മറ്റ് അഡിക്ഷനുകള്‍

Affordable, comprehensive, humane care by well experienced professionals in a relaxing atmosphere.

cannabis deaddiction kottayam(ഞങ്ങളുടെ സൈക്യാട്രിസ്റ്റ് ഡോ. ഷാഹുല്‍ അമീന്‍ 2014 ഒക്ടോബര്‍ ലക്കം മനോരമ ആരോഗ്യത്തില്‍ എഴുതിയത്)

“മറിയാമ്മ ഈസ്‌ ഗോഡ്”

വിദ്യാര്‍ത്ഥികളില്‍ കഞ്ചാവുപയോഗം കൂടിവരുന്നു എന്ന്‍ പഠനങ്ങളും പത്രവാര്‍ത്തകളും ചികിത്സകരുടെയനുഭവങ്ങളും നമ്മെ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. കൊച്ചി ഗവണ്മെന്‍റ് മെഡിക്കല്‍ കോളേജും ദേശീയ ഗ്രാമീണാരോഗ്യ മിഷനും ചേര്‍ന്ന്‍ എറണാകുളം ജില്ലയില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ സര്‍വേ വെളിപ്പെടുത്തിയത് കോളേജ്, സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ യഥാക്രമം 1.7, 0.6 ശതമാനങ്ങള്‍ കഞ്ചാവു വലിച്ചിട്ടുണ്ട് എന്നാണ്. ഇന്‍റര്‍നെറ്റും ന്യൂജനറേഷന്‍ സിനിമകളും കഞ്ചാവുവിതരണക്കാരും അഡിക്റ്റുകളുമൊക്കെ രംഗത്തിറക്കിയ നിരവധി അബദ്ധധാരണകള്‍ ഈയൊരു സ്ഥിതിവിശേഷത്തിന് ഉല്‍പ്രേരകങ്ങളായിട്ടുണ്ട്. കഞ്ചാവ് നിരുപദ്രവകാരിയാണ്, ഔഷധഗുണങ്ങളുള്ള ഒരു പ്രകൃത്യുല്‍പന്നമാണ് എന്നൊക്കെയാണ് പ്രചാരണങ്ങള്‍. മാരിയുവാനക്ക് “മറിയാമ്മ” എന്നു ചെല്ലപ്പേരിട്ട്‌ “മറിയാമ്മ ഈസ് ഗോഡ്” എന്ന ആപ്തവാക്യത്തിലൂന്നി നാള്‍കഴിക്കുന്നവര്‍ ഉള്ളില്‍പ്പേറിനടക്കുന്ന ചില ബോദ്ധ്യങ്ങളുടെ മറുവശങ്ങള്‍ പരിശോധിക്കാം.

 “പുകവലീടത്ര കൊഴപ്പോല്ല”

നാന്നൂറിലധികം കെമിക്കലുകളാണ് കഞ്ചാവുപുകയിലുള്ളത്. സിഗരറ്റിലെ മിക്ക വിഷപദാര്‍ത്ഥങ്ങളും, ബെന്‍സോപൈറീന്‍ പോലുള്ള അര്‍ബുദകാരികളുള്‍പ്പെടെ, കഞ്ചാവിലും ഉണ്ട്. ഒരു കവിള്‍ കഞ്ചാവുപുകയിലെ ടാറിന്‍റെയും കാര്‍ബണ്‍ മോണോക്സൈഡിന്‍റെയും അളവ് ഒരു കവിള്‍ ഫില്‍ട്ടര്‍സിഗരറ്റുപുകയിലേതിനേക്കാള്‍ അഞ്ചുമടങ്ങാണ്. അര്‍ബുദകാരികളായ ഹൈഡ്രോകാര്‍ബണുകളുടെ അളവ് കഞ്ചാവുപുകയില്‍ എഴുപതു ശതമാനത്തോളം കൂടുതലാണ് എന്നു മാത്രമല്ല, അവയുടെ വീര്യം കൂട്ടുന്ന ഒരു എന്‍സൈമും കഞ്ചാവിലുണ്ട്. കഞ്ചാവടിക്കാര്‍ പുക കൂടുതലാഴത്തില്‍ വലിച്ചെടുക്കുകയും കൂടുതല്‍ നേരം പിടിച്ചുനിര്‍ത്തുകയും ചെയ്യുന്നു എന്നത് ഈ വിഷങ്ങളുടെയൊക്കെ പ്രഹരശേഷി പിന്നെയും പെരുപ്പിക്കുന്നുമുണ്ട്. ഇരുപതു സിഗരറ്റുകളുടെ ദൂഷ്യമാണ് മൂന്നു ജോയിന്‍റ് കഞ്ചാവ് ശ്വാസവ്യവസ്ഥയില്‍ സൃഷ്ടിക്കുന്നത് എന്നാണ് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരുടെ അനുമാനം. ഇത് ദന്തരോഗങ്ങള്‍, വിട്ടുമാറാത്ത ചുമ, ശ്വാസംമുട്ടല്‍ തുടങ്ങിയവക്ക് നിമിത്തമാകാറുമുണ്ട്. ശ്വാസകോശങ്ങളില്‍ കഞ്ചാവുളവാക്കുന്ന ചെറിയ അലോസരങ്ങള്‍ പോലും വിശേഷിച്ച് സ്പോര്‍ട്സിലും മറ്റും താല്പര്യമുള്ള കൌമാരക്കാരെ വല്ലാതെ പിറകോട്ടടിക്കുകയും ചെയ്യാം.

“ഡോക്ടര്‍മാരെഴ്ത്ണ മരുന്നാ”

വലിക്കുന്ന കഞ്ചാവ് ഒരസുഖത്തിനും ഒരു രാജ്യത്തും അംഗീകൃത ചികിത്സയല്ല.

 കഞ്ചാവിലെ മുഖ്യാംശമായ ടി.എച്ച്.സി. ചില നാടുകളില്‍ മരുന്നായി ഉപയോഗിക്കപ്പെടുന്നുണ്ട് എന്നത് ശരിയാണ്. എന്നാല്‍ കൃത്രിമമായി നിര്‍മിച്ചെടുക്കുന്ന, ശരീരത്തിന് വേഗം ദഹിപ്പിക്കാനാവുന്ന, ഒരു “കിക്കും" തരാത്ത ടി.എച്ച്.സിയാണ് ഔഷധരൂപേണ നല്‍കപ്പെടുന്നത്. വലിക്കുന്ന കഞ്ചാവ് ഒരസുഖത്തിനും ഒരു രാജ്യത്തും അംഗീകൃത ചികിത്സയല്ല — അതില്‍ വിനാശകാരികളായ ഒരുപാട് മറ്റു കെമിക്കലുകളും ഉണ്ട് എന്നതുതന്നെ കാരണം. ഉദാഹരണത്തിന്, മരുന്നായി നല്‍കുന്ന ടി.എച്ച്.സി. ഛര്‍ദ്ദില്‍ ശമിപ്പിക്കുമ്പോള്‍ വലിക്കുന്ന കഞ്ചാവ് ചിലപ്പോഴെങ്കിലും “കന്നാബിനോയ്‌ഡ് ഹൈപ്പറെമസിസ്” എന്ന മാരകമായ ഛര്‍ദ്ദില്‍ വരുത്തുകയാണു ചെയ്യുന്നത്.

“ബുദ്ധി കൂട്ടും”

തലച്ചോറിന്‍റെ വളര്‍ച്ചയില്‍ അതിനിര്‍ണ്ണായകമായ ഒരു ഘട്ടമാണ് കൌമാരം. നാഡികള്‍ക്ക് മൂപ്പെത്തുന്നതും അവയുടെ വിന്യാസം പൂര്‍ണമാകുന്നതുമൊക്കെ ഈ പ്രായത്തിലാണ്. തലച്ചോറുകളില്‍ പ്രകൃത്യാതന്നെയുള്ള എന്‍ഡോകന്നാബിനോയ്ഡുകള്‍ (endocannabinoids) എന്ന, കഞ്ചാവിനോടു സാമ്യമുള്ള ചില പദാര്‍ത്ഥങ്ങള്‍ ഇതിലൊക്കെ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. മസ്തിഷ്കകോശങ്ങളുടെ ജനനം, തലച്ചോറിന്‍റെ പല ഭാഗങ്ങളിലേക്കുമുള്ള പ്രയാണം, നാനാതരം കോശങ്ങളായുള്ള പരിണാമം, സമീപകോശങ്ങളുമായി അവയുണ്ടാക്കുന്ന കണ്ണിക്കൊളുത്തുകളുടെ രൂപീകരണം തുടങ്ങിയവ എന്‍ഡോകന്നാബിനോയ്ഡുകളുടെ നിയന്ത്രണത്തിലാണ്. ഒരു നിശ്ചിത പ്രായത്തില്‍ തലച്ചോറിന്‍റെ ഏതു ഭാഗമാണോ വളര്‍ന്നുകൊണ്ടിരിക്കുന്നത്, അവിടെ എന്‍ഡോകന്നാബിനോയ്ഡുകളുടെ അളവ് അതിസങ്കീര്‍ണമായ പ്രക്രിയകളിലൂടെ യഥാവിധി കൂട്ടിയും കുറച്ചും ഒരു പാവക്കൂത്തുകാരന്‍റെ കരവിരുതോടെയാണ് തലച്ചോര്‍ അതിന്‍റെ വളര്‍ച്ചയെ സ്വയം നിയന്ത്രിക്കുന്നതും കാര്യക്ഷമമാക്കുന്നതും. അതിനൊക്കെയിടയിലേക്ക് കുട്ടി വലിക്കുന്ന കഞ്ചാവ് കുത്തിയൊലിച്ചുചെല്ലുമ്പോള്‍ പാവക്കൂത്തിനിടക്ക് ഭൂമികുലുങ്ങുന്ന അവസ്ഥയുണ്ടാവുകയും മുകളില്‍പ്പറഞ്ഞ പ്രക്രിയകളൊക്കെ തകിടംമറിയുകയും ചെയ്യുന്നുണ്ട്.

കൌമാരത്തിലെ കഞ്ചാവുപയോഗം വിവിധ മസ്തിഷ്ക്കകേന്ദ്രങ്ങളില്‍ നാഡീബന്ധങ്ങളെ ശുഷ്ക്കമാക്കുന്നുണ്ട്. 

കൌമാരത്തിലെ കഞ്ചാവുപയോഗം വിവിധ മസ്തിഷ്ക്കകേന്ദ്രങ്ങളില്‍ നാഡീബന്ധങ്ങളെ ശുഷ്ക്കമാക്കുന്നുണ്ട്. ഈയവസ്ഥ മുതിര്‍ന്നുകഴിഞ്ഞും ശമനലേശമേതുമില്ലാതെ നിലനില്‍ക്കാറുമുണ്ട്. ഏകാഗ്രത സാദ്ധ്യമാക്കുന്ന പ്രീക്യൂണിയസ്, ഓര്‍മകളെയും കാര്യഗ്രാഹ്യത്തെയും സഹായിക്കുന്ന ഫിമ്പ്രിയ, ആസൂത്രണപാടവവും ആത്മനിയന്ത്രണവും കൈവരുത്തുന്ന പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സ്, ശീലങ്ങളെ നിലനിര്‍ത്തുന്ന സബ്കോര്‍ട്ടിക്കല്‍ നാഡീപഥങ്ങള്‍ തുടങ്ങിയവ ഇങ്ങിനെ ബലഹീനമാവുന്നതിന് തെളിവുകളുണ്ട്. ജേര്‍ണല്‍ ഓഫ് ന്യൂറോസയന്‍സിന്‍റെ ഈ ഏപ്രില്‍ ലക്കത്തില്‍ വന്ന ഒരു പഠനം പറയുന്നത് ഇടക്കെപ്പോഴെങ്കിലും മാത്രം കഞ്ചാവെടുക്കുന്ന കൌമാരക്കാരില്‍പ്പോലും വികാരോത്പാദനവും ഔത്സുക്യവുമൊക്കെയായി ബന്ധപ്പെട്ട ന്യൂക്ലിയസ് അക്യുമ്പെന്‍സ്, അമിഗ്ഡല എന്നീ മസ്തിഷ്കഭാഗങ്ങള്‍ താറുമാറായിപ്പോവുന്നുണ്ട് എന്നാണ്. ഓര്‍മകളെയൊരുക്കിത്തരുന്ന ഹിപ്പോകാമ്പസില്‍ കഞ്ചാവിനെയാഗിരണംചെയ്യുന്ന കോശഭാഗങ്ങള്‍ സമൃദ്ധമായുണ്ട് എന്നതിനാല്‍ സംഖ്യകളെയും മറ്റും അല്‍പനേരത്തേക്ക് ഓര്‍മയില്‍നിര്‍ത്താനുള്ള കഴിവിനെ (short term memory) തളര്‍ത്താന്‍ കഞ്ചാവിനാവുന്നുണ്ട്. കൌമാരത്തിലേ തുടങ്ങുന്ന കഞ്ചാവുവലി ഒരാളുടെ ഐക്യുവിനെ എട്ടോളം പോയിന്‍റുകള്‍ താഴ്ത്തുന്നുണ്ട് എന്നും കഞ്ചാവടി നിര്‍ത്തിയാല്‍പ്പോലും അത് പൂര്‍വസ്ഥിതിയിലേക്കു മടങ്ങുന്നില്ല എന്നും ആയിരത്തിലധികമാളുകളില്‍ നടന്ന ഒരു പഠനം പറയുന്നു. പുത്തനറിവുകള്‍ ഗ്രഹിച്ചെടുക്കാന്‍ ക്ലേശം നേരിടുക, ഒരേ സമയത്ത് പല കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താനുള്ള കഴിവ് (divided attention) ദുര്‍ബലമാവുക, സങ്കീര്‍ണമായ വിവരങ്ങളെ അവയുടെ പൂര്‍ണതയോടെ ഉള്‍ക്കൊള്ളാനാവാതാവുക, ദൈനംദിനകാര്യങ്ങളില്‍ താല്‍പര്യവും ഉത്സാഹവും കെടുക തുടങ്ങിയ പരിണിതഫലങ്ങളും കഞ്ചാവുപയോഗത്തിനുണ്ട്. തികച്ചും മത്സരാധിഷ്‌ഠിതമായിത്തീര്‍ന്ന ഒരു ലോകത്ത് പയറ്റിപ്പിടിച്ചുനില്‍ക്കാന്‍ കൈത്താങ്ങാവുന്ന മിക്ക കഴിവുകളേയും കഞ്ചാവ് അലങ്കോലമാക്കുന്നുണ്ട് എന്നു ചുരുക്കം.

“ഒര് ടെന്‍ഷനൂണ്ടാവില്ല”

കോശങ്ങള്‍ തമ്മിലെ ആശയവിനിമയമാണ് തലച്ചോറിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ സാദ്ധ്യമാക്കുന്നത്. തലച്ചോറില്‍ സന്ദേശക്കൈമാറ്റങ്ങള്‍ നടക്കുന്നത് ഒരു കോശം നാഡീരസങ്ങള്‍ എന്ന കെമിക്കലുകളെ ചുരത്തുകയും അടുത്ത കോശം അവയെ കൈപ്പറ്റുകയും ചെയ്യുമ്പോഴാണ്. എന്നാല്‍ ഇങ്ങിനെ ചുരത്തപ്പെടുന്ന നാഡീരസങ്ങളുടെ അളവ് ക്രമാതീതമാകുമ്പോഴാണ്‌ പല മനോരോഗങ്ങളും ഉത്ഭവിക്കുന്നത്. അങ്ങിനെ സംഭവിക്കാനനുവദിക്കാതെ നമ്മെയൊക്കെ സംരക്ഷിച്ചുനിര്‍ത്തുന്നത് നേരത്തേപറഞ്ഞ എന്‍ഡോകന്നാബിനോയ്ഡുകളാണ്. അവശ്യമളവ് നാഡീരസങ്ങള്‍ ഉള്ളിലെത്തിക്കഴിഞ്ഞാല്‍ സന്ദേശം സ്വീകരിക്കുന്ന കോശം എന്‍ഡോകന്നാബിനോയ്ഡുകളെ സ്രവിപ്പിക്കുകയും അവ സന്ദേശമയക്കുന്ന കോശത്തിലേക്കു ചെന്ന് “മതി, നിര്‍ത്തിക്കോ” എന്ന നിര്‍ദ്ദേശം കൊടുക്കുകയുമാണ് പതിവ്. എന്നാല്‍ എന്‍ഡോകന്നാബിനോയ്ഡുകള്‍ എവിടെയാണോ പ്രവര്‍ത്തിക്കുന്നത്, അതേ കോശഭാഗങ്ങളില്‍ ഇടിച്ചുകയറിച്ചെന്ന് കഞ്ചാവ് ഈ പ്രക്രിയയെയാകെ അലങ്കോലമാക്കുന്നുണ്ട് (ചിത്രം 1). കഞ്ചാവുലഹരിയില്‍ ഓര്‍മയും ചിന്താധാരയും പ്രശ്നപരിഹാരശേഷിയുമൊക്കെ ഛിന്നഭിന്നമാവുന്നതും, കേള്‍വിയും കാഴ്ചയും ഏങ്കോണിച്ചുപോവുന്നതും, ചിലര്‍ക്ക് അതിവെപ്രാളവും നെഞ്ചുമിടിപ്പുമൊക്കെ അനുഭവപ്പെടുന്നതുമെല്ലാം ഇതിന്‍റെ ബഹിര്‍സ്ഫുരണങ്ങളാണ്.

cannabis deaddiction cochinകോശങ്ങളുടെ ആശയ വിനിമയത്തില്‍ ഇത്തരത്തില്‍ സംജാതമാകുന്ന പാകപ്പിഴകളും നാഡീബന്ധങ്ങളിലുളവാകുന്ന നേരത്തേ പറഞ്ഞ ശോഷണവും ചേര്‍ന്ന് കഞ്ചാവു തീണ്ടിയ ഇളംതലച്ചോറുകളെ മാനസികപ്രശ്നങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണാക്കുന്നുണ്ട്. ഇടക്കെപ്പോഴെങ്കിലും മാത്രമുള്ള കഞ്ചാവുപയോഗം പോലും കൌമാരക്കാരില്‍ അന്തര്‍മുഖത്വവും ആത്മഹത്യാപ്രവണതയും അക്രമാസക്തതയും രൂപപ്പെടുത്തുന്നുണ്ട്. ഇടക്കുമാത്രം കഞ്ചാവെടുക്കാറുണ്ടായിരുന്ന ആയിരത്തറുന്നൂറു കൌമാരക്കാരെ ഏഴുവര്‍ഷത്തോളം നിരീക്ഷിച്ച ഗവേഷകര്‍ കണ്ടത് വിഷാദവും അമിതോത്ക്കണ്ഠയും അവരെ അമിതമായി പിടികൂടുന്നു എന്നാണ്. സ്കിസോഫ്രീനിയ എന്ന മാരകരോഗത്തിന് കഞ്ചാവു വഴിവെക്കുമോ എന്നതിനെപ്പറ്റി പാശ്ചാത്യശാസ്ത്രജ്ഞരുടെ തര്‍ക്കസദസ്സുകള്‍ അന്തിമാനുമാനത്തിലെത്തിയിട്ടില്ലെങ്കിലും പല ഇന്ത്യന്‍ പഠനങ്ങളും ഇങ്ങിനെ സംഭവിക്കുന്നുണ്ട് എന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം തെളിയിച്ചിട്ടുണ്ട്. മാനസികരോഗികളുള്ള കുടുംബങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് ഇപ്പറഞ്ഞ ആപല്‍സാദ്ധ്യതകള്‍ കൂടുതലുമാണ്. ചുരുക്കിപ്പറഞ്ഞാല്‍ കഞ്ചാവ് അതിന്‍റെ ഉപയോക്താക്കള്‍ക്ക് ഉള്‍സ്വച്ഛത പകരുകയല്ല, മറിച്ച് മാനസികവൈഷമ്യങ്ങളെയും മനോരോഗങ്ങളെയും ആവാഹിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.

cannabis treatment cochin

“എപ്പൊ വേണേലും നിര്‍ത്താം”

ഒരു ലഹരിപദാര്‍ത്ഥത്തിന്‍റെയുപയോഗം ജീവിതത്തിന്‍റെ നാനാതലങ്ങളില്‍ പൊല്ലാപ്പുനിറക്കുമ്പോഴാണ് ഒരാള്‍ക്ക് അഡിക്ഷന്‍ നിര്‍ണയിക്കപ്പെടുന്നത്. കഞ്ചാവ് മദ്യത്തെയോ മറ്റു ലഹരിവസ്തുക്കളെയോ പോലെയല്ല, അതിനൊരിക്കലും ഒരഡിക്ഷന്‍ രൂപപ്പെടില്ല എന്നൊക്കെയായിരുന്നു അടുത്തകാലം വരെ ശാസ്ത്രലോകത്തിന്‍റെ പോലും ധാരണ. എന്നാല്‍ നിരന്തരം കഞ്ചാവെടുക്കുന്നൊരാള്‍ പെട്ടെന്നതു നിര്‍ത്തുമ്പോള്‍ മദ്യത്തിന്‍റെയും മറ്റും കാര്യത്തില്‍ സംഭവിക്കുന്ന പോലെതന്നെ ചില പിന്മാറ്റ അസ്വാസ്ഥ്യങ്ങള്‍ (withdrawal symptoms) തലപൊക്കുന്നുണ്ട് — ആധി, അമിതകോപം, വിശപ്പില്ലായ്ക, ഉറക്കക്കുറവ് തുടങ്ങിയവ ഇതില്‍പ്പെടുന്നു. മനോരോഗങ്ങളുടെ നിര്‍വചനപ്പട്ടികകളില്‍ ഏറ്റവും പുതിയതായ കഴിഞ്ഞ വര്‍ഷമിറങ്ങിയ DSM-5-ല്‍ അമേരിക്കന്‍ സൈക്ക്യാട്രിക്ക് അസോസിയേഷന്‍ കഞ്ചാവിന്‍റെ പിന്മാറ്റാസ്വാസ്ഥ്യങ്ങളെ ഒരു രോഗാവസ്ഥയായി പുതുതായുള്‍ക്കൊള്ളിച്ചിട്ടുമുണ്ട്. ഈ അസ്വാസ്ഥ്യങ്ങളും, ഉപേക്ഷിച്ചുപോരാന്‍ ശ്രമിക്കുമ്പോഴെല്ലാം ഗൃഹാതുരത്വം പോലെ ഉള്ളുചുഴറ്റിപ്പടരുന്ന വീണ്ടും കഞ്ചാവെടുക്കാനുള്ള അത്യാസക്തിയും ചേര്‍ന്ന് പലരെയും, പ്രത്യേകിച്ച് കൌമാരക്കാരെ, അഡിക്ഷനിലേക്ക് തള്ളിവിടുന്നുണ്ട് എന്നാണ് സമീപകാല പഠനങ്ങള്‍ പ്രസ്താവിക്കുന്നത്. ഒരിക്കലെങ്കിലും കഞ്ചാവുപയോഗിച്ച കൌമാരക്കാരില്‍ ആറിലൊരാള്‍ക്കു വരെ കാലക്രമത്തില്‍ അഡിക്ഷന്‍ രൂപപ്പെടുന്നുണ്ട്. കൂടുതലിളംപ്രായത്തില്‍ കഞ്ചാവിന് ഹരിശ്രീ കുറിക്കുന്നവരില്‍ ഈ റിസ്ക്‌ ഇതിലും കടുക്കുന്നുമുണ്ട്. സ്കൂള്‍ക്കുട്ടികള്‍ പോലും കഞ്ചാവഡിക്ഷന്‍റെ ചികിത്സക്കെത്തുന്നതായി പല ചികിത്സകരും സാക്ഷ്യപ്പെടുത്തുന്നുണ്ട്.

“കലാവാസനേള്ളോര്‍ക്ക് ബെസ്റ്റാ”

കഞ്ചാവ് സര്‍ഗശേഷിയെ പുഷ്ടിപ്പെടുത്തും, വലിയ ഗായകരും ചിന്തകരും എഴുത്തുകാരുമൊക്കെ അതിന്‍റെ ഉപാസകരായിരുന്നു എന്നൊക്കെയുള്ള പ്രചാരണങ്ങളും കളത്തിലുണ്ട്. എന്നാല്‍ “സര്‍ഗാത്മകതയും തലച്ചോറും" എന്ന തന്‍റെ പുസ്തകത്തില്‍ കഞ്ചാവടക്കമുള്ള ലഹരിപദാര്‍ത്ഥങ്ങളെപ്പറ്റിയുള്ള ശാസ്ത്രീയപഠനങ്ങള്‍ അവലോകനം ചെയ്ത് ഡോ. കെന്നത്ത് ഹെയ്ല്‍മാന്‍ എത്തിച്ചേരുന്ന അനുമാനം “ഒരു ലഹരിവസ്തുവിനും സര്‍ഗപ്രക്രിയയെ ഉത്തേജിപ്പിക്കാനാവില്ല” എന്നാണ്.

മറുവശത്ത്, സര്‍ഗപ്രവൃത്തികള്‍ക്ക് കഞ്ചാവ് പലരീതിയില്‍ തുരങ്കംവെക്കുന്നുമുണ്ട്. മസ്തിഷ്കകോശങ്ങള്‍ തമ്മിലെ മുമ്പുസൂചിപ്പിച്ച ആശയവിനിമയം കാര്യക്ഷമമാണെങ്കില്‍ മാത്രമേ സര്‍ഗപ്രക്രിയകളേതും സാദ്ധ്യമാവൂ. എന്നാല്‍ നാഡികള്‍ക്ക് സന്ദേശങ്ങളുണ്ടാക്കാന്‍ അവശ്യം വേണ്ട cAMP എന്ന തന്മാത്രയുടെ ഉത്പാദനം തടഞ്ഞും നാഡീരസങ്ങളുടെ ചുരത്തല്‍ മന്ദീഭവിപ്പിച്ചുമൊക്കെ കഞ്ചാവ് മസ്തിഷ്കകേന്ദ്രങ്ങളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഉള്ള സര്‍ഗശേഷിയുടെ ഫലപ്രദമായ വിനിയോഗത്തിന് അത്യന്താപേക്ഷിതമായ ഏകാഗ്രത, ബുദ്ധിവൈഭവം, കഠിനാദ്ധ്വാനം, ആസൂത്രണപാടവം, ചിട്ടയും വെടിപ്പുമുള്ള ജീവിതശൈലി എന്നിവയെയൊക്കെ കഞ്ചാവ് തകിടംമറിക്കുന്നുമുണ്ട്.

“ചാവ്വ്വോന്നില്ലല്ലോ”

മദ്യത്തെയോ പുകവലിയെയോ പോലെ ആളെക്കൊല്ലിയല്ല കഞ്ചാവ് എന്ന വാദവും രംഗത്തുണ്ട്. എന്നാല്‍ കഞ്ചാവിന്‍റെ പല പ്രത്യാഘാതങ്ങളും മരണത്തിലൊടുങ്ങാവുന്നവ തന്നെയാണ്. കഞ്ചാവുലഹരിയുടെ മൂര്‍ദ്ധന്യവേളകളില്‍ ഹൃദയാഘാതവും ഹൃദയസ്തംഭനവും പക്ഷാഘാതവുമൊക്കെ സംഭവിക്കാനുള്ള സാദ്ധ്യത ഏറെയാണെന്ന് അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് കാര്‍ഡിയോളജി കഴിഞ്ഞ കൊല്ലം പ്രസിദ്ധീകരിച്ച ഒരവലോകനം മുന്നറിയിപ്പുതരുന്നുണ്ട്. വായ തൊട്ട് ശ്വാസകോശം വരെയുള്ള അതിന്‍റെ വഴിത്താരകളില്‍ കഞ്ചാവുപുക കാന്‍സറിന് ഹേതുവാകാറുമുണ്ട്.
നാമമാത്രമായ കഞ്ചാവുപയോഗം പോലും വാഹനാപകടങ്ങള്‍ക്കു നിമിത്തമാകുന്നുമുണ്ട്. ഉണര്‍വ്, ജാഗരൂകത, മെയ്’വഴക്കം എന്നിവയെത്തളര്‍ത്തിയും സമയദൂരങ്ങള്‍ ഊഹിച്ചെടുക്കുക, നൊടിയിടയില്‍ പ്രതികരിക്കുക, എതിര്‍വാഹനങ്ങളുടെ ലൈറ്റുകളെ വിലയിരുത്തുക തുടങ്ങിയവ ക്ലേശകരമാക്കിയുമൊക്കെയാണ് കഞ്ചാവ് അപകടങ്ങള്‍ക്കിടയാക്കുന്നത്.

“ഒന്ന് പോടാപ്പാ”

കഞ്ചാവിനെക്കുറിച്ചുള്ള ശാസ്ത്രീയ ഉള്‍ക്കാഴ്ചകളും വിദഗ്ദ്ധ മുന്നറിയിപ്പുകളും പുതുതലമുറയിലേശാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ അഡിക്റ്റുകളും കഞ്ചാവുമാഫിയകളും ചെയ്തുവെച്ചിട്ടുണ്ട്. കഞ്ചാവിന്‍റെ അപദാനങ്ങള്‍ കൊണ്ടു നിറഞ്ഞ വെബ്സൈറ്റുകളുടെയും വീഡിയോകളുടെയും ഓണ്‍ലൈന്‍ അയ്യരുകളി ഇത്തരമൊരു പദ്ധതിയുടെ ഭാഗമാണ് എന്നു വേണം കരുതാന്‍. ഡൂക്കിലി ജേര്‍ണലുകളില്‍ വന്ന സംശയാസ്പദമായ പഠനങ്ങള്‍ക്ക് അനിമേഷനുകളുടെ പുറംതൊങ്ങലുകളാല്‍ ആധികാരികതയുടെ വ്യാജപരിവേഷം ചമച്ചും പൊതുസമ്മതിയുള്ള പഠനങ്ങളിലെ വാചകങ്ങളെ അസ്ഥാനത്തുദ്ധരിച്ചും അവക്ക് ദുര്‍വ്യാഖ്യാനങ്ങള്‍ പടച്ചുമൊക്കെ ഇവയെല്ലാം ശാസ്ത്രീയതയുടെ പൊയ്മുഖം സ്വരുക്കൂട്ടുന്നുമുണ്ട്. എന്നാല്‍ എം.ടി. തിരക്കഥയെഴുതിയ “സുകൃത”ത്തില്‍ “ഡോക്ടര്‍മാര്‍ക്കിടയില്‍ ആ ജേര്‍ണല്‍ ഒരു വേദപുസ്തകം പോലെയാണ്" എന്നു വിശേഷിപ്പിക്കപ്പെട്ട സാക്ഷാല്‍ ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ ഇക്കഴിഞ്ഞ ജൂണില്‍ വന്ന ഒരവലോകനത്തെയാണ് ഈ ലേഖനം പ്രധാനമായും ആസ്പദമാക്കിയിട്ടുള്ളത്. മിക്കവാറുമെല്ലാ രാജ്യങ്ങളിലും കഞ്ചാവ് ഇപ്പോഴും നിയമവിരുദ്ധമായിരിക്കുന്നത് അതിന്‍റെ ദുഷ്ഫലങ്ങളെക്കുറിച്ച് ഭരണകര്‍ത്താക്കള്‍ക്കുള്ള ബോദ്ധ്യം ഒന്നു കൊണ്ടു മാത്രവുമാണ്.

“ബാക്കീള്ളോര്‍ക്കെന്താ ചേതം?”

“എന്‍റെ തലച്ചോറ്, എന്‍റെ ശരീരം, എന്‍റെ ജീവിതം — അതിനു നിങ്ങള്‍ക്കെന്താ?!” എന്ന ന്യായവും കേള്‍ക്കാന്‍ കിട്ടുന്നുണ്ട്. എന്നാല്‍ കഞ്ചാവു വരുത്തുന്ന പെരുവഴിയപകടങ്ങള്‍ ഹാനിയെത്തിക്കുന്നത് കഞ്ചാവടിക്കാര്‍ക്കു മാത്രമല്ല. കൃഷിയിറക്കുന്നവര്‍ തൊട്ട് വിതരണക്കാര്‍ വരെയുള്ള, വരുമാനം മുടങ്ങാതിരിക്കാന്‍ ഏതറ്റം വരെയും പോവാറുള്ള ഒരു ശൃംഖലക്കാണ് കഞ്ചാവു വാങ്ങുന്ന ഓരോരുത്തരും ചെലവിനുകൊടുക്കുന്നത് എന്നതും പരിഗണിക്കേണ്ടതുണ്ട്.

“ഇതൊക്കെപ്പണ്ടേ ഒണ്ടെന്നേ”

അസ്തിത്വദുഖവും ഒപ്പം കഞ്ചാവും നിറഞ്ഞുനിന്ന എഴുപതുകളിലെ കാമ്പസുകളുടെ ഉത്പന്നങ്ങളാണ് ഇപ്പോഴത്തെ നല്ലൊരു പങ്ക് അദ്ധ്യാപകരും മാതാപിതാക്കളും. അവരില്‍ ചിലര്‍ക്കെങ്കിലും കഞ്ചാവ് വെറും സാധുവായ ഒരു കാല്‍പനികപ്രതീകം മാത്രമാണ്. പുതുതലമുറയുടെ കഞ്ചാവുപയോഗത്തിനെതിരെ കനത്ത നടപടികളെടുക്കുന്നതിന് ഈ മനോഭാവം പലപ്പോഴുമവര്‍ക്ക് ഉത്സാഹഭംഗമുണ്ടാക്കുന്നുമുണ്ട്. എന്നാല്‍ അവര്‍ അറിയേണ്ട രണ്ടു വസ്തുതകളുണ്ട്:

  1. കൃഷിരീതികളിലും മറ്റും വന്ന പരിഷ്കാരങ്ങള്‍ മൂലം ഇപ്പോള്‍ വിപണിയിലുള്ള കഞ്ചാവിന് അന്നത്തേതിനേക്കാള്‍ അഞ്ചാറിരട്ടിയോളം വീര്യമുണ്ട്.
  2. പഴയതിലും എത്രയോ കുറഞ്ഞ പ്രായത്തിലാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ കഞ്ചാവടിക്കുന്നത്.

ഈ രണ്ടു മാറ്റങ്ങളും ഉപോല്‍ബലകമാകുന്നത് കഞ്ചാവിന്‍റെ കാല്‍പനികപരിവേഷത്തിനല്ല, മറിച്ച് കുഞ്ഞുതലച്ചോറുകളില്‍ അതാടിക്കൊണ്ടിരിക്കുന്ന സംഹാരതാണ്ഡവത്തിന്‍റെ ഉഗ്രതക്കാണ്.

ലേഖനം ഉപകാരപ്രദമാണ് എന്നു തോന്നിയവര്‍ ഇത് മറ്റുള്ളവരുമായും പങ്കുവെക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.


Image courtesy: ncpic

സമാന ലേഖനങ്ങള്‍

DMC Firewall is developed by Dean Marshall Consultancy Ltd