുള്ളതാവും. അവയ്ക്ക് അടിവേരായി, ചിന്താരീതികളിലോ മനോഭാവങ്ങളിലോ മറ്റുള്ളവരോട് ഇടപെടുന്ന വിധത്തിലോ ഇതര പെരുമാറ്റങ്ങളിലോ ചില പിഴവുകള്‍ നിലനില്‍ക്കുന്നുമുണ്ടാവാം. സൈക്കോതെറാപ്പി പൊതുവെ ഉന്നംവെക്കാറ് കൂടുതല്‍ സങ്കീര്‍ണ്ണമായ ഇത്തരം പ്രശ്നങ്ങളെയാണ്. ഇപ്പോള്‍ അലട്ടിക്കൊണ്ടിരിക്കുന്ന വിഷമതകളെ തല്‍ക്കാലത്തേക്കെങ്ങനെ ദൂരീകരിച്ചെടുക്കാം എന്നതില്‍ ഒതുങ്ങിനില്‍ക്കാതെ, എന്തുകൊണ്ടാണു പ്രശ്നം ഉടലെടുത്തതും വിട്ടുമാറാതിരിക്കുന്നതും എന്നു തിരിച്ചറിയാനും തക്ക പരിഹാര നടപടികള്‍ കൈക്കൊള്ളാനും കൂടി സഹായിക്കുകയാണു സൈക്കോതെറാപ്പിയുടെ രീതി. ഉദാഹരണത്തിന്, പ്രേമബന്ധം തകര്‍ന്ന് ആകെ നൈരാശ്യത്തിലിരിക്കുന്ന ഒരാളെ ആ വൈഷമ്യകാണ്ഡത്തെ മറികടക്കാന്‍ സഹായിക്കാന്‍ കൌണ്‍സലിംഗിനാകുമെങ്കില്‍, എന്തുകൊണ്ട് അയാള്‍ ബന്ധങ്ങളില്‍ നിരന്തരം പരാജയമാകുന്നു, ബന്ധങ്ങളുടെ നഷ്ടം ഓരോ തവണയും എന്തുകൊണ്ടയാളെ വല്ലാതെയങ്ങു തകര്‍ത്തുകളയുന്നു എന്നൊക്കെ തിരിച്ചറിയാനും ഭാവിജീവിതത്തില്‍ തക്ക മുന്‍കരുതലുകള്‍ സ്വീകരിക്കാനും സഹായിക്കാന്‍ സൈക്കോതെറാപ്പിക്കാകും. കൌണ്‍സലിംഗ് ഫലപ്രദമാകുമെന്നു മുകളില്‍ ചൂണ്ടിക്കാണിച്ച പ്രശ്നങ്ങള്‍ ആരെയെങ്കിലും ഏറെനാളായി അലട്ടുന്നുണ്ടെങ്കില്‍ അത്തരക്കാര്‍ക്കു സൈക്കോതെറാപ്പിയാകും കൂടുതല്‍ ഗുണകരം.

ഇത്രയുംനാള്‍ സാരമായ പ്രശ്നങ്ങളൊന്നുമില്ലാതെ പോയ്ക്കൊണ്ടിരുന്ന ഒരാള്‍ക്ക് ദുരനുഭവങ്ങള്‍ വല്ലതും ജീവിതത്തിലേക്ക് ഇടിച്ചുകയറിവന്നതിനു ശേഷം നേരിയ മാനസികപ്രയാസങ്ങള്‍ തലപൊക്കിയെങ്കില്‍ ആശ്വാസത്തിനു കൌണ്‍സലിംഗ് മതിയാകും. എന്നാല്‍ ബന്ധങ്ങളിലോ തൊഴിലിലോ ഒക്കെ അടിക്കടി പ്രതിസന്ധികള്‍ നേരിടേണ്ടിവരാറുള്ളവര്‍ക്ക്, ചിന്താഗതിയിലോ വ്യക്തിത്വത്തിലോ മറ്റോ അടിസ്ഥാന തകരാറുകള്‍ വല്ലതും ഉണ്ടാവാമെന്നതിനാല്‍, അവയെപ്പറ്റി ഉള്‍ക്കാഴ്ച കൊടുക്കാനും ശാശ്വതപരിഹാരമുണ്ടാക്കാനും സൈക്കോതെറാപ്പിക്കാവും കഴിയുക. മനോരോഗങ്ങളുടെയും വ്യക്തിത്വവൈകല്യങ്ങളുടെയും ചികിത്സയില്‍ മരുന്നുകളും സൈക്കോതെറാപ്പിയും പരസ്പരപൂരകങ്ങളായി ഉപയോഗിക്കപ്പെടുന്നുമുണ്ട്.

സൈക്കോതെറാപ്പി നാനാതരത്തിലുണ്ട്. ഇന്‍റര്‍പേഴ്സണല്‍ തെറാപ്പി, കോഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി, പേരന്‍റ് മാനേജ്മെന്‍റ് ട്രെയിനിംഗ് എന്നിവ ഉദാഹരണങ്ങളാണ്.

സമാനതകള്‍

മനോവ്യാപാരങ്ങളുടെയും പെരുമാറ്റങ്ങളുടെയും മനശ്ശാസ്ത്ര വിശദീകരണങ്ങളെക്കുറിച്ചും ഏതൊരു ചികിത്സകരും അറിഞ്ഞിരിക്കേണ്ട നൈതികവും തൊഴില്‍പരവുമായ മര്യാദകളെക്കുറിച്ചുമുള്ള അവഗാഹം കൌണ്‍സലര്‍മാര്‍ക്കും സൈക്കോതെറാപ്പിസ്റ്റുകള്‍ക്കും കൂടിയേതീരൂ. ക്ലയന്‍റ് പങ്കുവെക്കുന്ന വ്യക്തിവിവരങ്ങളും രഹസ്യങ്ങളും പുറത്തെവിടെയും വെളിപ്പെടുത്തരുത്, ക്ലയന്റുമായി പ്രണയ, ലൈംഗിക ബന്ധങ്ങള്‍ക്കു തുനിയരുത് എന്നതൊക്കെ ഉദാഹരണങ്ങളാണ്. ക്ലയന്‍റിനെ ഒരു വ്യക്തിയെന്ന നിലയ്ക്കു വിലമതിക്കുകയും ക്ലയന്‍റിന്‍റെ ജീവിതപശ്ചാത്തലം, സംസ്കാരം, അഭിപ്രായങ്ങള്‍, ആന്തരികമൂല്യങ്ങള്‍, വ്യക്തിത്വസവിശേഷതകള്‍, സ്വജീവിതത്തെപ്പറ്റി തീരുമാനങ്ങളെടുക്കാനുള്ള അവകാശം എന്നിവയെ മാനിക്കുകയും ചെയ്യണം. പ്രായം, ലിംഗം, മതം, സാമ്പത്തികസ്ഥിതി, രാഷ്ട്രീയ നിലപാടുകള്‍, ലൈംഗികാഭിമുഖ്യം തുടങ്ങിയവയുടെ പേരില്‍ യാതൊരുവിധ വിവേചനവും കാണിക്കുകയുമരുത്. ക്ലയന്‍റിന്‍റെ പ്രശ്നത്തില്‍ വൈകാരികമായി ഇടപെടാതെ വസ്‌തുനിഷ്‌ഠത കാത്തുസൂക്ഷിക്കുക, ക്ലയന്‍റിനെപ്പറ്റി ധാര്‍മികമായ വിലയിരുത്തലുകള്‍ക്കു തുനിയാതിരിക്കുക, കുറ്റപ്പെടുത്തലുകള്‍ നടത്താതിരിക്കുക എന്നീ ഉത്തരവാദിത്തങ്ങളുമുണ്ട്.

രണ്ടു രീതികളും ഒരൊറ്റ വ്യക്തിക്കു മാത്രമായല്ലാതെ ദമ്പതികള്‍ക്ക് ഇരുവര്‍ക്കുമായോ ഒരു കുടുംബത്തിനു മുഴുവനുമോ അതുമല്ലെങ്കില്‍ ഒരു കൂട്ടമാളുകള്‍ക്ക് ഒന്നിച്ചോ ചെയ്യപ്പെടാം.

വ്യത്യാസങ്ങള്‍

കൌണ്‍സലിംഗ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക പെരുമാറ്റങ്ങളിലാണ് എങ്കില്‍ ചിന്തകളുടെയും മനോഭാവങ്ങളുടെയുമൊക്കെ ആഴത്തിലുള്ള വിശകലനം സൈക്കോതെറാപ്പിയില്‍ പ്രധാനമാണ്. കൌണ്‍സലിംഗില്‍ മുഖ്യപരിഗണന ലഭിക്കുന്നത് ക്ലയന്‍റ് നിലവില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നത്തെക്കുറിച്ചു പഠിച്ച് അതിനൊരു സത്വരപരിഹാരം സാദ്ധ്യമാക്കുന്നതിനാണ് — ആ വ്യക്തിയുടെ ഭൂതകാലത്തെ അപഗ്രഥനവിധേയമാക്കുക സൈക്കോതെറാപ്പിയിലാണ്.

കൌണ്‍സലിംഗിനു വേണ്ടതിലും എത്രയോ അധികം സമയം സൈക്കോതെറാപ്പിയ്ക്ക് ആവശ്യമാകാറുണ്ട്. ഒന്നോ രണ്ടോ സെഷനുകള്‍ കൊണ്ട് കൌണ്‍സലിംഗ് ചിലപ്പോള്‍ മുഴുമിക്കാനാവാമെങ്കില്‍ സൈക്കോതെറാപ്പി തീരാന്‍ ചിലപ്പോള്‍ മാസങ്ങളോ അപൂര്‍വമായി വര്‍ഷങ്ങള്‍ പോലുമോ വേണ്ടിവരാം.

സൈക്കോതെറാപ്പിസ്റ്റുകള്‍ക്ക് കൂടുതല്‍ വൈദഗ്ദ്ധ്യവും കൂടുതല്‍ വിശദമായ പരിശീലനവും ആവശ്യമുണ്ട്. സൈക്കോതെറാപ്പിയില്‍ പരിശീലനം കിട്ടിയവര്‍ക്ക് ക്ലയന്‍റിന്‍റെ സാഹചര്യം ആവശ്യപ്പെടുന്നെങ്കില്‍ കൌണ്‍സലിംഗും കൊടുക്കാനാകും — എന്നാല്‍ കൌണ്‍സലിംഗില്‍ മാത്രം പരിശീലനം ലഭിച്ചവര്‍ക്ക് സൈക്കോതെറാപ്പി ചെയ്യാനായേക്കില്ല.

ചില പ്രായോഗികവശങ്ങള്‍

 • മനശ്ശാസ്ത്ര ചികിത്സകള്‍ ഉടനടി ഫലം തരണമെന്നില്ല — ഏതെങ്കിലും സെഷനു ശേഷം കോപമോ നൈരാശ്യയോ മറ്റോ വര്‍ദ്ധിച്ചതായിത്തോന്നുന്നെങ്കില്‍ അതിനെ ചികിത്സയുടെ പരാജയമായി വിലയിരുത്തരുത്.
 • മനോരോഗങ്ങളുമായി ബന്ധമുള്ള സൈക്കോതെറാപ്പി എന്ന വാക്ക് പൊതുജനങ്ങള്‍ക്ക് അക്കാരണത്താല്‍ത്തന്നെ പലപ്പോഴുമത്രയ്ക്കു സ്വീകാര്യമായേക്കില്ല എന്നതിനാല്‍ ചില സൈക്കോതെറാപ്പിസ്റ്റുകള്‍ ഉപയോഗിക്കുന്നത് കൌണ്‍സലിംഗ്, കൌണ്‍സലര്‍ എന്നീ വാക്കുകള്‍ മാത്രമാവാം.
 • ചിലതരം പ്രശ്നങ്ങളുള്ളവര്‍ക്ക് മനശ്ശാസ്ത്ര ചികിത്സകളോടൊപ്പം മരുന്നുകളും അനിവാര്യമാകാം. മദ്യപാനമോ ലഹരിയുപയോഗമോ നിര്‍ത്തുമ്പോള്‍ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നവരും തീവ്രമായ വിഷാദമുള്ളവരും ഇതില്‍പ്പെടുന്നു. ആരോ കൊല്ലാന്‍ വരുന്നു, ജീവിതപങ്കാളിക്ക് അവിഹിതബന്ധങ്ങളുണ്ട് എന്നൊക്കെയുള്ള അടിസ്ഥാനമില്ലാത്ത സംശയങ്ങളില്‍ ഉറച്ചു വിശ്വസിക്കുന്നതും അശരീരി ശബ്ദങ്ങള്‍ കേള്‍ക്കുന്നതും മുഖ്യലക്ഷണങ്ങളായ സൈക്കോട്ടിക് അസുഖങ്ങളിലും മരുന്നുകള്‍ കൂടിയേതീരൂ.
 • മനശ്ശാസ്ത്രചികിത്സകരെ കാണുന്നതിനൊപ്പം ഒരു ഡോക്ടറെയോ സൈക്ക്യാട്രിസ്റ്റിനെയോ സമീപിച്ച്, മാനസികവൈഷമ്യങ്ങള്‍ വന്നത് ശാരീരികരോഗങ്ങളുടെയൊന്നും ഭാഗമായല്ല എന്നുറപ്പുവരുത്തുന്നതു നന്നാവും. (ഇടയ്ക്കിടെ ലൈംഗികച്ചായ്’വോടെ പെരുമാറുന്നു എന്ന പരാതിയുമായി ഓപിയില്‍ കൌണ്‍സലിംഗിനു കൊണ്ടുവന്ന ആറാംക്ലാസുകാരന് പരിശോധനകളില്‍ത്തെളിഞ്ഞത് ഒരു തരം അപസ്മാരമാണെന്നായിരുന്നു.)
 • മരുന്നു കുറിക്കാന്‍ പരിശീലനം കിട്ടിയിട്ടുള്ളതും നിയമപരമായ അവകാശമുള്ളതും സൈക്ക്യാട്രിസ്റ്റുമാര്‍ക്കും മറ്റു ഡോക്ടര്‍മാര്‍ക്കുമാണ്; കൌണ്‍സലര്‍മാര്‍ക്കോ സൈക്കോതെറാപ്പിസ്റ്റുകള്‍ക്കോ അതില്ല.
 • മനശ്ശാസ്ത്ര ചികിത്സകള്‍ സ്വീകരിക്കാനൊരുങ്ങുമ്പോള്‍ ചികിത്സകരുടെ വിദ്യാഭ്യാസ യോഗ്യതകള്‍ അറിയുക. സൈക്കോതെറാപ്പിയിലും മനോരോഗങ്ങളെക്കുറിച്ചും വിശദമായ പരിശീലനം കിട്ടുന്നതു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ക്കാണ്. അവര്‍ക്കു വേണ്ട യോഗ്യത ക്ലിനിക്കല്‍ സൈക്കോളജിയിലോ മെഡിക്കല്‍ ആന്‍ഡ്‌ സോഷ്യല്‍ സൈക്കോളജിയിലോ എം.ഫില്‍. ആണ്. ചില സൈക്യാട്രിസ്റ്റുമാരും സൈക്കോതെറാപ്പി ചെയ്യാറുണ്ട്. ഡിപ്ലോമ ഇന്‍ സൈക്കോളജിക്കല്‍ മെഡിസിനോ (ഡി.പി.എം.) സൈക്ക്യാട്രിയില്‍ എം.ഡി.യോ ആവും ഇവരുടെ യോഗ്യത.
 • കൌണ്‍സലിംഗ് ചെയ്യുന്നവര്‍ക്കു വേണ്ട യോഗ്യത പക്ഷേ ഔദ്യോഗികമായി നിര്‍വചിക്കപ്പെട്ടിട്ടില്ല. എം.എസ്.ഡബ്ലിയു., സൈക്കോളജിയിലോ അപ്ലൈഡ് സൈക്കോളജിയിലോ കൌണ്‍സലിംഗ് സൈക്കോളജിയിലോ എം.എ. അല്ലെങ്കില്‍ എം.എസ്.സി. എന്നിവ പാസായവര്‍ കൌണ്‍സലര്‍മാരായി പ്രവര്‍ത്തിക്കാറുണ്ട്.
 • എന്നാല്‍, ഹ്രസ്വകാല പോസ്റ്റല്‍ കോഴ്സുകള്‍ പാസായവരും ഈ രംഗത്തു പരിശീലനമൊന്നും കിട്ടിയിട്ടില്ലാത്തവരുമൊക്കെ കൌണ്‍സലര്‍വേഷംകെട്ടി രംഗത്തുണ്ട്. നൂറു ശതമാനം ഫലം ഗാരണ്ടി പറയുന്നവരെയും “യാതൊരു കാരണവശാലും മരുന്നുകളൊന്നും ഒരിക്കലും എടുക്കുകയേ ചെയ്യരുത്” എന്നു പ്രഖ്യാപിക്കുന്നവരെയും സ്വയംഭോഗത്തിനും സ്വപ്നസ്ഖലനത്തിനും സ്വവര്‍ഗാനുരാഗത്തിനും ചികിത്സ വാഗ്ദാനം ചെയ്യുന്നവരെയുമൊന്നും വിശ്വസിക്കാതിരിക്കുക. നാടെങ്ങും മുളച്ചുപൊങ്ങുന്ന അനധികൃത കൗണ്‍സലിങ് കേന്ദ്രങ്ങളെ നിയന്ത്രിക്കണമെന്ന് സംസ്ഥാന ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് 2013-ല്‍ അംഗീകരിച്ച പരിഷ്കരിച്ച മാനസികാരോഗ്യനയം നിഷ്കര്‍ഷിച്ചിരുന്നു. ഇതു നടപ്പിലാക്കാനുള്ള ഇച്ഛാശക്തി അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്.
DMC Firewall is a Joomla Security extension!